EditorialOVS - Latest News

വിധേയത്വമുള്ള കൈമുത്തിന്റെ കാലം അവസാനിക്കും… അനീതിക്കെതിരെ കൈകൾ ചൂണ്ടപ്പെടും.

മലങ്കര സഭയുടെ കോർപ്പറേറ്റ് കോളേജുകളുടെ, ഒഴിവ് വരുന്ന, അനദ്ധ്യാപക നിയമനങ്ങളിലേക്ക് നടത്തിയ ഇന്റർവ്യൂവിനെ തുടർന്ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ്, മലങ്കര സഭയുടെയും നസ്രാണി സമുദായത്തിന്റെയും ഭാവിയെപറ്റി ചിന്തയുള്ള ഏതൊരു നസ്രാണിയുടെ മനസ്സിൽ അലോസരവും അമർഷവും നിറയ്ക്കുന്നതാണ്. ആഗോളതാപനം മൂലം അന്റാർട്ടിക്കയിലെ ഹിമപാതങ്ങൾ അനുദിനം ചുരുങ്ങി വരുന്നതിലും വേഗത്തിലും തീവ്രതയിലുമാണ് മലങ്കര സഭ ഗുണനിലവാരത്തിലും ജനസംഖ്യാ അടിസ്ഥാനത്തിലും ക്ഷയിക്കുന്നത്. ഇവിടെ കാലോചിതമായി പരിഷ്കരിക്കപ്പെടുന്നതും, അമിതമായി പരിഗണിക്കപ്പെടുന്നതും മലങ്കര സഭയിലെ വരേണ്യ വർഗമായ പൗരോഹിത്യ താല്പര്യങ്ങൾ മാത്രമാണ്. അവർക്ക്, മലങ്കരയിൽ നസ്രാണി സമൂഹം അസ്തമയ നൂറ്റാണ്ടിലേക്ക് നീങ്ങുമ്പോഴും അക്കര നാടുകളിലെ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ അവസരങ്ങളിലാണ് ദൃഷ്ടി. പ്രസ്തുത റാങ്ക് ലിസ്റ്റ് മലങ്കര സഭയുടെ ഇപ്പോഴത്തെ ഒട്ടുമിക്ക അഭിവന്ദ്യ മെത്രാന്മാരുടെയും, സമിതികളുടെയും നിലവാരവും, സുതാര്യതയും, സമുദായ താല്പര്യവും കൃത്യമായി വിവരിക്കുന്നു. മെത്രാന്മാരെ കാണുമ്പോൾ നട്ടെല്ല് വളഞ്ഞു നിന്ന്, അവർക്ക് സഭയെയും സമുദായത്തെയും വെല്ലുവിളിക്കാൻ പ്രാപ്‌തമായ നിലയിലേക്ക് സാമ്പത്തികമായി വളരാൻ സഹായകരമായി വർത്തിക്കുന്ന ദുർബലരായ വിശ്വാസികളുടെ ഇടയിൽ മെത്രാന്മാർക്കോ, സ്ഥാനികൾക്കോ, സ്ഥാപനങ്ങൾക്കോ സമുദായ താല്പര്യങ്ങളോട്‌ ഉത്തരവാദിത്വബോധം സൂക്ഷികേണ്ട ആവശ്യവുമില്ല.

പ്രസ്തുത റാങ്ക് ലിസ്റ്റിൽ എല്ലാ അർത്ഥത്തിലും അർഹരായ വ്യക്തികൾ തഴയപ്പെടുക മാത്രമല്ല, മറ്റു സമുദായ അംഗങ്ങളെ മെച്ചപ്പെട്ട രീതിയിൽ പരിഗണിക്കപ്പെടുന്നതും കാണുമ്പോൾ ഇത്തരം സമിതികളുടെ സമുദായ താല്‌പര്യം കൃത്യമാണ്. ഉയർന്നു കേൾക്കുന്ന സ്വജനപക്ഷപാത വിമർശനങ്ങൾക്കു എതിരെ നിയമന കാര്യങ്ങളിലെ സാങ്കേതിക-നിയമ വശങ്ങൾ നിരത്തി വീശദീകരിച്ചാൽ, അനുസ്യൂതം അട്ടിമറിക്കപ്പെടുന്ന സമുദായ നീതിക്ക് മറുപടിയാകില്ല. നൂറ്റാണ്ടുകളായി നിയമം കൃത്യമായി ഉപയോഗിച്ചു മലങ്കര സഭയക്കെതിരെയുള്ള വെല്ലുവിളികളെ പ്രതിരോധിച്ചും, അതിജീവിച്ചും അജയ്യമായി മുന്നോട്ട് പോകുന്ന മലങ്കര സഭയിൽ, സമുദായ അംഗങ്ങളുടെ അർഹതയെ പരിഗണിക്കാൻ നിയമവും വ്യവസ്ഥിതിയും അനുവദിക്കുന്നില്ല എന്ന് പറയുന്നത് അപഹാസ്യമാണ്. റാങ്ക് ലിസ്റ്റിൽ രണ്ടാമതും പതിനാലാമതുമായി പരിഗണിക്കപ്പെട്ട ഇതര സഭാ വിശ്വാസികൾക്ക്, മലങ്കര സഭയുടെ പോരാട്ട വീഥികളിൽ ആവേശത്തോടെ പൊരുതി തങ്ങളുടെ സുന്ദര യൗവ്വനത്തിൽ ബലിയാടാക്കപ്പെട്ട സഭാ വിശ്വാസികളേക്കാൾ അധികമായി എന്ത് യോഗ്യതയാണ് കല്പിക്കുന്നത്? അന്യ സഭക്കാർക്ക് ജോലി കൊടുക്കാൻ എക്യൂമെനിക്കൽ സ്നേഹം പറയുന്ന മെത്രാനും പരിവാരങ്ങളും അവരെ ഇടവക ചേർക്കാനുള്ള ആർജവം എങ്കിലും കാണിക്കുമോ?

ജീവിത മാർഗം തേടി അനേകം ചെറുപ്പക്കാർ കുടുംബമായി അന്യരാജ്യങ്ങളിലേക്ക് പലായനം ചെയ്യപ്പെടുമ്പോൾ, യുവാക്കൾ തൊഴിൽ ദൗർലഭ്യതമൂലം വിവാഹം കഴിക്കാൻ ബുദ്ധിമുട്ടുമ്പോൾ സഭയും സമുദായവും കഴിയുന്ന എല്ലാ അർത്ഥത്തിലും അർഹരായ സഭാ വിശ്വാസികളെ പരിഗണിക്കുക തന്നെ വേണം. മലങ്കര സഭയുടെ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ നടത്തിപ്പും നിലവാരവുമൊക്കെ പല കാലഘട്ടങ്ങളിലും പരിതാപകാരവും, കാര്യക്ഷമതയില്ലാത്തതുമാണ്. ഏഴ് കോർപ്പറേറ്റ് കോളേജുകൾ ലിസ്റ്റിൽ ഉണ്ടെങ്കിലും, തത്വത്തിൽ മൂന്ന് കോളേജുകൾ മാത്രമാണ് കോർപ്പറേറ്റ് മാനേജ്മെൻറ് നിയന്തിക്കുന്നത്. മറ്റുള്ളതൊക്കെ ഭദ്രാസനങ്ങൾക്കും മെത്രാപ്പോലീത്തന്മാർക്കും വരുമാനഹേതുവാക്കി മാത്രം നൽകിയിരിക്കുകയാണ്. മലങ്കര സഭയുടെ പൊതുസ്വത്തിൽ നിന്നും വിശ്വാസികളിൽ നിന്നുമുള്ള വിശാല പിരിവുകളിൽ നിന്നും സൃഷ്ടിക്കപ്പെട്ട സ്ഥാപനങ്ങൾ ഭദ്രാസനങ്ങൾക്ക് പതിച്ചു നൽകിയത് ഈ അനുചിതമായ സംഗതിക്ക് ഒപ്പം ചേർത്ത് വെയ്‌ക്കേണ്ട ഒന്നാണ്, ഇത്തരം ഒരു കോളജിന്റെ മാനേജരായി പ്രവർത്തിക്കുന്ന അഭിവന്ദ്യ. സഖറിയാസ് മാർ അപ്രേമിനാണ് കോർപ്പറേറ്റ് കോളേജുകളുടെ ഭരണചുമതല കൂടി നൽകിയിരിക്കുന്നത്. ഇതര സഭകൾ അവരുടെ സ്ഥാപനങ്ങളിൽ വരുന്ന നിയമനങ്ങളിൽ സ്വസഭാംഗങ്ങളെ മാത്രം പരിഗണിക്കുന്നത് എന്തുകൊണ്ടെന്ന് വേദവും ഉപനിഷത്തുമൊക്കെ വായിച്ചു താമരയിൽ ക്രിസ്തുവിനെ കാണുന്ന എക്യൂമെനിക്കൽ മെത്രാൻ പഠിക്കണം. വിദേശ രാജ്യങ്ങളിലെ പുതിയ ഭദ്രാസനങ്ങളും ഇടവകകളും ഒക്കെ മലങ്കര സഭയുടെ വളർച്ചായി പ്രഘോഷിക്കുന്ന വീക്ഷണബോധമില്ലാത്ത മെത്രാൻകൂട്ടവും, തീക്ഷ്ണതയില്ലാത്ത മരമണ്ടൻ വിശ്വാസികളും മനസിലാക്കേണ്ടത്, ഇത്തരത്തിൽ മെത്രാന്മാരും പുരോഹിതരും ഏറാൻമൂളികളും കൂടെ മേഞ്ഞു ഭരിച്ചാൽ മൂന്ന് നാല് പതിറ്റാണ്ടിനപ്പുറം നസ്രാണി സഭ മലങ്കരയിൽ ഏതാണ്ട് വിസ്‌മൃതിയിലാവും എന്ന സത്യമാണ്. ഫാൻസ്‌ അസോസിയേഷനിൽ ഭ്രമിച്ച് നിൽക്കുന്ന കുപ്പായക്കാർ സത്യം തിരിച്ചറിഞ്ഞു തിരുത്തിയില്ലെങ്കിൽ യേശു ക്രിസ്തു യറുശലേം ദേവാലയത്തിൽ കച്ചവടക്കാരെ അടിച്ചിറക്കിയതു പോലെ ആധുനിക കച്ചവടക്കാരായ നിങ്ങളെ സഭാ മക്കൾ ചാട്ട കൊണ്ട് അടിച്ചിറക്കേണ്ടി വരും എന്നത് മറക്കരുത്.

സമുദായ നീതി അട്ടിമറിക്കപ്പെടുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ മലങ്കര സഭയുടെ നേതൃത്വവും, സമിതികളും അടിയന്തരമായി ഇടപെട്ട് ആവലാതികളും, ആശങ്കകളും പരിഹരിക്കപ്പെടണം, ഇത്തരം പ്രവണതകൾ  അവർത്തിക്കപ്പെടാതെ ഇരിക്കാനുള്ള ജാഗ്രത മലങ്കര നസ്രാണികൾക്കുമുണ്ടാകണം. പ്രസ്‌തുത വിഷയത്തിലുള്ള അതിശക്തമായ വികാരം മലങ്കര സഭയുടെ നേതൃത്വത്തെ അറിയിക്കുന്നതിന് ഒപ്പം, മലങ്കര സഭ നമ്മുടേതും, നമ്മുടെ സന്തതി പരമ്പരകൾക്കും വേണ്ടിയുമുള്ളതാണ് എന്ന് ആർജ്ജവത്തോടെ, ദൈവത്താൽ ഷണ്ഡന്മാരാക്കപെട്ട അഭിവന്ദ്യ മെത്രാന്മാരോട് പറയാനുള്ള തീയും തീക്ഷണതയും വിശ്വാസികൾക്ക് ധാരാളമായി ലഭിക്കട്ടെ എന്നും ആശംസിക്കുന്നു.

രണ്ട് പതിറ്റാണ്ട് കാലം സഭയുടെ കോളേജുകളിൽ അധ്യാപകനായും ഒരു പതിറ്റാണ്ട് കാലം പ്രിൻസിപ്പാളായും പ്രവർത്തിക്കാൻ കോളേജുകളുടെ സെക്രട്ടറിയായി ഇപ്പോൾ വിരാജിക്കുന്ന ഡോ. എം ഇ കുരിയാക്കോസിന് അവസരം ലഭിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ മികവ് കൊണ്ടല്ല സഭാംഗം എന്ന ലേബൽ ഒന്നുകൊണ്ട് മാത്രമാണ് എന്ന് മറക്കരുത്. കോളേജുകളുടെ ഭരണ ഘടനയെയും ഗവേണിംഗ് ബോർഡിനെയും നോക്കുകുത്തിയാക്കി സാമ്പത്തിക താൽപര്യം മുൻനിർത്തി സഭാംഗങ്ങളല്ലാത്തവരെ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി സ്ഥലം മാറ്റുമ്പോൾ ബലിയാടാകുന്നത് സഭാ മക്കളാണ്. മറ്റു മതക്കാരെയും സമുദായക്കാരെയും പ്രിൻസിപ്പാളാക്കാൻ ഉത്സാഹം കാണിച്ചു നടന്ന അദ്ദേഹം അനധ്യാപക നിയമനത്തിലും ആ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഒരു പതിറ്റാണ്ട് കാലമായി സഭാ വക കോളേജുകളുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അദ്ദേഹം ഇക്കാലത്ത് കോളേജ് മാനേജർമാരുടെ സംസ്ഥാന   സംഘടനയിൽ പദവി നേടിയെടുക്കുകയല്ലാതെ സഭയ്ക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്. സ്വന്ത ഭദ്രാസനത്തിൽ മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം എട്ടുനിലയിൽ പൊട്ടി ചിലരുടെ ആസനം താങ്ങി പദവി നേടിയെടുത്തതിന് ശേഷം അതിൽ കടിച്ച് പിടിച്ച് തുടരാൻ ശ്രമിക്കുന്ന ഇദ്ദേഹത്തെ പരിശുദ്ധ കാതോലിക്കാ ബാവാ എത്രയും പെട്ടെന്ന് പുറത്താക്കണം അല്ലെങ്കിൽ സഭാ സ്ഥാപനങ്ങൾ ഇദ്ദേഹം കുളംതോണ്ടും എന്നത് ഉറപ്പാണ്. സഭാ മക്കൾ ഇല്ലെങ്കിൽ സഭ ഇല്ല. സഭ ഇല്ലെങ്കിൽ കുപ്പായക്കാരുടെ ആവശ്യവുമില്ല. അക്ഷരമുറച്ച കുഞ്ഞുമക്കൾ ജയ് ജയ് കാതോലിക്കോസ് എന്ന് വിളിക്കുമ്പോൾ അവരുടെ ഉള്ളിലുള്ള സഭാ സ്നേഹത്തിന്റെ നൂറിലൊരംശം പോലും കാണിക്കാൻ സഭയെക്കൊണ്ട് മാത്രം ജീവിക്കുന്ന നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ പദവികളൊഴിഞ്ഞു പുറത്തു പോവുക.

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ

വൈദീകരുടെ വേതനവർദ്ധനവിന് ഒപ്പം സേവന മികവും ഉറപ്പ് വരുത്തണം