OVS - ArticlesOVS - Latest News

സഭാവഴക്കിന്‍റെ ചരിത്രം അഥവ തോറ്റുപോയ ന്യായങ്ങള്‍: ഡോ. എം. കുര്യന്‍ തോമസ്

അര നൂറ്റാണ്ടിനടുത്തായി മലങ്കര സഭയില്‍ തുടരുന്ന മൂന്നാം സമുദായക്കേസിന് ഏതാണ്ട് വിരാമമിടുന്ന ഒരു സുപ്രധാന വിധിയാണ് 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ചത്. കോലഞ്ചേരി, മണ്ണത്തൂര്‍, വാരിക്കോലി എന്നീ മൂന്നു പള്ളികളുടെ വിധി നടത്ത് ചോദ്യം ചെയ്ത് യാക്കോബായ വിഭാഗം നല്‍കിയതും കീഴ്‌ക്കോടതികള്‍ തള്ളിയതുമായ കേസുകളിലെ അപ്പീല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങിയ ബഞ്ച് മലങ്കരയിലെ എല്ലാ പള്ളികളേയും ബാധിക്കുന്ന ഈ വിധി പുറപ്പെടുവിച്ചത്. ജൂലൈ അഞ്ചിന് നെച്ചൂര്‍, കണ്യാട്ടുനിരപ്പ് എന്നീ പള്ളികളേപ്പറ്റിയും സമാനവിധി പുറപ്പെടുവിച്ചു.

ജൂലൈ മൂന്നിലെ വിധിയിലെ പ്രധാന വസ്തുതകള്‍ താഴെ പറയുന്നവയാണ്.

1. 1995-ലെ സുപ്രീം കോടതി വിധി ഇടവകപ്പള്ളികള്‍ക്ക് ബാധകമാണ്.
2. 1934-ലെ മലങ്കര സഭാ ഭരണഘടനയനുസരിച്ചു മാത്രം ഇടവകപ്പള്ളികള്‍ ഭരിക്കപ്പെടണം.
3. 2002-ലെ യാക്കോബായ ഭരണഘടന അസാധുവാണ്.
4. 1934-ലെ മലങ്കരസഭ ഭരണഘടന ഒഴികെയുള്ള ഉടമ്പടികളും മറ്റും ഇടവകപ്പള്ളി ഭരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.

Malankara Church Newsകേവലം മൂന്നു പള്ളികളെ സംബന്ധിച്ചുള്ള ഒരു വിധിയാണെങ്കിലും മലങ്കര സഭയിലെ യാക്കോബായ വിഭാഗത്തിന്‍റെ നിലനില്‍പ്പിനെത്തന്നെ പാടെ തകര്‍ത്തുകളഞ്ഞ ഒന്നാണ് ഈ വിധിന്യായം എന്ന വിലയിരുത്തല്‍ പൂര്‍ണ്ണമായും ശരിയാണ്. ഇത് മനസിലാക്കണമെങ്കില്‍ ഈ വ്യവഹാര പരമ്പരയുടെ ചരിത്രം ചുരുക്കത്തില്‍ മനസിലാക്കേണ്ടിയിരിക്കുന്നു.

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്തായും പിന്നീട് മാര്‍ത്തോമ്മാസഭ എന്നറിയപ്പെട്ട നവീകരണവിഭാഗത്തിന്‍റെ സ്ഥാപകന്‍ പാലക്കുന്നത്ത് തോമസ് മാര്‍ അത്താനാസ്യോസും തമ്മില്‍ 1877-ല്‍ ആരംഭിച്ചതും, 1889-ല്‍ തിരുവിതാംകൂര്‍ റോയല്‍ കോടതി വിധിയോടെ അവസാനിച്ചതുമായ സെമിനാരിക്കേസ് എന്നറിയപ്പെടുന്ന വ്യവഹാരത്തിലാണ് 2017 ജൂലൈ 3 വിധിയില്‍ എത്തി നില്‍ക്കുന്ന വ്യവഹാര പരമ്പരയുടെ മൂലം സ്ഥതിചെയ്യുന്നത്.

മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് ഈ കേസില്‍ പരിപൂര്‍ണ്ണവിജയം ലഭിച്ചെങ്കിലും അദ്ദേഹത്തെ പിന്തുണച്ചിരുന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് പത്രോസ് ത്രിതീയന്‍ നേരിട്ടത് വമ്പന്‍ തിരിച്ചടിയാണ്. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് മലങ്കര സഭയില്‍ ലൗകീകാധികാരം (Temporal authority) ഇല്ലന്നും, മലങ്കര അസോസിയേഷന്‍റെ തിരഞ്ഞെടുപ്പു കൂടാതെ ആര്‍ക്കും മെത്രാന്‍പട്ടം നല്‍കാന്‍ പാടില്ലന്നും, മലങ്കര മെത്രാപ്പോലീത്താ സ്വദേശിയായിരിക്കണമെന്നും കോടതി അസന്ദിഗ്ദമായി വ്യക്തമാക്കി.

തന്‍റെ അധീശത്വ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയ ഈ വിധിയെ മറികടക്കാന്‍ പത്രോസ് ത്രിതീയന്‍, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് മലങ്കരയില്‍ ലൗകീകാധികാരം ഉണ്ടെന്ന് മലങ്കര മെത്രാപ്പോലീത്തായും അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയും രജിസ്റ്റര്‍ ചെയ്ത ഉടമ്പടി നല്‍കാന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടു. എന്നാല്‍ മാനേജിംഗ് കമ്മറ്റിയും, തന്‍റെ മരണംവരെ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും ഈ ആവശ്യത്തിനു വഴങ്ങിയില്ല.

പിന്നീട് കേരളത്തിലെത്തിയ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അബ്ദള്ളാ ദ്വിതീയന്‍, മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍റെ പിന്‍ഗാമി വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമനോട് ഇതേ ആവശ്യം ഉന്നയിക്കുകയും മുന്‍ഗാമിയേപ്പോലെ അദ്ദേഹവും അത് നിരസിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് 1911-ല്‍ അബ്ദള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ്, മാര്‍ ദീവന്നാസ്യോസ് ആറാമനെ മുടക്കി. ഇരുവിഭാഗത്തെയും പിന്തുണയ്ക്കുന്ന കക്ഷികള്‍ മലങ്കരയില്‍ ഉണ്ടായി. പാത്രിയര്‍ക്കീസിനെ പിന്തുണയ്ക്കുന്ന വിഭാഗം അന്ന് ബാവാ കക്ഷി എന്നും, മലങ്കര മെത്രാപ്പോലീത്തായോടൊപ്പം നിന്ന വിഭാഗം മെത്രാന്‍ കക്ഷി എന്നും അന്ന് അറിയപ്പെട്ടു. ഇത് ഒരു വ്യവഹാര പരമ്പരയ്ക്കുതന്നെ തിരികൊളുത്തി. സെമിനാരിക്കേസ്, വട്ടിപ്പണക്കേസ് മുതലായ പേരുകളില്‍; അവയിലെല്ലാം മാര്‍ ദീവന്നാസ്യോസ് ആറാമന്‍ സമ്പൂര്‍ണ്ണ വിജയം നേടി. 1928-ലാണ് ഈ വ്യവഹാര പരമ്പര അവസാനിച്ചത്.

ഇതിനിടയില്‍ 1912-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അബ്ദല്‍മ്ശീഹാ മലങ്കരയില്‍ ഒരു സ്വതന്ത്ര കാതോലിക്കേറ്റ് സ്ഥാപിക്കുകയും 1889-ലെ റോയല്‍ കോടതി വിധിമൂലം പാത്രിയര്‍ക്കീസില്‍ നിക്ഷ്പിതമായിരുന്ന മെത്രാന്മാരെ വാഴിക്കുവാനും മൂറോന്‍ കൂദാശ ചെയ്യുവാനുമുള്ള അവകാശം നിരുപാധികം മലങ്കരയിലെ കാതോലിക്കയ്ക്കു വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. 1928 – 34 കാലം പ്രശ്‌നരഹിതമായി കടന്നുപോയി.

1934-ല്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമന്‍ പിന്‍ഗാമിയെ വാഴിക്കാതെ അന്തരിച്ചു. അതിനേത്തുടര്‍ന്ന് അതേവര്‍ഷം ഡിസംബറില്‍ കോട്ടയം എം.ഡി സെമിനാരിയില്‍ കൂടിയ മലങ്കര അസോസിയേഷന്‍, ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായെ മലങ്കര മെത്രാപ്പോലീത്താ ആയി തിരഞ്ഞെടുക്കുകയും മലങ്കര സഭാ ഭരണഘടന പാസാക്കുകയും ചെയ്തു. 1934-ലെ ഭരണഘടന എന്നറിയപ്പെടുന്നത് അന്നു പാസാക്കിയ ഭരണഘടനയാണ്. അതോടെ പുതിയ വ്യവഹാര പരമ്പര ആരംഭിച്ചു. പാത്രിയര്‍ക്കീസ് കക്ഷി, കാതോലിക്കാ കക്ഷി എന്നാണ് അന്ന് ഇരുവിഭാഗവും അറിയപ്പെട്ടിരുന്നത്. പല കോടതികള്‍ കയറിയിറങ്ങി 1958-ല്‍ ഇന്ത്യന്‍ സുപ്രീം കോടതി കാതോലിക്കാ കക്ഷിക്ക് അനുകൂലമായി വിധിച്ചു. 1934-ലെ ഭരണഘടന സാധുവെന്നും, ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായെ മലങ്കര മെത്രാപ്പോലീത്താ ആയി തിരഞ്ഞെടുത്ത നടപടി ശരിയെന്നും, മലങ്കരയില്‍ പാത്രിയര്‍ക്കീസിന്‍റെ അധികാരം മാഞ്ഞുപോകുന്ന ബിന്ദുവിലാണന്നും പരമോന്നത കോടതി വിധിച്ചു. കൂടാതെ പാത്രിയര്‍ക്കീസ് കക്ഷി, കാതോലിക്കാ കക്ഷിയ്ക്ക് കോടതിച്ചിലവു നല്‍കണമെന്നും കോടതി ഉത്തരവായി. സമുദായക്കേസ് എന്നാണ് ഈ വ്യവഹാരം അറിയപ്പെടുന്നത്.

ഇതിനെ തുടര്‍ന്ന് പരസ്പര സ്വീകരണത്തിലൂടെ സഭയില്‍ സമാധനമായി. പാത്രിയര്‍ക്കീസ് കക്ഷി നിരുപാധികം സമാധനത്തിനു തയാറായപ്പോള്‍ കാതോലിക്കാ കക്ഷി 1934-ലെ ഭരണഘടനയ്ക്കു വിധേയമായാണ് എതിര്‍കക്ഷികളെ സ്വീകരിച്ചത്. എങ്കിലും മുന്‍ പാത്രിയര്‍ക്കീസ് കക്ഷിയിലെ മെത്രാന്മാര്‍ക്ക് ഭദ്രാസനങ്ങള്‍ നല്‍കിയും വൈദീകര്‍ക്കും അത്മായര്‍ക്കും സഭയിലെ ഉന്നതസ്ഥാനങ്ങള്‍ നല്‍കിയും ഏതാണ്ട് പ്രശ്‌നരഹിതമായിത്തന്നെ ഒരു വ്യാഴവട്ടം കടന്നുപോയി. ഇരുകൂട്ടരും ചേര്‍ന്നാണ് 1970-ല്‍ കാതോലിക്കായുടേയും മലങ്കര മെത്രാപ്പോലീത്തായുടേയും പിന്‍ഗാമിയെ  തിരഞ്ഞെടുത്തത്.

1970-നു ശേഷം പ്രശ്‌നങ്ങള്‍ വഷളാകാന്‍ തുടങ്ങി. പാത്രിയര്‍ക്കീസ് മലങ്കരയിലെ ദൈനംദിന കാര്യങ്ങളില്‍ കൈകടത്താന്‍ ശ്രമിച്ചതും മാര്‍ത്തോമ്മാ ശ്ലീഹായ്ക്കു പട്ടമില്ല എന്ന് കല്പന ഇറക്കിയതും പ്രശ്‌നം രൂക്ഷമാക്കി. അതിനെല്ലാം മകുടം ചാര്‍ത്തിക്കൊണ്ട് 1974-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യാക്കോബ് ത്രിതീയന്‍ ഏകപക്ഷീയമായി ഇപ്പോഴത്തെ തോമസ് പ്രഥമനടക്കം മൂന്നു മെത്രാന്മാരെ വാഴിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് ഒരു സമാന്തര കാതോലിക്കായേയും അനേകം മെത്രാന്മാരേയും അദ്ദേഹവും അദ്ദേഹത്തിന്‍റെ പിന്‍ഗാമി ഇഗ്‌നാത്തിയോസ് സഖാ പ്രഥമനും വാഴിച്ചതോടെ രണ്ടാം സമുദായക്കേസിനു തുടക്കമായി. മുമ്പങ്ങും ഇല്ലത്തവിധം ഇത്തവണ എറണാകുളം ജില്ലയില്‍ തെരുവുയുദ്ധങ്ങളും പള്ളി പിടിച്ചടക്കലുകളും അരങ്ങേറി. അനേകം പള്ളികള്‍ പൂട്ടപ്പെട്ടു.

രണ്ടാം സമുദായക്കേസില്‍ 1995-ല്‍ 1934-ലെ മലങ്കരസഭാ ഭരണഘടന വീണ്ടും ശരിവെച്ച് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. ഈ വിധി നടപ്പാക്കുന്നതിനെപ്പറ്റിയുള്ള തുടര്‍ഹര്‍ജികളുടെ ഫലമായി സുപ്രീകോടതി നിരീക്ഷകന്‍റെ സാന്നിദ്ധ്യത്തില്‍ ഇരുവിഭാഗവും സംയുക്തമായി 2002 മാര്‍ച്ചില്‍ പരുമലയില്‍ അസോസിയേഷന്‍ നടത്താന്‍ ഉത്തരവായി. എന്നാല്‍ പാത്രിയര്‍ക്കീസ് വിഭാഗം പരുമല അസോസിയേഷന്‍ ബഹിഷ്‌ക്കരിച്ചു. സമാന്തരമായി അതേദിവസം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ രൂപീകരിച്ചതായി പ്രഖ്യാപിക്കുകയും 2002 ജൂലൈയില്‍ പുത്തന്‍കുരിശില്‍ ഒരു യോഗം വിളിച്ചുകൂട്ടി സൊസൈറ്റീസ് ആക്ട് പ്രകാരം അതിനൊരു ഭരണഘടന ഉണ്ടാക്കുകയും ചെയ്തു.

ഇതിനിടെ പലതലത്തില്‍ സമാധാന ശ്രമങ്ങള്‍ നടന്നെങ്കിലും എല്ലാം അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. കുറച്ചു പള്ളികളെങ്കിലും വീണ്ടും കലാപഭൂമിയായി. ഓര്‍ത്തഡോക്‌സ് സഭയുടെ വിധിനടത്തു ശ്രമങ്ങളെ യാക്കോബായ വിഭാഗം തടഞ്ഞതാണ് സംഘര്‍ഷങ്ങള്‍ക്ക് ഹേതുവായത്. 1995-ലെ സുപ്രീംകോടതി വിധി ഇടവകപ്പള്ളികള്‍ക്ക് ബാധകമല്ല എന്നതായിരുന്നു അവരുടെ വാദം. രണ്ടു സഭകളായി പിരിയണം എന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടെങ്കിലും ഓര്‍ത്തഡോക്‌സ് സഭ അതിനു വിസമ്മതിച്ചു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ടതും മൂന്നാം സമുദായക്കേസ് എന്നു ചിലര്‍ വിളിക്കുന്നതുമായ വ്യവഹാരത്തിനാണ് 2017 ജൂലൈ 3-ന് വിരാമമായത്.

Malankara-Churchഈ വിധിയുടെ പ്രത്യാഘാതം വിശാലവും ദൂരവ്യാപകവുമാണ്. കേവലം അഞ്ചുപള്ളികളെ മാത്രമല്ല ഇത് ബാധിക്കുന്നത്. 1958-ല്‍ അവസാനിച്ച സമുദായക്കേസ് മുതല്‍ മലങ്കരയിലെ മൊത്തം പള്ളികളെ ചേര്‍ത്ത് 1064 പള്ളികള്‍ എന്നാണ് വ്യവഹരിക്കുന്നത്. ഇന്നവയുടെ എണ്ണം രണ്ടായിരത്തിലധികമാണ്. അവയില്‍ 2002 മാര്‍ച്ച് 20-നു നിലവിലുണ്ടായിരുന്ന എല്ലാ ഇടവകപ്പള്ളികള്‍ക്കും ഈ വിധി ബാധകമാണ്. അവയില്‍ അഞ്ഞൂറോളം പള്ളികള്‍ തര്‍ക്കത്തിലാണ്. നൂറിലധികം പള്ളികള്‍ക്ക് കേസ് നിലവിലുണ്ട്. അവയെല്ലാം 1934 ഭരണഘടനയുടെ പരിധിയിലായി. നിലവിലുള്ള കേസുകളും വിധിനടത്തും ഈ അടിസ്ഥാനത്തില്‍ മാത്രമേ ഇനി സാധ്യമാവൂ.

2017 വിധി ബാധകമാകുന്നത് രണ്ടു തലങ്ങളിലാണ്. ഒന്നാമതായി ഇടവക തലത്തിലും ഇടവകാംഗങ്ങളുടെ ഇടയിലും. സത്യത്തില്‍ അവരെ ഈ വിധി ബാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവരുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് മുടക്കമുണ്ടാകില്ല. ഇടവകകളുടെ സാമ്പത്തിക ഉള്‍ഭരണ സ്വാതന്ത്ര്യവും 1934 ഭരണഘടനപ്രകാരം സുരക്ഷിതമാണ്. മലങ്കരസഭ കൂടുതല്‍ ജനാധിപത്യപരമാണ് എന്നതാണ് വാസ്തവം. ഉദാഹരണത്തിന് യാക്കോബായ വിഭാഗത്തിന്‍റെ നിയന്ത്രണത്തിലുള്ള ചില പള്ളികളുടെ സ്വതന്ത്ര ഭരണഘടനയില്‍ വോട്ടവകാശം ഉള്ളവരും ഇല്ലാത്തവരുമായി അംഗങ്ങളെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 1934 ഭരണഘടനയില്‍ അത്തരം വിവേചനം ഒന്നും ഇല്ല. 21 വയസു തികഞ്ഞ, സഭാ നിയമങ്ങള്‍ അനുസരിക്കുന്ന എല്ലാ ഇടവകാംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്.

പലരും പ്രചരിപ്പിക്കുന്നതുപോലെ 1934 ഭരണഘടന മലങ്കര മെത്രാപ്പോലീത്തായ്‌ക്കോ ഇടവക മെത്രാന്മാര്‍ക്കോ ഇടവകപ്പള്ളികളുടെ സ്വത്തിലോ പണത്തിലോ കൈകാര്യകര്‍തൃത്വം ഒന്നും നല്‍കുന്നില്ല. ഭരണഘടന അനുശാസിക്കുന്ന മുന്‍ഗണനാ ക്രമത്തില്‍ (നിത്യനിദാനം, വൈദീകരുടേയും പരികര്‍മ്മികളുടേയും വേതനം, അറ്റകുറ്റപ്പണി, സണ്‍ഡേ സ്‌കൂള്‍… എന്നിങ്ങനെയാണ് ആ മുന്‍ഗണനാക്രമം) പള്ളിപ്പണം ചിലവഴിക്കുന്നുണ്ടോ, പള്ളിപ്പൊതുയോഗം അംഗീകരിച്ച ബജറ്റ് പ്രകാരമാണോ പണം ചിലവഴിക്കുന്നത്, കണക്കുകള്‍ കൃത്യമായി എഴുതുകയും പൊതുയോഗത്തില്‍ പാസാക്കുകയും ചെയ്യുന്നുണ്ടോ എന്നീ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുക മാത്രമാണ് മെത്രാന്‍റെ ചുമതലയില്‍ വരുന്നത്. അവയാകട്ടെ, ഭരണഘടനാപൂര്‍വകാലത്തും മെത്രാന്‍റെ അധികാരപരിധിയില്‍ ഉള്‍പ്പെട്ടിരുന്നതുമാണ്. ഈ വസ്തുത വിശദീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ ഇതഃപര്യന്തം തയാറായില്ല എന്നത് തെറ്റിദ്ധാരണ വളര്‍ത്താന്‍ കാരണമായിട്ടുണ്ട്.

പക്ഷേ ഈ വിധി ബാധിക്കുന്ന ചില ഇടവകകളുണ്ട്. സ്വന്തം ഭരണഘടനയുടേയോ ഉടമ്പടിയുടേയോ അടിസ്ഥാനത്തിലോ, 2002 ഭരണഘടനയുടെ അടിസ്ഥാനത്തിലോ ഭരിക്കപ്പെടുന്ന പള്ളികള്‍ പ്രതിസന്ധിയിലാകും. അവയൊക്കയും സുപ്രീംകോടതി അസാധുവാക്കിയതിനാല്‍ ആ പള്ളികളുടെയെല്ലാം ഭരണം ഇനി 1934 ഭരണഘടനപ്രകാരം ആക്കേണ്ടിവരും. ഇടവകപ്പള്ളികളുടെ സ്വത്ത് ഇതര ട്രസ്റ്റുകളാക്കി മാറ്റാന്‍ സാധ്യമല്ലന്നു മാത്രമല്ല, ഇതുവരെ മാറ്റിയ അത്തരം നടപടികളും അസാധുവാകും. നിലവിലുള്ള ആദായനികുതി ധനകാര്യ നിയമങ്ങള്‍ പ്രകാരം അത്തരം പള്ളികള്‍ക്കു ലഭിച്ചിരിക്കുന്ന പാന്‍ നമ്പര്‍ അസാധുവാകും. അതോടെ അവയുടെ ബാങ്ക് അക്കൗണ്ടുുകളും മരവിക്കപ്പെടും. അത്തരം പള്ളികളുടെ ഭരണവും നിത്യനിദാനവും വരെ പ്രതിസന്ധിയിലാകും. നിലവില്‍ കേസുകള്‍ ഇല്ല എന്ന് ആശ്വസിച്ചിരിക്കുന്ന യാക്കോബായ വിഭാഗത്തിന്‍റെ നിയന്ത്രണത്തിലുള്ള ഇടവക പള്ളികള്‍ ഉടന്‍ നേരിടാന്‍ പോകുന്ന ഗുരുതര പ്രശ്‌നം ഇതാണ്.

ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം 1934-ലെ മലങ്കരസഭാ ഭരണഘടന അംഗീകരിച്ച് അതനുസരിച്ചുള്ള ഭരണസംവിധാനം ഏര്‍പ്പെടുത്തുക എന്നതാണ്. അവിടെയാണ് 2017 വിധിയുടെ ആഘാതത്തിന്‍റെ രണ്ടാമത്തെ തലം ആരംഭിക്കുന്നത്. ആദ്യമായി 1934 ഭരണഘടനപ്രകാരമുള്ള വികാരി നിയമിക്കപ്പെടണം. അദ്ദേഹം അതേ ഭരണഘടനപ്രകാരമുള്ള നിയമാനുസൃത പൊതുയോഗം വിളിച്ചുകൂട്ടണം. ആ പൊതുയോഗം കൈക്കാരനേയും ഭരണസമിതിയേയും തിരഞ്ഞെടുക്കണം. അവര്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ ഇടവകകളുടെ ഈ സാമ്പത്തികഭരണ പ്രതിസന്ധി അവസാനിക്കൂ. സെമിനാരി വിദ്യാഭ്യസം നേടാത്തവരെ വൈദികരാക്കരുത് എന്ന് മലങ്കര സഭാ ഭരണഘടനയില്‍ വ്യവസ്ഥ ഉള്ളതിനാല്‍ ഇപ്പോള്‍ യാക്കോബായ വിഭാഗത്തില്‍ നില്‍ക്കുന്ന ഒരു നല്ല വിഭാഗത്തിന് ഓര്‍ത്തഡോക്‌സ് സഭയിലേയ്ക്കുള്ള പ്രവേശനം സുഗമമായിരിക്കില്ല.

വികാരിയെ നിയമിക്കേണ്ടതും ഇടവക ഭരണസമതിയെ അംഗീകരിക്കേണ്ടതും ഇടവക മെത്രാപ്പോലീത്തായാണ്. ഇടവക മെത്രാപ്പോലീത്താമാരാകട്ടെ മലങ്കര സഭാഭരണഘടനപ്രകാരം തിരഞ്ഞെടുക്കപ്പെട്ട് വാഴിക്കപ്പെട്ട് നിയമിക്കപ്പെട്ടവരായിക്കണം. ചുരുക്കത്തില്‍, യാക്കോബായ വിഭാഗത്തിലെ വൈദികരും മെത്രാന്മാരും ഈ വിധിയോടെ സഭാ സംവിധാനത്തില്‍നിന്നും പൂര്‍ണ്ണമായി പുറത്തായി. ഒരു പള്ളിക്ക് വികാരിയെ നിയമിക്കുകയോ, സ്ഥലം മാറ്റുകയോ, മറ്റേതെങ്കിലും വിധത്തില്‍ ഇടവകഭരണത്തില്‍ ഇടപെടുകയോ ചെയ്താല്‍ ഈ വിധിപ്രകാരം യാക്കോബായ വിഭാഗത്തിലെ മെത്രാന്മാര്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരും എന്നതാണ് സ്ഥിതി. അതിനോടൊപ്പം വികാരിയുടെ അനുമതി കൂടാതെ ഒരു മെത്രാനും വൈദികനും ഏതെങ്കിലും പള്ളിയില്‍ പ്രവേശിക്കാനോ കര്‍മ്മം നടത്താനോ സാധ്യമല്ല എന്ന വസ്തുതയും ഇവരുടെ നില പരുങ്ങലിലാക്കുന്നു.

വൈദീകര്‍ക്കും മെത്രാന്മാര്‍ക്കും രക്ഷപെടാന്‍ മാര്‍ഗ്ഗമുണ്ട്. അവര്‍ മലങ്കര സഭാഭരണഘടന അംഗീകരിക്കുകയും, അത് ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ച മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ മെത്രാന്മാരും വൈദികരും രക്ഷപെടും. യാക്കോബായ വിഭാഗത്തിനു ഭൂരിപക്ഷമുള്ള പള്ളികളില്‍ മലങ്കര സഭാഭരണഘടന അനുസരിച്ച് തിരഞ്ഞെടുപ്പു നടന്നാലും ഭരണസമതി മുന്‍ യാക്കോബായ വിഭാഗത്തിന്‍റെ നിയന്ത്രണത്തില്‍ത്തന്നെ ആയിരിക്കും. അവിടൊന്നും ഉപരിപ്ലവമായ മാറ്റങ്ങള്‍ ദര്‍ശിക്കാനാവില്ല.

പക്ഷേ യാക്കോബായ വിഭാഗത്തിലെ അവൈദിക നേതൃത്വ നിരയുടെ സ്ഥിതിയാണ് പരമ ദയനീയം. 1995-ലെ സുപ്രീംകോടതി വിധിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ സഭാ സമിതികളുടേയും കാലാവധി അഞ്ചുവര്‍ഷമാണ്. 2017 മാര്‍ച്ച് 1-നാണ് പുതിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ രൂപീകരിച്ചതും മാനേജിഗ് കമ്മിറ്റിയേയും കൂട്ടു ട്രസ്റ്റിമാരെയും തിരഞ്ഞെടുത്തതും. മിക്ക ഭദ്രാസന കൗണ്‍സിലുകളുടേയും തിരഞ്ഞെടുപ്പും പൂര്‍ത്തിയായി. ചുരുക്കത്തില്‍ ഏകീകൃത സഭയില്‍ അവര്‍ക്ക് എന്തെങ്കിലും സ്ഥാനം ലഭിക്കണമെങ്കില്‍ 2022 മാര്‍ച്ച് വരെ കാത്തിരിക്കണം!

യാക്കോബായ വിഭാഗത്തിന് ഇനി അതേപേരില്‍ ഒരു സഭയായി നിലനില്‍ക്കണമെങ്കില്‍ പുതിയ പള്ളികള്‍ സ്ഥാപിച്ചേ പറ്റൂ. 2002 മാര്‍ച്ച് 20-നു നിലവിലുണ്ടായിരുന്ന ഒരു ഇടവകപ്പള്ളിയിലും അവകാശവാദം നടത്താനോ അവിടെ നിന്നും പിരിഞ്ഞുപോകുന്നതിന് വീതം ആവശ്യപ്പെടാനോ ഈ വിധിമൂലം ഇനി സാധ്യമല്ല. സ്ഥാവരജംഗമ സ്വത്തുക്കളുടെ വീതമോ, സെമിത്തേരി അവകാശം പോലുമോ വിട്ടുകൊടുക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കും സാധ്യമല്ല. തവണവെച്ച് ഇരുകൂട്ടരും ശുശ്രൂഷകള്‍ നടത്തുന്ന സംവിധാനവും കോടതി വിലക്കിയിട്ടുണ്ട്.

1889-ല്‍ തിരുവിതാംകൂര്‍ റോയല്‍ കോടതി വിധിയേത്തുടര്‍ന്ന് നവീകരണ വിഭാഗം സ്ഥാപകന്‍ പാലക്കുന്നത്ത് തോമസ് മാര്‍ അത്താനാസ്യോസും കൂട്ടരും നേരിട്ടതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് യാക്കോബായ വിഭാഗം ഇന്നു നേരിടുന്നത്. നവീകരണ വിഭാഗത്തിനു നിലനില്‍പ്പിനായി സ്വന്തം അണികള്‍ക്കിടയില്‍ ചൂണ്ടിക്കാണിക്കാന്‍ വിശ്വസത്തിലുള്ള വൈജാത്യമെങ്കിലും ഉണ്ടായിരുന്നു. എങ്കിലും അവര്‍ക്ക് പുതിയ പള്ളികള്‍ വെച്ചു മാറേണ്ടിവന്നു. ഇന്ന് യാക്കോബായ വിഭാഗം നേതൃത്വത്തിന് അപ്രകാരം ഒരു വിശ്വാസവ്യത്യാസം ഓര്‍ത്തഡോക്‌സ് സഭയില്‍ ചൂണ്ടിക്കാട്ടാനില്ല. ഉള്ളത് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ മലങ്കരയിലെ അധികാരം മാത്രം. അതാകട്ടെ മാഞ്ഞുപോകുന്ന ബിന്ദുവിലാണന്നു കോടതി ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിധിക്കാസ്പദമായ ഹര്‍ജികള്‍ കീഴ്‌ക്കോടതി മുതല്‍ എല്ലായിടത്തും നല്‍കി ഇത്തരമൊരു വിധി എറ്റുവാങ്ങിയത് യാക്കോബായ വിഭാഗം നേതൃത്വമാണന്ന വസ്തുത അനുയായികള്‍ക്ക് വിശദീകരിക്കാനുള്ള ബാധ്യതയും അവരില്‍ത്തന്നെ നിക്ഷിപ്തമാണന്നതും അവരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

1877-ല്‍ ആരംഭിച്ച് 1889-ല്‍ തിരുവിതാംകൂര്‍ റോയല്‍കോടതി വിധിയില്‍ അവസാനിച്ച സെമിനാരിക്കേസില്‍ ആരംഭിച്ച മലങ്കരസഭാ വ്യവഹാരത്തിന് 2017 ജൂലൈ 3-നു ഏതാണ്ട് വിരാമിടുമ്പോള്‍ അതിലൊരു തനിയാവര്‍ത്തനമുണ്ട്. 1886-ലെ മാര്‍ത്തോമ്മാ ശ്ലീഹായുടെ പെരുന്നാള്‍ ദിവസമാണ് (പഴയ കണക്കിന് കര്‍ക്കിടകം 3) കുന്നംകുളം സ്വദേശിയായ പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ കോട്ടയം പഴയ സെമിനാരി നടത്തി എടുത്തത്. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയും കുന്നംകുളം സ്വദേശിയുമായ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കോലഞ്ചേരി പള്ളി വിധിനടത്തു ഹര്‍ജിയില്‍ ആത്യന്തിക വിജയം നേടിയത് 2017-ല്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ പെരുന്നാള്‍ ദിനം തന്ന (പുതിയ കണക്കിനു ജൂലൈ 3) ആണ്. രണ്ടവസരങ്ങളിലും അപ്പീല്‍ കൊടുത്ത കക്ഷികളാണ് പരാജയപ്പെട്ടതും!

ഡോ. എം. കുര്യന്‍ തോമസ്
July 12: 2017 – ovsonline

മലങ്കര സഭ തർക്കത്തേക്കുറിച്ചു ശരിയായ വസ്തുത എന്താണ് ?