OVS - Latest NewsOVS-Kerala News

ചേപ്പാട് വലിയപള്ളിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർ ചിത്രങ്ങളുടെ പുനരാലേഖന പ്രദർശനം

ചേപ്പാട് :- സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർ ചിത്രങ്ങൾ പുനരാലേഖനം ചെയ്തു പ്രദർശിപ്പിച്ചു തുടങ്ങി. പള്ളിയിൽ ചുവർ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ളതു മദ്ബഹയിലാണ്. ഇവിടെ പ്രവേശനത്തിനു നിയന്ത്രണമുള്ളതിനാലാണ് എല്ലാവർക്കും കാണുന്നതിനായി പുനരാലേഖനം ചെയ്തത്. മലങ്കര മെത്രാപ്പൊലീത്ത ചേപ്പാട് മാർ ദിവന്നാസിയോസിന്റെ 161–ാം ഓർമപെരുന്നാൾ പളളിയിൽ നടത്തി വരികയാണ്. ഇതോടനുബന്ധിച്ചാണ് ഇന്നലെ മുതൽ 12 വരെ പുനരാലേഖനം ചെയ്ത ചുവർ ചിത്രങ്ങൾ കാണാൻ സൗകര്യം ഒരുക്കിയിട്ടുള്ളത് പള്ളിക്കു സമീപം പിഎംഡി സ്കൂൾ വളപ്പിലാണു മദ്ബഹയിലെ അതേ രീതിയിൽ തന്നെ സംവിധാനത്തിൽ 20 അടി ഉയരമുള്ള സ്ക്രീനിൽ ചിത്രങ്ങൾ ഒരുക്കി പ്രദർശിപ്പിച്ചിരിക്കുന്നത്.

ആയിരത്തി മുന്നൂറോളം വർഷം പഴക്കമുള്ള പള്ളിയിലെ ചുവർചിത്രങ്ങൾക്ക് 800 വർഷത്തെ പഴക്കം കരുതുന്നു. മദ്ബഹയുടെ മൂന്നു ചുവരുകളിലായാണു ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ളത്. അതേ സംവിധാനം ഒരുക്കിയാണു പുനരാലേഖനം ചെയ്തിട്ടുള്ളത്. ആകെ 48 ചിത്രങ്ങളാണുളളത്. മധ്യഭാഗത്ത് 12 ഉം ഇരുവശങ്ങളിലുമായി 18 വീതം ചിത്രങ്ങളുമാണുളളത്. യേശുവിന്റെ ശിഷ്യന്മാർ, മാലാഖമാർ, പീഡാനുഭവങ്ങൾ, പഴയ നിയമപുസ്തകത്തിലെ സന്ദർഭങ്ങൾ, നോഹയുടെ പെട്ടകം തുടങ്ങിയവയാണു ചുവർ ചിത്രങ്ങളിലുള്ളത്.

കേരളത്തിന്റെ വിശിഷ്ടമായ ചുവർചിത്ര കലാപാരമ്പര്യത്തിന്റെ ഭാഗമാണു ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ ചുവർചിത്രങ്ങളെന്നു പുനരാവിഷ്കാരം ചെയ്ത ചുവർചിത്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച ചരിത്ര ഗവേഷകൻ ഡോ. എം.ജി.ശശിഭൂഷൺ പറഞ്ഞു. വിസ്മൃതമായ കായംകുളം രാജ്യത്തിന്റെ കലാപൈതൃകത്തിന്റെ ഉത്തമ മാതൃകകളിലൊന്നാണ് ഇവ. ഇവയുടെ ശാസ്ത്രീയ സംരക്ഷണത്തിനു സംസ്ഥാന പുരാവസ്തു വകുപ്പ് സന്നദ്ധമാകണമെന്നും ശശിഭൂഷൺ പറഞ്ഞു. വികാരി എം.കെ.ഗീവർഗീസ് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജേക്കബ് ആപ്പേത്ത്, സെക്രട്ടറി തോമസ് ഗീവർഗീസ്, ട്രസ്റ്റി ജോൺ ചെറിയാൻ, ഗീവർഗീസ് കോശി, ജോൺ ഡാനിയേൽ, ടി.കെ.റോബി, അജോ ജോർജ് എന്നിവർ പ്രസംഗിച്ചു.