Outside KeralaOVS - Latest News

പെരമ്പുർ സെൻറ്‌ ഗ്രീഗോറിയോസ് ഇടവക പെരുന്നാൾ

പെരമ്പുർ സെൻറ്‌ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയുടെ പെരുന്നാൾ നവംബർ 10, 11, 12 തീയതികളിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവറുഗീസ്‌ മാർ ഫിലക്സിനോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.

വെള്ളിയാഴ്ച്ച ദിവസം ബ്രോഡ്വേ കത്തീഡ്രൽ വികാരി ഫാദർ അനീഷ് മാത്യു വചന സന്ദേശം നൽകി. ശനിയാഴ്ച ഭക്തി നിർഭരമായ പ്രദക്ഷിണത്തിനു ശേഷം അഭിവന്ദ്യ ഗീവറുഗീസ്‌ മാർ ഫിലക്സിനോസ് തിരുമേനി മുഖ്യ സന്ദേശം നൽകി. തുടർന്ന് അത്താഴ സദ്യയും നടത്തപ്പെട്ടു.

ഞായറാഴ്ച അഭിവന്ദ്യ ഗീവറുഗീസ്‌ മാർ ഫിലക്സിനോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുബാനയും അതിനുശേഷം പാഴ്സനേജ് ബിൽഡിംഗ് അടിസ്ഥാന ശിലാ ശുദ്ധീകരണവും, പത്തും പന്ത്രണ്ടും ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡും മെമെന്റോയും നൽകുകയും ചെയ്തു.

ഇടവക ഒരു സ്വതന്ത്ര ഇടവക ആയി പ്രഖ്യാപിച്ചതിനു ശേഷം 20 വർഷങ്ങൾ പൂർത്തീകരിച്ചതിന്റെ ഭാഗമായി 70 വയസ്സ് പൂർത്തിയാക്കിയ ഇടവക ജനങ്ങളെ ആദരിക്കുകയും മറ്റു ചാരിറ്റി പ്രവർത്തങ്ങൾക്കു തുടക്കം കുറിക്കുകയും ചെയ്തു.

കഷ്ടതയും സഹിഷ്ണുതയും പ്രത്യാശയും നിറഞ്ഞ ക്രിസ്‌തീയ ജീവിതം നൽകുന്ന സുകൃത മൂല്യങ്ങളെ പറ്റിയും അതിലൂടെ വിശുദ്ധ ജീവിതം നയിച്ച് അനേകർക്ക്‌ അനുഗ്രഹമായി മാറിയ പരിശുദ്ധ പരുമല തിരുമേനിയെ പോലെയുള്ള പരുശുദ്ധന്മാരുടെയും ശുദ്ധിമതികളുടെയും ജീവിതം നമുക്ക് മാതൃകയാകണമെന്നും അഭിവന്ദ്യ തിരുമേനി തന്റെ മുഖ്യ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.

ഭദ്രാസന സെക്രട്ടറി ഫാദർ തോമസ് ഐസക്കും ചെന്നൈ മേഖലയിൽ നിന്നും ഏകദേശം 20 വൈദീകരും വിശ്വാസി സമൂഹവും ഈ മൂന്നു ദിവസത്തെ ശുശ്രുഷകളിൽ പങ്കെടുത്തു. പെരുന്നാൾ ക്രമീകരണങ്ങൾക്ക് ഇടവക വികാരി ഫാദർ അജീഷ് വി അലക്സ്, ട്രസ്റ്റീ ശ്രീ സന്തോഷ് പെരുമല, സെക്രട്ടറി ശ്രീ ബിനു ജോസഫ് എന്നിവർ നേതൃത്വം നൽകി.