തീയില്‍ കൂടി ഞാന്‍ കടന്നുപോയപ്പോള്‍…

നീ സമുദ്രത്തില്‍ കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടി ഇരിക്കും. നീ നദികളില്‍ കൂടി കടക്കുമ്പോള്‍ അവ നിൻ്റെ മീതെ കവിയുകില്ല. നീ തീയില്‍ കൂടി നടന്നാല്‍ വെന്തുപോകയില്ല. അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. (യെശയ്യാ. 43: 2, പെശീത്താ)

പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും മലങ്കര നസ്രാണികളുടെ ജാതിക്കു തലവനുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാന്‍സര്‍ രോഗബാധിതനാണ്! 2020 ജനുവരി 1-ന് ജനലക്ഷങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് ഈ വാര്‍ത്ത സ്ഥിതീകരിച്ചത്. താന്‍ സുഖശരീരനായി മടങ്ങിവരും എന്ന പൂര്‍ണ്ണ ഉറപ്പോടെ പ. പിതാവ് വൈദ്യനിര്‍ദ്ദേശാനുസൃതം പരുമലയുടെ പുണ്യഭൂമിയില്‍ പ്രാര്‍ത്ഥനാപൂര്‍വം വിശ്രമിക്കുകയും ചികിത്സകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. രോഗശമനം ഉണ്ടാകുമെന്നു ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കുന്നു. പതിനായിരങ്ങള്‍ മുട്ടിപ്പായി അതിനായി പ്രാര്‍ത്ഥിക്കുന്നു. അതേ സമയം ഒരു വിഭാഗം ഈ രോഗാവസ്ഥയെ ആഘോഷിക്കുന്നു. അവരെപ്പറ്റി പരിതപിക്കാം.

പക്ഷേ മരണകരമായ അപകടങ്ങളും ഗുരുതരമായ രോഗാവസ്ഥകളും മലങ്കരസഭാദ്ധ്യക്ഷന്മാര്‍ക്ക് പുത്തരിയൊന്നുമല്ല. അവ ഒക്കെത്തന്നെ സംഭവിച്ചത് സഭയുടെ അതീവ നിര്‍ണ്ണായകമായ ദശാസന്ധികളിലായിരുന്നു. പക്ഷേ അവയൊന്നും പ. സഭയെ സ്പര്‍ശിച്ചില്ല. പൂര്‍വാധികം ഊര്‍ജ്ജസ്വലരായി അവരെല്ലാം മടങ്ങി വന്നെന്നാണ് ചരിത്രം സാക്ഷിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ മാത്രം അതിന് അനേക ഉദാഹരണങ്ങള്‍ ഉണ്ട്.

ആധുനിക മലങ്കരസഭയ്ക്ക് ആത്മീയവും ലൗകീകകവുമായ അടിത്തറയിട്ട പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ അനുഭവം ആദ്യമെടുക്കാം. അദ്ദേഹത്തിനുണ്ടായ അപകടത്തെപ്പറ്റി കുന്നംകുളം ഭാഗത്തെ വായ്‌മോഴിവഴക്കം ഫാ. ജോസ് പുലിക്കോട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:

“…തിരുമേനിയുടെ പൂര്‍വികനായ പഴയ സെമിനാരി സ്ഥാപകൻ്റെ ഓര്‍മ്മപ്പെരുനാളിൻ്റെ തലേദിവസം. കോരിച്ചൊരിയുന്ന പേമാരി. ഏതോ ആവശ്യത്തിനായി തിരുമേനി പണപ്പെട്ടി തുറന്നു. ഇരുമ്പുകൊണ്ട് ഉണ്ടാക്കിയതായിരുന്നു പെട്ടി. പെട്ടന്നാണ് അത് സംഭവിച്ചത്. ശക്തമായ ഇടി. തിരുമേനി ബോധരഹിതനായി താഴെവീണു. ശെമ്മാശന്മാര്‍ ഓടിയെത്തി. പണപ്പെട്ടി തുറന്നിരിക്കുന്നു. പക്ഷേ വെള്ളി നാണയങ്ങളല്ല അവര്‍ കണ്ടത്. തിളയ്ക്കുന്ന വെള്ളി. ഇടിവെട്ടേറ്റ് നാണയം മുഴുവന്‍ ഉരുകിയിരുന്നു. ഡോക്ടര്‍മാര്‍ ഓടിയെത്തി. അപ്പോഴേയ്ക്കും ബോധം തെളിഞ്ഞ് തിരുമേനി എഴുനേറ്റ് ഇരുന്നിരുന്നു…

മാര്‍ ദീവന്നാസ്യോസിൻ്റെ രണ്ടു കൈവിരലുകള്‍ ഭാഗികമായി അറ്റുപോയി എന്നതൊഴികെ മറ്റൊന്നും സംഭവിച്ചില്ല. അതിനു ശേഷവും 1909-ല്‍ കാലം ചെയ്യുന്നവരെ അദ്ദേഹം തൻ്റെ ജൈത്രയാത്ര തുടര്‍ന്നു. ആധുനിക മലങ്കരസഭയുടെ ശില്പിയായി.

പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസിന് അഗ്നിശുദ്ധി ആയിരുന്നെങ്കില്‍ രണ്ടാം കാതോലിക്കാ പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന് ജലശുദ്ധിയായിരുന്നു കരുതിയിരുന്നത്. റമ്പാനായിരുന്ന കാലത്തെ ആനുഭവത്തെപ്പറ്റി തൻ്റെ സഭാജീവിത നാള്‍വഴിയില്‍ അദ്ദേഹം വിവരിക്കുന്നു:

…(കൊല്ലവര്‍ഷം 1083 കന്നി) 24-ന് കഥാനായകന്‍ ആലുവായിലേക്ക് പോകണമെന്നുള്ള ഉദ്ദേശത്തോട് കൂടി കരിപ്പാല്‍ യാക്കോബ് ശെമ്മാശനും വാലിയക്കാരന്‍ വര്‍ക്കിയും ഒരുമിച്ച് സിമ്മനാരിയിലേക്ക് പോകുമ്പോള്‍ ചങ്ങനാശ്ശേരി പാലത്തുങ്കല്‍ ഒഴുക്കിൻ്റെ ശക്തി കൊണ്ട് വള്ളം വിലങ്ങി വെള്ളം കയറി മുങ്ങിപ്പോകയും കാപ്പാ, പുസ്തകം മുതലായ സാമാനങ്ങള്‍ നനഞ്ഞു പോകയും ചില സാമാനങ്ങള്‍ ഒഴുകിപ്പോയി നഷ്ടപ്പെടുകയും ചെയ്തു. വിളക്ക്, കെത്തല്‍ മുതലായ സാധനങ്ങള്‍ പിറ്റെദിവസം മുങ്ങിയെടുക്കയും ചെയ്തു. ഈ ആപത്തു മൂലം ഉടനെ അവിടെ നിന്നും തിരിച്ച് വള്ളിക്കാട്ട് പള്ളിയിലേക്ക് പോരികയും ആള്‍ നാശം കൂടാതെ രക്ഷപെട്ടതില്‍ എല്ലാവരും ദൈവത്തെ സ്തുതിക്കയും ചെയ്തു…”

1907-ല്‍ നടന്ന ഈ അപകടത്തിനു ശേഷം 1912-ല്‍ വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാനെ കോട്ടയത്തിൻ്റെ മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്താ ആയി വാഴിച്ചു. 1925-ല്‍ അദ്ദേഹത്തെ ശ്ലീഹായ്ക്കടുത്ത കിഴക്കെ സിംഹാസനത്തില്‍ പ. ബസേലിയോസ് ഗീവവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ആയി വാഴിച്ചു. കാതോലിക്കേറ്റിൻ്റെ സ്ഥാനചിഹ്നങ്ങള്‍ രൂപകല്പനചെയ്ത അദ്ദേഹം കാലം ചെയ്തത് 1928 ഡിസംബര്‍ 17-ന് ആണ്.

പിന്നീടുവന്ന എല്ലാ കാതോലിക്കാ/മലങ്കര മെത്രാപ്പോലീത്താമാരും രോഗപീഡയാല്‍ ശോധന ചെയ്യപ്പെട്ടിട്ടുണ്ട്. പൂര്‍വാധികം ഊര്‍ജ്ജസ്വലതയോടെ അവര്‍ തിരിച്ചെത്തി കര്‍മ്മനിരതരായി ശ്രേഷ്ഠഫലങ്ങളെ പുറപ്പെടുവിച്ചിട്ടുമുണ്ട്. മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മലങ്കര മെത്രാപ്പോലീത്താ, പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍, പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ എന്നീ കാതോലിക്കാമാര്‍ എന്നിവരുടെ ഇത്തരം അനുഭവങ്ങളെപ്പറ്റി മഹാചരിത്രകാരനായ ഇസഡ്. എം. പാറേട്ട് യഥാക്രമം തൻ്റെ മലങ്കര നസ്രാണികള്‍ 4, 5, 6 ഭാഗങ്ങളില്‍ വിവരിച്ചിട്ടുണ്ട്:

…ദീവന്നാസ്യോസിൻ്റെ കണ്ണു തെളിഞ്ഞു
ഗ്രഹപ്പിഴ വരുമ്പോള്‍ നാലു ദിക്കില്‍ നിന്നും‘ എന്ന് പറയാറുള്ളത് മാര്‍ ദീവന്നാസ്യോസിൻ്റെ കാര്യത്തിലും ശരിയായിരുന്നു. അബ്ദള്ളായുടെ ആക്രമണത്തെ സര്‍വ്വശക്തിയും ഉപയോഗിച്ചു നിരോധിക്കുമ്പോള്‍ അദ്ദേഹത്തിൻ്റെ കണ്ണിൻ്റെ കാഴ്ച ക്രമശ്ശഃ നഷ്ടപ്പെട്ടുകൊണ്ട് ഇരിക്കുക ആയിരുന്നു. കോറഹിനോ നെബൂക്കദനസേറിനൊ ഉണ്ടായ തരം മാനസികരോഗം വരും പാത്രിക്കീസിൻ്റെ ഏതാജ്ഞയും അനുസരിക്കാതിരുന്നാല്‍ എന്ന് പറഞ്ഞ് ഇ. ജെ. ജോണിനെ ഭയപ്പെടുത്താന്‍ മാര്‍ അബ്ദള്ളാ തുനിഞ്ഞപ്പോള്‍, ദീവന്നാസോസിനെയും പേടിപ്പിച്ച് ലൌകികാധികാരം സമ്മതിച്ചുള്ള ഉടമ്പടി വാങ്ങാന്‍ അദ്ദേഹം ശ്രമിച്ചു. എങ്കിലും രോഗമൊ മറ്റ് എന്തെങ്കിലും വിപത്തൊ സംഭവിക്കും പാത്രിക്കീസിൻ്റെ അതൃപ്തിക്കു പാത്രമായാല്‍ എന്ന് പറയാന്‍ ധൈര്യപ്പെട്ടില്ല. യെറുശലേമിലെ ഈവാനിയോസിൻ്റെ അനുഭവം (അബ്ദള്ളായെ സഹായിച്ചതിനു തിരിഞ്ഞു കുത്തിയത്) ഉണ്ടാകുമെന്നേ ഭീഷണിപ്പെടുത്തിയുള്ളു. അതുകൊണ്ട് മാര്‍ ദീവന്നാസ്യോസിൻ്റെ കണ്ണിനെ മുമ്പുതന്നെ ബാധിച്ചിരുന്ന തിമിരരോഗത്തിൻ്റെ പിതൃത്വം അബ്ദള്ളായുടെ പിരാക്കില്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിൻ്റെ ആരാധകര്‍ മുതിര്‍ന്നില്ല. രാമനാട്ടു തിരുപ്പത്തൂരുള്ള സ്വീഡിഷ് മിഷ്യന്‍ ആസ്പത്രിയിലെ ഡോ. കുഗല്‍ബര്‍ഗ്ഗിനെ കണ്ട് ഓപ്പറേറ്റു ചെയ്യിക്കുന്നതിനായി മാര്‍ ദീവന്നാസ്യോസ് 1102 തുലാം 30-ാം തീയതി റോമാകമ്പം ബാധിച്ചിരുന്ന ബഥനി മെത്രാനും ഫാദര്‍ പാറേട്ടും ഒരുമിച്ച് അവിടേക്കു പുറപ്പെട്ടു. ചെറിയ അക്ഷരങ്ങള്‍ പോലും വായിക്കത്തക്കവിധം കണ്ണു തെളിഞ്ഞുകിട്ടി. ഫാ. പാറേട്ടിൻ്റെ ധനു 5-ാം കല്പനയിലെ ഒരു ഡയറി കുറിപ്പില്‍ കാണുന്നു. ‘ഡോ. കുഗല്‍ ബര്‍ഗ്ഗ് നാലു മണിക്കു കണ്ണടയുമായി വന്നു പരിശോധിച്ചു. അകലെയും അടുത്തും ഉള്ളത് എല്ലാം വായിക്കാം. ‘സ്‌പെസിമന്‍’ കാര്‍ഡില്‍ ഉള്ളത് എല്ലാം വായിച്ചു. ചിലതു ബഥനി മെത്രാച്ചനും മറ്റു ചിലര്‍ക്കും വായിക്കാന്‍ പാടില്ലായിരുന്നു. ഇത്രയും ശരിയായി വായിക്കാന്‍ സാധിക്കുമെന്നു വിചാരിച്ചില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. മെത്രാച്ചനും അദ്ദേഹത്തിനും വലിയ സന്തോഷം.’ അങ്ങനെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ദീവന്നാസ്യോസ് ഇരുട്ടില്‍ നിന്ന് പ്രകാശത്തില്‍ പ്രവേശിച്ചു മടങ്ങിപ്പോരുകയും ചെയ്തു. തിമിരം (കാറ്ററാക്റ്റ്) ഓപ്പറേഷന്‍ സര്‍വ്വസാധാരണമെന്ന നിലയില്‍ എത്തിയിട്ടുള്ള ഇന്ന്, മാര്‍ ദീവന്നാസ്യോസിൻ്റെ കണ്ണിനു ശസ്ത്രക്രിയകൊണ്ട് കാഴ്ചകിട്ടിയത് ഒരു വിശേഷകാര്യമായി തോന്നുകയില്ല…

1927-ല്‍ നടന്ന ഈ സംഭവത്തിനു ശേഷം അഞ്ചു വര്‍ഷത്തിലധികം പ. വട്ടശ്ശേരില്‍ തിരുമേനി ഊര്‍ജ്ജസ്വലതയോടെ തന്നെ ജീവിച്ചിരുന്നു മലങ്കര മെത്രാപ്പോലീത്താ ആയി ഭരണം നടത്തി. 1934 ഫെബ്രുവരി 23-നാണ് അദ്ദേഹം കാലംചെയ്തത്.

പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ മൂത്രാശയ രോഗംകൊണ്ട് വളരെക്കാലം കഷ്ടപ്പെട്ടു. ഈ സംഭവം നിസാരമായ ഒരു പ്രശ്‌നമായി ലാഘവബുദ്ധിയോടെ പ. പിതാവോ, പ. സഭയോ കണ്ട ഒന്നല്ല. അതിനു തെളിവ് പ. പിതാവിൻ്റെ ഏതാനും കല്പനകളാണ്. അവയില്‍ ഒന്ന് 1952 ഫെബ്രുവരി 5-ാം തീയതി മദ്രാസ് സുറിയാനി പള്ളിയില്‍ നിന്ന് 15-ാം നമ്പറായി അയച്ചതാണ്.

…1952 ജനുവരി 8-ലെ നമ്മുടെ കല്‍പനയില്‍ പറഞ്ഞിരുന്നപ്രകാരം നാം കഴിഞ്ഞമാസം 12-നു ചികിത്സാര്‍ത്ഥം ഇവിടെ എത്തി. ഇവിടെ ഡോക്ടര്‍ പോളിൻ്റെ ചികിത്സയില്‍ നമ്മുടെ രോഗത്തിന് വളരെ ആശ്വാസമുണ്ട്. നാം ഇപ്പോള്‍ നിങ്ങളില്‍നിന്ന് ദൂരെ ആയിരിക്കുന്നു എങ്കിലും ആത്മാവില്‍ നിങ്ങളോടു കൂടിയുണ്ട്. നമ്മുടെ സഭയെപ്പറ്റിയുള്ള ചിന്തയാണ് എപ്പോഴും നമ്മുടെ മനസ്സില്‍ ഉള്ളത്. ദൈവം അനുവദിക്കുന്ന പക്ഷം അധികം താമസിയാതെ നാട്ടിലേക്ക് വരാമെന്ന് ആശിക്കുന്നു…”

വീണ്ടും 1953 ഡിസംബര്‍ 24-ാം തീയതി കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്നും 215-ാം നമ്പറായി അയച്ച കല്പനയില്‍ ഇതിൻ്റെ ബാക്കിപത്രം വിവരിക്കുന്നുണ്ട്.

…കഴിഞ്ഞ 14-നു തിങ്കളാഴ്ച മുതല്‍ നാം മൂത്രാശയസംബന്ധമായ സുഖക്കേടില്‍ ഇരിക്കയാണെന്നുള്ളതു നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. അന്നുമുതല്‍ സ്ഥലത്തെ ഡോക്ടറന്മാര്‍ നമ്മെ ചികിത്സിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയുള്ള നമ്മുടെ ആളുകളുടെ നിര്‍ബന്ധപ്രകാരം വെല്ലൂര്‍ ആശുപത്രിയില്‍ നിന്നും ഡോക്ടറന്മാര്‍ ഇന്നലെ ഇവിടെ വരുകയും നമ്മെ പരിശോധിക്കയും ചെയ്തതില്‍ വെല്ലൂര്‍ ആശുപത്രിയില്‍ എത്തി ഏതാനും ദിവസം താമസിച്ചു ചികിത്സകള്‍ നടത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കയാല്‍ നാം ഇന്നേ ദിവസം വെല്ലൂരേക്കു പോകുന്നു. ഏതാനും ആഴ്ചകള്‍ നാം അവിടെ ആശുപത്രിയില്‍ താമസിക്കേണ്ടി വരും. ദൈവകൃപയാല്‍ അവിടത്തെ ചികിത്സയില്‍ പരിപൂര്‍ണ്ണസുഖം പ്രാപിച്ചു തിരിച്ചെത്തുവാന്‍ സാധിക്കുമെന്നു നാം വിചാരിക്കുന്നു. നമ്മുടെ രോഗശമനത്തിനു വേണ്ടി നിങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കയും പട്ടക്കാര്‍ വി. കുര്‍ബാന ചൊല്ലുകയും ചെയ്യണമെന്നു നിങ്ങളുടെ സ്‌നേഹത്തോടു നാം ആവശ്യപ്പെടുന്നു…

1954-ല്‍ അതിൻ്റെ പരിസമാപ്തി പാറേട്ട് ഇപ്രകാരം വിവരിക്കുന്നു…

…മൂത്രാശയരോഗചികിത്സയ്ക്കും ഓപ്പറേഷനുമായി കാതോലിക്കോസ് 1958 ഡിസംബറില്‍ വെല്ലൂരേയ്ക്കു പുറപ്പെട്ടു. തലേന്നാള്‍ വെല്ലൂര്‍ ആസ്പത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ ദേവലോകത്ത് എത്തി അദ്ദേഹത്തെ പരിശോധിച്ചു. മൂത്രതടസ്സം കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ഒരാഴ്ച മുമ്പു തന്നെ മൂത്രദ്വാരത്തില്‍ കുഴല്‍ ഇടുകയുണ്ടായി. രോഗമോ ക്ഷീണമോ കൂടുതലാണെന്നു ഡോക്ടര്‍മാര്‍ക്ക് അഭിപ്രായമില്ലായിരുന്നു. ‘തൈലാഭിഷേകം’ നടത്തണമെന്നു കാതോലിക്കോസ് ആവശ്യപ്പെട്ടതുകൊണ്ട് സൂത്താറാ പ്രാര്‍ത്ഥന കഴിഞ്ഞ് നടത്തി. പാമ്പാടി ഗ്രീഗോറിയോസ്, തീമോത്തിയോസ്, മാത്യൂസ് ഈവാനിയോസ്, ദാനിയേല്‍ പീലക്‌സിനോസ്, മാത്യൂസ് അത്താനാസ്യോസ് എന്നീ മേല്പട്ടക്കാര്‍ ഉണ്ടായിരുന്നു. മെത്രാച്ചന്മാര്‍ യോജിച്ചു പ്രവര്‍ത്തിക്കണം എന്ന് ഉപദേശിച്ചു. …1954 മാര്‍ച്ച് 15-ന് പ്രതീക്ഷയില്‍ കവിഞ്ഞ ആരോഗ്യത്തോടെ കാതോലിക്കോസ് ആസ്ഥാനത്തു മടങ്ങി എത്തി...”

1958-ല്‍ ഒന്നാം സമുദായക്കേസില്‍ ഇന്ത്യന്‍ സുപ്രീംകോടതിയില്‍ നിന്നും അന്തിമ വിധി ഉണ്ടായി. അതേവര്‍ഷം ഡിസംബര്‍ 16-ന് പരസ്പര സ്വീകരണത്തിലൂടെ സഭയില്‍ സമാധാനം കൈവന്നു. ഏകീകൃത മലങ്കരസഭയുടെ രാജകീയ മഹാപുരോഹിതന്‍ ആയി. വൃദ്ധന്‍ പുന്നൂസ് എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി എന്നു സംബോധന ചെയ്യുന്നത് കേട്ടു. അവരെ കൈമുത്തിച്ചു. അദ്ദേഹം കൂദാശ ചെയ്ത ഖദര്‍ മൂറോന്‍ മലങ്കര സഭയിലെ പള്ളികള്‍ കൂദാശ ചെയ്യാനും മാമോദീസാ നടത്തുവാനും ഉപയോഗിക്കുന്നത് കണ്ട് തൃപ്തനായി. 1964 ജനുവരി 3-ന് ഭാഗ്യവാനായി കടന്നുപോയി.

1964-ല്‍ സ്ഥാനമേറ്റ മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയൻ്റെ പിന്‍ഗാമി രോഗാവസ്ഥയിലാകുമ്പോള്‍ 85 വയസ് പ്രായമുണ്ടായിരുന്നു. 1967-ല്‍ പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കായ്ക്ക് രോഗവസ്ഥയോടൊപ്പം അതിവൃദ്ധതയുടെ ഭാരവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തെ പ. സഭ അതീവ ഗുരുതരമായി ആണ് കണ്ടത്. പാറേട്ട് പറയുന്നു:

ഔഗേന്‍ I കിടപ്പിലായി
1967 ഏപ്രില്‍ ആദ്യം ഔഗേന്‍ 1- ന് രോഗബാധ ഉണ്ടായി. കിടപ്പിലായി. വാര്‍ദ്ധക്യദശയില്‍ എത്തി പല വര്‍ഷങ്ങള്‍ മുമ്പോട്ടു പോയ ആളായതുകൊണ്ട് ആശങ്കയ്ക്കു വകയുണ്ടായി. ഏപ്രില്‍ 10-ാം തീയതി ‘കുന്തീലാ‘ ശുശ്രൂഷ നടത്തി. രോഗിയുടെ പ്രായാധിക്യംകൂടി പരിഗണിക്കുമ്പോള്‍ രോഗത്തിൻ്റെ ഗതി എന്തായിരിക്കുമെന്ന് ഊഹിക്കുകതന്നെ പണിയായി വന്നതിനാല്‍ ഭരണകാര്യങ്ങള്‍ സംബന്ധിച്ചും മറ്റും വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് ഏറ്റം അത്യവശ്യമായി കണ്ടു. എം.സി. (മാനേജിംഘ് കമ്മറ്റി) വിളിച്ചുകൂട്ടുന്നതിന് അവശ്യം ആവശ്യമായി നടപടിച്ചട്ടം നിര്‍ദ്ദേശിച്ചിട്ടുള്ള അവധിവച്ച് നോട്ടീസ് പുറപ്പെടുവിച്ചു വിളിച്ചുകൂട്ടി…

…ഏപ്രില്‍ 10-ാം തീയതി കന്തീലാശുശ്രൂഷ നടത്തിയതിനെ തുടര്‍ന്ന് ഔഗേന്‍ I-ൻ്റെ ആരോഗ്യം മെച്ചപ്പെട്ടുതുടങ്ങി. എപ്പിസ്‌ക്കോപ്പല്‍ കൗണ്‍സില്‍ പ്രവര്‍ത്തിക്കേണ്ടതായി വന്നില്ല…

ഇതിനുശേഷം പ. ഔഗേന്‍ പ്രഥമന്‍ അതേവര്‍ഷം ഡിസംബറില്‍ വി. മൂറോന്‍ കൂദാശ ചെയ്തു. രണ്ടു പ്രാവശ്യം അസോസിയേഷന്‍ കൂടി. അപ്രേം ആബൂദി എന്ന ഇത്തിക്കണ്ണിയെ പുറത്താക്കി. വി. മാര്‍ത്തോമ്മാ ശ്ലീഹായെ കപ്യാരു പോലുമല്ലാതാക്കിയ യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസിൻ്റെ 203-ാം നമ്പര്‍ കല്പനയെ ഫലപ്രദമായി പ്രതിരോധിച്ചു. അഞ്ചു മെത്രാന്മാരെക്കൂടി തിരഞ്ഞെടുത്തു വാഴിച്ചു. രണ്ടാം സമുദായക്കേസ് ഫയല്‍ ചെയ്തു. 1975-ല്‍ പിന്‍ഗാമിക്ക് അധികാരം ഏല്പിച്ചുകൊടുത്ത് അതിവൃദ്ധതയില്‍ മരിച്ച് തൻ്റെ ജനത്തോട് ചേര്‍ന്നു.

എന്തിനധികം! 21-ാം നൂറ്റാണ്ടില്‍ പ. ദിദീമോസ് പ്രഥമന്‍ ബാവായ്ക്ക് പക്ഷാഘാതം വന്നു. പ. സഭയ്ക്ക് ഒന്നും സംഭവിച്ചില്ല. അഞ്ചു വര്‍ഷത്തിനിടയില്‍ അഞ്ചു പ്രാവശ്യം മലങ്കര അസോസിയേഷന്‍ വിളിച്ചുകൂട്ടി. പിന്‍ഗാമിയേയും കൂട്ടു ട്രസ്റ്റികളേയും രണ്ടു പ്രാവശ്യമായി 14 മെത്രാന്മാരെയും തിരഞ്ഞെടുത്തു. രണ്ടു പ്രാവശ്യമായി 14 മെത്രാന്മാരെ വാഴിച്ചു. വി. മൂറോന്‍ കൂദാശ ചെയ്തു. സര്‍വവും നിവര്‍ത്തിച്ച ശേഷം ഇപ്പോള്‍ അടിയനിതാ; അടിയനെ വിട്ടയക്കേണമെ എന്നു പ്രാര്‍ത്ഥിച്ച് സ്ഥാനത്യാഗം ചെയ്തു. പ്രയത്‌നങ്ങളില്‍നിന്നുള്ള വിശ്രമം ആസ്വദിച്ച് ഇഹലോകം വിട്ടു. പ. സഭയ്ക്ക് ഒരു കോട്ടവും ഉണ്ടാക്കാതെ.

ഇതാണ് മലങ്കരസഭാപിതാക്കന്മാരുടെ ശോധനയുടെ അനന്തരഫലം. പാറേട്ടിൻ്റെ ഭാഷയില്‍, …കോറഹിനോ നെബൂക്കദനസേറിനൊ ഉണ്ടായ തരം മാനസികരോഗം വരും പാത്രിക്കീസിൻ്റെ ഏതാജ്ഞയും അനുസരിക്കാതിരുന്നാല്‍ എന്ന് പറഞ്ഞ് ഇ. ജെ. ജോണിനെ ഭയപ്പെടുത്താന്‍ മാര്‍ അബ്ദള്ളാ തുനിഞ്ഞ… പണിയൊന്നും മലങ്കര നസ്രാണികളുടെ ജാതിക്കു തലവന്മാരുടെ അടുക്കല്‍ ചിലവാകില്ല. ചിലവാകാന്‍ മലങ്കരയെ എന്നും പരിപാലിക്കുന്ന പ്രതികാരപ്രേമിയായ യഹോവാ സമ്മതിക്കില്ല.

പ. പിതാവിൻ്റെ രോഗാവസ്ഥയെക്കുറിച്ച് ആഘോഷിക്കുന്നവര്‍, പഴയ നിയമത്തില്‍, രാജാക്കന്മാരുടെ രണ്ടാം പുസ്തകം ഇരുപതാ അദ്ധ്യായം ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. അതില്‍ ഇപ്രകാരം പറയുന്നു:

“…ആ കാലത്തു ഹെസകിയായ്ക്കു മാരകമായ രോഗം പിടിപെട്ടു. ആമോസിൻ്റെ മകനായ ഏശായ അവൻ്റെ അടുക്കല്‍ വന്നു അവനോട്, നിൻ്റെ ഗൃഹകാര്യം ക്രമപ്പെടുത്തുക; നീ മരിച്ചുപോകും, ജീവിച്ചിരിക്കുകയില്ലാ എന്നു കര്‍ത്താവ് അരുളിച്ചയ്യുന്നു എന്നു പറഞ്ഞു. അപ്പോള്‍ ഹെസകിയ മുഖം ചുവരിനു നേരെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു: കര്‍ത്താവെ ഞാൻ വിശ്വസ്തതയോടും ഏകഹൃദയത്തോടും തിരുമുമ്പില്‍ നടന്നു നിനക്കു പ്രസാദമായത് ചെയ്തിരിക്കുന്നു എന്നു ഓര്‍ക്കേണമേ എന്നു പറഞ്ഞു. ഹെസക്കിയ വളരെ കരഞ്ഞു. എന്നാല്‍ ഏശായ നടുമിറ്റം വിട്ടു പോകുന്നതിനു മുമ്പ് പോകും മുമ്പേ അവന്നു കര്‍ത്താവിൻ്റെ അരുളപ്പാട് ഉണ്ടായത് എന്തെന്നാല്‍: നീ മടങ്ങിച്ചെന്ന് നിൻ്റെ ജനത്തിൻ്റെ രാജാവായ ഹെസകിയായോടു പറയേണ്ടതു: നിൻ്റെ പിതാവായ ദാവീദിൻ്റെ ദൈവമായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിൻ്റെ പ്രാര്‍ത്ഥന കേട്ടു നിൻ്റെ കണ്ണുനീര്‍ കണ്ടിരിക്കുന്നു. ഞാന്‍ നിന്നെ സൗഖ്യമാക്കും: മൂന്നാം ദിവസം നീ കര്‍ത്താവിൻ്റെ ആലയത്തില്‍ പോകും: ഞാന്‍ നിൻ്റെ ആയുസിനോടു പതിനഞ്ചു സംവത്സരം കൂട്ടും: ഞാന്‍ നിന്നേയും ഈ നഗരത്തേയും ആസൂര്‍ രാജാവിൻ്റെ കൈയ്യില്‍നിന്നും വിടുവിക്കും. എൻ്റെ നിമിത്തവും എൻ്റെ ദാസനായ ദാവീദിൻ്റെ നിമിത്തവും ഈ നഗരം ഞാന്‍ സംരക്ഷിക്കും… (2 രാജാ. 20: 1-6, പെശീത്താ)’

ഇവിടെ മിക്കവാറും ശ്രദ്ധിക്കാതെ പോകുന്ന ഒരു വസ്തുതയുണ്ട്. യഹോവാ നീട്ടിക്കൊടുത്ത 15 വര്‍ഷത്തിനുശേഷം ഹെസകിയായുടെ പുത്രന്‍ മനശ്ശ അധികാരം ഏല്‍ക്കുമ്പോള്‍ വയസ് കേവലം 12 മാത്രം! അതായത് മുകളില്‍ പ്രതിപാദിച്ച സംഭവം നടക്കുമ്പോള്‍ ഹെസകിയായ്ക്ക് പിന്‍ഗാമി ജനിച്ചിട്ടുപോലുമില്ല! അന്ന് ഹെസകിയായുടെ മാത്രം പ്രാര്‍ത്ഥനയും കണ്ണിനീരും കണ്ടാണ് യഹോവാ അദ്ദേഹത്തിൻ്റെ ആയുസ് നീട്ടിക്കൊടുക്കുന്നതും സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നതും പിന്‍ഗാമിയെ നല്‍കുന്നതും. ഇന്ന് പ. പിതാവിനുവേണ്ടിയും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നത് ലക്ഷങ്ങളാണ്. ആ പ്രാര്‍ത്ഥന യഹോവാ കേള്‍ക്കാതിരിക്കില്ല.

ഡോ. എം. കുര്യന്‍ തോമസ്

error: Thank you for visiting : www.ovsonline.in