OVS - Latest NewsSAINTS

വി. നിക്കോളാസ്: സാന്താ ക്ലോസിന്‍റെ കഥ

ക്രിസ്തുമസ് കാലം വരവായി, നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും കൊണ്ടു ഉണ്ണിയേശുവിനെ സ്വീകരിക്കാൻ നാടും നാട്ടാരും ഒരുങ്ങി നിൽക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പൻ അഥവാ സാന്താക്ലോസ് കുട്ടികളുടെ ഇഷ്ടകഥാപാത്രമാണ്. ആ സാന്താക്ലോസിനെപ്പറ്റിയുള്ള ഒരു ചരിത്രത്തിലേക്കു നമുക്കൊന്നു കണ്ണൊടിക്കാം.

സാന്താ ക്ലോസിന്‍റെ  കഥ ആരംഭിക്കുന്നതു നിക്കോളാസിലൂടെയാണ് മൂന്നാം നൂറ്റാണ്ടിൽ പാതാറ(Patara) എന്ന ഗ്രീക്ക് വില്ലേജിലാണ് അദ്ദേഹം ജനിച്ചത്. ഇന്ന് ആ പ്രദേശം തുർക്കിയുടെ പടിഞ്ഞാറേ തീരത്താണ്. സമ്പന്നരായ അവൻ്റെ മാതാപിതാക്കൾ കൊച്ചു നിക്കോളാസിനെ അടിയുറച്ചക്രിസ്തീയ വിശ്വാസത്തിലാണ് വളർത്തിയത്. ഒരു പകർച്ചവ്യാധി മൂലം അവൻ്റെ മാതാപിതാക്കൾ അവന്‍റെ  ചെറുപ്രായത്തിലെ മരണത്തിനു കീഴടങ്ങിയിരുന്നു.

യേശുക്രിസ്തുവിന്‍റെ വചനങ്ങള്‍ അക്ഷരം പ്രതി  ജീവിതത്തില്‍
“നിങ്ങൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു ദാനം ചെയ്യുക” എന്ന യേശുവിൻ്റെ വചനങ്ങള്‍  അക്ഷരം പ്രതി നിക്കോളാസ് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി. തൻ്റെ പിതൃസ്വത്തു മുഴുവൻ രോഗികളെയും പീഡിതരെയും ആവശ്യക്കാരെയും സഹായിക്കാൻ നിക്കോളാസ് ഉപയോഗിച്ചു. ദൈവത്തിനും ദൈവജനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച നിക്കോളാസിനെ ചെറുപ്രായത്തിൽത്തന്നെ മീറായിലെ (Myra) മെത്രാനാക്കി അവരോധിച്ചു. ദാനശീലത്താലും, സഹജീവികളോടുള്ള കരുണയായും നിക്കോളാസ് മെത്രാൻ്റെ കീർത്തി നാടെങ്ങും ദ്രുതഗതി യിൽ പരന്നു. കുട്ടികളോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹവും, കപ്പൽയാത്രക്കാരോ ടുള്ള അദ്ദേഹത്തിൻ്റെ പരിഗണനയും പ്രശസ്തമാണ്.

റോമൻ ചക്രവർത്തി ഡയോക്ലീഷൻ്റെ മതമർദ്ദനകാലത്ത് നിക്കോളാസ് മെത്രാൻ ക്രൈസ്തവ വിശ്വാസസംരക്ഷണത്തിനു വേണ്ടി ധാരാളം സഹിക്കുകയും നാടുകടത്തപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. അക്കാലത്ത് തടവറ അക്ഷരാർത്ഥത്തിൽ മെത്രാൻമാർ, പുരോഹിതന്മാർ, ഡീക്കന്മാർഎന്നിവരെക്കൊണ്ടാണ് നിറഞ്ഞിരുന്നത്. ശരിയായ കുറ്റവാളികൾക്ക് അന്നവിടെ സ്ഥാനമില്ലായിരുന്നു.

ജയിൽ വിമോചനത്തിനു ശേഷം AD 325 -ൽ നടന്ന നിഖ്യാ സൂനഹദോസിൽ നിക്കോളാസ് മെത്രാൻപങ്കെടുത്തു. AD 343 ഡിസംബർ മാസം ആറാം തീയതി അദ്ദേഹം മൃതിയടഞ്ഞു. മിറായിലെ കത്തീഡ്രൽ ദൈവാലയത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. വിശുദ്ധൻ്റെ കബറിടത്തിൽ മന്ന എന്നു വിളിക്കപ്പെടുന്ന സവിശേഷ രീതിയിലുള്ള ഒരു തിരുശേഷിപ്പ് രൂപപ്പെട്ടിട്ടുണ്ട്. ദ്രാവക രൂപത്തിലുള്ള പദാർത്ഥം ധാരാളം സൗഖ്യത്തിനു ഹേതുവാകുന്നതായി പറയപ്പെടുന്നു. ഇത് നിക്കോളാസിനോടുള്ള ഭക്തി വർദ്ധിക്കുന്നതിനു ഒരു കാരണവുമാണ്. അദേഹത്തിൻ്റെ മരണ ദിനം നിക്കോളാസ് ദിനമായി (ഡിസംബർ 6) ലോകമെമ്പാടും കൊണ്ടാടുന്നു .

നിക്കോളാസ് ജനങ്ങളെ രക്ഷിക്കുന്ന നിരവധി കഥകളുണ്ട്
ക്ഷാമങ്ങളിൽ നിന്നു നിക്കോളാസ് ജനങ്ങളെ രക്ഷിക്കുന്ന നിരവധി കഥകളുണ്ട്, അന്യായമായി കുറ്റമാരോപിക്കപ്പെട്ട നിഷ്കളങ്കരായ വ്യക്തികളെ വിശുദ്ധൻ രക്ഷിച്ചട്ടുണ്ട്. ധാരാളം ഉദാരമതിയായ പ്രവർത്തികൾ രഹസ്യത്തിൽ യാതൊരു പ്രതിഫലവുമില്ലാതെ നിക്കോളാസ് ചെയ്തട്ടുണ്ട്.ഇന്ന് പൗരസ്ത്യ സഭയിൽ നിക്കോളാസിനെ ഒരു അത്ഭുത പ്രവർത്തകനായും, പാശ്ചാത്യ സഭയിൽ പല കാര്യങ്ങളുടെയും മധ്യസ്ഥനായും വണങ്ങുന്നു. ഉദാഹരണത്തിന്, കുട്ടികളുടെ, നാവികരുടെ, ബാങ്ക് ജോലിക്കാരുടെ, പണ്ഡിതരുടെ, യാത്രക്കാരുടെ അനാഥരുടെ, വ്യാപാരികളുടെ, ന്യായാധിപന്മാരുടെ, വിവാഹ പ്രായമായ യുവതികളുടെ, ദരിദ്രരുടെ, വിദ്യാർത്ഥികളുടെ, തടവുകാരുടെ തുടങ്ങി നീളുന്നു ആ ലിസ്റ്റ്. ചുരുക്കത്തിൽ പ്രശ്നത്തിലകപ്പെട്ട വരുടെയും ആവശ്യമുള്ളവരുടെയും സംരക്ഷകനും സുഹൃത്തുമാണ് വി.നിക്കോളാസ്.

നാവികർ വിശുദ്ധ നിക്കോളാസിനെ അവരുടെ മധ്യസ്ഥനായി അവകാശമുന്നയിയിക്കുന്നു. അതിനാൽ പല തുറമുഖങ്ങളിലും വിശുദ്ധ നിക്കോളാസിന്റെ നാമത്തിൽ ചാപ്പലുകൾ നിർമ്മിച്ചട്ടുണ്ട്. മധ്യ നൂറ്റാണ്ടുകളിൽ വിശുദ്ധ നിക്കോളാസിന്റെ കീർത്തി പരന്നതിനെ തുടർന്ന് യൂറോപ്പിലെ പല  രാജ്യങ്ങളുടെയും നഗരങ്ങളുടെയും സ്വർഗ്ഗീയ മധ്യസ്ഥനായി നിക്കോളാസിനെ തിരഞ്ഞെടുത്തു. വി.നിക്കോളാസിൻ്റെ നാമധേയത്തിൽ ആയിരക്കണക്കിനു ദൈവാലയങ്ങൾ യുറോപ്പിൽ തന്നെയുണ്ട്. (ബെൽജിയം 300, റോമാ നഗരം 34, ഹോളണ്ട് 23, ഇംഗ്ലണ്ട് 400 ൽ കൂടുതൽ )

മീറായിലുള്ള നിക്കോളാസിന്‍റെ കബറിടം പ്രസിദ്ധമായൊരു തീർത്ഥാടന സ്ഥലമാണ്

relics-bari

തീർത്ഥാടന കേന്ദ്രങ്ങളുടെ ആത്മീയവും വാണിജ്യപരവുമായ ആനുകൂല്യങ്ങൾ കണക്കിലെടുത്ത് ഇറ്റാലിയൻ നഗരങ്ങളായവെനീസും ബാരിയും വിശുദ്ധ നിക്കോളാസിൻ്റെ തിരുശേഷിപ്പ് ലഭിക്കുന്നതിനായി പോരാടി. 1087 -ലെ വസന്ത കാലത്ത് ബാരിയിൽ നിന്നുള്ള നാവികർ നിക്കോളാസിൻ്റെ തിരുശേഷിപ്പു കരസ്ഥമാക്കുകയും ബാരിയിൽ മനോഹരമായ ഒരു ദൈവാലയം നിർമ്മിക്കുകയും ചെയ്തു. ബാരിയിലുള്ള നിക്കോളാസ് ദൈവാലയം (Basilica di San Nicola) മധ്യകാല യുറോപ്പിലെ പ്രസിദ്ധമായ ഒരു തീർത്ഥാടനകേന്ദ്രമായി മാറി, അതിനാൽ വിശുദ്ധ നിക്കോളാസ് “ബാരിയിലെ വിശുദ്ധൻ “ (Saint in Bari) എന്നും അറിയപ്പെടുന്നു.

കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും വിശുദ്ധ നിക്കോളാസിനെ വിശുദ്ധനായി അംഗീകരിക്കുമ്പോൾ,പ്രോട്ടസ്റ്റന്റു സഭകൾ അദ്ദേഹത്തിൻ്റെ ധീരോത്തമായ മനുഷ്യസ്നേഹത്തെയും ഹൃദയവിശാലതയെയും ബഹുമാനിക്കുന്നു. വിശുദ്ധൻ്റെ ഉദാരതയുടെയും നന്മയുടെയും ഓർമ്മകൾ നിലനിർത്താനായി ഡിസംബർ 6യുറോപ്പിലെങ്ങും വിശുദ്ധ നിക്കോളാസിൻ്റെ ദിനമായി ആഘോഷിക്കുന്നു. അന്നേദിനം ജർമ്മനിയിലും പോളണ്ടിലും ആൺകുട്ടികൾ ബിഷപിന്റെ വേഷം ധരിച്ച് പാവങ്ങൾക്കു വേണ്ടി ഭിക്ഷ യാചിക്കുന്ന ഒരു പതിവുണ്ട്. ഹോളണ്ടിലും ബെൽജിയത്തും നിക്കോളാസ് ഒരു ആവികപ്പലിൽ സ്പെയിനിൽ നിന്നു വരുമെന്നും,പിന്നീട് ഒരു വെളുത്ത കുതിരയിൽ യാത്ര ചെയ്തു എല്ലാവർക്കും സമ്മാനം നൽകുമെന്നും കുട്ടികൾ വിശ്വസിക്കുന്നു. ഡിസംബർ 6 യുറോപ്പിൽ മുഴുവൻ സമ്മാനം കൈമാറുന്ന ദിനമാണ്.

സെന്‍റ്  നിക്കോളാസ് ദിനം ഡിസംബര്‍ അഞ്ചിന്
ഹോളണ്ടിൽ സെന്‍റ്  നിക്കോളാസ് ദിനം ഡിസംബർ അഞ്ചിനാഘോഷിക്കുന്നു. അന്നേദിനം വൈകിട്ട് കുട്ടികൾ ചോക്ലേറ്റും ചെറിയ സമ്മാനങ്ങളും കൈമാറുന്നു. പിന്നീട് നിക്കോളാസിൻ്റെ കുതിരയ്ക്കായി അവരുടെ ഷൂസിനുള്ളിൽ ക്യാരറ്റും വൈക്കോലും അവർ കരുതി വയ്ക്കുന്നു. വി. നിക്കോളാസ് അവയ്ക്കു പകരം സമ്മാനം നൽകുമെന്നാണ് കുട്ടികളുടെ വിശ്വാസം. ആഗമനകാലത്തെ ഈ പങ്കു വയ്ക്കുന്ന മനോഭാവം ക്രിസ്തുമസിൻ്റെ അരൂപിയിൽ വളരാൻ സഹായകരമാണ്.

നിങ്ങള്‍ക്കറിയുമോ ? സെന്‍റ്  നിക്കോളവോസിന്‍റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള പരിശുദ്ധ സഭയിലെ ഏക ദേവാലയമാണ് പാമ്പാക്കുട സെന്‍റ്  ജോണ്‍സ് ഓർത്തഡോക്സ്‌ വലിയപള്ളി

ജെയ്സൺ കുന്നേൽ