പഴയമയുടെ പുതുമ നിലനിര്‍ത്തി കോട്ടയം ചെറിയപള്ളി

കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തില്‍പ്പെട്ട  പരി.ദൈവമാതാവിന്‍റെ  തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന പരിശുദ്ധ സഭയുടെ മാഹാ ഇടവക പദവിയുള്ള  കോട്ടയം  സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്‌സ് ചെറിയ  പള്ളി

കോട്ടയത്തെ സമസ്ത ക്രൈസ്തവര്‍ക്കും ആരാധനക്കായി പഴയ കോട്ടയം പട്ടണം ആസ്ഥാനമായി ഭരണം നടത്തിയ ആദിത്യവര്‍മ്മ എ.ഡി  1550-ല്‍ കോട്ടയത്ത് വലിയപള്ളി വയ്ക്കാന്‍ ഇടം കൊടുത്തുവെങ്കില്‍ ക്രമേണ ഈ പള്ളിയില്‍ തെക്കുംഭാഗക്കാരും വടക്കുംഭാഗക്കാരും തമ്മില്‍ ചേര്‍ച്ചയില്ലെന്നുകണ്ട് എ.ഡി 1579-ല്‍ അന്നത്തെ രാജാവായിരുന്ന കോതവര്‍മ്മ മാര്‍ത്തോമ നസ്രാണികള്‍ക്കായി ചെറിയപള്ളി വെയ്ക്കാന്‍ ഇടം നല്‍കി. മാര്‍ത്തോമ വിഭാഗക്കാര്‍ (വടക്കുംഭാഗം) ഔസേപ്പ്കത്തനാരുടെ നേതൃത്വത്തില്‍ കോതവര്‍മ്മ രാജാവിന്‍റെ മുന്‍പാകെ പണക്കിഴി വച്ച് സങ്കടം ഉണര്‍ത്തിച്ചതിന്‍ പ്രകാരമാണ് പള്ളി വയ്ക്കാന്‍ കല്പ്പിച്ചനുവദിച്ചത് എന്ന്പള്ളിപ്പാട്ടില്‍ നിന്നും മനസ്സിലാക്കാം. അക്കാലത്ത് ഒരു കരയില്‍ ഒരുപള്ളിയേ പാടുള്ളൂ എന്ന് പരമ്പരാഗതമായി കരുതിയിരുന്നതിനാല്‍ ഈ പ്രശ്നം പരിഹരിക്കുന്നതിന് വേളൂര്‍ കരയുടെ വടക്ക്കിഴക്കേ ഭാഗം നീട്ടി തളിയന്താനപുരംചന്തയുടെ പടിഞ്ഞാറു വരെയായി കണക്കാക്കി വലിയപള്ളിയുടെ അടുത്തുതന്നെയായി പള്ളി പണിയുന്നതിനു അനുവദിക്കുകയാണ് ഉണ്ടായത്. വലിയപള്ളി പുതുക്കിപ്പണിയുന്നതിനായി കൊച്ചിയില്‍ നിന്നും തെക്കുംകൂര്‍ തമ്പുരാന്‍ വരുത്തിയ അന്തോണി മേസ്ത്രി എന്ന പോര്‍ച്ചുഗീസ് വാസ്തുശില്പ്പിയും സംഘവുമാണ് ഈ പള്ളിയും പണിതത്. പള്ളിയുടെ പണിയില്‍ പ്രദേശത്തെ തച്ചന്മാരുടെ സഹായവുമുണ്ടായി. ഈ ശില്പികൂട്ടായ്മയാണ്പഴയ കോട്ടയത്ത് ഇന്നും കാണപ്പെടുന്ന സവിശേഷമായ വാസ്തുവിദ്യാരീതിക്ക് നിദാനം. അക്കാലത്ത് തെക്കുംകൂറില്‍ പരമ്പരാഗത ചുവര്‍ചിത്ര രചനാസമ്പ്രദായം പഠിക്കുന്നതിനായി എത്തിയ യൂറോപ്യന്‍ ചിത്രകാരന്മാര്‍ പരമ്പരാഗത ചുവര്‍ചിത്രരീതിയില്‍ തന്നെ വരച്ച ബൈബിള്‍ ദൃശ്യങ്ങള്‍ പള്ളിയുടെ അള്‍ത്താരയില്‍ ഇന്നും കാണപ്പെടുന്നു. അക്കാലത്ത് രാജാവ് വധശിക്ഷ നടത്തുവാനായി സ്ഥാപിച്ചിരുന്ന കഴുമരം ഇതിനടുത്തായിരുന്നതിനാല്‍ പള്ളി വന്നതോടുകൂടി കഴുമരം ഇവിടെനിന്നും മാറ്റി വേളൂരില്‍ സ്ഥാപിക്കുകയാനുണ്ടായത്.(വെളൂരിലെ ആ സ്ഥലം ആള്‍പ്പാര്‍പ്പില്ലാത്ത വെളിംപറമ്പായി ഇന്നും കാണാം). കേരളത്തില്‍ അക്കാലത്ത് പ്രസിദ്ധനായിരുന്ന അങ്കമാലിയിലെ മാര്‍ അബ്രഹാം എന്ന കിഴക്കന്‍ സിറിയയില്‍നിന്നും വന്ന നെസ്തോറിയന്‍ ബിഷപ്പ് ആണ് ഈ പള്ളി കൂദാശ ചെയ്തത്.

കേരള ക്രൈസ്തവസഭയിലുണ്ടായ നിരവധി സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പള്ളിയാണിത്

11011955_396931870431671_6894023846840260067_n

പറങ്കിമേല്‍ക്കോയ്മക്കെതിരെ സുറിയാനിക്രൈസ്തവര്‍ നടത്തിയ ഐതിഹാസികമായ കൂനന്‍കുരിശു സത്യത്തിലും ഈ പള്ളി ഇടവകയിലെ വിശ്വാസികള്‍ പങ്കുചേര്‍ന്നിരുന്നു. എ.ഡി  1708ല്‍ തെക്കുംകൂറിലെ ഉദയമാര്‍ത്താണ്ഡവര്‍മ്മ രാജാവ് (എ.ഡി  1691-1716) ഈ പള്ളിയില്‍ ഒരു മേല്‍പ്പട്ടക്കാരന്‍റെ പൌരോഹിത്യമേല്‍നോട്ടം ഉറപ്പാക്കണമെന്ന വിശ്വാസികളുടെ ആവശ്യം കണക്കിലെടുത്ത് കൊച്ചിയില്‍നിന്നും മാര്‍ ഗബ്രിയേല്‍ എന്ന ഒരു നെസ്തോറിയന്‍ ബിഷപ്പിനെ വരുത്തി. എ.ഡി  1730ല്‍ കാലം ചെയ്യുന്നതുവരെ അദ്ദേഹം പള്ളിയില്‍ സേവനം അനുഷ്ടിച്ചിരുന്നു. രാജാവിന് അദ്ദേഹം ആത്മീയ ആചാര്യനായിരുന്നു. പ്രദേശത്തെ ജനങ്ങളെല്ലാം അദ്ദേഹത്തെ ദിവ്യനായും കരുതിയിരുന്നു.എന്നാല്‍ നെസ്തോറിയന്‍-യാക്കോബായ വിശ്വാസവൈജാത്യങ്ങള്‍ മൂര്‍ച്ചിച്ചിരുന്ന അക്കാലത്ത് ഈ ബിഷപ്പിനുനിരവധി എതിപ്പുകള്‍ സഭാനേതൃത്വത്തില്‍നിന്നും ഉണ്ടായി. എന്നാല്‍ പാതിയര്‍ക്കീസിന്‍റെയും പോപ്പിന്‍റെയും മൌനപിന്തുണയും തെക്കുംകൂര്‍രാജാവിന്‍റെപിന്‍ബലവും മാര്‍ ഗബ്രിയേലിനെ തുണച്ചു. എ.ഡി   1720ല്‍ കൊച്ചിയിലെ ഡച്ച് ചാപ്ലൈന്‍ ആയിരുന്ന ജക്കൊബസ് കാന്റര്‍ വിഷര്‍ എന്ന പുരോഹിതന്‍ പഴയ കോട്ടയത്ത് എത്തി ചെറിയപള്ളിയിലെ ഈ മഹാത്മാവിനെ കണ്ടതായി അദ്ദേഹത്തിന്‍റെ Letters from Malabar എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. മാര്‍ ഗബ്രിയേലിന്‍റെ ഭൌതികശരീരം പള്ളിക്കകത്തായി അടക്കം ചെയ്തുവെങ്കിലും കടുത്ത നെസ്തോറിയന്‍ വിരുദ്ധവാദികളായിരുന്ന സഭാനേതൃത്വം ഒരു വര്‍ഷത്തിനുള്ളില്‍ ഈ കബറിടം പൊളിച്ചുമാറ്റി. ഇപ്പോള്‍ പള്ളിമേടയില്‍ മാര്‍ ഗബ്രിയേലിന്‍റെ ഒരു വര്‍ണ്ണചിത്രം സൂക്ഷിച്ചിട്ടുണ്ട്.പുന്നത്ര മാര്‍ ദിവന്ന്യാസോസ്, പുലിക്കോട്ടില്‍ മാര്‍ ദിവന്യാസോസ് I, പുലിക്കോട്ടില്‍ മാര്‍ ദിവന്യാസോസ് II, പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ് തുടങ്ങിയ സഭാപിതാക്കന്മാരുടെ ദീര്‍ഘകാലസാന്നിധ്യം ഈ പള്ളിയെ ധന്യമാക്കിയിട്ടുണ്ട്. പരമ്പരാഗതമായി താഴത്ത്പുന്നത്ര, വേങ്കടത്ത്, എരുത്തിക്കല്‍, കാരയ്ക്കാട്ട് എന്നീ കുടുംബങ്ങളില്‍ നിന്നുള്ള വൈദികരാണ് സേവനമനുഷ്ടിച്ചിരുന്നത്.

1499460_374836392641219_5190083391515602606_n

സഭാചരിത്രത്തില്‍ തന്‍റെതായ വ്യത്യസ്തനിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച്ശ്രദ്ധേയനായ താഴത്ത്പുന്നത്ര ചാണ്ടപ്പിള്ള കത്തനാര്‍ ചെറിയപള്ളിയില്‍ തുടര്‍ച്ചയായി ഇരുപത്തിനാലു വര്‍ഷത്തോളം വൈദികനായി സേവനമനുഷ്ടിച്ചു. നവീകരണപ്രസ്ഥാനത്തിന്‍റെ കോട്ടയത്തെ അമരക്കാരനായിരുന്ന അദ്ദേഹം സഭാക്കേസില്‍ പരാജയപ്പെട്ടതോടെ ചെറിയപള്ളിയില്‍ നിന്നും പുറത്തുപോയി സ്ഥാപിച്ചതാണ്കോട്ടയം യെരുശലേം പള്ളി, പഴയചന്ത മാര്‍ത്തോമ പള്ളി എന്നീ ദേവാലയങ്ങള്‍. പില്‍ക്കാലത്ത് അവിഭക്ത യാക്കോബായ വിഭാഗവും സഭാവഴക്കിനെതുടര്‍ന്ന് ഓര്‍ത്തഡോക്‍സ്‌ സഭയും  പള്ളി കൈവശംവച്ച് ആരാധനകള്‍ നടത്തിവരുന്നു കോട്ടയം ചെറിയപള്ളിയുടെ അള്‍ത്താരയില്‍ കാണപ്പെടുന്നചുവര്‍ചിത്ര ങ്ങള്‍ ചുവര്‍ചിത്രകലയുടെ ചരിത്രവും വികാസപരിണാമങ്ങളും പഠിക്കുന്ന ചരിത്രവിദ്യാര്‍ഥികള്‍ക്കും കലാകാരന്മാര്‍ക്കും നിത്യവിസ്മയമാണ്. പതിനാറാംനൂറ്റാണ്ടില്‍ കോട്ടയത്ത് രൂപപ്പെട്ട കോട്ടയം ശൈലിയുടെ മൌലികതയോട് ഈചിത്രങ്ങള്‍ക്ക്കടപ്പാടുണ്ട്. കോട്ടയം ശൈലിയുടെ മാതൃകകള്‍ കോട്ടയം തളിയില്‍ ക്ഷേത്രം,ആര്‍പ്പൂക്കര സുബ്രഹ്മണ്യക്ഷേത്രം, തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം, മാങ്ങാനം നരസിംഹക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ ഇന്നും കാലത്തെ അതിജീവിച്ച്നിലനില്‍ക്കുന്നു. അതില്‍ത്തന്നെ തളിയിലേത് ആദ്യകാലത്തേതാണ്. അത് നാശോന്മുഖവുമാണ്! തിരുനക്കരമഹാദേവര്‍ക്ഷേത്രം, പുതിയ തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലെ ചിത്രങ്ങള്‍ അശാസ്ത്രീയമായി പുനരാഖ്യാനം ചെയ്യപ്പെട്ടതിനാല്‍ ഇന്ന്നിലവിലില്ല.

ക്ഷേത്രങ്ങളിലേതില്‍നിന്നും വ്യത്യസ്തമായ ആഖ്യാനരീതികൊണ്ട് ശ്രദ്ധേയമാണ് ചെറിയപള്ളിയിലേത്

25

ക്രിസ്തുവിന്‍റെ ജീവിതത്തിലെ സഹനത്തിന്‍റെ കഥ പറയുന്നു ഈ ചിത്രങ്ങള്‍! യൂറോപ്യന്‍ ചിത്രകാരന്മാര്‍ വരച്ചതിനാല്‍ വേഷവിധാനങ്ങള്‍ യൂറോപ്യന്‍ രീതിയിലാണുള്ളത്. പ്രകൃതിദത്തചായങ്ങള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. രംഗചിത്രീകരണം കൂടാതെ ഇലകളും പൂക്കളുമൊക്കെ ശ്രേണിയായി വരുന്ന അലങ്കാരങ്ങളും അള്‍ത്താരയെ ആകമാനം മനോഹരമാകുന്നു. അള്‍ത്താരയില്‍ മധ്യഭാഗത്തായി ചില പുനര്‍രചനകള്‍ നടന്നിട്ടുണ്ട്. കോട്ടയത്ത് തളിയില്‍കോട്ടയ്ക്കു സമീപം താമസിച്ച് തുപ്പായി(നാടന്‍പറങ്കി)കളും ലന്തക്കാരുമായ ചിത്രകാരന്മാരാണ് ഇത് വരച്ചത്. അവര്‍ ഈ സാങ്കേതികവിദ്യ കോട്ടയം ശൈലിയുടെ പ്രചാരകരായ ചിത്രകാരന്മാരില്‍നിന്നും പഠിച്ച് ചെറിയപള്ളിയില്‍ പ്രായോഗികമാക്കുകയായിരുന്നു. ഇതേ പോലെയുള്ള ചുവര്‍ചിത്രങ്ങള്‍ കേരളത്തില്‍ മറ്റു ചില പള്ളികളിലും കാണപ്പെടുന്നുണ്ട്. അതെല്ലാം ഇവിടുത്തേതിന്‍റെ തുടര്‍ച്ചയായി വേണം കരുതാന്‍!

11081309_374836705974521_6770518495025399362_n

അക്കാലത്ത് ചുവര്‍ച്ചിത്രകല സാധാരണയായി ക്ഷേത്രങ്ങളിലാണ് ചെയ്തിരുന്നത്. അതിനാകട്ടെ ചില അനുഷ്ടാനങ്ങളും ചടങ്ങുകളുമുണ്ടായിരുന്നു. പ്രദേശത്തെ നസ്രാണികള്‍ക്കാകട്ടെ ഈ കലാരൂപങ്ങളില്‍ താല്പര്യമോ സാഹചര്യമില്ലാതിരുന്നതിനാല്‍ ധാരണയോ ഇല്ലായിരുന്നു. എന്നാല്‍ എ.ഡി   1664ല്‍ തെക്കുംകൂറുമായി ഉണ്ടായ വ്യാപാരക്കരാറിനെ തുടര്‍ന്ന് ഡച്ചുകാര്‍ കോട്ടയത്ത് സജീവമായി.എ.ഡി  1664 മുതല്‍1744 വരെയുള്ള കാലഘട്ടങ്ങളിലാണ് കോട്ടയം ഉന്നതി പ്രാപിച്ചതും ഉള്‍നാടന്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് നാട്ടുപാതകള്‍ വികസിച്ചതും.എ.ഡി  1668ല്‍ ഡച്ചുകാര്‍ കോട്ടയത്ത് ഒരു ബഹുഭാഷാ സ്കൂളും സ്ഥാപിച്ചു. ഒലന്തക്കളരി എന്നാണു ആ സ്കൂള്‍ അറിയപ്പെട്ടത്. ഹോളണ്ട് എന്നത് ഒലന്ത അഥവാ ലന്ത എന്നാണു നാട്ടുകാര്‍ പറഞ്ഞിരുന്നത്! ലന്തക്കാരായ(ഡച്ചുകാര്‍) ചിത്രകാരന്മാര്‍ തെക്കുംകൂര്‍ കൊട്ടാരമായ ഇടത്തില്‍ കോവിലകത്ത് ഉണ്ടായിരുന്നു. അവര്‍ അക്കാലത്തെ പ്രാദേശിക ചുവര്‍ ചിത്രകാരന്മാരുമായി സഹകരിച്ചിരുന്നു. കൂടാതെ ചെറിയപള്ളിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പോര്‍ച്ചുഗീസ് വാസ്തുശില്‍പ്പിയായ അന്തോണി മേസ്തിരിയുടെ കൂടെ നിരവധി തുപ്പായി കലാകാരന്മാരും ശില്‍പ്പികളും അക്കാലത്ത്കോട്ടയത്ത് എത്തിയിരുന്നു. ഇമ്മാനുവല്‍ കര്‍ണ്ണീറോ എന്ന തുപ്പായി ഡച്ചു സ്കൂളിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോട്ടയത്ത് സജീവമായിരുന്നു. അതുകൊണ്ട് ഈ ചിത്രമെഴുത്തില്‍ ഇരുകൂട്ടരും സഹകരിച്ചിരിക്കാം. സൂക്ഷ്മമായ പഠനങ്ങള്‍ ആവശ്യമാണ്‌.

11052881_374836299307895_231414525098528207_n

ചിത്രത്തിലെ വേഷവിധാനങ്ങള്‍ പഠിച്ച് അത് തെളിയിക്കാവുന്നതേ ഉള്ളൂ. അത് ആരെങ്കിലുംചെയ്യുമെന്ന്കരുതാം.( തുപ്പായി എന്നത് ദ്വിഭാഷി എന്ന വാക്കില്‍നിന്നും ഉണ്ടായതാവാം. നിരവധി പോര്‍ച്ചുഗീസുകാര്‍ കൊച്ചിയിലെ നാട്ടുകാരായ സ്ത്രീകളെ വിവാഹം കഴിക്കുകയും അങ്ങനെ ഒരു സങ്കരജനത ഉടലെടുക്കുകയും ചെയതു. ആ വിഭാഗക്കാര്‍ കൂടുതലായും ദ്വിഭാഷികളായി ആണ് ജോലിചെയ്തത്. പെരേര, ഡിസില്‍വ, റൊസാരിയോ,റോഡ്രിഗ്സ് തുടങ്ങിയ പേരുകളുള്ള തുപ്പായികള്‍ ഇന്നുമുണ്ട്. കൊച്ചിയിലെ ഈ വിഭാഗക്കാര്‍ ആംഗ്ലോ-ഇന്ത്യന്‍ വിഭാഗക്കാരായി ആണ് അറിയപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ പോര്‍ച്ചുഗീസ്-ഇന്ത്യന്‍ എന്നാണു അറിയപ്പെടെണ്ടത്. പോര്‍ച്ചുഗീസുകാരെ പറങ്കികള്‍ എന്നു വിളിച്ചതും ശരിയായ അര്‍ത്ഥത്തിലല്ല. യൂറോപ്പിലെ പ്രാചീന കപ്പലോട്ടക്കാരായ FRANKകള്‍ ആണെന്ന ധാരണയിലാണ് അവരെ നാം അങ്ങനെ വിളിച്ചത്. യഥാര്‍ത്ഥത്തില്‍ FRANKകള്‍ ഫ്രെഞ്ചുകാരുടെ പൂര്‍വികരാണ്.

ഈ ചുവര്‍ ചിത്രങ്ങള്‍ വിശദമായി കാണാനും ചെറിയപള്ളിയുടെ പ്രാകാരഭംഗി ആസ്വദിക്കുന്നതിനുമായി ഈ വിര്‍ച്ച്വല്‍ ടൂര്‍ കാണുക: http://p4panorama.com/panos/Kottayam_Cheriyapally/index.html

 

error: Thank you for visiting : www.ovsonline.in