Court OrdersOVS - ArticlesOVS - Latest News

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി

ന്യൂഡൽഹി∙ മലങ്കര സഭയ്ക്കു കീഴിൽ തർക്കം നിലനിന്ന പള്ളികളിൽ ഓർത്തഡോക്സ് സഭയ്ക്കും യാക്കോബായ സഭയ്ക്കും ഒരുപോലെ ആരാധന നടത്താൻ അവസരം നൽകണമെന്ന യാക്കോബായ സഭയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. ഇങ്ങനെ ചെയ്യുന്നതു സമാന്തര ഭരണത്തിന് ഇടയാക്കുമെന്നും അതു നിയമപരമായി അനുവദിക്കാൻ ആവില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അമിതാവ റോയ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വിധിയിൽ പറയുന്നു.

മലങ്കര സഭയിൽ ഇപ്പോഴുള്ള സ്ഥിതിവിശേഷം സൃഷ്ടിച്ചതിനു യാക്കോബായ സഭയെയാണ് കുറ്റപ്പെടുത്തേണ്ടതെന്നു വിധിന്യായത്തിൽ പറയുന്നു. 1934 -ലെ ഭരണഘടനയാണ് അംഗീകരിക്കേണ്ടതെന്ന സുപ്രീംകോടതിയുടെ 1995 -ലെ വിധി മാനിക്കാൻ യാക്കോബായ സഭ കൂട്ടാക്കിയില്ലെന്നും 276 പേജുകളുള്ള വിധിയിൽ കുറ്റപ്പെടുത്തി.

വിധിയുടെ വിശദാംശങ്ങൾ:
1– മലങ്കര സഭ എപ്പിസ്ക്കോപ്പൽ സ്വഭാവമുള്ളതും ഇത് 1934 ലെ ഭരണഘടനയിൽ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ഇടവകപ്പള്ളികളുടെ കാര്യങ്ങളിൽ പൂർണമായും ഭരണം നടത്തേണ്ടത് 1934 ലെ ഭരണ ഘടനപ്രകാരമാണ്, അത് നിലനിൽക്കുന്നതുമാണ്.

2– 1995 -ലെ വിധിക്കു പൂർണമായും അനുസൃതമാണ് ആ വർഷം പുറപ്പെടുവിച്ച തീർപ്പ് (decree). വിധിയും തീർപ്പും തമ്മിൽ ഒരു വ്യത്യാസവുമില്ല.

3– 1995 -ലെ വിധി എല്ലാ കാര്യങ്ങളിലും എല്ലാവർക്കും ബാധകവും പ്രാവർത്തികവുമാണ്. കാരണം അതു പ്രാതിനിധ്യ സ്വഭാവമുള്ള ഹർജി ആയിരുന്നു. മാത്രമല്ല, ഈ വിധി വീണ്ടും ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്. ഈ കേസിൽ ഉൾപ്പെട്ട കക്ഷികൾക്കു മാത്രമല്ല മലങ്കര സഭയിലെ എല്ലാ തൽപരകക്ഷികൾക്കും ഇതു ബാധകമാണ്. നേരത്തേയുള്ള സമുദായക്കേസിൽ ഉൾപ്പെട്ട ഇടവകകൾക്കും ഇടവകാംഗങ്ങൾക്കും ഇതു ബാധകമാണ്.

4– 1934 ലെ ഭരണഘടന എല്ലാ ഇടവകപ്പള്ളികൾക്കും ബാധകമാകയാൽ ഏതെങ്കിലും ഒരു പള്ളിക്ക് 2002 -ലേതു പോലെ പുതിയ ഭരണഘടന ഉണ്ടാക്കാൻ കഴിയില്ല. പാത്രിയർക്കീസിന്റെ ആധ്യാത്മിക പരമാധികാരത്തിന്റെ പേരിൽ നിലവിലുള്ള പള്ളികളിൽ സമാന്തര ഭരണസംവിധാനം ഉണ്ടാക്കാനും അനുമതിയില്ല.

5– പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധികാരി കാതോലിക്കായാണ്. ആധ്യാത്മിക അധികാരത്തോടൊപ്പം തന്നെ മലങ്കര മെത്രാപ്പെലീത്തയുടെ അധികാരവും കാതോലിക്കായ്ക്കുണ്ട്. 1934 ലെ ഭരണഘടന അനുശാസിക്കുന്നതനുസരിച്ചു മലങ്കര സഭയുടെ ഭൗതികവും പൗരോഹിത്യപരവും ആധ്യാത്മികവുമായ പരമാധികാരം മലങ്കര മെത്രാപ്പൊലീത്തയ്ക്കാണ്.

6– പാത്രിയർക്കീസിന്റെ ആധ്യാത്മിക അധികാരം അപ്രത്യക്ഷമായ മുനമ്പിൽ എത്തിക്കഴിഞ്ഞു എന്ന വസ്തുതയ്ക്ക് ഊന്നൽ നൽകേണ്ടിയിരിക്കുന്നു. തൽഫലമായി പാത്രിയർക്കീസിന് വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ എന്നിവരെ നിയമിച്ച് ഇടവകപ്പള്ളികളുടെ ഭരണത്തിൽ ഇടപെടാൻ കഴിയില്ല. ഇതുവഴി ഒരു സമാന്തര ഭരണ സംവിധാനം ഉണ്ടാക്കാനും കഴിയില്ല. 1934 ലെ ഭരണഘടന പ്രകാരം ഈ നിയമനങ്ങൾക്കുള്ള അധികാരം ബന്ധപ്പെട്ട ഭദ്രാസനത്തിനും മെത്രാപ്പൊലീത്തയ്ക്കുമാണ്.

7– മനുഷ്യാവകാശം സംബന്ധിച്ച സാർവലൗകിക പ്രഖ്യാപനം അനുച്ഛേദം 20 അനുസരിച്ച് ഒരു വ്യക്തിക്ക് ഒരു സംഘടനയുടെ ഭാഗമല്ല എന്ന നിലയിൽ ഒരു സഭവിട്ടു പോകാൻ എല്ലാ അവകാശവും ഉണ്ട്, എന്നാൽ മലങ്കരസഭയിൽ നിന്ന് ഒരു ഇടവകപ്പള്ളി അംഗങ്ങൾക്കു ഭൂരിപക്ഷമുണ്ടെങ്കിലും ഇല്ലെങ്കിലും വിട്ടുപോകാനാകില്ല.

8– ഒരു സഭ രൂപവൽക്കരിക്കുകയും അത് അതിലെ അംഗങ്ങൾക്കു ക്ഷേമകരമായിരിക്കുകയും ചെയ്യുമ്പോൾ ഭൂരിപക്ഷമുണ്ടെങ്കിൽപ്പോലും സ്വത്തോ ഭരണസമിതിയോ കൈപ്പിടിയിലാക്കാൻ ആർക്കും കഴിയില്ല. മലങ്കരസഭ ഒരു ട്രസ്റ്റിന്റെ രൂപത്തിലാണ്, സ്വത്തുക്കളെല്ലാം ട്രസ്റ്റിൽ നിക്ഷിപ്തമാണ്. 1934 -ലെ ഭരണഘടന പ്രകാരം ഇടവകാംഗങ്ങൾക്കു പള്ളി വിട്ടുപോകാം. പക്ഷേ, സഭയുടെ സ്ഥാവര, ജംഗമ സ്വത്തുക്കൾ ഒന്നും സഭയുടെ അനുമതിയില്ലാതെ കൊണ്ടു പോകാൻ കഴിയില്ല.

9– 1995 -ൽ ഈ കോടതിയുടെ വിധി മറികടക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ പരാതിക്കാർ പാത്രിയാർക്കീസിന് ആധ്യാത്മിക അധികാരം നൽകിയത്. കോടതിയുടെ വിധി പാത്രിയർക്കീസിനും കാതോലിക്കോസിനും എല്ലാവർക്കും ബാധകമാണ്.

10– ചരിത്ര പശ്ചാത്തലവും നടപടിക്രമങ്ങളും പരിഗണിക്കുമ്പോൾ പാത്രിയർക്കീസിനു വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ തുടങ്ങിയവരെ നിയമിക്കാനുള്ള അധികാരമില്ല. സഭയ്ക്കുള്ളിലെ മറ്റ് ഭരണാധികാരികൾക്കാണ് അതിനുള്ള അധികാരം. 1934 ലെ ഭരണഘടന ലംഘിച്ചു 2002 മുതൽ പള്ളികളിൽ സമാന്തര ഭരണ സംവിധാനം സൃഷ്ടിക്കാൻ പാത്രിയർക്കീസിന് അധികാരമില്ല.

11– പാത്രിയാർക്കീസ് ഇങ്ങനെ ഏകപക്ഷീയമായി അധികാരം പ്രയോഗിക്കുന്നതു തെറ്റാണെന്നു 1995 -ൽ ഈ കോടതി വിധിച്ചതാണ്. ഈ വിധിയും ലംഘിച്ചിരിക്കയാണ്. പാത്രിയർക്കീസിന് ഇങ്ങനെ ഏകപക്ഷീയമായി അധികാരം പ്രയോഗിക്കാൻ പാടില്ലെന്നു വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

12– ഇടവകാംഗങ്ങൾക്കു പാത്രിയാർക്കീസിൻറ പരമാധികാരത്തിലും അപ്പോസ്തോലിക പിന്തുടർച്ചയിലും വിശ്വസിക്കാൻ സ്വാതന്ത്യ്രമുണ്ട്. എന്നാൽ അതുപയോഗിച്ച് വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ എന്നിവരെ നിയമിക്കുന്നതു ശരിയല്ല, അത് 1934 -ലെ ഭരണഘടനയ്ക്കെതിരാണ്.

13– മലങ്കരസഭ 1934 -ലെ ഭരണഘടന പ്രകാരം എപ്പിസ്ക്കോപ്പലാണ്. ആഭ്യന്തരമായ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും ബിഷപ്പുമാരെ തിരഞ്ഞെടുക്കേണ്ടതും ഭദ്രാസനങ്ങളാണ്.

14– വികാരിയുടെ നിയമനം മതേതര വിഷയമാകാം. എന്നാൽ, 1934 ലെ ഭരണഘടനപ്രകാരം വികാരിമാരെയും വൈദികരെയും ഡീക്കന്മാരെയും മേൽപ്പട്ടക്കാരെയും നിയമിച്ചാൽ അത് ഇന്ത്യൻ ഭരണ ഘടനയുടെ 25, 26 അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങളുടെ ലംഘനമാവില്ല. ആധ്യാത്മിക പരമാധികാരത്തിന്റെ പേരിൽ ഇക്കാര്യങ്ങളിൽ ഇടപെടാൻ പാത്രിയർക്കീസിന് അധികാരമില്ല. അങ്ങനെ ചെയ്യണമെങ്കിൽ 1934 ലെ ഭരണഘടന ഭേദഗതി ചെയ്യണം. ഇത് എല്ലാവർക്കും ബാധകമാണ്.

15– വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ എന്നിവരുടെ നിയമനത്തിന് ഉടമ്പടി പ്രകാരവും കഴിയില്ല. 1934–ലെ ഭരണഘടന പ്രകാരമേ വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ എന്നിവരെ നിയമിക്കാനാകൂ. പാത്രിയർക്കീസിന്റെ ആധ്യാത്മിക അധികാരത്തിനു കീഴിൽ വരുന്നതല്ല അത്. മലങ്കര സഭയിലെ മറ്റു പലരിലും ആധ്യാത്മിക അധികാരം നിക്ഷിപ്തമാണ് .

16– സഭയുടെ പ്രവർത്തനം വിവിധ തലങ്ങളിൽ ചുമതലകൾ പങ്കുവയ്ക്കുന്നതിലൂടെയാണ്. എത്ര തന്നെ ഉയർന്ന പദവിയിൽ ഇരിക്കുന്ന വ്യക്തി ആയാലും ഇത് ഒരു വ്യക്തിയിൽ അധിഷ്ഠിതമാകുന്നതു ശരിയല്ല. കാര്യക്ഷമമായ ഭരണത്തിനു വേണ്ടിയാണ് 1934 ലെ ഭരണഘടനയിൽ അധികാര വിഭജനം കൊണ്ടു വന്നത്. സഭയുടെ എപ്പിസ്ക്കോപ്പൽ സ്വഭാവത്തിന് അത് എതിരാകുന്നില്ല. അന്ത്യോഖ്യയിലെ പാത്രിയാർക്കീസിന്റെ അധ്യാത്മിക പരമാധികാരത്തിന് എതിരായാണ് 1934 ലെ ഭരണ ഘടന കൊണ്ടുവന്നത് എന്നു കണക്കാക്കാനാവില്ല. പാത്രിയർക്കീസിന്റെ ആധ്യാത്മിക പരമാധികാരത്തിൽ വിശ്വസിക്കുന്ന ഇടവകാംഗങ്ങൾക്ക് എതിരായി കൊണ്ടു വന്ന അനീതിയായോ അടിച്ചമർത്തലായോ അതിനെ കാണുന്നതും ശരിയല്ല.

17–പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാവുന്നതല്ല. അത് ഇടവകാംഗങ്ങളുടെ അവകാശമായി തുടരണം. മലങ്കര സഭയിൽ വിശ്വസിക്കുന്നുവെങ്കിൽ ഇവിടെ അന്തസ്സോടെ സംസ്ക്കരിക്കപ്പെടുന്നതിന് ഒരു ഇടവകാംഗത്തിനുള്ള അവകാശത്തെ ആർക്കും നിഷേധിക്കാനാവില്ല. മലങ്കര സഭയുടെയും ഇടവകപ്പള്ളികളുടെയും വസ്തുവകകൾ ട്രസ്റ്റിന്റേതാണ്. കാലാകാലങ്ങളായി അത് ഇടവകാംഗങ്ങൾക്കു പ്രയോജനപ്പെടേണ്ടതാണ്. ഭൂരിപക്ഷമുണ്ട് എന്നു കരുതി അവ ആർക്കും കയ്യേറാനുള്ളതല്ല.

18– സഭയുടെ പൊതു വിശ്വാസം യേശു ക്രിസ്തുവിലാണ്. സഭയുടെ വിശ്വാസം കാതോലിക്കോസിന്റെയും പാത്രിയർക്കീസിന്റെയും അധികാരത്തിനൊപ്പമാണ് എന്ന് അനാവശ്യമായി വിഭജിക്കാൻ ശ്രമിക്കുകയാണ്. ആധ്യാത്മികതയുടെ മറവിൽ ഭൗതികമായ കാര്യങ്ങളിൽ ആധിപത്യം ഉറപ്പിക്കാനായി ഇത്തരം തർക്കങ്ങൾ ഉണ്ടാക്കുകയാണ്. ഈ തർക്കങ്ങൾക്ക് എന്തെങ്കിലും നല്ലതോ യഥാർഥമോ ആയ കാരണങ്ങളില്ല.

19– പാത്രിയർക്കീസിന്റെ അധികാരം ഒരിക്കലും പള്ളികളുടെ ഭൗതികഭരണത്തിലേക്കു നീണ്ടിട്ടില്ല. 1995 ലെ കോടതി വിധി പള്ളികളുടെ ഭരണത്തിൽ പാത്രിയർക്കീസ് അനാവശ്യമായി കൈകടത്തിയതിനെ ഓർത്തഡോക്സ് സഭ ചോദ്യം ചെയ്തതു പാത്രിയർക്കീസിന്റെ ആധ്യാത്മിക പരമാധികാരത്തെ കളങ്കപ്പെടുത്താൻ നടത്തിയ ശ്രമമായി കാണുന്നതു ശരിയല്ല. 1995 ലെ വിധിക്കു ശേഷം ഉണ്ടായ സ്ഥിതിവിശേഷത്തിന് യാക്കോബായ സഭയെയാണു കുറ്റപ്പെടുത്തേണ്ടത്. 1934 ലെ ഭരണ ഘടന അനുസരിച്ചുവേണം സഭയുടെ സ്വത്തുക്കൾ ഭരിക്കേണ്ടത്. എല്ലാവർക്കും ബാധകമായ 1995 ലെ വിധിയെ ബഹുമാനിക്കാൻ യാക്കോബായ സഭ തയ്യാറായില്ല. ഈ കോടതി 1995 ൽ നൽകിയ വിധി ലംഘിച്ചു വികാരിമാരെയും മറ്റും നിയമിക്കാൻ പാത്രിയർക്കീസും പ്രതിനിധികളും മുതിർന്നതിനെതിരേയാണു ഹൈക്കോടതിയിൽ ഓർത്തഡോക്സ് സഭയ്ക്കു റിട്ട് ഹർജികൾ നൽകേണ്ടി വന്നത്.

20– 1934 ലെ ഭരണഘടന നടപ്പാക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. അതു ലംഘിക്കപ്പെടുന്നതിന്റെ ഒരു നിരാശയും യാക്കോബായാ സഭയ്ക്കില്ല. മലങ്കരസഭ ഒരിക്കൽ നിലവിലുണ്ടെങ്കിൽ അത് അങ്ങനെ തന്നെ തുടരണം, അതിന്റെ വസ്തുവകകൾ ഉൾപ്പെടെ. ഏതെങ്കിലും ഒരു വിഭാഗത്തിനു ഭൂരിപക്ഷത്തിന്റെ പേരിലോ അല്ലാതെയോ വസ്തുക്കളുടെ ഭരണം ഏറ്റെടുക്കാനാവില്ല, അതു ഭരണത്തിൽ അനധികൃതമായ ഇടപെടലാണ്, വസ്തുവകകൾ അന്യായമായി പിടിച്ചെടുക്കലാണ്. ഭൂരിപക്ഷം ഉണ്ടെങ്കിൽപ്പോലും സഭയുടെ ഭരണമോ വസ്തുക്കളോ പിടിച്ചെടുക്കാൻ പാടില്ല. ഭരണം മാറ്റണമെങ്കിൽ അത് നിയമപരമായി 1934 ലെ ഭരണ ഘടന ഭേദഗതി വരുത്തി ചെയ്യണം. 1934 ലെ ഭരണ ഘടനയ്ക്കു വിരുദ്ധമായി ഇടവകപ്പള്ളികൾക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ല.

21– 1890 ലെയും 1913 ലെയും ഉടമ്പടികൾ പള്ളികളുടെ ഭരണത്തിനു വേണ്ടിയാണ്, അല്ലാതെ ട്രസ്റ്റിന്റെ രൂപവൽക്കരണത്തിനല്ല. അവയ്ക്ക് ഇന്ന് ഉപയോഗവുമില്ല. മാത്രമല്ല 1934 ലെ ഭരണ ഘടനയുടെ വ്യവസ്ഥകൾ അനുസരിച്ച് അവ നിലനിൽക്കില്ല. ഭരണഘടനയുടെ 132 ാം വകുപ്പ് അതു വ്യക്തമാക്കുന്നു. 1934 ലെ ഭരണഘടനയാണ് നിലനിൽക്കുക എന്ന് ഈ കോടതി തന്നെ പല വിധികളിലും പറഞ്ഞതു പ്രകാരവും ഈ ഉടമ്പടികൾക്ക് സാധുതയില്ല.

22–1934 ലെ ഭരണഘടന മലങ്കര സഭയുടെ വസ്തുക്കളുടെ അവകാശമോ ആധാരമോ താൽപ്പര്യമോ സംബന്ധിച്ചു നിലവിലുള്ളതോ ഭാവിയിലേതോ ആയ ഒന്നും സൃഷ്ടിക്കുകയോ പ്രഖ്യാപിക്കുകയോ ചുമതലപ്പെടുത്തുകയോ പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. ഭരണത്തിനുള്ള ഒരു സംവിധാനം ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്, അതു കൊണ്ടു തന്നെ അത് റജിസ്റ്റർ ചെയ്യേണ്ട കാര്യവുമില്ല. ഉടമ്പടികൾ റജിസ്റ്റർ ചെയ്തവയാണ്, അവ 1934 ലെ ഭരണഘടന വന്നപ്പോൾ നിലനിൽക്കാവുന്നതുമല്ല.

23–എപ്പിസ്ക്കോപ്പൽ ആയ സഭയിൽ പള്ളികൾക്ക് എത്രത്തോളം സ്വയംഭരണം സെക്‌ഷൻ 22 പ്രകാരം നൽകിയിട്ടുണ്ടോ അത് അവയുടെ ഭരണത്തിനും ചെലവുകൾക്കും വേണ്ടിയാണ്.
24–2002 ലെ ഭരണഘടന ഉണ്ടാക്കിയതു നിയമവിരുദ്ധവും അനാവശ്യവുമാണ്. അതിനെ അംഗീകരിക്കാനാവില്ല. മലങ്കര സഭയിലെ പള്ളികളുടെ സമാന്തര ഭരണത്തിനുള്ള സംവിധാനമായി അതിനെ കണക്കാക്കാനാവില്ല. 1934 ലെ ഭരണഘടന പ്രകാരമാണ് പള്ളികൾ ഭരണം നടത്തേണ്ടത്.

25– മണ്ണത്തൂർ പള്ളിയുടെ കാര്യത്തിൽ വീണ്ടും മറ്റൊരു നടപടിക്രമത്തിന്റെ ആവശ്യമില്ല. 26– ഇടവകപ്പള്ളികളുടെ ഭരണത്തിന് 1934 ലെ ഭരണ ഘടന അനുയോജ്യവും ശരിയായതുമാണ്. അതിനാൽ സിപിസി 92 പ്രകാരം മറ്റൊരു സംവിധാനം തയ്യാറാക്കേണ്ട ആവശ്യമില്ല.

27– രണ്ടു സഭകളും തമ്മിലുള്ള അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനാലും ഒത്തു തീർപ്പിനു വിദൂര സാധ്യത മാത്രമായതിനാലും ഓരോ വിഭാഗത്തിന്റെയും രണ്ടു വികാരിമാർക്ക് ആരാധന നടത്താൻ അവസരം നൽകണം എന്ന അപേക്ഷ പരിഗണിക്കാനാവില്ല. അതു സമാന്തര സംവിധാനത്തിനും ഭരണത്തിനും വഴിയൊരുക്കും.

28– രണ്ടു സഭയും അവർ പിന്തുടരുന്ന വിശുദ്ധ മതത്തിന്റെ പാവനതയ്ക്കു വേണ്ടിയും ഇനിയും സ്ഥാപനത്തിന്റെ ജീർണത ഒഴിവാക്കാനായി തർക്കവും അനിഷ്ട സംഭവങ്ങളും തുടരാതിരിക്കാനുമായി അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ ഭരണ ഘടന നിയമ പ്രകാരം ഭേദഗതി ചെയ്ത് ഒരു പൊതുവേദിയിൽ പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ് വേണ്ടത്. എന്നാൽ, അത് ഒരിക്കലും സമാന്തര സംവിധാനം ഉണ്ടാക്കാനോ പള്ളികളിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനോ പള്ളികൾ അടച്ചു പൂട്ടുന്ന നിലയിൽ എത്തിക്കാനോ ആവരുത്. അത് അംഗീകരിക്കാവുന്നതല്ല.

ഇക്കാരണങ്ങളാൽ ഈ ഹർജിയിൽ ഇടപെടൽ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. യാക്കോബായ സഭയുടെ ഹർജി തള്ളിക്കളയുന്നു.