OVS - ArticlesOVS - Latest News

ആവാസം :- സഖറിയ മാർ സേവേറിയോസ്

പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിൽ നിറഞ്ഞ മാളികമുറിയിൽ നിന്നും നിരുപാധിക സ്നേഹത്തിന്റെ സാർവലൗകികഭാഷ പുറപ്പെട്ട ദിനമാണ് പെന്തിക്കോസ്തി. അഗ്നിയിൽ സ്ഫുടം ചെയ്ത ആദിമസഭയുടെ ഭാവവും താളവും മെനഞ്ഞ ദിനം. പിന്നീട് സഭാപിതാക്കന്മാർ സകലനൽവരങ്ങളും പ്രവഹിച്ച ഈ മഹാ ദിനത്തിന്റെ സ്മരണയിൽ ഇങ്ങനെ പ്രാർത്ഥിച്ചു, ‘പരിശുദ്ധാത്മാവേ നിന്റെ സകല ദാനങ്ങളും ഞങ്ങളിൽ വന്നു വസിച്ചു കവിഞ്ഞൊഴുകണമേ’ എന്ന്. വിശുദ്ധ സ്നാനത്തിലൂടെ ആത്മവ്യാപാരത്തിന്റെ ആദ്യപടി നിറവേറി. Coming- വന്നു. രണ്ടാം പടി വസിക്കുകയാണ്- Abiding. മൂന്നാം പടി കവിഞ്ഞൊഴുകലാണ്- Overflowing.

 ഒരു ചെറുകഥയുണ്ട്. ഒരു സഞ്ചാരിയെക്കുറിച്ചുള്ളതാണ്. അന്നൊരിക്കൽ അന്നത്തെ യാത്രയ്ക്കൊടുവിൽ അന്തിയുറങ്ങാൻ അയാൾ ഗ്രാമത്തിലെ ഒരു വീട് അന്വേഷിക്കുന്നു. ആദ്യം കണ്ട ഭവനം പുറമേ അതിലാവണ്യം തുളുമ്പുന്നതാണ്. നല്ല നിറച്ചാർത്ത്. അനേകം മുറികൾ. അയാൾ അതിവേഗം അങ്ങോട്ടടുത്തു. വീടിനുള്ളിൽ നിന്നും വലിയ കലമ്പലിന്റെ ശബ്ദം കേട്ടു തുടങ്ങി. പരസ്പരം പഴിചാരലുകളും കുത്തുവാക്കുകളും തന്നെയാണ് അതിൽ നിന്നും പുറപ്പെടുന്നത്. തന്റെ ഉറക്കം നടക്കില്ലെന്നുറപ്പുള്ളത് കൊണ്ട് അയാൾ ആ ഭവനം വിട്ട് മുന്നോട്ട് നടന്നു. രണ്ടാമത്തെ വീട് അത്ര വിശാലതയുള്ളതായി തോന്നിയില്ല. അടുത്ത് ചെന്നു. ഉള്ളിൽ നിന്നും പലതരം മൃഗങ്ങളുടെ ശബ്ദങ്ങൾ. നായയുടെ കുരയും പന്നിയുടെ കുറുകലുമെല്ലാം അതിനുള്ളിൽ നിന്നുയരുന്നുണ്ട്. അയാൾ ആ ഭവനവും ഒഴിവാക്കി. മുമ്പോട്ട് നീങ്ങി. തൊട്ടടുത്ത ഭവനം നിശബ്ദമാണെങ്കിലും അതിനുള്ളിൽ എല്ലാം അലങ്കോലമായി കിടക്കുന്നു. വീട്ടുകാർ സ്വാഗതമോതിയെങ്കിലും മാലിന്യം നിറഞ്ഞും അടുക്കും ചിട്ടയുമില്ലാതെയും കിടക്കുന്ന വീട്ടകം അയാളിൽ മടുപ്പുളവാക്കി. ഇങ്ങനെ അതും കഴിഞ്ഞ് അയാൾ മുമ്പോട്ട് നടക്കുന്നു. ഒടുവിൽ ശാന്തവും സുന്ദരവുമായ ഒരു ചെറു ഭവനം അയാൾക്ക് ആതിഥ്യമരുളി എന്നു പറഞ്ഞ് കഥയവസാനിക്കുന്നു.

 വിശുദ്ധാത്മാവിന്റെ വരവ് സ്നാനത്തിലൂടെ സംഭവിച്ചുവെന്ന് നാം നേരത്തെ പറഞ്ഞു കഴിഞ്ഞു. എന്നാൽ രണ്ടാംഘട്ടം, ആത്മാവിന്റെ ആവാസം നമ്മുടെ ഉള്ളിലിരിപ്പിനെ ആശ്രയിച്ചാണ് നില്ക്കുക. ഈ കഥയിലെ കണക്ക് പുറമേ വെടിപ്പുള്ളതെങ്കിലും അകം അഹന്തയുടെയും നിഗളത്തിന്റെയും അപസ്വരങ്ങളാൽ മുഖരിതമെങ്കിൽ എങ്ങനെ വിശുദ്ധാത്മ ചൈതന്യത്താൽ അത് നിറയും. അകം മൃഗീയ/ ജഡീക വാസങ്ങളാൽ തിങ്ങുമ്പോൾ ആത്മചൈതന്യം എത്രമേൽ മങ്ങലേല്ക്കും. അകം ക്രമമില്ലാത്തതെങ്കിൽ, ജപവും വേദധ്യാനവും നഷ്ടമായതെങ്കിൽ എപ്രകാരം ഉൾപ്രഭ നിറയും. ആന്തരിക വിമലീകരണത്തിലൂടെ മനോമാലിന്യനാശം സംഭവിക്കാതെ ഈ ഘട്ടത്തിലേക്ക് നാം വളരുന്നില്ല. ഇതിനുശേഷം മാത്രമാണ് കവിഞ്ഞൊഴുകൽ എന്ന പാരമ്യത്തിലേക്ക് നാമെത്തുക. ആത്മഫലങ്ങളുടെ ഒരു കവിഞ്ഞൊഴുകൽ. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദീർഘക്ഷമയുടെയും ദയയുടെയും പരോപകാരത്തിന്റെയും വിശ്വസ്തതയുടെയും സൗമ്യതയുടെയും ഇന്ദ്രിയ ജയത്തിന്റെയും എല്ലാം വർദ്ധനവില്ലാതെ എന്ത് ആത്മീയതയെക്കുറിച്ചാണ് നമുക്ക് സംസാരിക്കാനുള്ളത്. പരിശുദ്ധാത്മാവേ ഞങ്ങളിൽ തീയായ് പടർന്ന് ഞങ്ങളുടെ മനോമാലിന്യങ്ങളെ എരിച്ച് ഞങ്ങളെ നിർമ്മലരാക്കേണമേ. ഞങ്ങളിൽ ആത്മഫലങ്ങളെ വർദ്ധിപ്പിക്കേണമേ.

ഇത്തരമൊരു സ്വയം എരിയലിലൂടെയല്ലാതെ കെട്ട കാലങ്ങൾക്ക് മുമ്പിൽ ഒരു തീപ്പന്തമാകാൻ, ഒരു വഴിവെട്ടമാകാൻ നമുക്കാവില്ല സഖേ, നിശ്ചയം.