ഒരു കൊടിയും ഒരു പിടി നസ്രാണികളും

കൊടിയടയാളം ഓരോ രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും സംഘടനകളുടേയും വ്യക്തിത്വത്തിന്‍റെ പ്രതീകങ്ങളാണ്. ഇത്തരം സ്വത്വബോധത്തെ പ്രകടമാക്കുന്ന നിര്‍ദ്ദിഷ്ട നിറങ്ങളും ചിഹ്നങ്ങളും രൂപവുമുള്ള ധ്വജങ്ങള്‍ പുര്‍വകാലം മുതലെ ഉണ്ടായിരുന്നു. ഗ്രീസിലെ നഗരരാജ്യങ്ങള്‍ക്കും ഇന്ത്യയില്‍ മഹാഭാരതകാലത്തും ഓരോ രാജ്യത്തിനും തനതായ കൊടിയടയാളങ്ങള്‍ ഉണ്ടായിരുന്നതായി കാണാം.

രാജ്യംപോലെതന്നെ സംഘടിത മതങ്ങള്‍ക്കും കൊടിയടയാളങ്ങള്‍ രൂപപ്പെട്ടിരുന്നു. അവയ്ക്ക് അനുഷ്ഠാനപരമായ അര്‍ത്ഥതലങ്ങളും ഉണ്ടായിരുന്നു. രാജ്യങ്ങളേയും സംഘടനകളേയും പോലെ പട്ടാള നീക്കം, പ്രകടനങ്ങള്‍ മുതലായവയിലാണ് പ്രധാനമായും ധ്വജങ്ങള്‍ ഉപയോഗിച്ചിരുന്നത്. കൊണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതം അംഗീകരിച്ചതിന്‍റെ പുറകില്‍ തന്‍റെ കൊടിയടയാളമായി കുരിശിനെ സ്വീകരിച്ച സംഭവമാണല്ലോ പ്രശസ്തമായ ഐതീഹ്യം. ബൈസന്‍റൈന്‍ സഭകളില്‍ ക്വറുഗ് (Khorugv) എന്ന അടിയില്‍ മൂന്നു തൊങ്ങലുകളോടുകൂടിയ ഐക്കണ്‍ ചിത്രീകൃതമായ ഒരു തിരശ്ചീന പതാക അനുഷ്ഠാനപരമായി ഉപയോഗിക്കുന്നുണ്ട്. ഇവ പ്രധാന ദിവസങ്ങളില്‍ പള്ളിക്കുള്ളില്‍ പ്രതിഷ്ഠിക്കുകയും പ്രദക്ഷിണങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഉയര്‍ത്തെഴുനേറ്റ ക്രിസ്തുവിനെത്തന്നെ അടിയില്‍ ഇരട്ടക്കോണുള്ള കൊടി വഹിക്കുന്നതായി ഐക്കണ്‍ ചിത്രീകരണങ്ങള്‍ ഉണ്ട്. അത്തരം കൊടിവഹിക്കുന്ന കുഞ്ഞാടായും ക്രിസ്തു ചിത്രീകരിക്കപ്പെടുന്നുണ്ട്. ഇത്തരം കൊടികളാണ് നസ്രാണികള്‍ പ്രദക്ഷിണത്തിന് ഉപയോഗിക്കുന്നത്.

ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ക്കും ബുദ്ധമതം മുതലായവയ്ക്കും സ്വന്തം കൊടിയടയാളങ്ങള്‍ ഉണ്ടായിരുന്നു. മനുഷ്യരൂപത്തിനു സദൃശ്യമായി വിവിധ നിറങ്ങളിലുള്ള വസ്ത്രഖണ്ഡങ്ങള്‍ ചേര്‍ത്താണ് കേരളത്തിലെ ക്ഷേത്രധ്വജങ്ങള്‍ രൂപപ്പെടുത്തുന്നത്. ഒരു കുരിശുകൂടെ തുന്നിച്ചേര്‍ത്ത ഇതേ രീതിയിലുള്ള കൊടികള്‍തന്നെയാണ് മാവേലിക്കര, കല്ലൂപ്പാറ മുതലായ പുരാതന നസ്രാണിപ്പള്ളികളില്‍ പെരുന്നാളിനു ഉയര്‍ത്തുന്നത്. ഇന്ന് ഭൂരിപക്ഷം പള്ളികളും സാധാരണ പ്രദക്ഷിണകൊടികള്‍ തന്നെയാണ് ധ്വജാരോഹണത്തിനും ഉപയോഗിക്കുന്നത്.

കൊടിയടയാളം ക്രിസ്തുമതം ലോകമാസകലം ഉപയോഗിക്കുന്നുണ്ടെങ്കിലും കൊടിയേറ്റ് നസ്രാണിക്കുമാത്രം സ്വന്തമാണ്. അതിനാല്‍ അവരുടെ ദേവാലയ ധ്വജസ്തംഭങ്ങള്‍ക്കും ഇതര ക്രൈസ്തവ താരതമ്യമില്ല. ബുദ്ധ മഹാപ്രസ്ഥാനം, നമ്പൂതിരി ക്ഷേത്രോല്‍സവങ്ങള്‍, ദ്രാവിഡ കാവ് അനുഷ്ഠാനങ്ങള്‍ ഇവയില്‍നിന്നും ക്രൈസ്തവമായ മാനത്തോടെ രൂപംകൊടുത്ത പെരുന്നാള്‍ എന്ന ആഘോഷമാണ് നസ്രാണിക്ക് കൊടിമരവും കൊടിയേറ്റും സമ്മാനിച്ചത്. പാശ്ചാത്യ മാനദണ്ഡത്തിലെ തിരുന്നാള്‍ (feast) നസ്രാണിയുടെ പെരുന്നാളില്‍നിന്നും തികച്ചും വ്യത്യസ്ഥമാണ്. സാധാരണയയായി പെരുന്നാളില്‍ ഒരു തിരുന്നാള്‍ ഉള്‍പ്പെടുമെങ്കിലും എപ്പോഴും അങ്ങനെ ആകണമെന്നില്ല. (ഉദാ. കല്ലിട്ട പെരുന്നാള്‍). പള്ളിപ്പെരുന്നാള്‍ തികച്ചും കേരളീയമായ ഉല്‍സവ പശ്ചാത്തലത്തില്‍നിന്നു ഉടലെടുത്തതാണ്. അത് മറച്ചുവെയ്ക്കേണ്ട കാര്യമില്ല. ഇതിനെ ഇന്ത്യയിലെ ദേശീയ ക്രൈസ്തവതയുടെ ഒരു തനതു പ്രതീകമായി ധൈര്യപൂര്‍വം കണക്കാക്കാം. ഇതിനാല്‍ കൊടിയേറ്റും ഇന്ത്യന്‍ ദേശീയ ക്രൈസ്തവ പ്രതീകമാണ്. അതിനുപയോഗിക്കുന്ന പതാക ബൈസന്‍റൈന്‍ സഭകളുടെ ക്വറുഗ് പോലെ അനുഷ്ഠാനപരമാണ് അല്ലാതെ കേവലം സംഘടനാപരമല്ല. ഇവിടെ സഭയല്ല രക്ഷകനായ ക്രിസ്തുവാണ് ആരോഹണം ചെയ്യപ്പെട്ട ധ്വജത്താല്‍ പ്രതീകവല്‍ക്കരിക്കപ്പെടുന്നത്.

മുളയിട്ട് (നവധാന്യങ്ങള്‍ മുളപ്പിച്ച്), കൂറയിട്ട് (കൂറപവിത്രം – ധ്വജം – ആരോഹണം ചെയ്ത്), പടഹാദി (വാദ്യമേളങ്ങളോടെ) എന്നിങ്ങനെ മൂന്നു വിധത്തിലാണ് അനുഷ്ഠാനപരമായ കേരളീയ ഉല്‍സവങ്ങള്‍ ആരംഭിക്കുന്നത്. ഇവയില്‍ കൂറയിട്ട് എന്ന കൊടിയേറ്റു രീതിയാണ് നസ്രാണി സ്വീകരിച്ചത്. പടഹാദി പൂര്‍ണ്ണമായും ഉപേക്ഷിച്ചെന്നു പറയാനുമാവില്ല. കാരണം കൊടിയേറ്റിനു ചെണ്ടമേളവും കതിനാവെടികളും ഇന്നും നിലനില്‍ക്കുന്നുണ്ട്. പൊതുവെ മുഖ്യദിനത്തിന് എട്ടുദിവസംമുമ്പ് കൊടിയേറുക എന്നതാണ് നസ്രാണി വഴക്കം. അന്നു മുതല്‍ മുഖ്യ പെരുന്നാള്‍ വരെ പ്രഭാത-പ്രദോഷ സന്ധ്യകളില്‍ വെടിവയ്ക്കുക എന്നതും പാരമ്പര്യമാണ്.

സ്ഥിരം കൊടിമരം എന്നത് കേരളത്തിലെ ഒരു പില്‍ക്കാല വികസനമാണ്. ഓരോ ഉല്‍സവത്തിനും അനുഷ്ഠാനപരമായി വെട്ടിയെടുത്ത കമുക് ആഘോഷമായി കൊണ്ടുവന്ന് സ്ഥാപിച്ച് കൊടിയേറ്റുക എന്നതായിരുന്നു പതിവ്. നസ്രാണിയും അനുവര്‍ത്തിച്ചിരുന്നത് ഈ പതിവാണ്. ലക്ഷണമൊത്ത കമുക് മുറിവായില്‍ തേനൊഴിച്ച് നിലംതൊടാതെ മുറിച്ചടുക്കും. ഇപ്രകാരം വെട്ടുന്നത് അതത് ദേവസ്ഥാനത്ത് – പള്ളിയായാലും – അവകാശമുള്ള മരയാശാരി ആയിരിക്കണമെന്ന് നിര്‍ബന്ധമാണ്. അവിടെനിന്നും നിലംതൊടാതെ കൈകളിലേന്തി വാദ്യമേളങ്ങളുടെയും കതിനാവെടികളുടെയും അകമ്പടിയോടെ പള്ളിയിലെത്തിക്കും. തുടര്‍ന്ന് ആശാരിതന്നെ തലമുറിച്ച് തൊലിചെത്തി മുകളില്‍ മരക്കുരിശ് ഉറപ്പിക്കും. മാവില, കമുകിന്‍പൂക്കുല ഇവകൊണ്ട് അലങ്കരിച്ച കൊടിമരം പള്ളി നടയില്‍ കുഴിച്ചിടും. നടയ്ക്കു നേരെ ഏതാനും സെന്‍റീമീറ്റര്‍ ഇടതോ വലതോ മാറി എന്നതാണ് ശാസ്ത്രപ്രകാരം കൊടിമരത്തിന്‍റെ ഉത്തമസ്ഥാനം. ദേവസ്ഥാനത്തിന്‍റെ അളവുമായി ബന്ധപ്പെടുത്തിയാണ് കൊടിമരത്തിന് ഉയരം നിശ്ചയിയ്ക്കുക. കൊടിയേറ്റാന്‍ കത്തനാരുവേണം എന്നതും ഇതിന്‍റെ അനുഷ്ഠാനപരതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

താല്‍ക്കാലികമായ കമുകില്‍നിന്നും സ്ഥിരം കൊടിമരത്തിലേയ്ക്കുള്ള പരിണാമമായിരുന്ന അടുത്തത്. കരിങ്കല്‍ തറയില്‍ ലക്ഷണമൊത്ത ഒറ്റത്തടി തേക്കു ചെത്തിയെടുത്ത് സ്ഥാപിച്ച് അതില്‍ ചെമ്പ്/പിത്തള പറകള്‍ ഇറക്കിയാണ് സ്ഥിരം കൊടിമരം നിര്‍മ്മിച്ചിരുന്നത്. നൂറ്റാണ്ടുകള്‍ നിലനില്‍ക്കുന്ന ഇത്തരം കൊടിമരങ്ങളുടെ മുകളില്‍ ക്ഷേത്രങ്ങളിലാണങ്കില്‍ അതത് ക്ഷേത്രത്തിലെ മുഖ്യ ദേവതയുടെ വാഹനമായ മൃഗം/പക്ഷിയും, നസ്രാണിപ്പള്ളിയിലാണെങ്കില്‍ കുരിശുമാണ് സ്ഥാപിക്കുക. ഇടക്കാലത്ത് സ്റ്റീല്‍ പൈപ്പുകള്‍ കൊടിമരത്തിനായി ഉപയോഗിച്ചെങ്കിലും അവയ്ക്കു പകരം ഇന്നു പരമ്പരാഗതമായ ചെമ്പുപറയിലേയ്ക്ക് മടങ്ങിവരികയാണ്. മിക്ക ക്ഷേത്രങ്ങളിലും ഉള്ളിലെ തേക്കിന്‍റെ സ്ഥാനത്ത് ഇന്നു കോണ്‍ക്രീറ്റ് ഇടംപിടിച്ചെങ്കിലും മൊത്തത്തില്‍ ഇതൊരു ശുഭ ലക്ഷണമാണ്.

പള്ളിക്കൊടിമരങ്ങളുടെ ഉയരത്തിന് ഇന്ന് പ്രത്യേക മാനദണ്ഡങ്ങളൊന്നും പൊതുവേ പാലിക്കുന്നില്ല. എന്നാല്‍ ഭൂമി, മണ്ണില്‍നിന്നും മെനഞ്ഞ ആദിമനുഷനായ ആദാമിനേയും, മുകളിലെ കുരിശ് യേശുക്രിസ്തുവിനേയും പ്രതീകവല്‍ക്കരിച്ച് ആദം മുതല്‍ യേശുക്രിസ്തുവരെയുള്ള തലമുറകളുടെ എണ്ണത്തിനു സമമായ ഖണ്ഡങ്ങള്‍ കൊടിമരത്തിന് വേണമെന്ന തോമസ് മാര്‍ അത്താനാസ്യോസ് സീനിയര്‍ മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശം തികച്ചു പരിഗണനാര്‍ഹമാണ്.

തടിയുടെ സ്ഥാനത്ത് കരിങ്കല്‍ ധ്വജസ്തംഭങ്ങള്‍ അതീവ വിരളമാണ്. നിര്‍മ്മാണ വൈഷമ്യമാണ് ഇതിന് മുഖ്യ കാരണം. ഇത്രയും നീളം ലഭിക്കാന്‍ അപൂര്‍വ പ്രത്യേകതകളുള്ള സവിശേഷയിനം കരിങ്കല്ലുവേണം. അതിനതിസാധാരണമായ സാങ്കേതിക വൈദഗ്ദ്യമുള്ളവര്‍ക്കുമാത്രമേ ഇതു കൊത്തിയെടുക്കാനും സ്ഥാപിക്കാനും സാധിക്കു. അവസാന നിമിഷംപോലും നിര്‍മ്മാണ തകരാറുവരാന്‍ വളരെയധികം സാദ്ധ്യതയുണ്ട്. അത്തരം സാഹചര്യത്തില്‍ അതുപേക്ഷിച്ച് പുതിയതു നിര്‍മ്മിക്കുക മാത്രമാണ് ഏക പ്രതിവിധി. ഇത്തരം ക്ലിഷ്ടതകളാലാണ് ശിലാധ്വജസ്തംഭ നിര്‍മ്മാണം പുരോഗമിക്കാതിരുന്നത്.

21-ആം നൂറ്റാണ്ടിന്‍റെ ആദ്യ ദശാബ്ദം വരെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ മാത്രമായിരുന്നു കേരളത്തില്‍ കരിങ്കല്‍ കൊടിമരം ഉണ്ടായിരുന്നത്. ഇന്ന് പ്രത്യേക മേല്‍പ്പുര നിര്‍മ്മിച്ച് അതിനെ സംരക്ഷിക്കുന്നു. 2011-ല്‍ തോമയാര്‍ കോവിലെന്ന തിരുവിതാംകോട് അരപ്പള്ളിയില്‍ പൂര്‍ണ്ണമായ ശിലാധ്വജസ്തംഭം സ്ഥാപിച്ചു ചരിത്രം സൃഷ്ടിച്ചു. ഇതില്‍ ആകൃഷ്ടനായ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ 2012-ല്‍ ദേവലോകം കാതോലിക്കേറ്റ് അരമനയിലും കരിങ്കല്‍ കൊടിമരം സ്ഥാപിച്ചു. ഇന്ന് ഏതാനും നസ്രാണിപ്പള്ളികളില്‍ക്കൂടി ശിലാധ്വജസ്തംഭങ്ങള്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. സാങ്കേതിക വിദ്യ വികസിച്ചിട്ടും കരിങ്കല്‍ കൊടിമരങ്ങളുടെ നിര്‍മ്മാണ/ ഗതാഗത പ്രക്രിയയുടെ സങ്കീര്‍ണ്ണത ഇന്നും നിലനില്‍ക്കുകയാണ്. അതിനാല്‍ അവയുടെ നിര്‍മ്മിതിയും പരിമിതമാണ്.

ഹെല്ലനിക്ക് ക്രിസ്തുമതത്തിന്‍റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രതിരൂപങ്ങളും മാത്രമാണ് യഥാര്‍ത്ഥ ക്രിസ്തുമാര്‍ഗ്ഗം എന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്ന ചിലര്‍ ഇന്നും മലങ്കരസഭയിലുണ്ട്. അവര്‍ക്ക് കൊടിയും കൊടിമരവും കൊടിയേറ്റും വെറും സാമുദായിക പ്രതിരൂപങ്ങള്‍ മാത്രമാണ്. അവയുടെ അനുഷ്ഠാനപരമോ ഭക്തി-വിശ്വാസപരമോ ആയ പശ്ചാത്തലമോ കൗദാശിക പ്രാധാന്യമോ മനസ്സിലാക്കാനാവില്ല. അവര്‍ ഇന്നുവരെ തിരിച്ചറിയാത്ത യാഥാര്‍ത്ഥ്യം ക്രിസ്തുമാര്‍ഗ്ഗം ഹെല്ലനിക്ക് അഥവാ ഗ്രീക്കോ-റോമന്‍ മാത്രമല്ല എന്നുള്ളതാണ്. ക്രിസ്തുമാര്‍ഗ്ഗം ഒരു ഏഷ്യന്‍ വിശ്വാസ സംഹിതയാണ്. അതിനു ഹെല്ലനിക്ക് മാത്രമല്ല സെമറ്റിക്, ആഫ്രിക്കന്‍, ദ്രാവിഡ മുതലായ അനുഷ്ഠാന ഭേദങ്ങളുമുണ്ട്. അത് ഉള്‍ക്കൊള്ളാനാവത്തവര്‍ക്ക് പരുമല പെരുന്നാളിന് കൊടികയറ്റുമ്പോള്‍ വെറ്റില വാരി എറിയുന്നത് കേവലം അന്ധവിശ്വാസമാണ്. ഉപരിചിന്തയില്‍ അതേ മാനദണ്ഡം സ്വീകരിച്ചാല്‍ ക്രൈസ്തവാചാരങ്ങളെല്ലാം മൂഢാചാരങ്ങളാകും! അവര്‍ അംഗീകരിക്കുന്ന ഹെല്ലനിക്ക് ക്രിസ്തുമാര്‍ഗ്ഗവും കേവലം ഒരു പ്രാദേശിക ആചാരത്തിന്‍റെ ക്രൈസ്തവവല്‍ക്കരണമാണ്!

ഡോ. എം. കുര്യന്‍ തോമസ്

error: Thank you for visiting : www.ovsonline.in