OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ് സഭ കൊല്ലം മുൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു

വിശുദ്ധിയും ലാളിത്യവും നിറഞ്ഞ വിസ്മയ ജീവിതത്തിലൂടെ ആദരവു നേടിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു. മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാർ അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഭരണച്ചുമതല ഒഴിഞ്ഞത്. കബറടക്കം ചൊവ്വാഴ്ച(22-08-2023) ശാസ്താംകോട്ട മൗണ്ട് താബോർ ഏലിയാ ചാപ്പലിൽ.

കൊച്ചിയിലും കൊല്ലത്തും 3 പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന സഖറിയാസ് മാർ അന്തോണിയോസ് അജപാലന ജീവിതത്തിന്റെ ഏറ്റവും പരിശുദ്ധവും ലാളിത്യവും നിറഞ്ഞ മാതൃകയാണ്. വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ല. പാസ്പോർട്ട് പോലും ഇല്ല. നാട്ടിലോ മറുനാട്ടിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയിട്ടില്ല. അത്യാവശ്യത്തിനു മാത്രം യാത്രകൾ. ഉപയോഗിച്ചിരുന്നത് സാധാരണ വാഹനം. മേൽപട്ടം സ്വീകരിച്ചു കൂടുതൽ ഉയരങ്ങളിലേക്കു പോകാൻ കഴിയുമായിരുന്ന നല്ല ഇടയൻ അതൊക്കെ ഉപേക്ഷിച്ചാണു വിശ്രമ ജീവിതത്തിന്റെ ശാന്തതയിലേക്കു കടന്നത്.

പുനലൂർ വാളക്കോട് സെന്റ് ജോർജ് ഇടവകയിലെ ആറ്റുമാലിൽ വരമ്പത്ത് ഡബ്ല്യു.സി. ഏബ്രഹാമിന്റെയും മറിയാമ്മ ഏബ്രഹാമിന്റെയും 6 മക്കളിൽ മൂത്ത മകനായ ഡബ്ല്യു.എ.ചെറിയാൻ ആണ് സഖറിയാസ് മാർ അന്തോണിയോസ് ആയി മാറിയത്. 1946 ജൂലൈ 19നു ജനനം. മുത്തച്ഛൻ ഡബ്ല്യു.സി. ചെറിയാനോടൊപ്പം തിരുവല്ല ആനപ്രാമ്പാൽ എന്ന സ്ഥലത്തു നിന്നു പുനലൂരിലേക്കു കുടിയേറിയതാണു കുടുംബം. തിരുവല്ലയിലെ വീട്ടുപേരാണ് ആറ്റുമാലിൽ വരമ്പത്ത്. അമ്മയുടെ കുടുംബം കൊട്ടാരക്കര പണ്ടകശാലയിൽ നിന്നു പിറവന്തൂരിൽ എത്തിയതാണ്.

പുനലൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1962 ൽ എസ്എസ്എൽസി കഴിഞ്ഞു പോസ്റ്റ് എസ്എസ്എൽസി വിദ്യാർഥി ആയാണ് ആദ്യം കൊല്ലത്തെത്തുന്നത്. തുടർന്നു ഇന്റർമീഡിയറ്റ്. 1968 ൽ കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കോട്ടയം പഴയ സെമിനാരിയിൽ ദൈവശാസ്ത്ര പഠനം. മുൻ തലമുറകളിൽ പുരോഹിതർ ഉണ്ടായിരുന്നതിനാൽ ദൈവശാസ്ത്രം പഠിക്കണമെന്നതു കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു.

1974 ഫെബ്രുവരി 2നു പൗരോഹിത്യം സ്വീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൊല്ലം ഭദ്രാസനാധിപൻ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യനായി പ്രവർത്തിച്ചു. പിന്നീട് കൊല്ലം കാദീശ, കുളത്തൂപ്പുഴ, നെടുമ്പായിക്കുളം എന്നിവിടങ്ങളിൽ വികാരിയായി. 1991 ഏപ്രിൽ 30ന് എപ്പിസ്കോപ്പ പദവിയിലേക്ക്. കൊച്ചി ഭദ്രാസനത്തിൽ 17 വർഷത്തിലേറെ ഭരണച്ചുമതല വഹിച്ച ശേഷമാണു കൊല്ലത്തേക്കു സ്ഥലം മാറിയെത്തിയത്