OVS - ArticlesSAINTS

അദ്ദേഹം ആരായിരുന്നു?

അദ്ദേഹം ആരായിരുന്നു? പൊതു ചരിത്രകാരന്മാര്‍ക്ക് പ്രഗത്ഭനായ പത്രാധിപര്‍, എഴുത്തുകാരന്‍, സ്‌കൂളുകളുടേയും ജീവകാരുണ്യ പ്രസ്ഥാനങ്ങളുടേയും സ്ഥാപകന്‍, കടുത്ത ദേശീയ വാദി, ഇവയെക്കാള്‍ ഒക്കെ ഉപരി, സമര്‍പ്പിതനായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ഇവയൊക്കയായിരുന്നു പാദ്രേ അന്റോണിയോ ഫ്രാന്‍സിസ്‌കോ സേവ്യര്‍ എന്ന ഗോവന്‍ പുരോഹിതന്‍.

1889-ല്‍ ഓര്‍ത്തഡോക്‌സ് വിശ്വാസത്തിലേയ്ക്ക് കടന്നുവന്ന് മാര്‍ യൂലിയോസ് എന്ന സ്ഥാനനാമത്തോടെ തിരുവിതാംകൂറും കൊച്ചിയും ഒഴികെയുള്ള ഇന്ത്യ, ഗോവാ, സിലോണ്‍ ഇടവകകളുടെ മെത്രാപ്പോലീത്താ ആയി മേല്പട്ടസ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ട്, ഇന്ന് ബ്രഹ്മവാറില്‍ മാത്രം അവശേഷിക്കുന്ന മലങ്കരസഭയുടെ ലത്തീന്‍ റീത്തിന്റെ സ്ഥാപകാനായി മാത്രമാണ് പാദ്രെ അല്‍വാറീസ് എന്ന അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മലങ്കര നസ്രാണികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.

1836 ഏപ്രില്‍ 29-ന് തെക്കന്‍ ഗോവയിലെ വെര്‍ണ എന്ന സ്ഥലത്തെ ജീവകാരുണ്യപ്രവര്‍ത്തികള്‍ക്ക് പേരുകേട്ട ഒരു കുടുംബത്തിലാണ് അല്‍വാറീസ് ജനിച്ചത്. റാച്ചോള്‍ സെമിനാരിയിലെ വൈദീക വിദ്യാഭ്യാസത്തിനു ശേഷം 1862-ല്‍ ബോംബയില്‍ വെച്ച് വൈദീകനായി. ബോംബെ, ബല്‍ഗാം എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം 1867-ല്‍ ഗോവയില്‍ മടങ്ങിയെത്തി ഗോവാ അതിരൂപതയില്‍ സേവനമാരംഭിച്ച അദ്ദേഹത്തെ താമസിയാതെ ബ്രീട്ടീഷ് ഇന്ത്യയിലെ റോമന്‍ കത്തോലിക്കര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിച്ചു. 1887-ല്‍ പാദ്രെ അല്‍വാറീസ് കൊളംബോയിലേയ്ക്ക് നിയോഗിതനായി. ഇക്കാലത്തൊക്കയും ജീവകാരുണ്യ പ്രവര്‍ത്തകന്‍, വിദ്യാഭ്യാസ പ്രചാരകന്‍, തീപാറുന്ന പത്രപ്രവര്‍ത്തകന്‍ എന്ന നിലകളിലെല്ലാം അദ്ദേഹം ശ്രദ്ധേയനായിരുന്നു.

സഹാനുഭൂതിയുടെ അപ്പോസ്ഥോലന്‍ എന്നറിയപ്പെട്ടിരുന്ന പാദ്രെ അല്‍വാറീസിന്റെ അന്ന് സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായ ശുചികരണ തൊഴിലാളികളുടെ ഇടയിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശസ്തമായിരുന്നു. ദരിദ്രര്‍ക്ക് ധനസഹായം നല്‍കുക, രോഗികള്‍ക്ക് വൈദ്യസഹായം ഏര്‍പ്പെടുത്തുക, അനാധരുടെ ശവസംസ്‌ക്കാരം നിര്‍വഹിക്കുക തുടങ്ങിയവ പാദ്രെ അല്‍വാറീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രമായിരുന്നു.

വ്യക്തമായ സാമ്പത്തിക ദര്‍ശനങ്ങള്‍ ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു പാദ്രെ അല്‍വാറീസ്. 1905-ല്‍ ബ്രീട്ടീഷ് ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വദേശി പ്രസ്ഥാനം ആരംഭിക്കുന്നതിനു വളരെ മുമ്പുതന്നെ പോര്‍ട്ടുഗീസ് ഗോവയില്‍ പാദ്രെ അല്‍വാറിസ് വ്യക്തമായ സാമ്പത്തിക ആദര്‍ശങ്ങളോടെ സ്വദേശി പ്രസ്ഥാനത്തിനു വഴിമരുന്നിട്ടിരുന്നു. പരമാവധി പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഗോവയുടെ പ്രദേശിക സാമ്പത്തിക നിലയില്‍ ഉന്നതി ഉണ്ടാകുമെന്ന് അദ്ദേഹം പ്രബോധിപ്പിച്ചു. എന്നു മാത്രമല്ല, ധാതുവിഭവങ്ങളാല്‍ സമ്പന്നമായ ഗോവായിലെ പ്രകൃതി വിഭവങ്ങളെ പരമാവധി ഉപയോഗിക്കണമെന്നും എന്നാല്‍ അസംസ്‌കൃത വസ്തുക്കള്‍ അതേപടി കയറ്റുമതി ചെയ്യരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പകരം ഗോവായുടെ പ്രകൃതി വിഭങ്ങളെ ഇവിടെത്തന്നെ സംസ്‌ക്കരിച്ച് മൂല്യവര്‍ദ്ധിത വസ്തുക്കളായി കയറ്റുമതി ചെയ്താല്‍ മാത്രമേ ഗോവയുടെ സമ്പത്തിക നില ഉയരുകയുള്ളു എന്ന അദ്ദേഹത്തിന്റെ വികസന നിലപാട് അദ്ദേഹം സമര്‍ത്ഥിച്ചു. പരമാവധി ഭൂമിയില്‍ കൃഷ് ഇറക്കി സ്വയം പര്യാപ്തത നേടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. തന്റെ തീപാറുന്ന പത്രപ്രവര്‍ത്തനത്തിന്റെ ഒരു മുഖ്യപങ്കും ഈ സ്വദേശി സാമ്പത്തിക സിദ്ധാത്തിന്റെ പ്രചരണത്തിനാണ് അദ്ദേഹം ചിലവഴിച്ചത്. A Cruz (The Cross), A Verdade (The Truth), O Progresso de Goa (The Progress of Goa), The Times of Goa, O Brado Indiano (The Indian Cry) എന്നീ പ്രസിദ്ധീകരണങ്ങള്‍ വഴിയായിരുന്നു അദ്ദേഹത്തിന്റെ ആശയപ്രചരണങ്ങള്‍.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെ മരച്ചീനി കൃഷി പരമാവാധി പ്രോല്‍സാഹിപ്പിക്കണമെന്നു നിര്‍ദ്ദേശിച്ച് മരച്ചീനി കൃഷിയെപ്പറ്റി അന്നു ഗോവയുടെ ഔദ്യോഗിക ഭാഷയായ പോര്‍ട്ടുഗീസില്‍ അദ്ദേഹം ഒരു ലഘുഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു. ബ്യൂംബോണിക് പ്ലേഗ്, മസൂരി, കോളറാ മുതലായ മാരക പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനെപ്പറ്റി അദ്ദേഹം ശക്തമായ പ്രചരണം നടത്തുകയും കോളറാ പ്രതിരോധത്തെക്കുറിച്ച് ഒരു ലഘുഗ്രന്ഥം അച്ചടിച്ചു പ്രചരിപ്പിക്കുകയും ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ 1510 മുതല്‍ ഒരു പോര്‍ട്ടുഗീസ് കോളനി മാത്രമായിരുന്ന ഗോവയ്ക്ക് ഭരണഘടനാപരമായ ഭാഗിക സ്വാതന്ത്ര്യം ലഭിച്ചു. അതു സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയ നീക്കങ്ങളുടെ മുന്നണിപ്പോരാളികളില്‍ ഒരാളായി പാദ്രെ അല്‍വാറീസ് ഇതിനിടയില്‍ മാറിയിരുന്നു. ഇക്കാലത്താണ് റോമന്‍ കത്തോലിക്കാ സഭയില്‍ പാദ്രുവാദോ – പ്രൊപ്പഗാന്താ ഫീഡെ തര്‍ക്കം ഉടലെടുക്കുന്നത്.

ഏഷ്യയിലും ആഫ്രിക്കയിലും തെക്കെ അമേരിക്കയിലും പോര്‍ട്ടുഗീസ് കോളനികള്‍ ഉടലെടുത്ത പതിനാറാം നൂറ്റാണ്ടില്‍ റോമന്‍ കത്തോലിക്കാ സഭയും പോര്‍ട്ടുഗീസ് സാമ്രാജ്യവും ചേര്‍ന്നൊരുക്കിയ ഒരു സംവിധാനമാണ് പാദ്രുവാദോ (Padroado Real – രാജകീയ രക്ഷാധികാര്യത്വം). 1514-ല്‍ നിലവില്‍വന്ന ഇതനുസരിച്ച് പുതുതായി രൂപംകൊള്ളുന്ന പോര്‍ട്ടുഗീസ് കോളനികളിലെ റോമന്‍ കത്തോലിക്കാ സഭയുടെ വികസനത്തിനുള്ള ഉത്തരവാദിത്വും അവിടുത്തെ റോമന്‍ കത്തോലിക്കാ സഭമേലും സ്ഥാപനങ്ങളുടെ മേലും അധികാരവും പോര്‍ട്ടുഗീസ് സാമ്രാജ്യത്തിന് ലഭിച്ചു. മെത്രാന്മാരെയും ഇതര വൈദീക സ്ഥാനികളെയും നിയമിക്കാനുള്ള അധികാരവും ഈ സംവിധാനത്തില്‍ പോര്‍ട്ടുഗീസ് സാമ്രാജ്യത്തിന് ആയിരുന്നു. ഗോവയും ഗോവയില്‍നിന്നും നിയന്ത്രിച്ചിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലേയും സിലോണിലേയും (ഇപ്പോള്‍ ശ്രീലങ്ക) റോമന്‍ കത്തോലിക്കാ സഭകളും പാദ്രുവാദോയുടെ കീഴിലായിരുന്നു.

റോമിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ലോക സുവിശേഷീകരണം എന്ന ലക്ഷ്യത്തോടെ 1622-ല്‍ സ്ഥാപിതമായ പ്രസ്ഥാനമാണ് പ്രൊപ്പഗാന്താ ഫീഡെ (Propaganda Fide – the Congregation for the Evangelization of Peoples). സാമ്രാജ്യ കോളനികളില്‍ പ്രൊപ്പഗാന്തായും മിഷണറി പ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടത്തി വന്നിരുന്നു. പാദ്രുവാദോയും സമാന്തരമായി പ്രവര്‍ത്തിക്കുന്ന പ്രൊപ്പഗാന്തായും തമ്മില്‍ അധികാര സീമകളെ സംബന്ധിച്ച തര്‍ക്കങ്ങളും സര്‍വസാധാരണമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ കോളനികളിലെ പോര്‍ട്ടുഗീസ് സാമ്രാജ്യ വാഴ്ച ക്ഷയിച്ചു തുടങ്ങിയതോടെ റോം കൈ കയറ്റിപ്പിടിച്ചു തുടങ്ങി. ഇതിന്റെ ആത്യന്തിക ഫലമായി 1886-ല്‍ കോണ്‍കൊര്‍ഡാറ്റ് (concordat) എന്ന ഉടമ്പടിയിലൂടെ പാദ്രുവാദോയുടെ അധികാരങ്ങള്‍ റദ്ദാക്കി അവ പ്രൊപ്പഗാന്തയെ ഏല്‍പ്പിച്ചു.

ഈ നടപടിക്കെതിരെ ഗോവ, സിലോണ്‍ (ഇന്നത്തെ ശ്രീലങ്ക), ഫിലിപ്പൈന്‍സ് തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധം അലയടിച്ചു. മെത്രാന്മാരെ നിയമിക്കാനടക്കം പോര്‍ട്ടുഗീസ് സര്‍ക്കാരിനുണ്ടായിരുന്ന അധികാരം റോം കവര്‍ന്നടുത്തിനെ ദേശീയതയുടെമേലുള്ള കടന്നുകയറ്റമായും ആത്മീയ കൊളോണിയലിസവുമായുമാണ് പാദ്രവാദോ അനുകൂലികള്‍ കണക്കാക്കിയത്. ഈ നടപടിയെ ചെറുക്കുവാനും പാദ്രവാദോയെ സംരക്ഷിക്കുവാനുമായി പാദ്രെ അല്‍വാറീസും കൊളംബോയില്‍ ഡോ. ലിസ്‌ബോ പിന്റോയും (Dr. Lisboa Pinto) ചേര്‍ന്ന് പാദ്രവാദോ സംരക്ഷണ സമതി (The Padroado Defence Association) രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഗോവയിലും മുമ്പ് പാദ്രവാദോയ്ക്കു കീഴില്‍ ഗോവയില്‍ നിന്നും അജപാലനദൗത്യം നിര്‍വഹിച്ചിരുന്ന സിലോണിലും തെക്കെ ഇന്ത്യയിലും പ്രതിഷേധം അലയടിച്ചു. ഫിലിപ്പൈന്‍സില്‍ സ്ഥിതി അതിരൂക്ഷമായിരുന്നു. പക്ഷേ റോം അയഞ്ഞില്ല. ചെറുത്തുനില്‍പ്പ് ഫലം കണ്ടുമില്ല.

ഇതോടെ റോമന്‍ പാദ്രവാദോ സംരക്ഷണ സമതി റോമന്‍ കത്തോലിക്കാ സഭയുമായി ഇടഞ്ഞു. അവര്‍ കൊളംബോ ആസ്ഥാനമാക്കി സ്വതന്ത്ര കത്തോലിക്കാ പ്രസ്ഥാനം (Independent Catholic Movement) രൂപീകരിച്ചു റോമന്‍ കത്തോലിക്കാ സഭയുമായി വേര്‍പിരിഞ്ഞു. ശ്രീലങ്ക, ബംഗാള്‍, ബോംബെ, തമിഴ്‌നാട് മുതലായി അനേക സ്ഥലങ്ങളില്‍ ഉള്ള പള്ളികളും ജനങ്ങളും സ്വതന്ത്ര കത്തോലിക്കാ പ്രസ്ഥാനത്തോട് ചേര്‍ന്നു വലിയൊരു ജനകീയ മുന്നേറ്റമായി.

തങ്ങളുടെ സ്വതന്ത്ര നിലനില്‍പ്പിന് വ്യവസ്ഥാപിതമായ ഒരു അപ്പോസേ്താലിക സഭയുമായുള്ള ബന്ധവും അവിടെനിന്നുള്ള പട്ടത്വ പിന്തുടര്‍ച്ചയും അനിവാര്യമെന്നു ഡോ. ലിസ്‌ബോ പിന്റോ, പാദ്രെ അല്‍വാറീസ് മുതലായവര്‍ മനസിലാക്കി. മലങ്കര സഭയെപ്പറ്റി അറിഞ്ഞ സ്വതന്ത്ര കത്തോലിക്കാ പ്രസ്ഥാനം, അന്ന് മലങ്കര സഭ മേല്പട്ടസ്ഥാനത്തിന് ആശ്രയിച്ചിരുന്ന അന്ത്യോഖ്യാ സിംഹാസനത്തെപ്പറ്റി വിശദമായ പഠനം നടത്തി. റോമാ സിംഹാസനം പോലെ തന്നെ പൗരാണികത്വവും അപ്പോസ്‌തോലിക പിന്തുടര്‍ച്ചയുമുള്ളതാണ് അന്ത്യോഖ്യാ സഭയെന്ന് അവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് 1888-ല്‍ മലങ്കര സഭവഴി പാദ്രെ അല്‍വാറീസിന് മേല്പട്ടസ്ഥാനം നല്‍കുവാന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് മാര്‍ ഇഗ്നാത്തിയോസ് പത്രോസ് ത്രിതീയന്‍ അനുവാദം നല്‍കി. ഇതനുസരിച്ച് മേല്പട്ടസ്ഥാനം സ്വീകരിക്കുവാന്‍ പാദ്രെ അല്‍വാറീസും സംഘവും 1889-ല്‍ കോട്ടയത്തെത്തി.

ബഹുഭാഷാ പ്രവീണനും അസാമാന്യ പണ്ഡിതനുമായിരുന്ന പാദ്രെ അല്‍വാറീസിന് ഫലപ്രദമായി തന്റെ ആശയങ്ങള്‍ അവതരിപ്പിക്കുവാന്‍ പ്രാവീണ്യമുണ്ടായിരുന്നു. 1888-ല്‍ കേരളത്തിലെത്തിയ അദ്ദേഹത്തെപ്പറ്റി സമകാലീനനും റോമോ-സുറിയാനി വൈദീകനുമായ പാലാക്കുന്നേല്‍ മത്തായി ശുദ്ധ മറിയം കത്തനാര്‍ (Fr. Mathew of St. Mary) വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ്.

… ഈ പട്ടക്കാരനെ ഇതിനുമുമ്പ് കഴിഞ്ഞ ചിങ്ങമാസത്തില്‍ ഇവിടങ്ങളില്‍വന്നു ബ. നിധീരിക്കല്‍ മാണിക്കത്തനാരുമായി ചങ്ങനാശെരി ആലപ്പുഴ പുളിങ്കുന്ന് മുതലായ പള്ളികളിലും പ്രത്യേകം മാന്നാനത്തു ഗുവേന്തകളിലും വന്നു പലരോടും അന്ത്യോക്യാ സിംഹാസനത്തിന്റെ കൈവെപ്പുകളെക്കുറിച്ച് തര്‍ക്കിക്കുകയും കൈവെപ്പിന്റെ സ്ഥിരതയെ കാനോനാകളെ കൊണ്ടും മറ്റും അതിന്റെ ഉറപ്പിനെ സ്ഥിരപ്പെടുത്തി ചെയ്തിരിക്കുന്നു. മാന്നാനത്തെ ലത്തീന്‍ പടിച്ച മല്പാന്മാരായ ചില അച്ചന്മാരും ഈ പട്ടക്കാരന്റെ പഠനത്തിന്മേല്‍ വളരെ ആശ്ചര്യപ്പെട്ടതിനാല്‍ യൂറോപ്പില്‍ കൂടെയും ഇതിനു ശരി അറിവുള്ള ഒരു പട്ടക്കാരനെ കിട്ടുക ഇല്ലാ എന്ന് വളരെ സമ്മതിച്ചു പറഞ്ഞിരിക്കുന്നു…

പില്‍ക്കാലത്ത് ദീഘമായ തന്റെ പഠനങ്ങളെ ക്രോഡീകരിച്ച് റോമാപാപ്പായുടെ സാര്‍വത്രിക അധികാരവാദത്തെ ഖണ്ഡിച്ചുകൊണ്ട് A Supermacia Universal na Egreja do Christo എന്നൊരു കൃതി ഇദ്ദേഹം പോര്‍ട്ടുഗീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹം തന്നെ The Universal Supremacy in the Church of Christ എന്ന പേരില്‍ സ്വന്തം കൈപ്പടയില്‍ തയാറാക്കിയ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ 2020-ല്‍ എം.ഒ.സി. പബ്ലിക്കേഷന്‍സ്, പൈതൃകം; മലങ്കരസഭാ സാഹിതീ സരണി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.

എന്നാല്‍ മേല്പട്ട വാഴ്ചയ്ക്ക് അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി ഉടലെടുത്തു. പണ്ഡിതനും അക്ഷീണ പരിശ്രമശാലിയുമായ പാദ്രെ അല്‍വാറീസ് മെത്രാനായാലുള്ള അപകടം റോം തിരിച്ചറിഞ്ഞു. കോട്ടയത്തെ റോമന്‍ കത്തോലീക്കാ മെത്രാന്‍ ചാള്‍സ് ലവീഞ്ഞ് (Charles Lavigne, S.J.), മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസിനെ മേല്പട്ട സ്ഥാനാരോഹണത്തില്‍ നിന്നും തടയുവാന്‍ ഡാര സായിപ്പിനെ ഇടപെടുവിച്ചു. റോമന്‍ കത്തോലിക്കനായ ജെയിംസ് ഡാര, മാര്‍ ദീവന്നാസ്യോസിന്റെ ഉറ്റ സുഹൃത്തും എം. ഡി. സെമിനാരി തോപ്പ് വാങ്ങുവാന്‍ ഭീമമായ തുക കടമായും സംഭവനയായും നല്‍കിയിട്ടുള്ള വ്യക്തിയുമായിരുന്നു. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന നിഷേധിക്കുവാന്‍ മാര്‍ ദീവന്നാസ്യോസിന് സാദ്ധ്യമായിരുന്നില്ല. തന്ത്രജ്ഞനായ അദ്ദേഹം സ്ഥാനാരോഹണ ചുമതല പ. പരുമല തിരുമേനിയടക്കം മറ്റു മൂന്നു മെത്രാന്മാരെ ഏല്പിച്ചശേഷം താന്‍ പട്ടം കൊടുക്കുകയില്ല എന്ന് ജെയിംസ് ഡാരയ്ക്ക് മറുപടി അയച്ചു.

ഇതനുസരിച്ച് പാദ്രെ അല്‍വാറീസിനൊപ്പം വന്ന നാലു സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് പ. പരുമല തിരുമേനി 1889 മെയ് 13-ന് പഴയ സെമിനാരിയില്‍വെച്ച് പൂര്‍ണ്ണ ശെമ്മാശ പട്ടവും പിറ്റേന്ന് കശ്ശീശാ പട്ടവും നല്‍കി. അതേവര്‍ഷം ജൂലൈ 27-നു അദ്ദേഹം തന്നെ പാദ്രെ അല്‍വാറീസിനെ റമ്പാന്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി. 1889 ജൂലൈ 29-ന് പഴയ സെമിനാരിയില്‍വെച്ച് പ. പരുമല തിരുമേനി, കടവില്‍ മാര്‍ അത്താനാസ്യോസ്, മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് എന്നിവരുടെ സഹകരണത്തോടെ പാദ്രെ അല്‍വാറീസിനെ മാര്‍ യൂലിയോസ് എന്ന സ്ഥാനനാമത്തോടെ മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി. ബ്രിട്ടീഷ് ഇന്ത്യ, ഗോവ, സിലോണ്‍ ഇടവകകളുടെ മെത്രാനായി നിയമിക്കപ്പെട്ട അദ്ദേഹത്തിനും കൂടയുള്ളവര്‍ക്കും അവര്‍ പിന്തുടരുന്ന ലത്തീന്‍ ക്രമങ്ങളും വി. കുര്‍ബാനയ്ക്ക് പുളിപ്പില്ലാത്ത അപ്പവും (പത്തീറാ) ഉപയോഗിക്കുവാന്‍ അനുവാദവും ഉണ്ടായിരുന്നു. സ്ഥാനാരോഹണത്തില്‍ മാര്‍ ദീവന്നാസ്യോസ് പങ്കെടുത്തുമില്ല.

തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ മാര്‍ അല്‍വാറീസിനു കഠിനാദ്ധ്വാനത്തിന്റെയും പീഡകളുടേയുമായിരുന്നു. ശ്രീലങ്കയിലും തമിഴ് നാട്ടിലുമായി അനേകായിരങ്ങള്‍ മാര്‍ അല്‍വാറീസിനോടൊപ്പം ചെര്‍ന്നു. അനേകം പള്ളികളും സ്ഥാപിക്കപ്പെട്ടു. പക്ഷേ പണച്ചുരുക്കവും വൈദീകരുടെ അഭാവവും മാര്‍ അല്‍വാറീസിനെ കഠിനമായി അലട്ടി. ഇതോടൊപ്പം ഗോവയിലും ബ്രിട്ടീഷ് ഇന്ത്യയിലും അദ്ദേഹവും അദ്ദേഹത്തോടൊപ്പമുള്ള വൈദീകരും കഠിനമായി പീഡിപ്പിക്കപ്പെട്ടു.

തീവൃ ദേശീയവാദിയും കടുത്ത രാജ്യഭക്തനുമായിരുന്നു മാര്‍ അല്‍വാറീസ്. തന്റെ ഗോവന്‍ ദേശീയത മുറുകെപ്പിടിച്ച് മാതൃരാജ്യത്തുതന്നെ പ്രവര്‍ത്തനം തുടര്‍ന്ന അദ്ദേഹത്തെ റോമന്‍ കത്തോലിക്കാ അധികാരികള്‍ നിരന്തരം വേട്ടയാടി. അറസ്റ്റും പീഡനവും തടവും മര്‍ദ്ദനവും തുടെരെയുണ്ടായി. നിയമവും നീതിന്യായ വ്യവസ്ഥയും മാര്‍ അല്‍വാറീസിന് തികച്ചും അനുകൂലമായിരുന്നു. ഗോവയിലെ റോമന്‍ കത്തോലിക്കാ ആര്‍ച്ച്ബിഷപ്പ് ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അദ്ദേഹത്തിനെതിരെ പീഡനം അഴിച്ചുവിട്ടത്. അക്രമങ്ങള്‍ സഹിക്കാവാത്ത സാഹചര്യത്തില്‍ ഗോവയോട് ചേര്‍ന്നുകിടക്കുന്ന ബ്രിട്ടീഷ് ഭരണപ്രദേശമായ കാസില്‍ റോക്കില്‍ (Castle Rock) അഭയം തേടുവാനും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുവാനും അദ്ദേഹം നിര്‍ബന്ധിതനായി. എങ്കിലും മാതൃരാജ്യത്തോടുള്ള കൂറോ അവിടുത്തെ പ്രവര്‍ത്തനങ്ങളോ അവസാനിപ്പിയ്ക്കാന്‍ അദ്ദേഹം തയാറായില്ല. ഇടയ്ക്ക് ഗോവയിലെത്തിയ മാര്‍ അല്‍വാറീസിനെ 1906 ജനുവരി 24-ന് അകാരണമായി അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. മജിസ്രേട്ട് വിട്ടയിച്ചിട്ടും ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെട്ടാണ് അദ്ദേഹത്തിനു മോചനം ലഭിച്ചത്.

ഈ കറതീര്‍ന്ന ദേശീയബോധമാണ് മാര്‍ അല്‍വാറീസിനെ പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് മലങ്കര മെത്രാപ്പോലീത്തായോടൊപ്പം ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. മലങ്കര സഭയുടെ ലൗകീകാധികാരം തീറെഴുതി കൊടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 1911 ഇടവം 18-ന് പ. വട്ടശ്ശേരില്‍ തിരുമേനിയെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അബ്ദുള്ളാ ദ്വിതീയന്‍ നിയമവിരുദ്ധമായി മുടക്കി. ഇതിനെത്തുടര്‍ന്ന് മുടക്കിനെ നിരാകരിച്ചും മലങ്കര മെത്രാപ്പോലീത്തായ്ക്ക് പിന്തുണ പ്രഖ്യാപിച്ചതും ഒരു പരസ്യക്കത്ത് മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസുമായി ചേര്‍ന്ന് 1911 ജൂണ്‍ 15-മാര്‍ അല്‍വാറീസ് പുറപ്പെടുവിച്ചതിനു പിമ്പില്‍ സമാനമായ ദേശീയബോധത്തിന്റെ പശ്ചാത്തലമുണ്ട്.

പ്രായം തളര്‍ത്തിയിട്ടും തന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നും വിരമിക്കാന്‍ മാര്‍ അല്‍വാറീസ് തയാറായില്ല. ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങി തന്റെ കൂടനിന്നവര്‍ പലരും പിന്‍വാങ്ങിയിട്ടും പള്ളികള്‍ ഓരോന്നായി കൈവിട്ടു പോയിട്ടും മാര്‍ അല്‍വാറീസ് തന്റെ ഉറച്ച ഓര്‍ത്തഡോക്‌സ് നിലപാടില്‍ത്തന്നെ തുടര്‍ന്നു. പരിമിതമായി മാത്രമാണ് ആളും അര്‍ത്ഥവും നല്‍കി അദ്ദേഹത്തെ സഹായിക്കാന്‍ മലങ്കരസഭയ്ക്ക് സാധിച്ചത്.

2023 സെപ്റ്റംബര്‍ 23-ന് അന്റോണിയോ ഫ്രാന്‍സിസ്‌കോ സേവ്യര്‍ അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ ഗോവയിലെ റായിബന്തര്‍ ആശുപത്രിയില്‍ വെച്ച് കാലം ചെയ്തു. ഓര്‍ത്തഡോക്‌സ് വൈദീകരുടെ അഭാവത്താല്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ പൗരപ്രമുഖ്രര്‍ മുന്‍കൈയെടുത്ത് വമ്പിച്ച വിലാപയാത്രയായി ഗോവയിലെ മുന്‍സിപ്പല്‍ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. അന്ത്യശാസത്തിലും തന്റെ ഓര്‍ത്തഡോക്‌സ് വിശ്വാസം കൈവെടിയുവാന്‍ അദ്ദേഹം തയാറായില്ല.

മാര്‍ അല്‍വാറീസിന്റെ വിശ്വാസ സ്ഥിരതയെപ്പറ്റി പ. വട്ടശ്ശേരില്‍ തിരുമേനി 1924 ഏപ്രില്‍ 24-ന് ഞായറാഴ്ച കോട്ടയം മാര്‍ എലിയാ ചാപ്പലില്‍ (ഇപ്പോള്‍ കത്തീഡ്രല്‍) വി. കൂര്‍ബാനമദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ ഇപ്രകാരം സാക്ഷിക്കുന്നു.

…നമ്മുടെ അല്‍വാറീസു മെത്രാച്ചനെ നിങ്ങള്‍ അറിയുമല്ലോ. അദ്ദേഹം മരിച്ചിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയുള്ളൂ. തൊണ്ണൂറിലധികം വയസ്സു ചെന്നാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം താന്‍ പിടിച്ചിരുന്ന വിശ്വാസത്തില്‍ നല്ല ഉറപ്പുള്ളവനായിരുന്നു. അദ്ദേഹം ആയുസ്സിന്റെ ഒടുവില്‍ താമസിച്ചിരുന്നത് ഗോവാ പട്ടണത്തില്‍ ആയിരുന്നു. അവിടെ അദ്ദേഹത്തിന്റെ വിശ്വാസത്തില്‍ ഉള്‍പ്പെട്ട വേറെ ആരും ഉണ്ടായിരുന്നില്ല. ചുറ്റും റോമാക്കാര്‍ ആയിരുന്നു ഹിന്ദുക്കളിലും ഉദ്യോഗസ്ഥന്മാരിലും വലിയ ആളുകള്‍ അദ്ദേഹത്തിന്റെ സ്‌നേഹിതന്മാരായി ഉണ്ടായിരുന്നു. അവരോടു മരണത്തിനുമുമ്പ് അദ്ദേഹം ഇപ്രകാരം പറഞ്ഞിരുന്നു. ”ഞാന്‍ എന്റെ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ വല്ല റോമാപട്ടക്കാരും വന്ന് എന്നോടു എന്റെ വിശ്വാസം ഉപേക്ഷിക്കണമെന്നോ ഒക്കെ ഗുണദോഷിക്കുമായിരിക്കും. എന്റെ ക്ഷീണം കൊണ്ടോ മറ്റു വിധത്തിലോ ഞാന്‍ എന്റെ തല അനക്കുകയോ മാറ്റുകയോ ചെയ്തു എന്നു വരാം. അതു കണ്ടിട്ട് അവര്‍ പറഞ്ഞതിനെ ഞാന്‍ സമ്മതിച്ചിരിക്കുന്നു എന്നു ഘോഷിച്ചു തുടങ്ങും. അങ്ങനെ വരാതെയിരിക്കാന്‍ നിങ്ങളെ സാക്ഷിയാക്കി ഇപ്പോള്‍ തന്നെ ഇതു പറയുന്നതാകുന്നു. ഞാന്‍ എന്റെ വിശ്വാസത്തെ ഒരിക്കലും മരണക്കിടക്കയില്‍ പോലും ഉപേക്ഷിക്കുകയില്ല. അങ്ങനെ ഉപേക്ഷിക്കുന്നതായി ആരെങ്കിലും പറഞ്ഞാല്‍ അത് തെറ്റാണെന്നുള്ളതിനു നിങ്ങള്‍ സാക്ഷികളാകുന്നു.” അദ്ദേഹത്തിന്റെ വിശ്വാസം എത്ര ഉറപ്പുള്ളതായിരുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കുവിന്‍…

1979-ല്‍ മാര്‍ അല്‍വാറീസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഗോവാ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലേയ്ക്കു മാറ്റി സ്ഥാപിച്ചു. 2015-ല്‍ മാര്‍ അല്‍വാറീസിനേയും അദ്ദേഹത്തിന്റെ സഹയാത്രികനും ബ്രഹ്മവാറിലെ കൊങ്കിണി സമൂഹത്തെ ഓര്‍ത്തഡോക്‌സ് വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയ ഇടയനുമായ പാദ്രെ നൊറോണായേയും പ. ബസേലിയോസ് പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ, പ്രാദേശിക പരിശുദ്ധന്മാരായി (Blessed) പ്രഖ്യാപിക്കുകയും പുതുക്കിപ്പണിത ബ്രഹ്മവാര്‍ കത്തീഡ്രലിന്റെ ഉപത്രോണോസുകള്‍ അവരുടെ നാമത്തില്‍ സ്ഥാപിക്കുകയും ചെയ്തു.

മാര്‍ അല്‍വാറീസിന്റെ പ്രവര്‍ത്തന മേഖലയേക്കാള്‍ വളരെ വിപുലമായിരുന്ന ഫിലിപ്പൈന്‍സിലെ സ്വതന്ത്ര കത്തോലീക്കാ പ്രസ്ഥാനത്തിന് അദ്ദേഹത്തെപ്പോലെയോ പാദ്രെ നൊറോണായെപ്പോലയോ ഒരു നേതാവിനെ ലഭിച്ചില്ല. മലങ്കരസഭ പോല അപ്പോസ്‌തോലിക പാരമ്പര്യമുള്ള ഏതെങ്കിലും സഭയുമായി ബന്ധം ഉണ്ടാക്കിയുമില്ല. പില്‍ക്കാലത്ത് അവര്‍ നിയമാനുസൃത കൈവപ്പുള്ള ഏതെങ്കിലും മെത്രാന്റെ സഹകരണം കൂടാതെ സ്വയം തങ്ങള്‍ക്ക് മെത്രാന്മാരെ വാഴിച്ചു. ഇന്ന് ലക്ഷക്കണക്കിന് അംഗങ്ങളുള്ള LaIglesia FilipinaIndependiente, സങ്കീര്‍ണ്ണമായ ഒരു പ്രൊട്ടസ്റ്റന്റ് വേദശാസ്ത്രം പിന്തുടരുന്ന അപ്പോസ്‌തോലിക പിന്തുടര്‍ച്ചയില്ലാത്ത ഒരു സമൂഹമാണ്.

വൈദീകരേയും കുറച്ചു സാമ്പത്തിക സഹായവും നല്‍കി മലങ്കര സഭ പിന്തുണച്ചിരുന്നെങ്കില്‍ മാര്‍ അല്‍വാറീസ് മിഷന്‍ ഇന്ന് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ സഭയായേനെ. പക്ഷേ നാടുവിടാനുള്ള വിമുഖതയും ഭാഷാ പരിമിതിയും മൂലം വൈദീകര്‍ ലഭ്യമായില്ല. ഇത്തരം സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിഭാവനം ചെയ്ത സന്യാസപ്രസ്ഥാനങ്ങള്‍ സ്ഥാപന ലക്ഷ്യത്തില്‍നിന്നും വ്യതിചലിച്ചതിനാല്‍ അവിടെ നിന്നും സഹായമൊന്നും ഉണ്ടായില്ല. ആത്യന്തികമായി ബ്രഹ്മവാര്‍ സമൂഹം മാത്രം ശേഷിച്ചു. അത്രെയെങ്കിലും വിജയിക്കുവാന്‍ മാര്‍ അല്‍വാറീസിനും പാദ്രെ നൊറോണായ്ക്കും സാധിച്ചു.

പരിശുദ്ധ മാര്‍ അല്‍വാറീസ് വധിക്കപ്പെട്ടില്ല. അതിനാല്‍ അദ്ദേഹം സഹദാ – രക്തസാക്ഷി – എന്ന സ്ഥാനത്തിന് അനര്‍ഹനാണ്. പക്ഷേ തന്റെ രാജ്യസ്‌നേഹത്തിനും മതവിശ്വാസത്തിനുമായി അതിവൃദ്ധതയില്‍ താന്‍ കാലംചെയ്ത 87-ാം വയസുവരെ നിരന്തരം കായികമായിവരെ വേട്ടയാടപ്പെട്ട അദ്ദേഹം മൗദ്യോനാ – പീഡിതന്‍ – എന്ന പദവിക്ക് തികച്ചും യോഗ്യനാണ്. ഇന്ന് മാര്‍ അല്‍വാറീസ് നവോത്ഥാന നായകനായി ഗോവാ യൂണിവേഴ്‌സിറ്റി പാഠപുസ്തകങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. തലക്കെട്ടിലെ അദ്ദേഹം ആരായിരുന്നു? എന്ന ചോദ്യത്തിന്റെ ഉത്തരം ഇതൊക്കെയാണ്.

ഡോ. എം. കുര്യന്‍ തോമസ്
(മലങ്കരസഭ, സെപ്റ്റംബര്‍ 2022)