ജോഷ്വാ അച്ചനില്‍ നിന്ന് കണ്ടും കേട്ടും പഠിക്കുവാന്‍ ഏറെയുണ്ട്

ഏറെ സവിശേഷതകളുള്ള വ്യക്തിത്വത്തിന് ഉടമയാണ് വന്ദ്യഗുരു റ്റി.ജെ. ജോഷ്വാച്ചന്‍. ദൈവം മലങ്കര സഭയ്ക്ക് നല്‍കിയ അതുല്യമായ സമ്മാനമാണ് ജോഷ്വാ അച്ചന്‍. ക്രിസ്തുവിന്‍റെ ഉപാസകനും, പൗലോസ് അപ്പോസ്‌തോലനാല്‍ ആവേശിതനുമായ അച്ചന്‍ 90 -ലും കര്‍മ്മനിരതവും സുവിശേഷനിഷ്ഠവുമായ ജീവിതമാണ് നയിക്കുന്നത്. പ്രഭാഷണത്തിലൂടെ, എഴുത്തിലൂടെ, അദ്ധ്യപനത്തിലൂടെ, വൈദിക ശുശ്രൂഷയിലൂടെ അനേകരുടെ മനസ്സുകളില്‍ സുവ്യക്തമായ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തില്‍ നിന്ന് കണ്ടും കേട്ടും പഠുക്കുവാന്‍ ഏറെയുണ്ട്; വൈദികര്‍ക്കും, അവൈദികര്‍ക്കും.

1) ശുശ്രൂഷയോടുള്ള അര്‍പ്പണബോധവും അഭിനിവേശവും (Commitment & Passion for the Ministry):
ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തോടുള്ള അദ്ദേഹത്തിന്‍റെ അര്‍പ്പണബോധം ശെമ്മാശ്ശനായിരിക്കുമ്പോള്‍ തന്നെ സഭയ്ക്ക് പൊതുവായി ബോധ്യപ്പെട്ടിട്ടുള്ളതായിരുന്നു. അതിനാല്‍ പരിശുദ്ധ ഗീവറുഗീസ് ദ്വിതിയന്‍ ബാവായ്ക്ക് ജോഷ്വാ ശെമ്മാശ്ശനോടു പ്രത്യേക വാത്സല്യമായിരുന്നു. പല സ്ഥലങ്ങളിലും ശെമ്മാശനെ കൂടെ കൊണ്ടുപോകുമായിരുന്നു. മുന്‍കൂട്ടി പറയാതെ തന്നെ ചില വേദികളില്‍ പ്രസംഗിക്കാനായി പരിശുദ്ധ ബാവാ ശെമ്മാശ്ശനോടു ആവശ്യപ്പെടുമായിരുന്നു. ഇങ്ങനെയുള്ള പരിശീലനം എപ്പോഴും വചനശുശ്രൂഷയ്ക്ക് ഒരുക്കത്തോടെയിരിപ്പാന്‍ അദ്ദേഹത്തിന് പ്രാപ്തി നല്‍കി. ചെയ്തു തീര്‍പ്പാന്‍ കഴിയാത്ത പൊതു ഉത്തരവാദിത്വങ്ങള്‍ അച്ചന്‍ ഏറ്റെടുക്കാറില്ല. ഏറ്റെടുത്താല്‍ അദ്ദേഹം അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുമായിരുന്നു; എത്ര പരിശ്രമവും അധ്വാനവും അതിന്‍റെ പിന്നില്‍ വേണ്ടി വന്നാലും. 90 വയസ്സിനിടയില്‍ 70 പുസ്തകങ്ങള്‍ രചിച്ച ഒരു മലയാളി വൈദികന്‍. പലപ്പോഴും വെളുപ്പിന് 2 മണിക്ക് ഉണര്‍ന്നെഴുന്നേറ്റ് പുസ്തക രചന നടത്തുന്നതിനെക്കുറിച്ച് അച്ചന്‍റെ സഹധര്‍മിണി ഈ ലേഖകനോടു പറഞ്ഞിട്ടുണ്ട്. മനുഷ്യരില്‍ നന്മയും വിശ്വാസവുമുണര്‍ത്തുവാന്‍ അഭിനിവേശത്തോടെ പ്രവര്‍ത്തിച്ച കര്‍മനിരതനായ വൈദികനെയാണ് ജോഷ്വാച്ചനിലൂടെ മലങ്കര സഭയ്ക്ക് കാണാനാകുന്നത്. രോഗവും പ്രായവും അദ്ദേഹത്തിന്‍റെ അര്‍പ്പണ മനോഭാവത്തിനു മുന്‍പില്‍ പരാജയപ്പെട്ടു. സദാ ഉത്സാഹവാനായി കാണപ്പെടുന്ന അദ്ദേഹത്തിന്‍റെ ഉന്മേഷത്തന് പിന്നില്‍ തികഞ്ഞ ദൈവാശ്രയവും, പ്രാര്‍ത്ഥനയും, കൃത്യനിഷ്ഠയുള്ള ജീവിതക്രമവുമുണ്ട്.

2) രോഗത്തോടും രോഗികളോടുമുള്ള സമീപനം (Attitude towards sickness and the ministry to the sick):
ഒരു ജീവിതകാലത്ത് ഇത്രയധികം വൈവിധ്യമുള്ള രോഗങ്ങളോട് പോരാടിയ ഒരു മലയാളി ഈ അടുത്ത കാലത്ത് അപൂര്‍വ്വമാണ്. ടൈഫോയിട്, ജോണ്ടിസ്, കാന്‍സര്‍, ഹൃദ്‌രോഗം തുടങ്ങിയവയെ കീഴ്‌പ്പെടുത്തിയുള്ള ജീവിതയാത്രയാണ് അദ്ദേഹം നടത്തുന്നത്. ശരീരത്തിലെ മിക്കവാറും അവയവങ്ങള്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ട്. ആത്മധൈര്യത്തോടും ദൈവവിശ്വാസത്തിലും ഓരോ രോഗത്തെയും അദ്ദേഹം കീഴ്‌പ്പെടുത്തി. വേദനകളില്‍ പ്രാര്‍ത്ഥനയും വേദവായനയുമായിരുന്നു പ്രതിവിധി. ഓരോ രോഗവും അദ്ദേഹത്തിന്‍റെ ചിന്താലോകത്തെ ആഴത്തിലാക്കുകയും പുതിയ രചനകളിലേക്കു പ്രേരണ കൊടുക്കുകയും ചെയ്തു. കഷ്ടതകളെ സന്‍മനോഭാവത്തോടെ മനുഷ്യനന്മയ്ക്ക് ഉപയുക്തമാക്കാനുള്ള പൗലോസ് അപ്പോസ്‌തോലന്‍റെ പാഠങ്ങള്‍ ജീവിതത്തില്‍ അച്ചന്‍ അന്വര്‍ത്ഥമാക്കി. അച്ചന്‍റെ ജീവിതത്തിലെ എല്ലാ പ്രയാസഘട്ടങ്ങളിലും കൊച്ചമ്മ കൂട്ടായി ഉണ്ടായിരുന്നു. ഡോക്ടറായ കൊച്ചമ്മ അച്ചന്‍റെ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധാലുവായിരുന്നു. കൊച്ചമ്മയുടെ വൈദ്യശുശ്രൂഷ അച്ചന്‍റെ വൈദിക ശുശ്രൂഷയ്ക്ക് എന്നും പിന്‍ബലമായിരുന്നു. കൊച്ചമ്മയുടെ മരണശേഷം മകളായ ഡോക്ടര്‍ രേണു അച്ചന്‍റെ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. വാതില്‍ അടഞ്ഞെങ്കിലും ജനാലകള്‍ ദൈവം തനിക്കായി തുറന്നിട്ടെന്ന് ഡോ.രേണുവിന്‍റെ കരുതലിനെക്കുറിച്ച് അച്ചന്‍ പറയും.

രോഗികളോടുള്ള അച്ചന്‍റെ കരുതലും സ്മരണീയമാണ്. രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിപ്പാനും അവരെ സന്ദര്‍ശിപ്പാനും അച്ചന്‍ സമയം കണ്ടെത്താറുണ്ട്. കൃത്യാന്തര ബാഹുല്യം മൂലം രോഗി സന്ദര്‍ശനമെന്ന ആ ക്രിസ്തീയ ദൗത്യത്തില്‍ നിന്ന് അച്ചന്‍ കഴിവതും പിന്‍മാറാറില്ല. ഇതെന്‍റെ വ്യക്തിപരമായ അനുഭവം കൂടിയാണ്. 2001 -ല്‍ രക്താര്‍ബുദം ചികില്‍സക്ക് വിധേയനായ എന്നെ, എന്‍റെ ഭവനത്തിലും, ആശുപത്രിയിലുമായി 6 പ്രാവശ്യമാണ് അച്ചനും കൊച്ചമ്മയും സന്ദര്‍ശിച്ചത്. സെമിനാരിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് റ്റി.ജെ. ജോഷ്വാച്ചന്‍ എന്ന ഗുരുവിന്‍റെ മഹത്വം കണ്ടറിയാന്‍ കിട്ടിയ അവസരമായിരുന്നു അത്. അദ്ദേഹത്തിന്‍റെ സന്ദര്‍ശനങ്ങള്‍ എനിക്കും പ്രത്യേകിച്ച് എന്‍റെ മമ്മിക്കും ആശ്വാസം നല്‍കുന്നതായിരുന്നു. രോഗികളോടുള്ള കരുതലിന്‍റെ പാഠം അച്ചനില്‍ നിന്ന് ഏറെ പഠിക്കുവാന്‍ കഴിയും.

3) സമയക്ലിപ്തതെയും സമയവിനിമയവും (Time discipline & Time management):
സമയനിഷ്ഠയില്‍ കാര്‍ക്കശ്യമുള്ള വ്യക്തിയാണ് അദ്ദേഹം. സമയത്തിന്‍റെ മൂല്യത്തെക്കുറിച്ചും സമയനിഷ്ഠ പുലര്‍ത്തുന്നതിന്‍റെ ആവശ്യകതയെ സംബന്ധിച്ചും ശിഷ്യരെ പ്രബോധിപ്പിക്കുകയും എഴുത്തിലൂടെ പൊതു സമൂഹത്തോട് ആവര്‍ത്തിച്ച് സംവേദിക്കുകയും ചെയ്തുവരുന്ന അച്ചന്‍ ഇവ രണ്ടിലും മാതൃകയാണ്. ആരാധന നിര്‍വ്വഹിക്കുന്നതിലും, അദ്ധ്യപനത്തിലും, പ്രഭാഷണത്തിലും, പരിപാടികളില്‍ സംബന്ധിക്കുന്നതിലും തികഞ്ഞ സമയനിഷ്ഠ അച്ചന്‍ പുലര്‍ത്തുന്നു. സെമിനാരി വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങള്‍ക്ക് ഏറ്റവും അധികം ആശ്ചര്യം ഉളവാക്കിയത് അച്ചന്‍റെ സമയക്രമമാണ്. രാവിലെ 7:25 -ന് അച്ചന്‍റെ കാര്‍ സെമിനാരിയിലെത്തും. 7:30 മുതല്‍ 8:30 വരെയുള്ള സെമിനാരിയുടെ ആദ്യ പഠന മണിക്കൂറില്‍ അച്ചനും വായനയില്‍ മുഴുകിയിരിക്കും. നിഷ്ഠകള്‍ അറിയാവുന്നതുകൊണ്ട് സാധാരണയായി മറ്റാരും തന്നെ അദ്ദേഹത്തിന്‍റെ കാര്യക്രമത്തിന് തടസ്സം നില്‍ക്കാറില്ല. വ്യക്തമായ പ്ലാനോടുകൂടിയാണ് ഓരോ മണിക്കൂറിലും അച്ചന്‍ ക്ലാസെടുക്കാറുള്ളത്. ഒരു മണിക്കൂര്‍ പഠിപ്പിക്കേണ്ടത് എന്തൊക്കെയെന്ന് എഴുതി തയ്യാറാക്കിയിരിക്കും. മറ്റുള്ള അധ്യാപകര്‍ സാധാരണയായി ബെല്ലടിക്കുമ്പോള്‍ ക്ലാസ്സു നിര്‍ത്തുകയാണ് പതിവ്. എന്നാല്‍ ജോഷ്വാച്ചന്‍റെ ക്ലാസ്സില്‍ എന്നെ ശ്രദ്ധേയനാക്കിത് അദ്ദേഹം ക്ലാസ്സ് നിര്‍ത്തി കഴിയുമ്പോള്‍ ബെല്ലടിക്കുന്നത് കേള്‍ക്കാം. അത്ര കൃത്യതയാണ് അദ്ദേഹത്തിന്‍റെ ടീച്ചിംഗ് പ്ലാനിംഗ്. അദ്ദേഹം പങ്കെടുക്കാറുള്ള പരിപാടികള്‍ക്കും സമയക്ലിപ്തത പാലിക്കാന്‍ സംഘാടകര്‍ കഠിനമായി പരിശ്രമിക്കാറുണ്ട്. ജോഷ്വാച്ചന്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞാല്‍ അദ്ദേഹത്തിന്‍റെ ശിഷ്യരായ മെത്രാപ്പോലീത്താമാര്‍ മറ്റു തിരക്കുകള്‍ മാറ്റിവച്ച് കൃത്യമായ സമയത്ത് പരിപാടിയില്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. സമയവിനിമയത്തിന്‍റെയും സമയക്ലിപ്തതയുടെയും കാര്യത്തില്‍ ‘തണ്ടിന്മേല്‍ ഉയര്‍ത്തി നിര്‍ത്തി’ പുതുയുവത്വത്തിന് മാതൃകയായി കാണിച്ചുകൊടുക്കേണ്ടുന്ന നിറവിളക്കാണ് 90 -ന്‍റെ നിറവില്‍ ജോഷ്വാച്ചന്‍.

4) പുതിയനിയമ പാണ്ഡിത്യവും ക്രിസ്തു കേന്ദ്രീകൃത ആത്മീയതയും (New Testament Scholar and the Christ Centered Spirituality)
70 വര്‍ഷത്തിലധികമായി കോ യത്തെ പഴയ സെമിനാരിയുമായി ബന്ധിതമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. വേദപുസ്തകപഠനത്തില്‍ ഉല്‍സുകനായ അദ്ദേഹം പ്രത്യേക പഠനത്തിനായി തെരഞ്ഞെടുത്തത് പുതിയനിയമമാണ്. പൗലോസ് ശ്ലീഹായുടെ ജീവിതത്തിലും ലേഖനങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പൗലോസിന്‍റെ കത്തുകളുടെ സൂക്ഷ്മ പടനം നിര്‍വ്വഹിച്ചിട്ടൂണ്ട്. കഴിഞ്ഞ 70 വര്‍ഷങ്ങളില്‍ അനേകായിരം വൈദികര്‍ക്ക് പുതിയനിയമപുസ്തകങ്ങളുടെ വാതായനങ്ങള്‍ തുറക്കപ്പെട്ടത് ജോഷ്വാച്ചനിലൂടെയാണ്. ഓരോ പുസ്തകങ്ങളുടെയും എഴുതപ്പെട്ട വചനങ്ങളും, എഴുത്തിന്‍റെ സാഹചര്യങ്ങളും മനഃപാഠമാണ് അദ്ദേഹത്തിന് ഇന്നും. വേദപുസ്തകത്തിലെ വ്യക്തികളും ആശയങ്ങളും അദ്ദേഹത്തിന് അത്ര ഇഷ്ടമായതുകൊണ്ട് 90 -ലും മറക്കാതെ അവയൊക്കെ ഓര്‍ത്തിരിക്കാനാകുന്നുണ്ട്; പറഞ്ഞു മനസ്സിലാക്കാനും. ക്രിസ്തു കേന്ദ്രീകൃതമായ അദ്ദേഹത്തിന്‍റെ ജീവിതശൈലിയും പ്രബോധന രീതിയും ഇന്നത്തെ വൈദികര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും, മാതൃകയാകുകയും ചെയ്യേണ്ടത് സഭയുടെ കാലികമായ അനിവാര്യതയാണ്.

5) പ്രബോധന ചാരുത (Exhortation Beauty)
പ്രഭാഷണം ഒരു വിമോചന പ്രക്രിയയാണ്. നല്ല പ്രഭാഷകര്‍ കേള്‍വിക്കാരുടെ മനസ്സിന്‍റെ ബന്ധനങ്ങളെ തകര്‍ത്ത് പുതിയ പാതയിലേക്ക് അവരെ നയിക്കും. പ്രഭാഷണങ്ങളിലൂടെയും പ്രബോധന രചനകളിലൂടെയും അനേകം മനുഷ്യരെ നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അച്ചനു കഴിഞ്ഞിട്ടുണ്ട്. ജോഷ്വാച്ചന്‍റെ പ്രസംഗത്തിലെ/രചനയിലെ ‘ഇന്ന’ ആശയം, ‘ഇന്ന’ ഉദാഹരണം എന്നെ സ്പര്‍ശിച്ചു, സ്വാധീനിച്ചു, ‘എന്‍റെ ജീവിതത്തെ മാറ്റി മറിച്ചു’ എന്നൊക്കെ പലരും പറഞ്ഞത് കേട്ടിട്ടുണ്ട്. കൃത്യമായ ഉദാഹരണങ്ങള്‍, ഉപമകള്‍, കഥകള്‍, സംഭവങ്ങള്‍ ഇവയൊക്കെ ചേര്‍ത്ത് ശ്രോതാവിന് താല്പര്യം ജനിക്കത്തക്കവിധത്തിലായിരിക്കും അദ്ദേഹത്തിന്‍റെ അവതരണങ്ങള്‍. അദ്ദേഹത്തിന്‍റെ പ്രബോധനങ്ങള്‍ക്ക് തികച്ചും ഒരു മനോഹാരിത സ്വതസിദ്ധമായി രൂപപ്പെടാറുണ്ട്. പ്രാര്‍ത്ഥനാപൂര്‍വ്വമായുള്ള ഒരുക്കമാണ് ലാവണ്യമുള്ള അദ്ദേഹത്തിന്‍റെ പ്രബോധനങ്ങള്‍ക്ക് പിന്നിലെ ഊര്‍ജം.

6) ആലങ്കാരിക പദവികളോട് നിസംഗത (Reluctance towards decorative positions)
സഭയ്ക്കും മനുഷ്യരുടെ പൊതുനന്മയ്ക്കും പ്രയോജനീഭവിക്കാത്ത ആലങ്കാരികമായ സ്ഥാനങ്ങളോട് അച്ചന്‍ എന്നും വിരക്തി പ്രകടിപ്പിച്ചിരുന്നു. മനുഷ്യര്‍ക്ക് പ്രയോജനം ചെയ്യാത്ത ഇത്തരം പ്രകടനങ്ങളോടുള്ള നീരസം അച്ചന്‍ പലയിടങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ക്രൈസ്തവസഭകള്‍ക്ക് അച്ചന്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച് സെറാമ്പുര്‍ സെനറ്റ് അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. പലപ്പോഴായി സഭാനേതൃത്വം അദ്ദേഹത്തിന് പല പദവികള്‍ നല്‍കുന്നതിന് ആലോചനകള്‍ നടത്തിയിരുന്നു. അവയോടൊക്കെ വിയോജിപ്പ് പ്രകടിപ്പിച്ച് സഭാമക്കളുടെയും പൊതുവായ മനുഷ്യസമൂഹത്തിന്‍റെയും നന്മ ലക്ഷ്യം വച്ചുള്ള കര്‍മ്മജീവിതം തുടരുകയാണ് മലങ്കരയിലെ ഗുരുക്കന്മാരുടെ ഗുരു. പൗലോസ് അപ്പോസ്‌തോലന്‍റെ മിഷനറി യാത്രപോലെ ജോഷ്വാച്ചനും തുടരുന്നു. തന്‍റെ മിഷനറി യാത്ര; തൊണ്ണൂറിന്‍റെ നിറവിലും. നവതിയില്‍ ഈ ശിഷ്യന്‍റെ യും പ്രണാമം.

ഫാദര്‍ യൂഹാനോന്‍ ജോണ്‍, മാര്‍ കുറിയാക്കോസ് ആശ്രമം, മൈലപ്ര

 

error: Thank you for visiting : www.ovsonline.in