OVS-Kerala News

എം.ഡി. കൊമേഴ്സ്യൽ സെന്റർ കൂദാശ ആഗസ്റ്റ് 19 -ന്

കോട്ടയം:- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഭിമാനമായി കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന എം.ഡി. കൊമേഴ്സ്യൽ സെന്ററിന്റെ മുകളിൽ പുതുതായി നിർമ്മിച്ച നിലയുടെ കൂദാശ 2023 ആഗസ്റ്റ് 19 ശനി 3 മണിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവ്വഹിക്കും. പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് രണ്ടാമന്റെ കാലത്ത് സ്ഥാപിച്ച എം.ഡി. സെമിനാരി കോബൗണ്ടിൽ കെ.കെ റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വാണിജ്യ സമുച്ചയം രണ്ടു ഘട്ടമായിട്ടാണ് നിർമ്മിച്ചത്.

ആദ്യ കെട്ടിടം പരിശുദ്ധ ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ കാലത്തും രണ്ടാം ഘട്ടം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കാലത്തുമാണ് നിർമ്മിച്ചത്. കെ.കെ. റോഡിന് അഭിമുഖമായി നിലകൊള്ളുന്ന ഈ 2 കെട്ടിടങ്ങളുടെയും മുകളിൽ ഒരു നില കൂടി പണിയുക എന്നത് ഏവരുടെയും സ്വപ്നമായിരുന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാലത്താണ് 2021 നിർമ്മാണത്തിന് വേണ്ടിയുള്ള അനുമതി ലഭിച്ചത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചുമതല ഏറ്റെടുത്ത ഉടൻ ഇതിന്റെ നിർമ്മാണം ആരംഭിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. അതിന്റെ പൂർത്തികരണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. നിർമ്മാണം ആരംഭിച്ച് 8 മാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കുവാൻ സാധിച്ചു. 2 കെട്ടിടങ്ങളിലുമായി 48 മുറികൾ പുതുതായി വാടകക്ക് നൽകുവാൻ സാധിക്കും. സഭക്ക് ഒരു സ്ഥിര വരുമാനം ഇതിലൂടെ ലഭിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി പ്രാർത്ഥിച്ച് ആരംഭിച്ച എം.ഡി. കൊമേഴ്സ്യൽ സെന്റർ കെട്ടിടത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്ന സമയത്ത് എല്ലാം പരിശുദ്ധ ബാവാ തിരുമേനി നിർമ്മാണം സംബന്ധിച്ചുള്ള കാര്യങ്ങൾ നിരന്തരം അന്വേഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു വന്നിരുന്നു.

കോട്ടയം നഗരത്തിൽ വലിയതോതിൽ വാഹനങ്ങളുടെയും ജനങ്ങളുടെയും തിരക്ക് ഉള്ള സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഒരു തടസ്സവും ഇല്ലാതെ നടന്നത് പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനയും ദൈവത്തിന്റെ കൃപയും കൊണ്ടാണ്. കൂദാശ ചടങ്ങിൽ ഏവരും സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.