ചെന്നൈ പ്രളയം : സഹായഹസ്തവുമായി ഒാര്‍ത്തഡോക്സ് സഭ
ചെന്നൈ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ നഗരവാസികള്‍ക്ക് സഹായവുമായി ഒാര്‍ത്തഡോക്സ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഒാര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
മദ്രാസ് ഭദ്രാസനത്തിന്‍റെ പ്രവര്‍ത്തനത്തോടൊപ്പം ഒാര്‍ത്തഡോക്സ് സഭാംഗങ്ങളായ ഒരുകൂട്ടം യുവജനങ്ങള്‍ ചേര്‍ന്ന് നടത്തുന്ന ജീവകാരുണ്യ സംഘടനയായ റൈസിംങ് ആര്‍ക്കും കൂടി ചേര്‍ന്ന് പന്ത്രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങളും, കുടിവെള്ളവും, വീട്ടുപകരണങ്ങളും വിതരണം ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഭയുടെ യുവജനവിഭാഗമായ എം.ജി.ഒാ.സി.എസ്.എം ആന്‍ഡ് യൂത്ത്മൂവ്മെന്‍റ് പ്രവര്‍ത്തകരും രംഗത്തുണ്ട്.
ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസിന്‍റെ അദ്ധ്യക്ഷതയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്തുവാനും, പുനരധിവാസ പദ്ധതികളെ കുറിച്ചും ആലോചിക്കുവന്‍ ബ്രോഡ് വേ സെന്‍റ് തോമസ് കത്തീഡ്രലില്‍ വൈദികരുടെയും, പള്ളി ഭാരവാഹികളുടെയും പ്രത്യേക ആലോചനായോഗം നടന്നു. ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ഭദ്രാസന സെക്രട്ടറി ഫാ. ജിജി മാത്യു വാകത്താനം വിശദീകരണം നല്‍കി.
പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഭാഗമായി അറുനൂറില്‍ ഏറെ കുടുംബങ്ങള്‍ക്ക് വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്യും. ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരോട് ഏകീഭവിക്കുവാനും അവരുടെ വേദനകളില്‍ പങ്കാളികളാകുവാനും എല്ലാവര്‍ക്കും കഴിയണമെന്ന് മാര്‍ ദീയസ്ക്കോറോസ് കല്പനയിലൂടെ ദേവാലയങ്ങളെ അറിയിച്ചു. ക്രിസ്തുമസ്, ന്യൂയര്‍, ആഘോഷങ്ങള്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ദേവാലയങ്ങളും പങ്കുചേരണമെന്നും അദ്ദേഹം വിശ്വാസികളെ ഒാര്‍മ്മപ്പെടുത്തി.