ഈസ്റ്റര്‍ തീയതി മാറ്റുന്നതില്‍ അപാകതയില്ല

“ഇക്കൊല്ലത്തെ ഈസ്റ്റര്‍~മാറ്റിവച്ചേക്കും. ഒരാഴ്ചയാണ് മാറ്റുന്നതെങ്കില്‍ പഴയതിലേക്കുള്ള തിരിച്ചുപോക്കാകും; ഓര്‍ത്തഡോക്സ് ക്രൈസ്തവലോകത്തോടു ചേര്‍ന്ന് നമുക്ക് ആഘോഷിക്കുകയും ചെയ്യാം. ഏപ്രില്‍ 19 ഉചിതമായ തീയതിയാണ്. മേയ് 3 വരെ മാറ്റേണ്ടതായി വന്നാലും കുഴപ്പമില്ല.” – പത്തു ദിവസം മുന്‍പ് തമാശ രൂപത്തില്‍ മറ്റു ചില സുഹൃത്തുക്കളോട് പങ്കു വച്ച ഈ ആശയം ഇത്രയും ഗൗരവമായി ചര്‍ച്ചപ്പെടുമെന്ന് ഡോ. എം. കുര്യന്‍ തോമസിന്‍റെ ‘ഒന്നു പുറകോട്ടു നോക്കിയാല്‍ ഈ വര്‍ഷവും ഈസ്റ്റര്‍ ആഘോഷിക്കാം‘ എന്ന കുറിപ്പും ശ്രീ ഡെറിന്‍ രാജുവിന്‍റെ “… വീണ്ടും ഒരിക്കല്‍ കൂടി ജൂലിയന്‍ കലണ്ടര്‍ സ്വീകരിച്ചാല്‍ ഒരാഴ്ച നീണ്ടു കിട്ടും” എന്ന സോഷ്യല്‍ മീഡിയാ പോസ്റ്റും കണ്ടപ്പോഴാണ് മനസ്സിലായത്. യാക്കോബായ ഭാഗത്ത് വ.ദി.ശ്രീ ബര്‍ യൂഹാനോന്‍ റമ്പാന്‍ ഉള്‍പ്പെടെ പലരും സമാനമായ ആശയം ഉന്നയിച്ചതായി അറിയുന്നു. എല്ലാവരും സ്വതന്ത്രമായി ചിന്തിച്ച് രൂപപ്പെടുത്തിയ ആശയങ്ങളാണിത് എന്നത് അതിശയകരമായി തോന്നി. താഴെപ്പറയുന്ന കാരണങ്ങളാല്‍ ഏപ്രില്‍ 19 അല്ലെങ്കില്‍ മറ്റൊരു തീയതിയിലേക്ക് മാറ്റാവുന്നതാണ്.

(1) മലങ്കര സുറിയാനി സഭയിലെ പാത്രിയര്‍ക്കീസ് പക്ഷം (ബാവാകക്ഷി) 1952 ഡിസംബര്‍ 15-ന് യല്‍ദോ നോമ്പാരംഭത്തിനും (പ. അപ്രേം പ്രഥമന്‍ ബാവായുടെ കല്‍പന നമ്പര്‍ 620/05.11.1952) കാതോലിക്കാപക്ഷം (മെത്രാന്‍ കക്ഷി) 1953 മേയ് 14-ന് സ്വര്‍ഗാരോഹണ പെരുന്നാളിനുമാണ് (പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കല്‍പന നമ്പര്‍ 59/16.04.1953) ഗ്രിഗോറിയന്‍ കലണ്ടര്‍ (പുതിയ രീതി) സ്വീകരിച്ചത്. 1953-ല്‍ ഇരു കലണ്ടര്‍ പ്രകാരവും ഒരുമിച്ചായിരുന്നു ഈസ്റ്റര്‍ എന്നതു കൊണ്ട് അന്നത്തെ കലണ്ടര്‍ പരിഷ്കരണം എളുപ്പമായി; സ്വര്‍ഗാരോഹണപ്പെരുന്നാല്‍ മാറ്റേണ്ടതായി വന്നില്ല. മാര്‍ത്തോമ്മാ സഭ 1952-ലും തൊഴിയൂര്‍ സഭ 1953-ലും കല്‍ദായ (അസിറിയന്‍) സഭയില്‍ എര്‍ബില്‍ ആസ്ഥാനമായ വിഭാഗം 1964-ലും യോജിച്ച കല്‍ദായ സഭ 1995-ലും ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു. അതോടെ പുതിയരീതി പ്രകാരം ഈസ്റ്ററും ജനുവരി 7 (കോനൂന്‍ക്ദീം 25 / സുറിയാനിക്കണക്ക് ധനു 25) നു പകരം ഡിസംബര്‍ 25ന് ക്രിസ്മസും ആഘോഷിച്ചു വരുന്നു. ഇക്കൊല്ലം ഏപ്രില്‍ 19 സ്വീകരിച്ചാല്‍ 1953-നു മുന്‍പുള്ള സ്ഥിതിയിലേക്കുള്ള ഒരു താല്‍ക്കാലിക മടങ്ങിപ്പോക്ക് മാത്രമായിരിക്കും.

(2) എത്യോപ്യാ, എറിത്രിയാ, ഈജിപ്റ്റ്, റഷ്യ, ബലാറസ് (ബൈലോറഷ്യ), യുക്രയിന്‍, കസഖ്സ്ഥാന്‍, മൊള്‍ഡേവിയ, ജോര്‍ജിയ, യുഗോസ്ലാവിയ, മാസിഡോണിയ, റുമേനിയ, ബള്‍ഗേറിയ, ഗ്രീസ്, സൈപ്രസ്, ടര്‍ക്കി, സിറിയാ, ഇസ്രയേല്‍, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലെ 20 കോടിയോളം ക്രൈസ്തവര്‍ ഈ വര്‍ഷം (2020) ഏപ്രില്‍ 19-നാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. സാധാരണ ഒന്നോ നാലോ അഞ്ചോ ആഴ്ചകളാണ് വൈകാറുള്ളത്. അതേ സമയം എല്ലാവരും ഒരേ തീയതിയില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്ന അവസരങ്ങളുമുണ്ട്. 2001, 2004, 2007, 2010, 2011, 2014, 2017, 2025, 2028, 2031, 2034, 2037, 2038 വര്‍ഷങ്ങള്‍ ഉദാഹരണം. മലങ്കര, അര്‍മേനിയന്‍, ഫിന്നിഷ് എന്നിവ ഒഴികെയുള്ള എല്ലാ ഓറിയന്‍റല്‍ – ബൈസന്‍റയിന്‍ (ഈസ്റ്റേണ്‍) ഓര്‍ത്തഡോക്സ് സഭകളും അസിറിയന്‍ (കല്‍ദായ) സഭയില്‍ ബാഗ്ദാദ് ആസ്ഥാനമായ വിഭാഗവും ചില സ്ഥലങ്ങളില്‍ റോമന്‍ കത്തോലിക്കാ സഭയും ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഈസ്റ്റര്‍ തീയതി നിശ്ചയിക്കുന്നതാണ് കാരണം. മറ്റുള്ളവര്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കി ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഗ്രിഗോറിയന്‍-ജൂലിയന്‍ കലണ്ടറുകള്‍ തമ്മില്‍ ഇപ്പോള്‍ (1900 – 2100) 13 ദിവസം വ്യത്യാസമുണ്ടെങ്കിലും ഈസ്റ്റര്‍ 35 ദിവസം വരെ വൈകാം. ക്രിസ്മസ് ആഘോഷത്തിനും ഇതുപോലെ തീയതി വ്യത്യാസമുണ്ട്. ഏപ്രില്‍ 19 സ്വീകരിച്ചാല്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവലോകത്തോടു ചേര്‍ന്ന് ആഘോഷിക്കാം.

(3) ക്രിസ്മസ് ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ചും (ഡിസംബര്‍ 25) ഈസ്റ്റര്‍ ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചും ആഘോഷിക്കുന്നവരുണ്ട്. സിറിയക് ഓര്‍ത്തഡോക്സ് (അന്ത്യോഖ്യന്‍ സിറിയന്‍) സഭ വിശുദ്ധ നാടുകളില്‍ എല്ലാ വിശേഷ ദിവസങ്ങളും ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് ആചരിക്കുന്നത്. എന്നാല്‍ സിറിയ, ജോര്‍ദാന്‍, ടര്‍ക്കി, ഇറാക്ക് തുടങ്ങിയ പശ്ചിമേഷ്യന്‍ (മദ്ധ്യപൂര്‍വ്വ) രാജ്യങ്ങളില്‍ സുറിയാനി സഭ ക്രിസ്മസ്, വചനിപ്പു പെരുന്നാള്‍ തുടങ്ങി നിശ്ചിത തീയതിയില്‍ വരുന്ന വിശേഷ ദിവസങ്ങള്‍ മാത്രം 1955 മുതല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ചും ഈസ്റ്റര്‍ ഉള്‍പ്പെടെ നിശ്ചിത തീയതിയില്‍ വരാത്ത വിശേഷ ദിവസങ്ങള്‍ നേരത്തെയുള്ളതുപോലെ ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചും ആചരിക്കുന്നു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലും സുറിയാനിസഭ എല്ലാ വിശേഷ ദിവസങ്ങളും ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആചരിക്കുന്നു. ഒരേ സഭയില്‍ തന്നെ രണ്ടു കലണ്ടറുകള്‍ മൂന്നു രീതികളില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഉപയോഗിച്ചിരിക്കുന്നതു കൗതുകകരമായ ഒരു വസ്തുതയാണ്. ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യങ്ങളില്‍ റോമന്‍ കത്തോലിക്കാ സഭയും പ്രാദേശികമായ നീക്കുപോക്കുകള്‍ അനുവദിച്ചിട്ടുണ്ട്. 1582-ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ജൂലിയന്‍ കലണ്ടര്‍ പരിഷ്കരിച്ച് റോമന്‍ കത്തോലിക്കാ സഭയില്‍ നടപ്പാക്കിയതാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ എന്ന വസ്തുത ഇവിടെ ഓര്‍മ്മിക്കുക. നമ്മുടെ രാജ്യത്തു നിലവിലുള്ള പ്രത്യേക സാഹചര്യത്തില്‍ തീയതി മാറ്റുന്നതില്‍ തെറ്റില്ലെന്നു ചുരുക്കം.

(4) കോപ്റ്റിക്-എത്യോപ്യന്‍ സഭകളില്‍ വലിയനോമ്പിന് 55 ദിവസമുണ്ട്. ഇക്കൊല്ലം നമ്മോടൊപ്പം ഫെബ്രുവരി 24 ന് ആരംഭിച്ചു; വീടുന്നത് ഏപ്രില്‍ 19-ന്. ഇടയ്ക്കു വരുന്ന ഞായറാഴ്ചകളില്‍ ഉപവാസമില്ലാത്തതുകൊണ്ടാണത്രേ ഈ ക്രമീകരണം. യല്‍ദോനോമ്പ് 40 ദിവസവും ശ്ലീഹാ നോമ്പ് പെന്തിക്കോസ്തി ഞായറാഴ്ചയുടെ പിറ്റേന്നും ആരംഭിക്കുന്നു. അതിനാല്‍ ശ്ലീഹാ നോമ്പ് 15 മുതല്‍ 50 ദിവസം വരെ വരാം. അന്ത്യോഖ്യന്‍ സുറിയാനി സഭയ്ക്കും ഒരുകാലത്ത് യല്‍ദോനോമ്പും ശ്ലീഹാനോമ്പും ഇങ്ങനെയായിരുന്നു (ഹൂദായ കാനോന്‍ അദ്ധ്യായം 5). ബൈസന്‍റയിന്‍ സഭകള്‍ക്കും യല്‍ദോനോമ്പ് 40 ദിവസമാണ്. അതുകൊണ്ട് ഇക്കൊല്ലം നമുക്ക് വലിയനോമ്പ് ഒരാഴ്ച നീണ്ടുപോകുന്നിലോ ഹാശാ വാരം ഒരാഴ്ച വൈകുന്നതിലോ വിഷമിക്കേണ്ടതില്ല.

(5) എഡി 325-ലെ നിഖ്യാ സുന്നഹദോസില്‍ ഈസ്റ്റര്‍ തീയതിയെപ്പറ്റിയുള്ള തീരുമാനങ്ങള്‍ താഴെപ്പറയുന്ന രീതിയില്‍ സംഗ്രഹിക്കാം. “വസന്ത സമരാത്രദിനത്തിനുശേഷം വരുന്ന പൗര്‍ണ്ണമിക്കുശേഷം വരുന്ന ആദ്യ ഞായറാഴ്ച ലോകത്തിലെ എല്ലാ സഭകളും ഈസ്റ്റര്‍ ആചരിക്കണം. യഹൂദന്മാരുടെ പെസഹയോടൊപ്പമോ അതിനുമുമ്പോ ഈസ്റ്റര്‍ ആചരിക്കാന്‍ പാടില്ല. മേല്‍പ്പറഞ്ഞ ഞായറാഴ്ച യഹൂദ പെസഹയായാല്‍ പിറ്റെ ഞായറാഴ്ച ഈസ്റ്റര്‍ ആചരിക്കണം. പെസഹാ തീയതി കണക്കാക്കാന്‍ യഹൂദ റബിമാരെയോ അവരുടെ കലണ്ടറിനെയോ ആശ്രയിക്കരുത്.” ഈ നിബന്ധനകളില്‍ പലതും പാലിക്കാതെയാണ് ആധുനിക കാലത്ത് പല വര്‍ഷങ്ങളിലും ജൂലിയന്‍ – ഗ്രിഗോറിയന്‍ കലണ്ടറുകളിലെ ഈസ്റ്റര്‍ തീയതികള്‍ വരുന്നത്. എല്ലാവരും ഒരേ തീയതിയില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്ന വര്‍ഷങ്ങളില്‍ മാത്രമാണ് ഇവ പാലിക്കപ്പെടുന്നത്. നിഖ്യാ തീരുമാനമനുസരിച്ച് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം 2019-ല്‍ മാര്‍ച്ച് 24-നായിരുന്നു ഈസ്റ്റര്‍ വരേണ്ടിയിരുന്നത്. എന്നാല്‍ ഏപ്രില്‍ 21-നാണ് വന്നത്. പഴയ രീതി പ്രകാരം ഏപ്രില്‍ 28-നു വന്നു. യഹൂദ പെസഹാപ്പെരുന്നാള്‍ 2019 ഏപ്രില്‍ 19 വൈകുന്നേരം മുതല്‍ 27 വൈകുന്നേരം വരെയായിരുന്നു. ഇക്കൊല്ലം യഹൂദ പെസഹാപ്പെരുന്നാള്‍ ഏപ്രില്‍ 8 മുതല്‍ 16 വരെയായതുകൊണ്ട് പഴയ രീതി ഈസ്റ്റര്‍ (ഏപ്രില്‍ 19) അതുകഴിഞ്ഞേ വരികയുള്ളൂ. വിശദവിവരങ്ങള്‍ക്ക് ഡോ. എം. കുറിയാക്കോസ് മുകളത്ത്, പുല്ലുവഴി എഴുതിയ നിഖ്യാ, സഭാ ഈസ്റ്റര്‍ വെവ്വേറെ; 38 വര്‍ഷത്തിനു ശേഷം (മലങ്കര സഭ – ഏപ്രില്‍ 2019) എന്ന ലേഖനം കാണുക.

(6) ഈസ്റ്റര്‍ ഏപ്രില്‍ 19 എന്നു തീരുമാനിച്ചാല്‍ ഇടയ്ക്കു കൂടുതല്‍ വരുന്ന ഒരു ഞായറാഴ്ച, സൗകര്യമെങ്കില്‍ ലോക്ഡൗണ്‍ കാരണം വിട്ടുപോയ ഏതെങ്കിലും ഒരു ഞായറാഴ്ച (ക്പിപ്ത്തോ / സമിയോ) ആയി ആചരിക്കാവുന്നതാണ്. അല്ലെങ്കില്‍ നല്ല ശമറിയാക്കാരന്‍റെ ഉപമയുടെ (ശൊമ്റോയോ തോബോ) ഞായറാഴ്ച ആയി ആചരിക്കാം. മലങ്കര സഭ വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച കൂനിസ്ത്രീയെ സൗഖ്യമാക്കിയ സംഭവം സ്മരിക്കുമ്പോള്‍ (ക്പിപ്ത്തോ) അന്ത്യോഖ്യന്‍ സഭ നല്ല ശമറിയാക്കാരന്‍റെ ഉപമയാണ് (ശൊമ്റോയോ തോബോ) സ്മരിക്കുന്നത്. (ഈ വര്‍ഷം മാര്‍ച്ച് 29). ആരാധനാക്രമങ്ങളിലുള്ള വൈവിധ്യം പാശ്ചാത്യ (അന്ത്യോഖ്യന്‍) സുറിയാനി പാരമ്പര്യത്തിന്‍റെ ഒരു പ്രത്യേകതയാണ്. വേദവായനക്കുറിപ്പിന്‍റെ കാര്യത്തിലും ഇത്തരത്തിലുള്ള വൈവിധ്യം കാണാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച – ശൊമ്റോയോ തോബോ? എന്ന കുറിപ്പ് കാണുക.

(7) നമ്മുടെ രാജ്യത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 14-ം കടന്നുപോയില്ലെങ്കില്‍ മാത്രമേ ഏപ്രില്‍ 19-ന് ഉയിര്‍പ്പുപെരുന്നാള്‍ ആഘോഷിക്കാന്‍ സാധിക്കുകയുള്ളൂ. ഓശാന ഞായറാഴ്ച തുടങ്ങിയുള്ള ക്രമീകരണങ്ങള്‍ മാറ്റേണ്ടതായി വരും. സൗകര്യമുണ്ടെങ്കില്‍ 40-ാം വെള്ളിയാഴ്ചയോ ലാസറിന്‍റെ ശനിയാഴ്ചയോ തീരെ നിവൃത്തിയില്ലെങ്കില്‍ പെസഹാവ്യാഴാഴ്ചയോ തുടങ്ങിയുള്ള കാര്യങ്ങള്‍ പുനഃക്രമീകരിച്ചാലും മതി. പെന്തിക്കോസ്തി ഞായറാഴ്ച വരെ ജൂലിയന്‍ കലണ്ടര്‍ പിന്തുടരേണ്ടതായി വരുമെന്നു മാത്രം. അപ്പോള്‍ 2020 ഓഗസ്റ്റ് 2 പെന്തിക്കോസ്തിയ്ക്കു ശേഷം ഒമ്പതാം ഞായറാഴ്ച എന്നത് എട്ടാം ഞായറാഴ്ച ആകും. നേരത്തെ തീരുമാനമെടുത്തിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി ഉചിതമായ സമയത്ത് പ്രഖ്യാപിച്ചാല്‍ മതിയാകും.

(8) ലോക്ഡൗണ്‍ തുടരുന്ന പക്ഷം, ഒരുമിച്ച് ആചരിക്കുന്ന സൗമോ ദ് റാബോ (വലിയ നോമ്പ് / 40 നോമ്പ്) യില്‍ നിന്ന് സൗമോ ദ് ഹാശോ വേര്‍തിരിച്ച് പ്രത്യേകമായി ആചരിക്കാന്‍ സാധിക്കുമോ എന്നു ചിന്തിക്കണം. (ഹൂദായകാനോന്‍ 5 : 2). ഇപ്പോഴത്തെ ക്രമീകരണം മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ (1226 – 1286) ക്രോഡീകരിച്ചതാണെന്ന് അറിയുന്നു. രണ്ടിനും വ്യത്യസ്തമായ ആരാധനാ രീതികള്‍ പിന്തുടരുന്നതുകൊണ്ട് ഇതു സാധിക്കുമെന്നാണ് തോന്നുന്നത്. പഴയരീതി പിന്തുടരുന്നവര്‍ക്ക് മേയ് 8 വരെ ഈസ്റ്റര്‍ വൈകാവുന്ന നിലയ്ക്ക് മേയ് 3 -ന് ഈസ്റ്റര്‍ ആക്കുന്നതിനും വലിയ തെറ്റില്ല.

ഓര്‍ത്തഡോക്സ് സുറിയാനി ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ഹാശാ ആഴ്ചയിലും സഭയുടെ ഏറ്റവും വലിയ പെരുന്നാളായ ക്യംതാ ഞായറാഴ്ചയിലും ആരാധനയില്‍ പങ്കെടുക്കാതിരിക്കുന്നത് സങ്കടകരമാണ്. അതുകൊണ്ട് ഇവ ‘ഇല്ലാ’താകുന്നതിനെക്കാള്‍ നല്ലത് സൗകര്യപ്രദമായ സമയത്തേക്ക് ‘മാറ്റി’വയ്ക്കുന്നതാണ്. സെക്ടേറിയന്‍ സഭകളുടെ പരിഹാസങ്ങളെയും നേരിടേണ്ടതുമുണ്ട്. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇക്കാര്യങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ / കേരളത്തിലെ മറ്റ് എപ്പിസ്കോപ്പല്‍ സഭകളുമായി ആശയവിനിമയം നടത്തുന്നതും നല്ലതാണ്.

വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
(25-03-2020) (ലേഖകന്‍റെ ഫോണ്‍ നമ്പര്‍ – 9446412907)

error: Thank you for visiting : www.ovsonline.in