OVS - ArticlesOVS - Latest NewsTrue Faith

മാര്‍ത്തോമ്മാ (ഒന്നാമന്‍റെ) സിംഹാസനം

പലനാള്‍ ആവര്‍ത്തിക്കുന്ന ഒരു വ്യാജപ്രസ്താവന സമീപ ദിവസങ്ങളില്‍ നവമാദ്ധ്യമങ്ങളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ നിജസ്ഥിതി ബോദ്ധ്യപ്പെടുത്താന്‍ പ്രതികാരിക്കാതിരിക്കുക അസാദ്ധ്യമായി എന്നതിനാലാണ് ഈ കുറിപ്പ് എഴുതുന്നത്. ഒരു കള്ളം പലവട്ടം ആവര്‍ത്തിച്ചാല്‍ അതു സത്യമാകുമെന്ന മിദ്ധ്യാധാരണ വെച്ചുപലര്‍ത്തുന്നവര്‍ വ്യക്തമായ തെളിവു സഹിതം അതു തെറ്റെന്നു വ്യക്തമാക്കിയാലും അംഗീകരിക്കില്ല എന്ന് അറിഞ്ഞുതന്നെയാണ് ഈ കുറിപ്പ് എഴുതുന്നതും.

1889-ല്‍ തന്‍റെ മലങ്കര മെത്രാന്‍ സ്ഥാനത്തിനുള്ള അവകാശവാദം തിരുവിതാംകൂര്‍ റോയല്‍ കോടതി തള്ളിയതിനെത്തുടര്‍ന്ന് പാലക്കുന്നത്ത് മാര്‍ തോമസ് അത്താനാസ്യോസും കൂട്ടരും മലങ്കരസഭയില്‍ നിന്നും പിരിഞ്ഞ് പുതിയൊരു സഭ സ്ഥാപിച്ചു. ആദ്യം നവീകരണ സുറിയാനി സഭ എന്നറിയപ്പെട്ടിരുന്ന ഈ വിഭാഗം പിന്നീട് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ എന്നു സ്വയം പുനര്‍നാമകരണം ചെയ്തു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി അവര്‍ നടത്തുന്ന ഒരു അവകാശവാദപ്രകാരം മലങ്കരയിലെ അറിയപ്പെടുന്ന ആദ്യ തദ്ദേശീയ മെത്രാനായ മഹാനായ മാര്‍ത്തോമ്മാ ഒന്നാമനെ വാഴിക്കാനുപയോഗിച്ച സിംഹാസനം മാര്‍ത്തോമ്മാ സഭയുടെ കൈവശമുണ്ട്! അത് ഉപയോഗിച്ചാണ് ഇതഃപര്യന്തം മാര്‍ത്തോമ്മാ സഭയിലെ മെത്രാന്മാരെ വാഴിക്കുന്നത്! റോയല്‍ കോടതി വിധിയെ തുടര്‍ന്ന് പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ പഴയ സെമിനാരി നടത്തിയെടുത്തപ്പോള്‍ മാര്‍ത്തോമ്മാ സിംഹാസനം കൂടി എടുത്തുകൊണ്ടുപോയി എന്നു പരിഹാസരൂപേണ ആക്രോശിച്ചുകൊണ്ട് സെമിനാരിയുടെ മുകള്‍ നിലയില്‍നിന്നും അത് താഴേക്ക് എറിഞ്ഞുകൊടുത്തെന്നും, കേടുപാടുപറ്റിയ ആ കസേര അവിടെ അപ്പോള്‍ കൂടിയിരുന്ന മാര്‍ തോമസ് അത്താനാസ്യോസിന്‍റെ കക്ഷിക്കാര്‍ ഭക്ത്യാദരപൂര്‍വം എടുത്തുകൊണ്ടുപോയി അറ്റകുറ്റപ്പണി നടത്തി സൂക്ഷിക്കുന്നു എന്നുമാണ് അവരുടെ വാദം.

അടിമുടി ചരിത്ര സ്ഖലിതങ്ങള്‍ നിറഞ്ഞതാണ് ഈ വിചിത്രവാദം. അതിനു പല കാരണങ്ങള്‍ ഉണ്ട്. അവയിലേയ്ക്കു കടക്കുംമുമ്പ് മാര്‍ത്തോമ്മാ ഒന്നാമന്‍റെ സിംഹാസനത്തെപ്പറ്റിയുള്ള മാര്‍ത്തോമ്മാ സഭയുടെ ഔദ്യോഗിക നിലപാട് പരിശോധിക്കാം. മാര്‍ത്തോമ്മാ സഭയുടെ ഔദ്യോഗിക വെബ്സൈറ്റ് (http://marthoma.in/the-church/heritage/) പ്രകാരം  …Their dream was finally materialized when their Archdeacon, Thomas by name, was duly consecrated with the title ‘Mar Thoma’ in 1665 by Mar Gregorius of Jerusalem who was associated with the Jacobite Patriarchate of Antioch. … The throne used for this consecration in 1655 is still in the possession of the Mar Thoma Church and kept in the Poolatheen, the residence of the Malankara Metropolitan at Tiruvalla. It has been used in the installation of every Mar Thoma Metropolitan, to this day, so that the continuity of the throne of Mar Thoma is ensured. … എന്നാണ് ഈ സംഭവം വര്‍ണ്ണിക്കപ്പെടുന്നത്. പന്ത്രണ്ടു പട്ടക്കാര്‍ കൂടി തോമ്മാ അര്‍ക്കദ്യക്കോനെ മെത്രാനായി വാഴിച്ചത് 1653 മെയ് 1-നു ആണെന്നതും, 1665-ല്‍ കേരളത്തിലെത്തിയ യെറുശലേമിലെ സുറിയാനി പാത്രിയര്‍ക്കീസ് മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ ജലീദ് അദ്ദേഹത്തിന്‍റെ സ്ഥാനം ക്രമപ്പെടുത്തിയത് അതേ വര്‍ഷമാണന്നതും, വെബ്സൈറ്റില്‍ പറയുന്ന 1655-നു യാതൊരു പ്രസക്തിയുമില്ലന്ന വസ്തുതയും തല്‍ക്കാലം മറക്കാം. വസ്തുതാപരമായ വിശകലനത്തിലേയ്ക്ക് കടക്കാം.

ഒന്നാമതായി, 1653-ല്‍ മാര്‍ത്തോമ്മാ ഒന്നാമനെ വാഴിച്ച ആലങ്ങാട്ടു പള്ളി പില്‍ക്കാലത്ത് അദ്ദേഹത്തെ അടിച്ചമര്‍ത്തുവാന്‍ നിയോഗിതനായ റോമന്‍ കത്തോലിക്കാ മെത്രാന്‍ ജോസഫ് സെബസ്ത്യാനിയുടെ നിയന്ത്രണത്തിലായി. വൈരാഗ്യ ബുദ്ധിയോടെ മാര്‍ത്തോമ്മാ ഒന്നാമനെ വേട്ടയാടുകയും അദ്ദേഹത്തിന്‍റ പുരാതനമായ അങ്കമാലി അരമന രാജസഹായത്തോടെ കൈവശപ്പെടുത്തി അഗ്ന്യാഹൂതി നടത്തുകയും ചെയ്ത സെബസ്ത്യാനി ഈ വിലപ്പെട്ട മുതല്‍ വിട്ടുകൊടുക്കുമെന്നു വിശ്വസിക്കാന്‍ പ്രയാസം. മാത്രമല്ല, സെബസ്ത്യാനിയുടെ കയ്യില്‍പെടാതെ മുളന്തുരുത്തിപ്പള്ളിയില്‍ നിന്നും ഉടുതുണിപോലും ഉപേക്ഷിച്ച് ഒളിച്ചോടേണ്ടി വരികയും, ഒരു ദശാബ്ദക്കാലം കാല്‍വെന്ത നായ പോലെ ജീവനുവേണ്ടി ഓടേണ്ടി വരികയും ചെയ്ത മാര്‍ത്തോമ്മാ ഒന്നാമനും സന്തതസഹചാരി ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരും ഈ സിംഹാസനവും പേറിയാണ് തങ്ങളുടെ സഞ്ചാരപഥങ്ങള്‍ താണ്ടിയതെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്!

രണ്ടാമതായി, 1665-ല്‍ മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ ജലീദ് മാര്‍ത്തോമ്മാ ഒന്നാമന്‍റെ സ്ഥാനം ക്രമപ്പെടുത്തിയത് എവിടെവച്ച് എന്നു വ്യക്തമായ യാതൊരു രേഖയുമില്ല. നിരണത്തുവെച്ചെന്നു ചിലര്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിനുപോല്‍ബലകമായ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. മാത്രവുമല്ല, കോട്ടയത്തു സെമിനാരി സ്ഥാപിക്കുന്ന 1815 വരെ മലങ്കര മെത്രാന്മാര്‍ക്ക് സ്ഥിരമായ ഒരു വാസസ്ഥലം ഇല്ലായിരുന്നു. സാമ്പത്തിക ഭദ്രതയുള്ള പള്ളികളില്‍ മാറിമാറി താമസിച്ചിരുന്ന അവരെ വാഴിച്ചിരുന്നതും വ്യത്യസ്ഥ പള്ളികളില്‍ വെച്ചായിരുന്നു. അവിടെയെല്ലാം ഈ സിംഹാസനം ചുമന്നുകൊണ്ടു പോയോ? ഇത്രയും പ്രാധാന്യമുള്ള മലങ്കര സിംഹാസനം സ്ഥാപനകാലത്തോ പിന്നീടോ പഴയ സെമിനാരിയിലേയ്ക്കു മാറ്റിയതിനും രേഖ പോയിട്ട് വായ്മൊഴി പാരമ്പര്യംപോലുമില്ല. സി.എം.എസ് മിഷിനറിമാരുമായി ചട്ടിയും കലവുംവരെ വീതംവെച്ച കൊച്ചി പഞ്ചായത്തു വിധിയിലും പരാമര്‍ശനമില്ല. ചുരുക്കത്തില്‍, ഇത്തരമൊരു കസേരയുടെ അസ്തിത്വംതന്നെ ചോദ്യ ചിഹ്നത്തിലാണ്.

അടുത്തതായി സെമിനാരി നടത്തിഎടുത്തതിനോടനുബന്ധിച്ചുള്ള സംഭവങ്ങള്‍ പരിശോധിക്കാം. കൊല്ലവര്‍ഷം 1061 (1886) തുലാം 19-നു തിരുവിതാംകൂര്‍ ഹൈക്കോടതി മാര്‍ ദീവന്നാസ്യോസ് അഞ്ചാമനു അനുകൂലമായി വിധി പ്രഖ്യാപിച്ചു. തുടര്‍ന്ന് അദ്ദേഹം ആലപ്പുഴ ജില്ലാകോര്‍ട്ടില്‍ പി. ജെ. പുന്നന്‍ വക്കില്‍ മുഖാന്തിരം വിധിനടത്തു ഹര്‍ജികൊടുത്തു. പക്ഷേ ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു വിധിനടത്ത് നീട്ടിക്കൊണ്ടുപോയി. തുടര്‍ന്നു നടന്ന സംഭവങ്ങളെപ്പറ്റി മാര്‍ ദീവന്നാസ്യോസിന്‍റെ വ്യവഹാര കാര്യസ്ഥനായിരുന്ന ഇടവഴിക്കല്‍ ഇ. എം. ഫിലിപ്പിന്‍റെ വിവരണം ഇപ്രകാരമാണ്. …. 1061 മിഥുനമാസത്തില്‍ രാമനാഥരായര്‍ കോട്ടയത്തേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ ആലപ്പുഴ താമസിച്ചു വിധിനടത്തു ഹര്‍ജി ബോധിപ്പിച്ചു വാദിച്ചു. …. ജഡ്ജി ഒരു തടസവും പറയാതെ അനുവദിച്ച് ഉത്തരവിട്ടു. ആ ഉത്തരവിന്‍പ്രകാരം ആമ്മ്യന്‍ കോട്ടയത്തു വന്നപ്പോള്‍ സെമ്മിനാരി കെട്ടിടങ്ങള്‍ പൂട്ടിക്കാണുകയാല്‍ വിവരം കോര്‍ട്ടിലേയ്ക്കു റിപ്പോര്‍ട്ടു ചെയ്തതില്‍ കൊല്ലനെ വരുത്തി തുറപ്പിക്കാന്‍ ആമ്മ്യന്‍റെ പേര്‍ക്കും, വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ മജിസ്രേട്ടിന്‍റെയും പോലീസ് ഇന്‍സ്പക്ടറുടേയും പേര്‍ക്കും കോര്‍ട്ടില്‍നിന്നും ഉത്തരവു വന്നു. അതിന്‍പ്രകാരം സിമ്മനാരിയുടെ പൂട്ടുകള്‍ എടുപ്പിച്ചു നടത്തിത്തരികയും സുറിയാനി കണക്കില്‍ കര്‍ക്കിടകം 3-നു മാര്‍ തോമ്മാശ്ലീഹായുടെ ദുക്ക്റാന ദിവസം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും മാര്‍ ശെമവോന്‍ അത്താനാസ്യോസ് ബാവായും അവിടെ പ്രവേശിക്കുകയും ചെയ്തു. …

ഇടവഴിക്കല്‍ ഇ. എം. ഫിലിപ്പില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ വ്യവഹാര കാര്യസ്ഥന്‍ എന്ന നിലയില്‍ പക്ഷപാതിത്വം ആരോപിച്ചാലും ഇതിലുപരി ഈ സംഭവത്തിന്‍റെ ഒരു ദൃക്സാക്ഷി വിവരണം ലഭ്യമാണ്. പ്രസിദ്ധീകരിക്കുമെന്നോ പുറംലോകം കാണുമെന്നോ സ്വപ്നേനി പ്രതീക്ഷിക്കാതെ വാകത്താനം കാരുചിറ ഗീവര്‍ഗീസ് ശെമ്മാശന്‍ (പിന്നീട് പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ) തന്‍റെ മരണപര്യന്തം എഴുതി സൂക്ഷിച്ച സഭാജീവിത നാള്‍വഴി എന്ന ഡയറിയാണത്. അതിലെ പ്രസക്ത ഭാഗം താഴെ പറയുംപ്രകാരമാണ്.

… ഇതിനിടയില്‍ മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായും മാര്‍ ശെമഓന്‍ അത്തനാസ്യോസ് ബാവായും കോട്ടയത്ത് പുത്തനങ്ങാടി കുരിശു പള്ളിയില്‍ നീങ്ങിയിരിക്കുമ്പോള്‍ ഗീവറുഗീസു ശെമ്മാശു തിരുമേനികളെ കാണ്‍മാനായി കുരിശുപള്ളിയില്‍ എത്തി അനുഗ്രഹം വാങ്ങി അവിടെ താമസിച്ചു. പിറ്റെ ദിവസമായ കര്‍ക്കടകം 3-ന് സിമ്മനാരി വ്യവഹാരം ബാവാ കക്ഷികള്‍ക്ക് ഗുണമായി വിധി ഉണ്ടായതിനാല്‍ വിധി നടത്തി സിമ്മനാരി കൈവശപ്പെടുത്തുന്നതിനായി തിരുമേനികള്‍ കുരിശുപള്ളിയില്‍ നിന്ന് പുറപ്പെട്ട് പുത്തന്‍പള്ളിയില്‍ കേറി പ്രാര്‍ത്ഥനയും കഴിച്ച് താഴത്തങ്ങാടി വഴിയായി സിമ്മനാരിയില്‍ എത്തി. അന്ന് വലിയ വെള്ളപ്പൊക്കമായിരുന്നതിനാല്‍ ബോട്ട് സിമ്മനാരിയുടെ പടിഞ്ഞാറെ മിറ്റത്ത് അടുത്തു. ഗീവറുഗീസു ശെമ്മാശു തിരുമേനികളോട് കൂടെ സിമ്മനാരിയിലേക്ക് പോയി. സിമ്മനാരി മുഴുവന്‍ പൂട്ടി ഇട്ടിരിക്കുകയായിരുന്നു. ആദ്യമേ പടിഞ്ഞാറെ വലിയ വാതിലിന്‍റെ പൂട്ട് തല്ലിച്ചു. പിന്നീട് പള്ളിയുടേതും തല്ലിച്ചു. പള്ളിയുടെ ത്രോണോസിങ്കലും കബറിങ്കലും പ്രാര്‍ത്ഥനകള്‍ കഴിച്ചു. തിരുമേനികള്‍ പടിഞ്ഞാറെ കെട്ടിന്‍റെ തെക്കും വടക്കുമുള്ള വലിയ ഹോള്‍ മുറികളില്‍ താമസിക്കയും ചെയ്തു. ടി. മാസം 4-ന് വാകത്താനത്ത് നിന്നും മാര്‍ അത്തനാസ്യോസ് മെത്രാപ്പോലീത്തായും സിമ്മനാരിയില്‍ വന്നു താമസം തുടങ്ങി. ഗീവറുഗീസ് ശെമ്മാശു സിമ്മനാരിയില്‍ നിന്നും കല്ലുങ്കത്ര പള്ളിയിലും മുപ്പാത്തിയിലും പോയി തിരിച്ചു വീട്ടില്‍ എത്തി. 1062 ചിങ്ങം 30-ന് സിമ്മനാരിയില്‍ ഒരു പൊതുയോഗം കൂടി. ആ യോഗത്തില്‍ മലങ്കരയുള്ള എല്ലാ ശെമ്മാശന്മാരെയും വൈദിക വിദ്യാര്‍ത്ഥികളെയും വരുത്തി സിമ്മനാരിയില്‍ പഠനം നടത്തണമെന്ന് ആയതിലേക്ക് മാര്‍ അത്തനാസ്യോസ് മെത്രാപ്പോലീത്തായെ വിചാരവും കോനാട്ട് മാത്തന്‍ മല്പാനും വട്ടശ്ശേരില്‍ ഗീവറുഗീസ് മല്പാനും മല്പാന്‍മാര്‍ ആയിരിക്കണമെന്ന് നിശ്ചയിക്കയും യോഗം പിരിയുകയും ചെയ്തു. …

ഈ രണ്ടു വിവരണങ്ങളില്‍നിന്നും പഴയ സെമിനാരി കോടതി ഉത്തരവു പ്രകാരം നടത്തിയെടുക്കുമ്പോള്‍ എതിര്‍ കക്ഷികള്‍ സ്ഥലത്ത് ഇല്ലായിരുന്നു എന്ന് വ്യക്തമാണ്. അപ്പോള്‍ മദ്ബഹായില്‍ സൂക്ഷിക്കേണ്ട സിംഹാസനം എങ്ങിനെ സെമിനാരിയുടെ രണ്ടാം നിലയിലെത്തി എന്ന ചോദ്യം പോയിട്ട് മലങ്കര മെത്രാപ്പോലീത്തായുടെ ജംഗമസ്വത്തുക്കള്‍ വാരിവലിച്ചെറിഞ്ഞ് അലങ്കോലമാക്കി എന്ന ആരോപണം തന്നെ അടിസ്ഥാനരഹിതമാകുന്നു.

ഹൈക്കോടതി വിധിക്കെതിരെ മാര്‍ തോമസ് അത്താനാസ്യോസ് തിരുവിതാംകൂര്‍ റോയല്‍ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നതിനാല്‍ സെമിനാരി ഒഴികെയുള്ള സ്ഥാവരസ്വത്തുക്കളും മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനചിഹ്നങ്ങളും ചെപ്പേടുകളുമടക്കമുള്ള ജംഗമവസ്തുക്കളും 1886-ല്‍ നടത്തിയെടുക്കാന്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനു സാധിച്ചില്ല. പക്ഷേ 1889-ല്‍ തിരുവിതാംകൂര്‍ റോയല്‍ കോടതി വിധിയും അനുകൂലമായതിനെത്തുടര്‍ന്നു അദ്ദേഹം ബാക്കി സ്ഥവര സ്വത്തുക്കളും മലങ്കര മെത്രാന്‍ എന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട സ്ഥാനചിഹ്നങ്ങളും നടത്തിയെടുത്തു. ജാത്യാഭിമാനി ആയിരുന്ന അദ്ദേഹം അവയ്ക്കു പകരം പണം നല്‍കാമെന്നുള്ള വാഗ്ദാനം സ്വീകരിച്ചില്ല. എന്നിട്ടും മലങ്കര മെത്രാന്‍റെ സൂക്ഷിപ്പിലിരിക്കേണ്ട തെരിസാപ്പള്ളി ചെപ്പേടിന്‍റെ രണ്ടു തകിടുകള്‍ തെറ്റിദ്ധരിപ്പിച്ചു മാര്‍ തോമസ് അത്താനാസ്യോസ് കൈവശംവെച്ചു എന്നത് ചരിത്രം.

ചെറിയ സ്ഥാനചിഹ്നങ്ങളടക്കം സൂക്ഷ്മമായി കോടതിവഴി നടത്തിയെടുത്ത മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ ഇത്രയും പ്രാധാന്യമുള്ള ഒരു സിംഹാസനം അന്ന് നിലവിലുണ്ടായിരിക്കുകയും എതെങ്കിലും കാലത്ത് അത് മാരമണ്ണിലേയ്ക്കു കടത്തുകയും ചെയ്തിരുന്നങ്കില്‍ തീര്‍ച്ചയായും അതും തിരികെ സെമിനാരിയില്‍ എത്തിച്ചേനെ. കാരണം മാര്‍ത്തോമ്മാ പൈതൃകത്തെപ്പറ്റി അതിന്‍റെ നേരവകാശിയായ അദ്ദേഹത്തിനു നല്ല അവബോധമുണ്ടായിരുന്നു. 1889-ലെ റോയല്‍ കോടതി വിധിയെപ്പറ്റി ഇ. എം. ഫിലിപ്പ് പറയുന്നത് തന്നെ … (ജഡ്ജിമാരുടെ) ഭൂരിപക്ഷാഭിപ്രായം പ്രബലപ്പെടുകയും മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തിന്മേല്‍ വാഴ്ച ഉറപ്പിക്കുകയും ചെയ്തു… എന്നാണ്.

മാര്‍ത്തോമ്മാ സഭയുടെ മുകളില്‍ പറഞ്ഞ ഔദ്യോഗിക വെബ്സൈറ്റിലെ വിചിത്രമായ ഒരു വാദം … ഈ സിംഹാസനം (മെത്രാന്‍ വാഴ്ചയ്ക്ക്) ഉപയോഗിക്കുന്നതിനാല്‍ മാര്‍ത്തോമ്മായുടെ സിംഹാസനത്തിന്‍റെ തുടര്‍ച്ച ഉറപ്പാക്കപ്പെടുന്നു… (It has been used in the installation of every Mar Thoma Metropolitan, to this day, so that the continuity of the throne of Mar Thoma is ensured.) എന്നാണ്. മാര്‍ത്തോമ്മാ സഭാ സ്ഥാപകനായ മാര്‍ തോമസ് അത്താനാസ്യോസിന്‍റെ പിന്‍ഗാമികളായ ക്രമാനുസൃതം ടൈറ്റസ് ഒന്നാമന്‍ കോട്ടയം ചെറിയപള്ളിയില്‍വെച്ചും, ടൈറ്റസ് രണ്ടാമന്‍ പുത്തന്‍കാവു പള്ളിയില്‍വെച്ചും, അബ്രഹാം മാര്‍ത്തോമ്മാ തിരുവല്ലയില്‍വെച്ചുമാണ് വാഴിക്കപ്പെട്ടത്!

അതിനേക്കാള്‍ ഒക്കെ ഉപരി, ഭൗതികമായ ഒരു ഇരിപ്പിടമാണോ അപ്പോസ്തോലിക സിംഹാസനം? സിംഹാസനം എന്നത് ഭൗതികമായ ഒരു ഇരിപ്പിടമല്ല, മറിച്ച് ആത്മീയമായ ഒരു വിശ്വസവും പ്രതീകവുമാണ്. നസ്രാണി ചരിത്ര ഭീഷ്മാചാര്യരായ ഇസഡ്. എം. പാറേട്ടിന്‍റെ വാക്കുകള്‍ കടമെടുത്താല്‍, … കര്‍ത്താവിന്‍റെ അപ്പോസ്തോലന്മാര്‍ എല്ലാവരും ഇരുന്ന എറ്റവും വലിയ ഭൗതീക സിംഹാസനങ്ങള്‍ ഗലീലക്കടലിലെ മീന്‍വള്ളങ്ങളുടെ പടിയായിരിക്കും! … അതില്‍ കൂടുതല്‍ അനുഷ്ഠാനപരമായ പ്രാധാന്യമൊന്നും ഭൗതീക സിംഹാസനത്തിനില്ല. എന്നാല്‍ അപ്പോസ്തോലിക സിംഹാസനം സത്യവിശ്വാസത്തിന്‍റെ അപരിത്യാജ്യമായ ഭാഗവുമാണ്.

ഡോ. എം. കുര്യന്‍ തോമസ്