OVS - Articles

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 4

ഭാഗം 3 തുടർച്ച ..

3. 1653-ലെ കൂനന്‍ കുരിശു സത്യത്തെ തമസ്‌ക്കരിക്കുന്ന തറയില്‍ പണ്ഡിതര്‍ അവകാശപ്പെടുന്നതുപോലെ അക്കാലത്ത് റോമന്‍ കത്തോലിക്കാ – യാക്കോബായ പിരിവൊന്നും ഉണ്ടായില്ല. 1653-ല്‍ റോമന്‍ കത്തോലിക്കാ സഭയെ തിരസ്‌ക്കരിക്കുക മാത്രമാണ് ഉണ്ടായത്. യാക്കോബായ എന്നു പാശ്ചാത്യര്‍ വിശേഷിപ്പിച്ച ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളില്‍ ഒന്നായ അന്ത്യോഖ്യന്‍ സുറിയാനി സഭയുമായി മലങ്കര സഭ ബന്ധപ്പെടുന്നത് 1665-ല്‍ മാത്രമാണ്. യാക്കോബായ എന്നു പാശ്ചാത്യര്‍ വിശേഷിപ്പിക്കുന്ന കലര്‍പ്പില്ലാത്ത അലക്‌സാണ്‍ഡ്രിയന്‍ വേദശാസ്ത്രം അംഗീകരിക്കുന്നത് 1686-ലും! പിന്നെങ്ങനെ അന്ന് യാക്കോബായ എന്നു വിശേഷിപ്പിക്കും? മുകളില്‍ സൂചിപ്പിച്ച ഭരണ വിധേയത്വത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച പുത്തന്‍കൂര്‍-പഴയകൂര്‍ നാമങ്ങളാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലം വരെ നിലനിന്നത്.

4. മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ 1912-ല്‍ സ്ഥാപിച്ച ഒരു വിഭാഗം മാത്രമാക്കി ചിത്രീകരിക്കാന്‍ തറയില്‍ പണ്ഡിതര്‍ കാട്ടുന്ന വ്യഗ്രത പ്രത്യേകം ശ്രദ്ധേയമാണ്. 1912-ന് എന്താണ് പ്രത്യേകത? 1880-കളില്‍ മാത്രം ആരംഭിച്ച യാക്കോബായ എന്ന തെറ്റായ സഭാനാമം ഉപേക്ഷിച്ചത് 1934-ല്‍ മാത്രമാണ്. മേല്പട്ടക്കാരെ വാഴിക്കുവാനും വി. മൂറോന്‍ കൂദാശ ചെയ്യുവാനുമുള്ള അധികാരത്തോടെയും പിന്‍തുടര്‍ച്ചാവകാശത്തോടുകൂടിയും ഇന്ത്യയിലെ ആദ്യത്തെ പൗരസ്ത്യ കാതോലിക്കായെ വാഴിച്ചു എന്നത് മാത്രമാണ് 1912-ല്‍ സംഭവിച്ചത്. അതാകട്ടെ വിദേശികളെ ആശ്രയിക്കാതെ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം അവിഛിന്നം നിലനിര്‍ത്താനുള്ള ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നായിരുന്നുതാനും.

തറയില്‍ പണ്ഡിതര്‍ ഒരു വസ്തുത മനസിലാക്കണം. ഒരു സഭയും അതിന്റെ നിയമചട്ടക്കൂടില്‍ നിന്നുകൊണ്ട് നടത്തുന്ന ഒരു നടപടിയും നിയമവിരുദ്ധമല്ല. അക്കാലത്ത് മലങ്കര സഭയില്‍ നിലനിന്നിരുന്നത് അന്ത്യോഖ്യന്‍ എന്ന പാശ്ചാത്യ സുറിയാനി സഭാവിജ്ഞാനീയം (ecclesiology) ആണ്. അതനുസരിച്ച് പാത്രിയര്‍ക്കീസ്, കാതോലിക്കാ (മഫ്രിയാനാ) എന്നീ രണ്ടു സ്ഥാനികള്‍ക്കു മാത്രമായിരുന്നു മേല്പട്ടം നല്‍കുവാനും വി. തൈലം കൂദാശ ചെയ്യുവാനും അധികാരം. സുറിയാനി സഭയില്‍ അസ്തമിച്ചുപോയ മഫ്രിയാന സ്ഥാനം 1912-ല്‍ മലങ്കരയില്‍ പുനര്‍ജനിപ്പിച്ചത് പാശ്ചാത്യ സുറിയാനി സഭാവിജ്ഞാനീയപ്രകാരമാണ്. അതിനാല്‍ അവര്‍ സഭയ്ക്ക് ഇതരരാകുന്നില്ല. മേല്പട്ടവും മൂറോനും വെച്ച് വിലപേശുവാനുള്ള വിദേശികളുടെ അവസരം ഇല്ലാതായി എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം.

5. ഈ നാട്ടില്‍ നിയമവ്യവസ്ഥയും കോടതികളുമുണ്ട്. അത്യുന്നത കോടതികളുടെ വിധി രാജ്യത്തിന്റെ നിയമമാണ്. അതനുസരിക്കാന്‍ ഏവരും ബാദ്ധ്യസ്ഥരുമാണ്. 1889-ല്‍ തിരുവിതാംകൂര്‍ റോയല്‍ കോടതിയാണ് മലങ്കര സഭ ഭരിക്കേണ്ടത് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യവസ്ഥാപിത മേല്പട്ടവാഴ്ചയുള്ള തദ്ദേശീയനായ മലങ്കര മെത്രാപ്പോലീത്താ ആയിരിക്കണം എന്ന് നിശ്ചയിച്ചത്. അപ്രകാരം തിരഞ്ഞെടുത്തു വാഴിച്ച് സ്ഥാനാരോഹണം നടത്തിയ മലങ്കര മെത്രാപ്പോലീത്തായെ 1911-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് സ്ഥാനഭ്രഷ്ടനാക്കി ഒരു സമാന്തര ഭരണം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഇതിനെത്തുടര്‍ന്ന് ഇരു വിഭാഗത്തെയും കക്ഷിയാക്കി സര്‍ക്കാര്‍ ഒരു ഇന്റര്‍ പ്ലീഡര്‍ സ്യൂട്ട് ഫയല്‍ ചെയ്തു. വട്ടിപ്പണക്കേസ് എന്നറിയപ്പെടുന്ന ഈ കേസില്‍ പാത്രിയര്‍ക്കീസിനെ അനുകൂലിക്കുന്ന വിഭാഗം ബാവാ കക്ഷി എന്നും, മലങ്കര മെത്രാപ്പോലീത്തായെ അനുകൂലിക്കുന്ന വിഭാഗം മെത്രാന്‍ കക്ഷി എന്നും അറിയപ്പെട്ടു. ഇവ രണ്ടും ഒരേ സഭയിലെ രണ്ടു കക്ഷികള്‍ മാത്രമായിരുന്നു.

ഈ കേസിന്റെ അന്തിമവിധിയില്‍ തിരുവിതാംകൂര്‍ ഹൈക്കോടതി മലങ്കര മെത്രാനെ മുടക്കിയത് അസാധുവാണെന്നും 1912-ല്‍ തദ്ദേശീയനായ കാതോലിക്കായെ വാഴിച്ചതിനാല്‍ ആരും സഭയ്ക്ക് ഇതരരാകുന്നില്ലാ എന്നും നിശ്ചയിച്ചു. ഇതോടെ സഭയിലെ കക്ഷികള്‍ അപ്രസക്തമായി. സഭ മുഴുവന്‍ നിയമാനുസൃത മലങ്കര മെത്രാപ്പോലീത്തായുടെ ഭരണത്തിന്റെ കീഴിലായി.

പിന്‍ഗാമിയെ തിരഞ്ഞെടുക്കാതെ മലങ്കര മെത്രാപ്പോലീത്താ കാലം ചെയ്തതിനെത്തുടര്‍ന്ന് 1934 ഡിസംബര്‍ 26-ന് കോട്ടയം എം.ഡി. സെമിനാരിയില്‍ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കായെ മലങ്കര മെത്രാപ്പോലീത്താ ആയി തിരഞ്ഞെടുക്കുകയും മലങ്കര സഭാ ഭരണഘടന പാസാക്കുകയും ചെയ്തു. ഇതിനെതിരെ ബാവാ കക്ഷി ഫയല്‍ ചെയ്ത ഒന്നാം സമുദായക്കേസ് എന്നറിയപ്പെടുന്ന വ്യവഹാരത്തില്‍ അന്തിമ വിധി പ്രഖ്യാപിച്ചത് 1958-ല്‍ ഇന്ത്യന്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചാണ്. ഈ വിധിപ്രകാരം 1934-ലെ എം.ഡി. സെമിനാരി അസോസിയേഷന്‍, അവിടെ നടന്ന മലങ്കര മെത്രാന്‍ തിരഞ്ഞെടുപ്പ്, മലങ്കര സഭാ ഭരണഘടന പാസാക്കിയത് എന്നിവ സാധുവാണ്. അതിനെതുടര്‍ന്ന് അപ്പോഴേയ്ക്കും പാത്രിയര്‍ക്കീസ് കക്ഷി എന്നറിയപ്പെട്ടു തുടങ്ങിയ പഴയ ബാവാ കക്ഷി ഔദ്യോഗിക പക്ഷമായ കാതോലിക്കോസ് കക്ഷിയുമായി നിരുപാധികം സമാധാനത്തിലെത്തി. പിന്നീട് 1995-ലും 2017-ലും 1934-ല്‍ പാസാക്കിയ മലങ്കര സഭാ ഭരണഘടന സാധുവും സഭയ്ക്കു മുഴുവന്‍ ബാധകവുമാണന്നു ഇന്ത്യന്‍ സുപ്രീം കോടതി തുടര്‍വിധികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് ഒരു കാലത്ത് യാക്കോബായ എന്നു തെറ്റായി അറിയപ്പെട്ടിരുന്ന സഭയാണ് ഇന്നു നിലനില്‍ക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ. അല്ലാതെ തറയില്‍ പണ്ഡിതര്‍ അവകാശപ്പെടുന്ന 1912-ല്‍ സ്ഥാപിച്ച വിഭാഗമല്ല; യഥാര്‍ത്ഥ മാതൃസഭ തന്നെയാണ്.

സമീപകാലത്ത് എറണാകുളം അതിരൂപതയിലെ ചില പള്ളികളില്‍ റോമന്‍ കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ച കുര്‍ബാനക്രമം ഉപയോഗിക്കണമെന്ന് കോടതിവിധി നേടി നടപ്പിലാക്കിയത് സ്മരിക്കുന്നത് നല്ലതാണ്. നീതിന്യായ കോടതികളുടെ തീരുമാനങ്ങള്‍ അവിടെ അംഗീകൃതവും മലങ്കരസഭാ കാര്യത്തില്‍ പുല്ലുവിലയും!

6. തറയില്‍ പണ്ഡിതരുടെ അടുത്ത കണ്ടെത്തല്‍ നസ്രാണി എന്ന പദത്തേക്കുറിച്ചാണ്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തമനുസരിച്ച് 1878 കാലത്ത് പെന്തക്കോസ്ത് വിഭാഗത്തിന്റെ തുടക്കവും മറ്റുംമൂലം അന്ത്യോഖ്യന്‍ പാരമ്പര്യമുള്ള സുറിയാനി ക്രിസ്ത്യാനികളായ യാക്കോബായക്കാരെയും അവരുടെ കൂടെയുള്ള ക്‌നാനായ സമുദായവും മലങ്കര നസ്രാണികള്‍ എന്നു വിളിക്കപ്പെട്ടത്രെ!

കൊളോണിയല്‍-പൂര്‍വ മാര്‍ത്തോമ്മന്‍ പൈതൃകമുള്ള ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ പൊതു നാമമായിരുന്നു മലങ്കര നസ്രാണി. 1599-ലെ ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനാകളില്‍ ഈ പ്രയോഗം ആവര്‍ത്തിച്ചു വരുന്നുണ്ട്. എന്തിനേറെ 1772-ല്‍ ക്ലെമന്റ് പിയാനോസ് പാദ്രി റോമില്‍ അച്ചടിച്ച സുറിയാനി കത്തോലിക്കര്‍ക്കുള്ള മതപാഠപുസ്തകത്തിന്റെ പേരുതന്നെ നസ്രാണികള്‍ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപ വേദാര്‍ത്ഥം എന്നാണ്!

തുടരും …

ഡോ. എം. കുര്യന്‍ തോമസ്

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 5

തറ വര്‍ത്തമാനത്തിനും ഒരു തറവില വേണം! – ഭാഗം 1