ഒരാള്‍ക്ക് എത്ര മെത്രാന്‍ വേണം?

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മലങ്കര സഭയിലെ ഏതാനും മേല്പട്ടക്കാര്‍ കാലം ചെയ്തതോടെ ഉടനൊരു മെത്രാന്‍ തിരഞ്ഞെടുപ്പ് ഉണ്ടാകും എന്ന പ്രതീക്ഷ പലരും വെച്ചു പുലര്‍ത്തുന്നുണ്ട് സ്ഥാനമോഹികള്‍ക്ക് ആശാഭംഗം ഉണ്ടാക്കുമെങ്കിലും ഇനി ഉടനെ മെത്രാന്മാര്‍ വേണ്ടാ എന്ന അഭിപ്രായം വച്ചുപുലര്‍ത്തുന്ന ഒരു നല്ല വിഭാഗവും ഉണ്ട്.

1653 മുതല്‍ 1877 വരെ നസ്രാണികള്‍ക്ക് ഒരു മെത്രാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനുമുമ്പ് 1599 – 1652 കാലത്തെ ലത്തീന്‍ ഭരണത്തിലും ഒരു മെത്രാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനുംമുമ്പുള്ള കാലത്ത് സ്ഥിരമായി ഒരു മെത്രാന്‍റെ ആവശ്യം നസ്രാണിക്കുണ്ടായിരുന്നില്ല. ശ്മംശോനേന്മാരേയും കത്തനാരുമാരെയും പട്ടം കെട്ടുവാന്‍ മാത്രമായിരുന്നു അന്നു മെത്രാന്മാരുടെ ആവശ്യമുണ്ടായിരുന്നത്. അത് വല്ലപ്പോഴും വരുന്ന പേര്‍ഷ്യന്‍ മെത്രാനേക്കൊണ്ടു സാധിച്ചിരുന്നു . മെത്രാനെ കിട്ടുമ്പോള്‍ പട്ടം കൊടുപ്പിക്കുക എന്ന അക്കാലത്തെ പതിവുമൂലമാണ് വളരെ കുറഞ്ഞ പ്രായത്തില്‍ പട്ടം കൊടുക്കുന്ന രീതി മലങ്കരയില്‍ ഉണ്ടായതെന്ന് ഒരു അഭിപ്രായമുണ്ട്. അതു ശരിയാവാന്‍ സാദ്ധ്യതയുമുണ്ട്. വി. മൂറോന്‍ ഉപയോഗിക്കുമെങ്കിലും പേര്‍ഷ്യന്‍ സഭയ്ക്ക് കാലാകാലങ്ങളില്‍ മൂറോന്‍ കൂദാശ ചെയ്യേണ്ട ആവശ്യമില്ല. കാരണം അവരുടെ പാരമ്പര്യപ്രകാരം ഒരിക്കലായി നിര്‍മ്മിച്ച മൂറോന്‍ വര്‍ദ്ധിപ്പിക്കുകമാത്രമാണ് പിങ്കീട് ചെയ്തുവരുന്നത്. അതാകട്ടെ കശ്ശീശ്ശായ്ക്കും അനുവദിക്കപ്പെട്ട കര്‍മ്മമാണ്.

യഥാര്‍ത്ഥത്തില്‍ 1500 – 1653 കാലത്തെ റോമന്‍ കത്തോലിക്കാ സഹവാസമാണ് ഒരു മെത്രാന്‍റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന ബോധം നസ്രാണികളില്‍ അങ്കുരിപ്പിച്ചത്. അവര്‍ പ്രചരിച്ച സഭാവിജ്ഞാനീയത്തില്‍ (Ecclesiology) മെത്രാന് കൂടുതല്‍ പങ്കാളിത്വവും അധികാരങ്ങളും ഉണ്ടായിരുന്നു. മെത്രാന്‍റെ നിരന്തര സാന്നിദ്ധ്യം അനിവാര്യമാക്കുന്ന പലഘടകങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഈ സ്വാധീനഫലമായിട്ടാണ് 1653-ലെ കൂനന്‍കുരിശു സത്യം എന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷം മാര്‍ത്തോമ്മാ മെത്രാന്മാരുടെ പരമ്പരയ്ക്ക് രൂപംകൊടുക്കാന്‍ നസ്രാണികള്‍ പ്രേരിതരായത്.

എന്നാല്‍ മലങ്കരയില്‍ ഒങ്കിലധികം മെത്രാന്മാരുണ്ടായ 1877-ല്‍ പോലും ഭരിക്കുന്ന മെത്രാന്‍ ഒന്നിലധികമെന്നു നസ്രാണികള്‍ ചിന്തിച്ചിരുന്നില്ല. അതിനു മുമ്പുള്ള രണ്ടു നൂറ്റാണ്ടുകാലം ഒന്നിലധികം മെത്രാന്മാര്‍ ഉണ്ടായ – അതു നാടനായാലും ശീമയായാലും – അവസ്ഥയെ അസ്ഥിരതയും കലഹവുമുണ്ടാക്കുന്ന അങ്ങുമിങ്ങും രണ്ടെജമാനന്മാര്‍ ഉള്ള അവസ്ഥ എന്ന നിലയില്‍ ഭീതിയോടെയാണ് നസ്രാണികള്‍ കണ്ടിരുന്നത് എന്നതിനു രേഖകളുണ്ട്. അനുഭവത്തില്‍നിന്ന് ഉള്‍ക്കൊണ്ട പാഠമായിരുന്നു അത്.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തില്‍ വട്ടിപ്പണപ്പലിശ ലഭിക്കാന്‍ തുടങ്ങുകയും പഴയ സെമിനാരി സ്ഥാപിക്കുകയും ചെയ്യുന്നതുവരെ മലങ്കര മെത്രാന് ഭരിക്കുവാന്‍ പൊതുസ്വത്തായി ഒന്നും ഉണ്ടായിരുന്നില്ല എങ്കു ചിലര്‍ വാദിച്ചേക്കും. പക്ഷേ പട്ടംകൊട, പരാതികളും വിധികളും എന്നിങ്ങനെ മെത്രാന്‍റെ സാന്നിദ്ധ്യം അനിവാര്യമായ മറ്റനേകം ഘടകങ്ങള്‍ അന്നുമുണ്ടായിരുന്നു. ബഹുമുഖപ്രതിഭയായ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനാണ് ഇടവകപ്പള്ളികളുടെ സ്വാധീനത്തിനതീതമായി പൊതുവിലേയ്ക്കു വേര്‍പെട്ടും മുതല്‍ ഉണ്ടാക്കിത്തുടങ്ങിയത്. 1934 -ല്‍ മലങ്കര സഭാ ഭരണഘടന നിലവില്‍ വരുന്നതുവരെ മെത്രാന്മാര്‍ക്ക് ഇടവകപ്പള്ളികളില്‍ന്മെലുള്ള അധികാരവും പരിമിതമായിരുന്നു.

നസ്രാണികളുടെ ആവശ്യപ്രകാരമല്ല 1877-ല്‍ അന്ന് കേരളത്തിലുണ്ടായിരുന്ന പ. പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരയെ ഏഴു ഭദ്രാസനങ്ങളായി തിരിച്ചതും ആറു മെത്രന്മാരെ വാഴിച്ചതും. തന്‍റെ സാമ്രാജ്യത്തേക്കാള്‍ അനേക മടങ്ങ് വിസ്തൃതവും ശക്തവും സമ്പന്നവുമായ മലങ്കരയുടെ മലങ്കര മെത്രാന്‍റെ കീഴിലുള്ള കേന്ദ്രീകൃത ഭരണ സംവിധാനം തകര്‍ക്കുകയും അങ്ങനെ മലങ്കരയെ ദുര്‍ബലപ്പെടുത്തി പൂര്‍ണ്ണമായും തന്‍റെ ആത്മീയവും ലൗകീകവുമായ അധികാരത്തിനു വിധേയെപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മുഖ്യ ലക്ഷ്യം. തന്നോടുമാത്രം വിധേയപ്പെട്ടിരിക്കുന്ന മെത്രാന്മാരുടെ എണ്ണം കൂടിയാല്‍ താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന റിശീശാ എന്ന പ്രതിവര്‍ഷ നികുതിയുടെ പിരിവ് കൂടുതല്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം കണക്കുകൂട്ടി. എന്നാല്‍ പാത്രിയര്‍ക്കീസിന്‍റെ ഉദ്ദേശം മലങ്കരയെ ഏഴല്ല , പന്ത്രണ്ട് ഇടവകകളാക്കുക എന്നതായിരുന്നു എന്ന് മാര്‍ ശെമവോന്‍ ദീവന്നാസ്യോസിന്‍റെ സ്ഥാത്തിക്കോനില്‍ പാത്രിയര്‍ക്കീസു വ്യക്തമാക്കുന്നുണ്ട്.

… ഇതു നിമിത്തമായിട്ടു നമ്മുടെ ജനങ്ങളുടെ പള്ളികളെ ഏഴു ഇടവകകളായിട്ടു നാം തിരിച്ചു. നമ്മുടെ കര്‍ത്താവു പന്ത്രണ്ടു ശ്ലീഹന്മാരെ നാലു ഭാഗത്തും പറഞ്ഞയച്ചു, … അവരോടു അരുളിച്ചെയ്തിരിക്കുന്ന പ്രകാരം പന്ത്രണ്ടു ആയിരിക്കേണ്ടതായിരുന്നു. എന്നാല്‍ നമ്മുടെ ബലഹീനത കൊയ്ത്തിന്‍റെ ഉടമസ്ഥങ്കലേക്കു ആശ്രയിച്ചു. ഏഴു ഇടവകകള്‍ ആയിട്ടു വിഭാഗിപ്പാന്‍ താന്‍ നമ്മുടെ ബൊധത്തെ ഉണര്‍ത്തുകയും ചെയ്തു …

യഥാര്‍ക്കത്തില്‍ ഏഴു ഇടവകകളാക്കി വിഭജനം ചുരുക്കാന്‍ പാത്രിയര്‍ക്കീസിന്‍റെ ബോധത്തെ ഉണര്‍ത്തിയ കൊയ്ത്തിന്‍റെ ഉടമസ്ഥന്‍ മലങ്കര അസോസിയേഷനാണ്. ഏകപക്ഷീയമായി പാത്രിയര്‍ക്കീസ് നടത്തിയ മെത്രാന്‍ വാഴ്ചകളെ എതിര്‍ത്ത് പുതുതായി രൂപീകരിച്ച മാനേജിംഗ് കമ്മറ്റിയുടെ രാജിയും, 1877 ജനുവരി 27 – 30 തീയതികളില്‍ വെളിയനാടു കൂടിയ മലങ്കര അസ്സോസിയേഷന്‍റെ ബഹിഷ്‌കരണവും പാത്രിയര്‍ക്കീസിന് കൂടുതല്‍ മെത്രാന്മാരെ വേണ്ടാ എന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയത്. വിഭജിച്ചു ഭരിക്കാനായി …മജ്ജലീസ്സായി നാം നിശ്ചയിച്ചിരിക്കുന്നത് (അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി) നീക്കം ചെയ്തിരിക്കകൊണ്ടു, ഇനിമേലാല്‍ അതുപ്രകാരം കൂടുകയും കൂട്ടുകയും നടക്കുകയും നടത്തിക്കുകയും ചെയ്തുപോകരുതെന്നും മറ്റും നടക്കേണ്ട കാര്യങ്ങള്‍ക്കു ഏറിയ ഗുണദോഷങ്ങള്‍ ബുദ്ധിയോടും മറ്റും കല്പിച്ചതു കൂടാതെ… പുലിക്കോട്ടില്‍ ദീവന്നാസ്യോസും… നമ്മുടെ കല്പനയ്ക്ക വിരോധികള്‍ ആകയാല്‍ അവരോടുകൂടെ നിങ്ങള്‍ യാതൊരു സംബന്ധവും ചെയ്തുപോകരുതെന്നും… കര്‍ശന നിര്‍ദ്ദേശം നല്‍കി പാത്രിയര്‍ക്കീസ് വാഴിച്ച നവമെത്രാന്മാരെ തന്‍റെ സഹായികളും കീഴ്സ്ഥാനികളും ആക്കിമാറ്റാന്‍ സാധിച്ചത് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ അസാമാന്യ കഴിവുകൊണ്ടും മലങ്കര മെത്രാനോടുള്ള വിധേയത്വം അവസാനിപ്പിക്കാന്‍ നസ്രാണികള്‍ തയാറല്ലാതിരുന്നതുകൊണ്ടും മാത്രമാണ്.

എങ്കാല്‍ മെത്രാന്മാരുടെ ബഹുത്വം അനാവശ്യമായ ഒന്നാണന്ന ചിന്താഗതിയില്‍നിങ്കും നസ്രാണികള്‍ പിമ്പോട്ടു പോയില്ല. 1902 – 08 കാലത്ത് പത്രോസ് പാത്രിയര്‍ക്കീസ് വാഴിച്ച ആറുപേരില്‍ നാലുപേര്‍ കാലം ചെയ്യുകയും ഒരാള്‍ രോഗിയാകുകയും ചെയ്ത സാഹചര്യത്തിലും ഈ ചിന്താഗതിയ്ക്കു മാറ്റം വന്നില്ല. മലങ്കരയില്‍ മൂന്നു മെത്രാന്മാര്‍ മതി എന്നതായിരുന്നു ഇക്കാലത്ത് മാനേജിംഗ് കമ്മറ്റിയുടെ നിലപാട്. അതിനുമുമ്പ് മലങ്കരയുടെ ഏതാണ്ട് പകുതി – നിരണം കൊല്ലം തുമ്പമണ്‍ – ഒരുമിച്ച് ഭരിച്ചിരുന്നത് പ. പരുമല തിരുമേനിയായിരുന്നു. ഇതിനേക്കാളുപരി, 1895 വ്യശ്ചികം 10-ന് പൊതുവിനടുത്ത കാര്യങ്ങളില്‍ പ്രസിഡണ്ടെറു മെത്രാപ്പോലീത്തായെ സഹായിക്കുന്നതിനു മലങ്കര മെത്രാന്‍റെ അസിസ്റ്റന്റായി നിയമിക്കപ്പെടുന്നതിനുമുമ്പുതന്നെ പ. പരുമല തിരുമേനിയുടെ സാന്നിദ്ധ്യം മലങ്കരയിലെങ്ങും സജീവമായിരുന്നു. കടവില്‍ മാര്‍ അത്താനാസ്യോസാകട്ടെ വിശാലമായ കോട്ടയം അങ്കമാലി ഭദ്രാസനങ്ങളെ ഒരേ സമയം കാര്യക്ഷമമായി ഭരിച്ചിരുന്നു. യാത്രാ-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ പരിമിതമായിരുന്ന കാലത്ത് തികച്ചും പ്രതികൂലമായ സാഹചര്യത്തിലും ദാരിദ്യത്തിലും, ഗൂജറാത്തിലെ കച്ച് മുതല്‍ ശ്രീലങ്ക വരെ മിഷിനറി സഭകള്‍ സ്ഥാപിച്ച അന്റോണിയോ ഫ്രാന്‍സിസ്‌കോ സേവ്യര്‍ അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും ഭൂവിസ്തൃതി പ്രവര്‍ത്തത്തിനു തടസമല്ലെന്നു തെളിയിച്ചിരുന്നു.

ഈ മാതൃകകള്‍ മുമ്പിലുണ്ടായിരുന്ന സാഹചര്യത്തിലാണ് നസ്രാണികള്‍ തങ്ങള്‍ക്ക് മെത്രാന്മാര്‍ കുറച്ചുമതി എന്ന നിലപാട് ആവര്‍ത്തിച്ചത്. പാത്രിയര്‍ക്കീസ് വരച്ചിട്ട ഏഴ് എന്ന മാസ്മരിക സംഖ്യയില്‍ മെത്രാന്മാരുടെ എണ്ണം വീണ്ടും എത്തിക്കണമെന്ന് ചിലര്‍ ആഗ്രഹിച്ചെങ്കിലും പുതുതായി രണ്ടിനപ്പുറം പോകാന്‍ അന്നു നസ്രാണികള്‍ തയാറായില്ല. മലങ്കരയില്‍ മലങ്കര മെത്രാനെ കൂടാതെ പരമാവധി മൂന്നു മെത്രാന്മാര്‍ മതി എന്നായിരുന്നു നസ്രാണിയുടെ അക്കാലത്തെ മനോഭാവം. 1908-ല്‍ മേല്പട്ട സ്ഥാനമേല്‍ക്കുവാന്‍ യേറുശലേമിന് അയയ്ക്കുന്നത് രണ്ടുപേരെയാണ്. അപ്പോള്‍ മലങ്കര മെത്രാപ്പോലീത്തായും അല്‍വാറീസ് മാര്‍ യൂലിയോസും കൂടാതെ മെത്രാന്മാര്‍ മൂന്ന്. 1912 -ല്‍ വാഴിക്കപ്പെടുന്നത് മൂന്നു മെത്രാന്മാര്‍. അപ്പോഴും മലങ്കര മെത്രാപ്പോലീത്തായും അതിവൃദ്ധനായ കാതോലിക്കായും കൂടാതെ മെത്രാന്മാര്‍ മൂന്നുമാത്രം. മേല്പട്ട പിന്തുടര്‍ച്ച നിലനിര്‍ത്താന്‍ ഹൂദായ കാനോന്‍ അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ എണ്ണമാണ് മൂന്ന് മേല്പട്ടക്കാര്‍. അത്രയും മതി എന്നതയിരുന്നു സഭയുടെ ലക്ഷ്യം എന്നു വ്യക്തം. 1912 -ല്‍ രൂപമെടുത്ത ബാവാക്കക്ഷിയിലും മെത്രാന്മാര്‍ മൂന്നു മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ങ്ക് 1950 വരെയുള്ള കാലത്ത് വ്യവഹാരങ്ങള്‍മൂലം തിരഞ്ഞെടുപ്പ് തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ സൗകര്യം കിട്ടുമ്പോള്‍ പലരെ തിരഞ്ഞെടുത്തുവയ്ക്കുമെങ്കിലും മെത്രാനായി വാഴിക്കുന്നത് ആവശ്യാനുസൃതം മാത്രമായിരുന്നു .

മെത്രാന്മാരുടെ എണ്ണം പരിമിതപ്പെടുത്തിയെങ്കിലും ഭദ്രാസനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമമൊന്നും നടത്തിയിരുന്നില്ല. പ. പരുമല തിരുമേനിക്ക് കൊടുത്തതുപോലെ ഒന്നിലധികം ഭദ്രസനങ്ങളുടെ ചുമതല ഒരു മെത്രാനെ ഏല്പിക്കുക എന്നതായിരുന്നു അക്കാലത്ത് പതിവ്. 1912 -ല്‍ കാരുചിറ മാര്‍ പീലക്‌സീനോസിന് കൊട്ടയം അങ്കമാലി ഭദ്രാസനങ്ങളുടേയും കരവട്ടുവീട്ടില്‍ മാര്‍ ഈവാനിയോസിന് കണ്ടനാട് തുമ്പമണ്‍ ഭദ്രാസനങ്ങളുടേയും ചുമതലയാണ് ഏല്പിച്ചത്.

പ. വട്ടശ്ശേരില്‍ തിരുമേനി കുറച്ചുകൂടി വ്യവസ്ഥാപിതമായ ഒരു ഭരണസംവിധാനമാണ് വിഭാവനം ചെയ്തത്. അദ്ദേഹം തയാറാക്കിയ നക്കല്‍ ഭരണഘടന ഇതിലേയ്ക്കു വെളിച്ചം വീശുന്നുണ്ട്. അതനുസരിച്ച് മലങ്കരയെ അങ്കമാലി, കോട്ടയം, നിരണം എന്നിങ്ങനെ മൂന്നു അതിഭദ്രാസനങ്ങളായി തിരിച്ചു. ഓരോ മൂന്നു അതിഭദ്രാസനത്തിലും മൂന്നുവീതം ഭദ്രാസനങ്ങളും ക്രമപ്പെടുത്തി. ഓരോ ഭദ്രാസനത്തിനും ഓരോ എപ്പിസ്‌കോപ്പാമരെ നിയമിക്കുക. അതിഭദ്രാസനങ്ങളുടെ ഭരണം ഓരോ മെത്രാപ്പോലീത്താമാര്‍ക്കായിരിക്കും. ഇവരില്‍ കോട്ടയത്തിന്‍റെ മെത്രാപ്പോലീത്താ കാതോലിക്കാ സ്ഥാനംകൂടി വഹിക്കണം. മെത്രാപ്പോലീത്താമാര്‍ തങ്ങളുടെ ഭദ്രാസനത്തിലെ എപ്പിസ്‌ക്കോപ്പാമാരുടെ പ്രാദേശിക സുങ്കഹദോസ് വിളിച്ചുകൂട്ടണം. പൊതു സുന്നഹദോസ് കാതോലിയ്ക്കായും.

എങ്കാല്‍ 1934-ലെ ഭരണഘടനാ നിര്‍മ്മാണ കമ്മറ്റി ഈ നിര്‍ദ്ദേശം തള്ളി. പകരം കാതോലിക്കാ- മലങ്കര മെത്രാനില്‍ കേന്ദ്രീകരിച്ച ദ്വിതല എപ്പിസ്‌കോപ്പല്‍ (two – tier Episcopy) ഭരണ വ്യവസ്ഥയാണ് 1934 – ലെ ഭരണഘടനമൂലം നടപ്പില്‍ വന്നത്. ഇതിനു വ്യക്തമായ പല കാരണങ്ങളുമുണ്ടായിരുന്നു. ഇന്നു നടപ്പിലിരിക്കുന്ന ഈ സംവിധാനമനുസരിച്ച് മലങ്കര മെത്രാപ്പോലീത്താ മാത്രമാണ് യഥാര്‍ക്ക അധികാരമുള്ള (virtual authority) മെത്രാപ്പലീത്താ. ബാക്കിയുള്ളവരെല്ലാം നിയോഗിത അധികാരം ( Delegated authority) മാത്രമുള്ള എപ്പിസ്‌ക്കോപ്പാമാര്‍ മാത്രമാണ്. അവര്‍ മെത്രപ്പോലീത്താ എന്ന സ്ഥാനനാമം വഹിക്കുന്ന എപ്പിസ്‌ക്കോപ്പാമാര്‍ മാത്രമാണ് എന്നു സാരം. ഈ സംവിധാനത്തിനുള്ളിലാണ് ഇന്ന് മേല്പട്ടക്കാരുടേയും ഭദ്രാസനങ്ങളുടേയും സംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചത്.

അനേക ദോഷങ്ങള്‍ ഉണ്ടെങ്കിലും പ. വട്ടശ്ശേരില്‍ തിരുമേനി നിര്‍ദ്ദേശിച്ച ത്രിതല എപ്പിസ്‌കോപ്പല്‍ സംവിധാനം (three – tier Episcopy)) ഇന്നത്തെ സംവിധാനത്തേക്കാള്‍ വളരെ കാര്യക്ഷമമായിരുന്നേനെ എന്നതില്‍ സംശയത്തിന് ഇടയില്ല. സഭയുടെ അത്യുന്നത കൂടിയാലോചനാവേദിയായ പ. എപ്പിസ്‌ക്കോപ്പല്‍ സുങ്കഹദോസിന്‍റെ കാര്യക്ഷമത തികച്ചും ഇല്ലാതാക്കും എന്നതാണ് അംഗസംഖ്യ കൂടുന്നതിന്‍റെ ദോഷവശം.

ഇത് ബാലിശമായ ഒരു വാദമല്ല . പതിനെട്ടാം നൂറ്റാണ്ടുമുതല്‍ അധികാരവും കാര്യക്ഷമതയുമടക്കമുള്ള ഭരണ സംവിധാനങ്ങളേപ്പറ്റി പഠനം നടത്തിയവര്‍ ഗവേഷണം നടത്തിയ വിഷയമാണിത്. ഈ വിഷയത്തില്‍ ആദ്യമായി ശാസ്ത്രീയ പഠനം നടത്തിയ ഫ്രെഞ്ചുകാരനായ ഹെന്റി ഫായോല്‍ (Henri Fayol) ക്രമീകൃതമായ അധികാര വികേന്ദ്രീകരണത്തിന്റെ അഭാവം അധികാരത്തിന്‍റെ ഉന്നതശ്രണികളെ വസ്തുതകളുടെ അധികഭാരത്താല്‍ വിഷമവൃത്തത്തിലാക്കുമെന്നു കണ്ടെത്തി. ഇത് കൃത്യമായ തീരുമാനമെടുക്കാനും കാര്യക്ഷമമായി അത് നടപ്പില്‍ വരുത്താനും ഉയര്‍ങ്ക പ്രതിബന്ധമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. അതായത് മലങ്കരയില്‍ ഭദ്രാസനങ്ങളോ ഇടവക മെത്രാന്മാരോ ഇല്ലെങ്കില്‍ എല്ലാ ഇടവക പള്ളികളെ സംബന്ധിച്ച പ്രശനങ്ങളും പരിഹാരത്തിനും തീരുമാനത്തിനുമായി മലങ്കര മെത്രാന്‍റെ മുമ്പിലെത്തും. അത് ഒരു വ്യക്തിക്ക് വഹിക്കാവുന്നതിലധികമാണ്. അതേസമയംതന്നെ അദ്ദേഹത്തിന്‍റെ മെത്രാനടുത്ത ദൈനംദിന കര്‍മ്മങ്ങളും നടക്കണം. തികച്ചു അപ്രായോഗികമായ സ്ഥിതിവിശേഷം. തന്നോട് മല്‍സരിക്കാന്‍ വാഴിച്ച ഇടവക മെത്രാന്മാരെ തന്‍റെ കീഴ്സ്ഥാനികളായ സഹായികള്‍ ആക്കിക്കൊണ്ട് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ ഈ സ്ഥിതിവിശേഷം ഒഴിവാക്കുന്നതില്‍ വിജയിച്ചു. അതുവഴി ഭരണം കാര്യക്ഷമമാക്കുവാനും അദ്ദേഹത്തിനു സാധിച്ചു.

അധികാര വികേന്ദ്രീകരണത്തിനായി (decentralization) ഒരു സ്ഥാനിയുടെ നേരെ കീഴിലുള്ള ഉപസ്ഥാനികളുടെ എണ്ണം ഒരു പരിധിയിലധികം വര്‍ദ്ധിപ്പിച്ചാല്‍ കാര്യക്ഷമത കുറയുമെന്നാണ് പില്‍ക്കാല ഗവേഷകര്‍ കണ്ടെത്തിയത്. മാനേജ്‌മെന്‍റ് ശാസ്ത്രത്തിലെ ഗ്രൈക്കൂണാസ് സിദ്ധാന്തമനുസരിച്ച് (Graicunas theory ) ഒരേതലത്തിലുള്ള ഉപഅധികാരികളുടെ അംഗസംഖ്യ (span of control) കൂടുന്നതിന് ആനുപാതികമായി കാര്യക്ഷമത കുറയും. പക്ഷേ ഇങ്ങനെ കുറയുന്നത് ജ്യാമതീയ അനുപാതത്തിലാണ് (geometric proportion) എന്നുമാത്രം. അതായത്, മലങ്കര സഭയുടെ കാര്യമെടുത്താല്‍, ഈ സിദ്ധാന്ത പ്രകാരം ഓരോ മെത്രാന്‍റെ എണ്ണം കൂടുംതോറും കാര്യക്ഷമത പതിന്മടങ്ങു കുറയും. പരസ്പരമുള്ള ആശയവിനമയ ശ്രംഘലകളുടെ ബാഹുല്യമാണ് കാര്യക്ഷമത കുറയ്ക്കുന്നതെന്നാണ് പണ്ഡിതമതം. ചുരുക്കത്തില്‍, 1877-ല്‍ പുലിക്കോട്ടില്‍ മാര്‍ ദീവ
ന്നാസ്യോസ് അഞ്ചാമന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ ഏഴുപേരുടെ സുങ്കഹദോസിന്‍റെ കാര്യക്ഷമതയുടെ നൂറിലൊന്നുപോലും ഇന്നത്തെ പ. എപ്പിസ്‌ക്കോപ്പല്‍ സുങ്കഹദോസിന് ഇല്ലന്ന് ഈ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ ആരെങ്കിലും വാദിച്ചാല്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല .

പ. എപ്പിസ്‌ക്കോപ്പല്‍ സുങ്കഹദോസിന് ഇത്തരമൊരു വിപരീത സാഹചര്യം ഒഴിവാക്കാന്‍ പല പുരാതന സഭകളും മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചിട്ടുണ്ട്. ഉദാഹരണത്തിന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ നൂറിലധികം മെത്രാന്മാര്‍ ഉണ്ടെങ്കിലും പാത്രിയര്‍ക്കീസ് വിളിച്ചുകൂട്ടുന്ന സുങ്കഹദോസ് അംഗത്വം വിരലിലെണ്ണാവുന്ന ആര്‍ച്ച് ബിഷപ്പുമാര്‍ക്കും മെത്രാപ്പോലീത്താമാര്‍ക്കുംമാത്രമാണ്. കോപ്ടിക് സഭയില്‍ ഭദ്രാസന ഭരണമുള്ള മെത്രാപ്പോലീത്താമാര്‍ക്കു മാത്രമാണ് സുന്നഹദോസ് അംഗത്വമുള്ളത്. റോമന്‍ കത്തോലിക്കാ സഭയിലും ഇത്തരമൊരു സംവിധാനം നിലവിലില്ലായിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു . കാരണം റോമാ നഗരപ്രാന്തത്തിലെ ആറു രൂപതാദ്ധ്യക്ഷന്മാര്‍ക്കു മാത്രമാണ് കര്‍ദ്ദിനാള്‍ ബിഷപ്പ് സ്ഥാനം നല്‍കുന്നത്. അതായത് റോമിലെ പാത്രിയര്‍ക്കീസിന്‍റെ സുങ്കഹദോസില്‍ ഏഴ് അംഗങ്ങള്‍ മാത്രം. ഒരു സ്ഥാനിക്ക് ഏറ്റവും ഫലപ്രദമായി സംവേദിക്കാവുന്ന കീഴ്സ്ഥാനികളുടെ എണ്ണം ആറാണന്നാണ് ചില ചിന്തകരുടെ അഭിപ്രായമെന്ന വസ്തുത ഇവിടെ പരിഗണനാര്‍ഹമാണ്.

ഈ അര്‍ഥത്തിലാണ് പ. വട്ടശ്ശേരില്‍ തിരുമേനി നിര്‍ദ്ദേശിച്ച ത്രിതല എപ്പിസ്‌കോപ്പല്‍ സംവിധാനം (three-tier Episcopacy) ഇന്നത്തെ സംവിധാനത്തേക്കാള്‍ വളരെ കാര്യക്ഷമമായിരുന്നേനെ എന്നു മുകളില്‍ പ്രസ്ഥാവിച്ചത്. മലങ്കരയിലെ സാഹചര്യത്തില്‍ അത്തരമൊരു സംവിധാനം പ്രായോഗികമല്ല. എന്നാല്‍ അധികാര വികേന്ദ്രീകരണം അനിവാര്യമാണുതാനും. മലങ്കര മെത്രാന്‍ അഭിമുഖീകരിക്കുന്ന അതേ പ്രശ്‌നം കുറഞ്ഞതോതില്‍ ഇടവക മെത്രാന്മാരും അനുഭവിക്കുന്നുണ്ട് . നിസാരകാര്യങ്ങളില്‍പോലും ഇടവക മെത്രാപ്പോലീത്താ ഇടപെടേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അതായത് കൂടുതല്‍ കാര്യക്ഷമമായ ഭരണത്തിന് അധികാര വികേന്ദ്രീകരണം ഇനിയും ഫലപ്രദമായി നടപ്പാക്കേണ്ടിയിരിക്കുന്നു.

ഒരര്‍ത്ഥത്തില്‍ 1900 – ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെയധികം അദ്ധ്വാനഭാരമാണ് ഇന്നു ഇടവക മെത്രാന്മാര്‍ക്കുള്ളത്. അജപാലന ദൗത്യത്തേക്കുറിച്ചുള്ള (pastoral care) സങ്കല്‍പ്പത്തില്‍വന്ന വ്യതിയാനമാണ് ഇതിനു മുഖ്യകാരണം. യാത്രാസൗകര്യത്തിലും വിവര സാങ്കേതിക വിദ്യയിലും വിപ്ലവകരമായ പുരോഗതി ഉണ്ടായില്ലായിരുന്നു എങ്കില്‍ ഇത് ഇന്നു അതിഭീകരമായ ഒരവസ്ഥ ആയി മാറുമായിരുന്നു. മെത്രാന്മാരുടെ എണ്ണം ഇനി വര്‍ദ്ധിപ്പിക്കുക എന്നാല്‍ മലങ്കര മെത്രാപ്പോലീത്തായുടെ കാര്യക്ഷമത ഇല്ലാതാക്കുകയാവും. ഇതു രണ്ടും തുലനംചെയ്യുന്ന ഒരു അധികാര വികേന്ദ്രീകരണ മാര്‍ഗ്ഗം കണ്ടെത്തേണ്ടിയിരിക്കുന്നു . അധികാര ശ്രേണിയില്‍ (Scalar chain) കൂടുതല്‍ തലങ്ങള്‍ ഉണ്ടാക്കുക മാത്രമാണ് അതിനുള്ള മാര്‍ഗ്ഗം. എന്നാല്‍ ദ്വിതല എപ്പിസ്‌കോപ്പസിയെ (two-tier Episcopacy) ഇനി ത്രിതല എപ്പിസ്‌കോപ്പല്‍ സംവിധാനം (three-tier Episcopacy) ആക്കുവാനും സാദ്ധ്യമല്ലതാനും.

അധികാര ശ്രേണിയുടെ ഉയര്‍ന്ന തലങ്ങളില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ ഭൂരിപക്ഷവും താഴെതലങ്ങളില്‍ തീര്‍ക്കാവുന്ന നിസാരമായ നിത്യനിദാന പ്രശനങ്ങളാണന്നു പരിശോധിച്ചാലാറിയാം. അവയെ ഒഴിവാക്കി കീഴ്ഘടകങ്ങളില്‍ത്തന്നെ പരിഹാരം കാണാനുള്ള മാര്‍ഗ്ഗം രൂപീകരിക്കുന്നതാണ് ഫലപ്രദമായ കാര്യനിര്‍വഹണത്തിന് ഏറ്റവും അത്യന്താപേഷിതം. അതിനുള്ള മാര്‍ഗ്ഗങ്ങളാണ് ഇനി ആരായേണ്ടത്.

യഥാര്‍തഥത്തില്‍ അധികാര വികേന്ദ്രീകരണം ഇനി ഉണ്ടാകേണ്ടത് ഭദ്രാസന തലത്തിലാണ്. അത്തരമൊരു സാദ്ധ്യതയെപ്പറ്റി ഇന്നുവരെ ചിന്തിച്ചിട്ടുപോലുമില്ല. ഭദ്രാസനങ്ങളെ ഗ്രൂപ്പുകളായി വിഭജിച്ചിട്ടുണ്ടെങ്കിലും യാതൊരു വിധത്തിലും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇടയില്ലാത്തവിധമാണ് അവയെ ക്രമീകരിച്ചിരിക്കുന്നത്. അവയ്ക്ക് ഒരു കേന്ദ്രീകൃത നേതൃത്വമോ ഉത്തരവാദിത്വപ്പെട്ട സ്ഥാനികളോ ഇല്ല. അതിലെ ഘടകങ്ങളായ ആദ്ധ്യാത്മികപ്രസ്ഥാനങ്ങള്‍ക്കും പരസ്പര ബന്ധമില്ലാത്ത നേതൃത്വമാണുള്ളത്.

ഗ്രൂപ്പുകളെ ഭരണവികേന്ദ്രീകരണത്തിനുള്ള കാര്യക്ഷമമായ തലമാക്കി പുനര്‍ക്രമീകരിച്ചുകൂടെ? ഇതത്ര കഠിനമായ പ്രക്രിയയൊന്നുമല്ല. നിലവിലുള്ള ഗ്രൂപ്പുകള്‍ അതേപടിയോ ഭൂമിശാസ്ത്രപരമായി പുനഃസംഘടിപ്പിച്ചോ നിയതമായ ഒരു ഭരണസംവിധാനം ഘടകമാക്കുക. തല്‍ക്കാലം അതിനു കോര്‍ എപ്പിസ്‌ക്കോപ്പേറ്റെന്നു പേരുകൊടുക്കാം. ഇടവകപ്പള്ളി ഭരണവും തവണയും ഇല്ലാതെ ഒരു സീനിയര്‍ വൈദീകനെ അഥവാ കോര്‍ എപ്പിസ്‌ക്കോപ്പായെ കോര്‍ എപ്പിസ്‌ക്കോപ്പേറ്റു വികാരിയാക്കണം. ശമ്പളവും സ്ഥലംമാറ്റവും റിട്ടയര്‍മെന്റും അദ്ദേഹത്തിനും ബാധകമാക്കണം. കോര്‍ എപ്പിസ്‌ക്കോപ്പേറ്റിലെ എല്ലാ ആദ്ധ്യാത്മികപ്രസ്ഥാനങ്ങളുടേയും പ്രസിഡന്റും അദ്ദേഹമായിരിക്കണം. പട്ടക്കരുടെ സ്ഥലംമാറ്റം, പട്ടത്വ അച്ചടക്ക ശിക്ഷണ നടപടികള്‍ എന്നിവ ഒഴികെ ഇടവക മെത്രാന്‍റെ എല്ലാ ആത്മീയ അധികാരങ്ങളും അതത് കോര്‍ എപ്പിസ്‌ക്കോപ്പേറ്റുകളില്‍ അതിന്‍റെ വികാരിക്കായിരിക്കണം. അവയുടെ അപ്പീല്‍ അധികാരം മാത്രം ഇടവക മെത്രാപ്പോലീത്താ വഹിക്കണം.

കോര്‍ എപ്പിസ്‌ക്കോപ്പേറ്റു വികാരിമാര്‍ നിശ്ചിത കാലയളവില്‍ – കേരളത്തില്‍ മാസത്തില്‍ ഒന്ന് – അതില്‍പ്പെട്ട വികാരിമാരുടെയോഗം ചേര്‍ന്നു അവലോകനം നടത്തണം. അതേപോലെ ഇടവക മെത്രാന്മാര്‍ മൂന്നുമാസത്തില്‍ ഒരിക്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പേറ്റു വികാരിമാരുടെ യോഗം ചേര്‍ന്നും അവലോകനം നടത്തണം. ഇവയ്‌ക്കൊക്കെ ഭരണഘടനാപരമായ പരിരക്ഷയും നല്‍കണം. ഇത്തരം ഒരു സംവിധാനം ഉണ്ടായാല്‍ ഒരു വൈദീകന്‍ അപ്രതീക്ഷിതമായി അവധി എടുത്താല്‍പോലും ഇടവക മെത്രന്‍റെ നെഞ്ചിടിക്കുന്ന സാഹചര്യം ഒഴിവാകും.

ഇത്തരമൊരു സംവിധാനത്തില്‍ ഒരു മെത്രാന് ഒന്നിലധികം ഭദ്രാസനങ്ങള്‍ ഒരേ സമയം കൈകാര്യം ചെയ്യുവാന്‍ സാധിക്കും. എങ്കില്‍പ്പോലും അനാവശ്യ ജോലിഭാരം കുറയുകയും അവരുടെ കഴിവുകളെ ക്രിയാത്മകമായി വിനയോഗിക്കുവാന്‍ സാധിക്കുകയും ചെയ്യും. അടിസ്ഥാനപരമായി ഇവിടെ മനസിലാക്കേണ്ട വസ്തുത, ഭദ്രാസനമാണ് മെത്രാനല്ല അടിസ്ഥാനഭരണ മാത്ര (Administrative unit) എന്നതാണ്. ഇന്ന് ചിന്തിക്കുന്നത് മറിച്ചാണ്. ആ സമീപനം തികച്ചും മാറണം.

ആവശ്യമായ പഠനം നടത്തി ഇത്തരമൊരു ഭരണ പുനര്‍ക്രമീകരണത്തേപ്പറ്റി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. റോമന്‍ കത്തോലിക്കാ സഭയുടെ ഫൊറോനാ സംവിധാനം ഇതിനായി പഠന വിധേയമാക്കാവുന്നതാണ്. ശക്തമായ ഇഛാശക്തിയുണ്ടെങ്കില്‍ ഇതു നടപ്പാക്കുക പ്രയസമല്ല. നിലവിലുള്ള ജനാധിപത്യ സംവിധാനമൊന്നും തല്‍ക്കാലം മാറ്റി മറിക്കേണ്ടതില്ല. അടുത്ത മെത്രാന്‍ ഇലക്ഷനേക്കുറിച്ച് ചിന്തിക്കും മുമ്പ് ഇത് പരിഗണിച്ചാല്‍ യുക്തമായിരിക്കും. (തലക്കെട്ടിനു കടപ്പാട് – ലിയോ ടോള്‍സ്റ്റോയ്)

ഡോ. എം. കുര്യന്‍ തോമസ്

error: Thank you for visiting : www.ovsonline.in