OVS - Latest NewsOVS-Kerala News

മലങ്കര സഭയെ ജീവനു തുല്യം സ്നേഹിച്ച പുരോഹിതൻ

മലങ്കരസഭയിലെ കക്ഷിവഴക്ക് ശക്തമായ നാൾ മുതൽ പ്രതിസന്ധികളെ തരണം ചെയ്തു പരിശുദ്ധ കാതോലിക്കേറ്റിനൊപ്പം നിലകൊണ്ട വ്യക്തിത്വ മാണ് മാത്യൂസ് പുളിമൂട്ടിൽ കോർഎപ്പിസ്കോപ്പാ.

1928 മെയ് 2-ന് ജനനം. പൗലോസ് മാർ സേവേറിയോസിൽ നിന്നും 1951 ഏപ്രിൽ 13-നു ശെമ്മാശപട്ടവും 1953 ജനുവരി 2-നു കശ്ശീശാപട്ടവും സ്വീകരിച്ചു. 1994 ഫെബ്രുവരി 24-നു സഖറിയാസ് മാർ അന്തോണിയോസ് തിരുമേനിയിൽ നിന്നു കോറെപ്പിസ്കോപ്പാ പട്ടവും സ്വീകരിച്ചു.

കൊച്ചി മെത്രാസനത്തിൽപ്പെട്ട കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയുടെ വികാരിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചു. മാതൃഇടവകയായ കാഞ്ഞിരമറ്റം സെന്ററ് ഇഗ്‌നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ സമാന്തര ഭരണം അവസാനിച്ച് പ. കാതോലിക്കാ ബാവായും മെത്രാപ്പോലീത്തന്മാരും വി. കുർബാന അർപ്പിക്കുന്നത് കണ്ട് സന്തോഷാശ്രുക്കൾ പൊഴിച്ചാണ് അച്ചൻ യാത്രയായത്.

1973-ലെ സഭാ പിളർപ്പിന്റെ സമയത്ത് യൂഹാനോൻ മാർ സേവേറിയോസ് തിരുമേനിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം തൃശൂർ മേഖല ആയിരുന്നു അക്കാലത്ത് തൃശൂർ, കുന്നംകുളം ഭദ്രാസനങ്ങൾ ഇല്ലായിരുന്നു. ആ മേഖലയിലെ പള്ളിക്കാരുടെ കേന്ദ്രം തൃശൂർ ചെമ്പൂക്കാവ് പള്ളി ആയിരുന്നു. കാഞ്ഞിരമറ്റം പള്ളിയിൽ കക്ഷിവഴക്ക് രൂക്ഷമായപ്പോൾ ഇടവക വിശ്വാസികളിൽ ചിലർ അച്ചന്റെ സാന്നിദ്ധ്യം ഇടവകഭരണത്തിൽ ആവശ്യമാണെന്നു ബോധിപ്പിച്ചു. വളരെ കുലുഷിതമായ അന്തരീക്ഷത്തിൽ പ്രതിസന്ധികളുടെ നടുവിൽ ദൈവത്തിന്റെ വലിയ കരുണയാൽ ഇടവക ചുമതല ഏറ്റെടുത്തു. കൂടെയുള്ള വൈദികർ ചില നിലപാടുകൾ എടുത്തതോടെ ഓർത്തഡോക്‌സ് സഭയ്ക്ക് ഒരു മാസത്തിൽ ഒരു ഞായറാഴ്ച മാത്രമായി തവണ മാറിയെങ്കിലും പിന്നീട് എല്ലാ തവണകളും ഓർത്തഡോക്സ് സഭയുടേതായി മാറിയത് അച്ചന്റെ ഭാഗ്യ നിമിഷങ്ങളിൽ ഒന്നാണ്.

കാഞ്ഞിരമറ്റം പുളിമുട്ടിൽ മാത്യൂസ് കോർഎപ്പിസ്കോപ്പാ അച്ചന്റെ സംസ്കാര ശുശ്രൂഷകൾ കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ പരിശുദ്ധ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർ മികത്വത്തിലും മെത്രാപ്പോലീത്തന്മാരുടെ സഹകാർമികത്വത്തിലും നടന്നു.

മാസത്തിലെ എല്ലാ ഞായറാഴ്ച്ച തവണകളും മലങ്കരസഭയുടെ നേത്യത്വത്തിൽ ആയതു പുളിമൂട്ടിൽ മാത്യൂസ് അച്ചന്റെ ഭാഗ്യ നിമിഷങ്ങളിൽ ആണ്. വിഘടിത യാക്കോബായ വിഭാഗത്തിന്റെ പ്രലോഭനങ്ങളിൽ വീഴാതെ, സാമ്പത്തിക ബുദ്ധിമുട്ട് സഹിച്ച്, കഷ്‌ടതകളും, ത്യാഗങ്ങളും, വേദനകളും സഹിക്കാൻ അച്ചൻ തയ്യാറായി.

കാഞ്ഞിരമറ്റം സെന്റ് ഇ‌ഗ്നേഷ്യസ് ഇടവകയിലെ നാല് വൈദികരിൽ മൂന്നു വൈദികരും വിഘടിത പ്രലോഭനത്തിൽ മറുകണ്ടം ചാടി എങ്കിലും മാത്യൂസ് അച്ചൻ മലങ്കരസഭയോടൊപ്പം അടിയുറച്ചു നിന്നു. വഴിയിൽവെച്ച് മർദ്ദിക്കുക, പള്ളിമുറിയിൽ പൂട്ടിയിടുക. പെരുന്നാൾ പ്രദക്ഷിണത്തിനു കാപ്പ ഇട്ട് ഇറങ്ങുന്ന സമയം വി. മദ്ബഹായിൽ തടഞ്ഞു വെക്കുക അങ്ങനെ വിഘടിത വിഭാഗത്തിന്റെ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ ആചാര്യനെ കാഞ്ഞിരമറ്റം ഇടവകയും, മലങ്കര മക്കളും ഒരുനാളും മറക്കില്ല.

അച്ചന്റെ ഒന്നാം ചരമ വാർഷികം ആഗസ്റ്റ് 13 -ന് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഓർത്തോഡോക്സ് പള്ളിയിൽ രാവിലെ വി. കുർബ്ബാനയ്ക്കും കബറിടത്തിൽ ധൂപം പ്രാർത്ഥനയുമായി നടത്തപ്പെടുന്നു