OVS - Latest NewsOVS-Kerala News

കോട്ടയം ബസേലിയസ് കോളജ് വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കോട്ടയം : ദേശീയവിദ്യാഭ്യാസനയത്തിന്‍റെ ഭാഗമായി പശ്ചിമബംഗാളിലെ കലിംപോങ് കോളജും ബസേലിയസ് കോളജും സഹോദര കോളജുകളായി നിലനിന്നുകൊണ്ട് വിദ്യാര്‍ത്ഥി-അധ്യാപക കൈമാറ്റപരിപാടികള്‍ ആരംഭിക്കുമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ്. ബസേലിയസ് കോളജ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേള്‍ക്കാത്തത് കേള്‍ക്കുകയും, കാണാത്തത് കാണുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിജയി എന്ന് ഗവര്‍ണര്‍ പറഞ്ഞു. സമൂഹത്തില്‍ മാറ്റം വരുത്താനുള്ള ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസമാണെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേല പറഞ്ഞത് സത്യമാണെന്നും വിദ്യാഭ്യാസത്തിനുമാത്രമേ സമൂഹത്തില്‍ മാറ്റം വരുത്താന്‍ കഴിയുകയുള്ളുവെന്നും വിദ്യാഭ്യാസം കൊണ്ട് ത്യാജ്യഗ്രാഹ്യബുദ്ധി വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുടെ ജ്യേഷ്ഠസഹോദരനും ബസേലിയസ് കോളജിലെ മുന്‍ അധ്യാപകനുമായിരുന്ന ഡോ. സി.വി. മോഹന്‍ ബോസിന്‍റെ ആഗ്രഹപ്രകാരം വജ്രജൂബിിലി ആഘോഷങ്ങളുടെ ഭാഗമായി ബസേലിയസ് കോളേജിലെ ഏറ്റവും ശ്രേഷ്ഠനായ വിദ്യാര്‍ത്ഥിക്ക് 50,000 രൂപയുടെ വജ്രജൂബിലി അവാര്‍ഡ് നല്‍കുന്നതാണെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസം സമൂഹത്തിന്‍റെ മാറ്റത്തിന് ഉതകുന്ന ഏറ്റവും വലിയ ആയുധമാണെങ്കിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അത് വേണ്ടത്രരീതിയില്‍ ഉപയോഗിക്കുന്നില്ലെന്നുള്ളത് വളരെ ഖേദകരമാണെന്ന് ഓര്‍ത്തഡോക്സ്  സഭാ പരമാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു ബാവാ. മനസ്സിന്‍റെ സംസ്ക്കരണത്തിലൂടെ ഉള്‍ക്കാഴ്ച വളര്‍ത്തിയെടുത്ത് ഉത്തരവാദിത്വബോധമുള്ള പൗരന്മാരെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണമെന്നും കാതോലിക്കാബാവാ ഓര്‍മ്മിപ്പിച്ചു.

ഓര്‍ത്തഡോക്സ്സഭാ കോളജുകളുടെ മാനേജര്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തി. തോമസ് ചാഴികാടന്‍ എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., മോന്‍സ് ജോസഫ് എം.എല്‍.എ., കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ബിജു തോമസ്, ജനറല്‍ കണ്‍വീനര്‍ പ്രഫ. ഡോ. പി. ജ്യോതിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ വി-ബസേലിയന്‍ നിര്‍മിക്കുന്ന ഡിജിറ്റല്‍ തീയേറ്ററിന്‍റെ ആദ്യഗഡു ചലച്ചിത്രനിര്‍മാതാവും പൂര്‍വ വിദ്യാര്‍ത്ഥിയുമായ സന്തോഷ് ടി. കുരുവിള ഗവര്‍ണര്‍ക്ക് കൈമാറി.