OVS - Latest NewsOVS-Kerala News

എം.ഡി. കൊമേഴ്സ്യൽ സെന്റർ രണ്ടാം ഘട്ട നിർമ്മാണം പൂർത്തീകരണത്തിലേക്ക്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഭിമാനമായി കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന എം.ഡി. കൊമേഴ്സ്യൽ സെന്ററിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ പൂർത്തിയാകും. പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് രണ്ടാമന്റെ കാലത്താണ് എം.ഡി. സെമിനാരി സ്ഥാപിച്ചത്.

പുലിക്കോട്ടിൽ തിരുമേനി സഭക്ക് വേണ്ടി സ്വരൂപിച്ച പെതു സ്ഥലങ്ങളിൽ പ്രമുഖമായിട്ടുള്ളതാണ് ഇത്. 1889 ൽ വാങ്ങിയ സ്ഥലമാണിത്. ആലപ്പുഴയിൽ താമസിച്ചിരുന്ന ഹ്യൂക്രാഫോർട്ട് എന്ന സായിപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന “വുഡ്ലാൻഡ് എസ്റ്റേറ്റ് ” അദ്ദേഹത്തിന്റെ മുക്ത്യാർകാരനായിരുന്ന ജയിംസ് ഡാറാ എന്ന അമേരിക്കക്കാരനിൽ നിന്ന് 3548 രൂപ 4 പൈസക്ക് തീറെഴുതി വാങ്ങി. ഈ തീറാധാരം രജിസ്റ്റർ ചെയ്തിരിക്കുന്നത് അഭി. പുലിക്കോട്ടിൽ തിരുമേനിയുടെയും ഫാദർ ഇമ്മാനുവെൽ അബ്രഹാം നിധീരിയുടെയും പേരിലാണ്. ജാത്യൈക്യ സംഘത്തിനു വേണ്ടിയാണ് ഈ സ്ഥലം വാങ്ങിയതെങ്കിലും ജാത്യൈക്യ സംഘത്തിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് നിധീരിക്കൽ അച്ചനെ കത്തോലിക്കാ സഭാ വിലക്കി. ഇതിനെ തുടർന്ന് ഈ പ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹം പിൻവാങ്ങി. സ്ഥലം വാങ്ങുന്നതിനായി നിധീരിക്കൽ അച്ചൻ മുടക്കിയ മുഴുവൻ പണവും പുലിക്കോട്ടിൽ തിരുമേനി തിരികെ നൽകി.

22 ഏക്കർ വരുന്ന വിശാലമായ സ്ഥലം മലങ്കര സഭയുടെതാക്കി മാറ്റി. അന്നു മുതൽ ഇന്നുവരെ മലങ്കര മെത്രാപ്പോലീത്താമാരുടെ പേരിൽ കോട്ടയം മുട്ടമ്പലം വില്ലേജ് ഓഫീസിൽ കരം അടച്ചു പോരുന്നു. സുന്ദരമായ ഈ സ്ഥലത്താണ് മാർ ഏലിയ കത്തീഡ്രൽ, ബസേലിയോസ് കോളേജ്, എം.ഡി. LP,UP, HS, ഹയർ സെക്കന്ററി എന്നീ സ്കുളുകൾ, എം.ഡി. ഹോസ്റ്റൽ, എം.ഡി.കൊമ്മേഷ്യൽ സെന്റർ, എന്നിവയും സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിന്റെ പല ഭാഗത്തും കൈയ്യേറ്റങ്ങൾ ഉണ്ടായിരുന്നു. നിയമപരമായി കൈയ്യേറ്റങ്ങൾ എല്ലാം ഒഴിപ്പിച്ചു.

എം.ഡി. സെമിനാരിയിലെ സ്ഥലത്ത് വിവിധങ്ങളായ വികസന പ്രവർത്തനങ്ങളാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആവിഷ്കരിച്ച് വരുന്നത്. ആദ്യ ഘട്ടത്തിൽ നിലവിലുള്ള എം.ഡി.കൊമ്മേഷ്യൽ സെന്ററിന്റെ മുകളിൽ ഒരു നില കൂടി പണിയുക എന്നതാണ്. പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായുടെയും കാലത്ത് കെ.കെ. റോഡിന് അഭിമുഖമായി നിർമ്മിച്ച 2 കെട്ടിടങ്ങളുടെയും മുകളിൽ ഒരു നില കൂടി പണിയുക എന്നത് ഏവരുടെയും സ്വപ്നമായിരുന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാലത്ത് നിർമ്മാണത്തിന് വേണ്ടിയുള്ള അനുമതി ലഭിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചുമതല ഏറ്റെടുത്ത ഉടൻ ഇതിന്റെ നിർമ്മാണം ആരംഭിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. അതിന്റെ പൂർത്തികരണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. മൂന്നാം നിലയുടെ പണിയുടെ ഭാഗമായുള്ള മുകളിലത്തെ വാർക്ക കഴിഞ്ഞു. അവസാന ഘട്ട പണികൾ നടന്നു വരുന്നു. നിർമ്മാണം ആരംഭിച്ച് 6 മാസത്തിനുള്ളിൽ പൂർത്തിയാക്കുവാൻ സാധിച്ചു. ആവശ്യക്കാർക്ക് വാടകക്ക് മുറികൾ കൊടുക്കാൻ സഞ്ചമായി. രണ്ട് മാസത്തിനകം 48 മുറികൾ പുതുതായി വാടകക്ക് ആവശ്യക്കാർക്ക് നൽകാൻ സാധിക്കും.

രണ്ടാം ഘട്ടമായി സഭാ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നതും സഭാ മക്കൾ വർഷങ്ങളായി ആഗ്രഹിക്കുന്നതും മലങ്കര സഭക്ക് അഭിമാനമായി കോട്ടയത്ത് ഉണ്ടാകേണ്ടതുമായ ഓർത്തഡോക്സ് കൾച്ചറൽ സെന്റർ ആണ് . 1500 പേർക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാനും 2500 പേർ പങ്കെടുക്കുന്ന സമ്മേളനം നടത്തുവാനും സാധിക്കുന്ന വിധത്തിൽ എല്ലാ ആധുനീക സംവിധാനവും ഉള്ള ഓഡിറ്റോറിയം ഉൾപ്പെടുന്ന ഓർത്തഡോക്സ്‌ കൾച്ചറൽ സെന്ററിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത് . ഇതോടൊപ്പം നൂറിൽപരം ആളുകൾക്ക് താമസിക്കാൻ സാധിക്കുന്ന Residential Building ഉം ഇതിൽ ഉൾപ്പെടുന്നു. ഈ നിർമ്മാണ പ്രവൃത്തികൾക്ക് എല്ലാം നിയമപരമായി എല്ലാ അനുവാദവും ലഭിച്ചിട്ടുണ്ട്. എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ പരിശുദ്ധ സഭ ചെയ്തു വരുന്നു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഈ കാര്യങ്ങൾ എല്ലാം  കാലതാമസം വരുത്താതെ ചെയ്യണമെന്ന് നിർദ്ദേശിച്ചിരിക്കുകയും ചെയ്തു. പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി പ്രാർത്ഥിച്ച് ആരംഭിച്ച എം.ഡി. കൊമേഴ്സ്യൽ സെന്റർ കെട്ടിടത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്ന സമയത്ത് പരിശുദ്ധ ബാവാ തിരുമേനി ഇത് സംബന്ധിച്ച് നിരന്തരം അന്വേഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു വരുന്നു. കോട്ടയം നഗരത്തിൽ വലിയതോതിൽ വാഹനങ്ങളുടെയും ജനങ്ങളുടെയും തിരക്ക് ഉള്ള സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഒരു തടസ്സവും ഇല്ലാതെ നടന്നത് പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനയും ദൈവത്തിന്റെ കൃപയും കൊണ്ടാണ്.

മൂന്നാം ഘട്ടമായി ഉദ്ദേശിച്ചിട്ടുള്ളത് കളക്ടേറ്റിന് അടുത്ത് K.K. റോഡിനോട് ചേർന്ന് കിടക്കുന്നതും മുഴുവൻ വാടകക്കാരെയും ഒഴിപ്പിച്ച (ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന) സ്ഥലത്ത് പുതുതായി വാണിജ്യ സമുച്ചയം നിർമ്മിക്കുക എന്നതാണ്. അത് സംബന്ധിച്ച് പ്ലാൻ തയ്യാറാക്കിയതിന് ശേഷം സഭയുടെ വർക്കിംഗ് കമ്മിറ്റിയും, മാനേജിംഗ് കമ്മിറ്റിയും അടക്കമുള്ള വിവിധ സമിതികൾ അംഗീകരിക്കുന്ന മുറക്ക് അംഗീകാരത്തിനായി സർക്കാരിൽ സമർപ്പിക്കുന്നതാണ്.