Court OrdersOVS - Latest NewsOVS-Exclusive NewsOVS-Kerala News

ചാത്തമറ്റം പള്ളി : വീതം വെയ്പ്പ് വിഫലമായി

ഇടവക പള്ളി ഇരു കക്ഷികള്‍ക്കുമായി വീതം വച്ചു നല്‍കണം എന്ന പൊതുയോഗ തീരുമാനം ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നു എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസ് അതോരിറ്റി അവസാനിപ്പിച്ചു. മലങ്കര സഭയിൽ വീതം വെയ്പ്പ് ഫോർമുലയ്ക്ക് അറുതി വരുത്തികൊണ്ടുള്ള സുപ്രധാന ഉത്തരവുണ്ടായത് ഓ.വി.എസ് അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ; ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പ്രസ്ഥാനത്തിന് മറ്റൊരു പൊൻതൂവൽ കൂടി !

മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭയുടെ അങ്കമാലി ഭദ്രസനത്തില്‍പെട്ട ചാത്തമറ്റം കര്‍മ്മേല്‍ സെന്‍റ് പീറ്റര്‍ ആന്‍ഡ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്‍സ്‌ സുറിയാനി പള്ളി സ്വത്തുക്കള്‍ ഇരു കക്ഷികള്‍ക്കുമായി വീതം വച്ചു നല്‍കണം എന്ന പൊതുയോഗ തീരുമാനം നടപ്പിലാക്കി കിട്ടുന്നതിനായി ഓര്‍ത്തഡോക്‍സ്‌ സഭാ അംഗങ്ങള്‍ വാദിയായും യാക്കോബായ വിഭാഗം പ്രതിഭാഗം ആയും എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസ് അതോരിറ്റി മുമ്പാകെ PLP No.51565/15 ആയി ഫയല്‍ ചെയ്ത കേസിന്മേല്‍ ഓര്‍ത്തഡോക്‍സ്‌ വിശ്വാസ സംരക്ഷകന്‍ അംഗങ്ങള്‍ 26.06.2016 -ല്‍ ആക്ഷേപം ബോധിപ്പിക്കുകയും, പ്രസ്തുത ആക്ഷേപം പരിശോധിച്ച് എതിര്‍പ്പ് ബോധ്യപ്പട്ടതിനാല്‍ വിഭജന തീരുമാനം നടപ്പില്‍ വരുത്താന്‍ ആവില്ല എന്നുകണ്ട് പ്രസ്തുത ഫയല്‍ ക്ലോസ്‌ ചെയ്യുന്നതായി ഇന്ന് (01.07.2016) എറണാകുളം ജില്ല ഫസ്റ്റ് അഡീഷണല്‍ സബ് ജഡ്ജ് അറിയിച്ചു.

പരാതിയുടെ പൂര്‍ണ രൂപം താഴെ കൊടുക്കുന്നു:-

ബഹുമാനപെട്ട ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുമ്പാകെ 2016 ജൂണ്‍ 8 ( ബുധന്‍ ) മാതൃഭൂമി ദിന പത്രത്തില്‍ 8- ആം പേജില്‍ വന്നിരുന്ന PLP No.51565/15 സംബന്ധിച്ചുള്ള നോട്ടീസ് പരസ്യത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം ടി കരാറിനെ കുറിച്ച് താഴെ പേര് എഴുതി ഒപ്പിട്ടിരിക്കുന്നവര്‍ ബോധിപ്പിക്കുന്ന ആക്ഷേപം.

1) ടി നോട്ടീസില്‍ പ്രതിപാദിച്ചിരിക്കുന്ന ചാത്തമറ്റം കാര്‍മേല്‍ സെന്‍റ് പീറ്റേഴ്‌സ് & സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ടതും 1934-ലെ സഭാ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടുന്നതും സഭയുടെ അവിഭാജ്യ ഘടകമായ (Constituent Parish Church) ഇടവക പള്ളിയാണ്.

2) ടി പളളി ബഹുമാനപെട്ട സുപ്രീംകോടതി 1995-ല്‍ തീര്‍പ്പ് കല്‍പ്പിച്ചതും AIR 1995 SC 2001 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസില്‍ 748 നമ്പറായി ലിസ്റ്റ് ചെയ്തിരിക്കുന്നതുമാണ്. ടി കേസില്‍ 1934-ലെ മലങ്കര സഭാ ഭരണഘടന മലങ്കര സഭയുടെ എല്ലാ ഇടവകപള്ളികള്‍ക്കും ബാധകമാണെന്ന് ടി ഉത്തരവില്‍ പ്രതിപാദിച്ചിരിക്കുന്നു. കൂടാതെ ഇടവക പള്ളികള്‍ കോണ്‍ഗ്രിഗേഷനല്‍ അല്ലായെന്നും 1934 -ലെ സഭാ ഭരണഘടനയില്‍ പറഞ്ഞിടത്തോളം എപ്പിസ്‌ക്കോപ്പല്‍ ആണെന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.

3) ടി പള്ളി ഉള്‍പ്പെടുന്ന മലങ്കര സഭയിലെ എല്ലാ ഇടവക പള്ളികളും പബ്ലിക് റിലീജിയസ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് എന്ന് വിവിധ കോടതി ഉത്തരവുകള്‍ വഴി സ്ഥപിക്കപെട്ടിടുള്ളതുമാണ് . ടി പള്ളിയും, പള്ളിവക സ്ഥാവര ജംഗമ വസ്തുക്കളും എന്‍ഡോവ്‌മെന്റ് പ്രോപ്പര്‍ട്ടി ആണെന്ന് കീഴ്‌ക്കോടതികളും ബഹുമാനപെട്ട സുപ്രീം കോടതിയും ആവര്‍ത്തിച്ച് ഉറപ്പിച്ചിട്ടുള്ളതുമാണ്. പ്രസ്തുത എന്‍ഡോവ്‌മെന്റ് പ്രോപ്പര്‍ട്ടി അതിലെ അംഗങ്ങള്‍ക്കോ മറ്റാര്‍ക്കുമോ വിഭജിച്ച് കൊടുക്കുന്നതിനോ ആയതിനെ സംബന്ധിച്ച് ഒരു കരാര്‍ ഉണ്ടാക്കുന്നതിനോ  ആര്‍ക്കും അധികാരമില്ലാത്തതുമാകുന്നു.

4) ടി സ്വത്തുക്കള്‍ പബ്ലിക് റിലീജിയസ് ചര്‍ച്ച് ആയതിനാല്‍ ഇതിന്‍റെ സ്വത്തുക്കള്‍ വിഭജിച്ചുകൊടുക്കുവാന്‍ ആര്‍ക്കും അവകാശമില്ലാത്തതാകുന്നു. ടി ട്രസ്റ്റ് വക സ്വത്തുക്കള്‍ വിഭജിച്ച് കൊടുത്ത് രൂപഭേദം വരുത്തുവാന്‍ ആര്‍ക്കും അവകാശം ഇല്ലാത്തതാകുന്നു.

5) സുപ്രീം കോടതി അംഗീകരിച്ചതായ 1934-ലെ സഭാ ഭരണഘടനപ്രകാരം ഇടവക പള്ളിയുടെ സ്വത്തുക്കള്‍ വിഭജിച്ച് നല്‍കുവാന്‍ വ്യവസ്ഥകളില്ലാത്തതാകുന്നു.

6) 1995-ലെ സുപ്രീം കോടതി ഉത്തരവിന്‍ പ്രകാരം 2002 മാര്‍ച്ച് 20-ന് സുപ്രീം കോടതി നിയമിച്ച നിരീക്ഷകന്‍റെ സാന്നിദ്ധ്യത്തില്‍ പരുമലയില്‍ നടത്തിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ മലങ്കര മെത്രാപ്പോലിത്തയായി  തിരഞ്ഞെടുക്കപെട്ടതും മറ്റൊരു  നിയമ വേദിയില്‍ ചോദ്യം ചെയ്യപ്പെടാനാവത്ത വിധം സ്ഥാനം ഉറപ്പിച്ച പൗരസ്ത്യ കതോലിക്കയും, മലങ്കര  മെത്രാപ്പോലിത്തായുമായ പ.മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 90/2002, 110/2002 കല്‍പ്പനകള്‍ പ്രകാരം ‘മലങ്കര സഭയെ വിഭജിക്കുവാനോ, ഭാഗിച്ച് വീതം വയ്ക്കുവാനോ  നാം ഉള്‍പ്പെടെ ആര്‍ക്കും അവകാശമില്ലായെന്ന് മാത്രമല്ല ആ വഴിക്കുള്ള ഏതു നീക്കവും ബഹുമാനപെട്ട സുപ്രീം കോടതിയുടെ തീര്‍ച്ചകള്‍ക്ക് വിരുദ്ധവും കോടതി അലക്ഷ്യവുമാണ്’ എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.

7) മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍ ഉള്‍പെട്ട ഉമ്മിണിക്കുന്ന് മര്‍ത്തമറിയം ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ ഇത്തരത്തില്‍ പള്ളി സ്വത്തുക്കള്‍ പങ്ക് വയ്ക്കുന്നതിന് നീക്കം ഉണ്ടായപ്പോള്‍ 244/2006 കല്‍പ്പന പ്രകാരം പ.മാത്യൂസ് ദ്വിതീയന്‍ ബാവായുടെ പിന്‍ഗാമിയായ പ.ബസേലിയസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ബാവ പ്രസ്തുത നീക്കത്തെ തടസ്സപ്പെടുത്തുകയും ‘ഇടവകകളോ, വ്യക്തികളോ സഭാ സമിതിയുടെ അനുവാദം കൂടാതെ ചര്‍ച്ചക്കോ, തീരുമാനമോ എടുക്കുന്നത് ഉചിതമല്ല. പ്രത്യേകിച്ച് പള്ളിവക സെമിത്തേരി സ്ഥാപനങ്ങള്‍ സ്വത്തുക്കള്‍ എന്നിവ സംബന്ധിച്ച് നമ്മുടെ കല്‍പ്പന കൂടാതെ ചര്‍ച്ചകള്‍ നടത്തുന്നതിനോ, തീരുമാനങ്ങള്‍ എടുക്കുന്നതിനോ ഇടവകകള്‍ക്ക് അവകാശമുള്ളതല്ല. ഇടവകകള്‍ പരിശുദ്ധ സഭയുടെ അവിഭാജ്യ ഘടകങ്ങളും സഭയുടെ സ്വത്തുക്കളുമാണ്. ആയതിനാല്‍ ഇപ്രകാരം മേല്‍പ്പടി പള്ളി ഭാഗംവച്ച് പിരിയുന്നത് കല്‍പ്പന ലംഘനവും നിയമ നിഷേധവുമാണ് എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ എല്ലാ സ്ഥാനികളെയും, അംഗങ്ങളെയും അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.

8) 2008 ഫെബ്രുവരിയില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ.എപ്പിസ്‌ക്കോപ്പല്‍ സിനഡില്‍ വിഭജിച്ചു പിരിയുക എന്നുള്ള ആശയത്തെപ്പറ്റി ചിന്തിക്കുകയും ആയത് സംബന്ധമായി നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായ പ്രകടനങ്ങള്‍ അനുസരിച്ച് മലങ്കര സഭ പിന്‍തുടര്‍ന്ന് വന്ന നയങ്ങള്‍ക്ക് യോജിക്കുന്നതല്ല എന്ന് സുനഹദോസ് അംഗങ്ങള്‍ ഏക കണ്ഠമായി അഭിപ്രായപ്പെടുകയുായി. യാതൊരുവിധ ഒത്തുതീര്‍പ്പിനും സഭ സന്നദ്ധമല്ലായെന്നും വിഭജിച്ചുപിരിയുക എന്ന നിലയിലുള്ള പ്രചരണം ഒരു കാലത്തും അനുവദനീയമല്ലയെന്നുള്ള പ.എപ്പിസ്‌ക്കോപ്പല്‍ സുനഹദോസിന്റെ തീരുമാനം. ടി കല്‍പ്പനയിലൂടെ അറിയിച്ചിട്ടുള്ളതാകുന്നു. ടി കല്‍പ്പന പ്രകാരം ചാത്തമറ്റ കര്‍മേല്‍ സെന്‍റ്  പോള്‍സ് & സെന്‍റ്  പീറ്റേഴ്‌സ് പള്ളിയുടെ സ്വത്തുക്കള്‍ പങ്കുവച്ച് നല്‍കുവാനുള്ള തീരുമാനം ടി സുനഹാദോസ്  തീരുമാനങ്ങള്‍ക്ക് വിരുദ്ധവുമാകുന്നു.

9) ബഹുമാനപെട്ട സൂപ്രീംകോടതി വിധി AIR 1995 SC 2045 ഖണ്ഡിക പ്രകാരം ഖണ്ഡിക 69 അനുസരിച്ച് മലങ്കര സഭയുടെ ട്രസ്റ്റ് സ്വത്തുക്കളുടെ സ്വഭാവം മാറ്റാന്‍ ആര്‍ക്കും അധികാരമില്ലാത്തതും, നിലവിലെ അവസ്ഥയില്‍ ഭേദഗതികള്‍ വരുത്താതെ സംരക്ഷിക്കപ്പെടേതുമാണ്. പ്രസ്തുത കാര്യം RFA No. 320/2014 മണ്ണത്തൂര്‍ സെന്‍റ്  ജോര്‍ജ്ജ് പള്ളിയെ സംബന്ധിച്ച വിധിന്യായത്തില്‍ ഖണ്ഡിക 19 -ല്‍ ബഹു. ഹൈക്കോടതി തീരുമാനിച്ചിട്ടുണ്ട്. ആയതിനാല്‍ മേല്‍പ്പടി പത്രപരസ്യപ്രകാരം ഉള്ള പങ്കുവയ്ക്കല്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നുമാത്രമല്ല, കോടതി അലക്ഷ്യം കൂടി ആകുന്നു.

10) മേല്‍പ്പടി PLP No.51565/15 പത്രപരസ്യം നോട്ടീസിലെ Respondents മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയില്‍ നിന്നും സ്വമേധയാ പിരിഞ്ഞ് പുറത്തുപോയവരും പുതിയ സഭ സ്ഥാപിച്ച് മേല്‍പ്പടി സഭയില്‍ നിന്ന് ബന്ധം വിടര്‍ത്തിയവരുമാണ്. മേല്‍പ്പടി Respondents യുമായി ഒരു കരാര്‍ ഉണ്ടാക്കി ടി പള്ളിവക സ്വത്തുക്കള്‍ പങ്കുവച്ച് എടുക്കുന്നത് നിയമ വിരുദ്ധവിരുദ്ധവും കോടതി അലക്ഷ്യവും സ്വാഭാവിക നീതിവിരുദ്ധവും, പ്രാരംഭം മുതല്‍ തന്നെ അസാധുവും ആകൂന്നു.

11) മുകളിലെ ഖണ്ഡികകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാരണങ്ങളാലും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പ.ബസേലിയസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ബാവ, പ.എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, അങ്കമലി മെത്രാസന ഇടവകയുടെ അഭി.യൂഹാന്നോന്‍ മാര്‍ പോളികര്‍പ്പോസ് തിരുമേനി എന്നിവരെ കക്ഷി ചേര്‍ക്കാതെയും അവരെ കേള്‍ക്കാതെയും ചെയ്തിരിക്കുന്നതിനാല്‍ ഈ പത്രപരസ്യത്തിന്  NonJointer  ദോഷമുള്ളതിനാലും ഈ പത്രപരസ്യത്തിന്‍ പ്രകാരമുള്ള പങ്കുവയ്ക്കല്‍ നിയമപരമായി തുടക്കംമുതല്‍ നിലനില്‍ക്കുന്നതല്ല.

12) മുകളില്‍ പ്രസ്താവിച്ചിരിക്കുന്ന എല്ലാ കാരണങ്ങളാലും മേല്‍പ്പറഞ്ഞ പങ്കുവയ്ക്കല്‍ കോടതി വിധികളുടെ നഗ്നലംഘനമാകയാലും പങ്കുവയ്ക്കല്‍ കരാര്‍ തുടക്കംമുതല്‍ അസാധുവായതിനാലും ചാത്തമറ്റം കര്‍മ്മേല്‍ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളിയുടെ വസ്തുവകകള്‍ പങ്കുവയ്ക്കുന്ന കരാറിന്റെ നടപടി ക്രമങ്ങള്‍ റദ്ദ് ചെയ്യണമെന്ന് ഇതിനാല്‍ ഞങ്ങള്‍ പരാതിപ്പെടുന്നു. ഞങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നോട്ട് പോകുന്ന പക്ഷം ഞങ്ങളെക്കൂടി കക്ഷി ചേര്‍ക്കണമെന്നും അല്ലാത്ത പക്ഷം ഞങ്ങള്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചുകൊള്ളുന്നു.