OVS - Latest NewsOVS-Kerala News

ആതുര ശുശ്രൂഷാ രംഗത്ത് യുവാക്കളുടെ സാന്നിധ്യം അനിവാര്യം: പരിശുദ്ധ കാതോലിക്കാ ബാവ

ആതുര ശുശ്രൂഷാ രംഗത്ത് യുവാക്കളുടെ സാന്നിധ്യം അനിവാര്യമാണെന്നും കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനുള്ള വഴികാട്ടിയായി യുവജന പ്രസ്ഥാനങ്ങൾ മാറണമെന്നും മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന യുവജന നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.

മലങ്കര സഭ ആവിഷ്കരിക്കുന്ന പദ്ധതികളിൽ യുവജനങ്ങളുടെ ആശയങ്ങളും പിന്തുണയും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു.

കേന്ദ്ര വൈസ് പ്രസിഡന്റ്‌ ഫാ. ഷിജി കോശി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, കേന്ദ്ര ട്രഷറർ പേൾ കണ്ണേത്ത്, സഭ മാനേജിങ് കമ്മിറ്റിയംഗങ്ങളായ ജോജി പി. തോമസ്, അഡ്വ. ടോം കോര, കേന്ദ്ര റീജിയണൽ സെക്രട്ടറി അബി എബ്രഹാം കോശി, ഫാ. വർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു.

സഭയിലെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേന്ദ്ര സമിതി അംഗങ്ങളും പരിശുദ്ധ കാതോലിക്ക ബാവയുമായി സംവദിച്ചു. കേന്ദ്ര യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തന രൂപരേഖ ചടങ്ങിൽ പ്രകാശനം ചെയ്തു.