OVS - Latest NewsTrue Faith

പെന്തക്കോസ്തി പെരുന്നാൾ: വൈവിധ്യങ്ങളുടെ സമന്വയ നാൾ

“ഗോപുരം പണിയുവാൻ തുനിഞ്ഞവർ ഒരേ ഭാഷ സംസാരിക്കുന്നവർ ആയിരുന്നു; എന്നാൽ കാപട്യവും മത്സരവും അവരുടെ ഭാഷയെ ഭിന്നിപ്പിച്ചു കളഞ്ഞു. അതവരുടെ ആത്യന്തികമായ ലക്ഷ്യത്തെ തകർത്തു കളഞ്ഞു. എന്നാൽ ഈ ദിവസം വൈവിധ്യമാർന്ന ഭാഷാസംസ്കൃതിയെ പരിശുദ്ധാത്മാവ് മൂലം സമന്വയിപ്പിച്ചതിന്റെ പെരുന്നാൾ ദിനമാകുന്നു.” (നാസിയാൻസസിലെ വിശുദ്ധ ഗ്രിഗറിയുടെ പെന്തക്കോസ്ത് പെരുന്നാൾ പ്രസംഗത്തിൽ നിന്നും. Oration, XLI)

മറ്റ് ഏത് പെരുന്നാൾ ദിവസവും പോലെ പെന്തക്കോസ്തി പെരുന്നാളും വിശുദ്ധ വേദപുസ്തകത്തിലെ രക്ഷാകര സംഭവത്തിന്റെ ആഘോഷസമന്വിതമായ ആചരണമാണ്. മാത്രമല്ല, പൗരസ്ത്യ ഓർത്തഡോക്സ് വിശ്വാസത്തിന്റെ അടിസ്ഥാനമായ പരിശുദ്ധ ത്രിത്വ വിശ്വാസത്തെ നമ്മുടെ ജീവിതത്തിൽ ആവർത്തിച്ചു ഉറപ്പിക്കുന്നതിന് സഹായകരമാം വിധത്തിൽ പ്രാർത്ഥനയും വിശ്വാസപാഠവും ഈ ദിവസത്തിന്റെ ആരാധനയിൽ ഇഴ പിരിച്ചെടുക്കുവാൻ കഴിയാത്ത വിധം സമന്വയിച്ചിരിക്കുന്നു.

പരിശുദ്ധാത്മവാഗ്ദത്തത്തിലെ ത്രിത്വ പ്രതിഫലനം 
“അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം”. (അപ്പോ. 1:4). ആരോഹണ സമയത്ത് നമ്മുടെ കർത്താവ് ശിഷ്യരോട് ഓർപ്പിച്ചതാണിത്. ഹ്രസ്വമായ ഈ ഓർമിപ്പിക്കലിൽ പരിശുദ്ധ ത്രിത്വത്തിന്റെ പ്രതിഫലനം നമുക്ക് ദർശിക്കുവാൻ കഴിയും. കാത്തിരിക്കുവാനുള്ള നിർദ്ദേശം നൽകുന്നത് പുത്രൻ തമ്പുരാൻ ആണ്; പരസ്യ ശുശ്രൂഷ നാളുകളിൽ തന്നെ പിതാവിന്റെ വാഗ്ദത്തമായ പരിശുദ്ധാത്മാവിനെ സംബന്ധിച്ച് ശിഷ്യരോട് പറഞ്ഞിട്ടുള്ളതാണ്. അങ്ങനെ, പുത്രന്റെ ആരോഹണത്തിൽ പിതാവിന്റെ വാഗ്ദത്തമായ പരിശുദ്ധാത്മാവിനായുള്ള കാത്തിരിപ്പിന്റെ ആഹ്വാനത്തിലൂടെ പരിശുദ്ധ ത്രിത്വ സാന്നിധ്യം വെളിപ്പെടുന്നു.

യെരൂശലേമിലെ കാത്തിരിപ്പ്
യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ കാത്തിരിക്കണം എന്നാണ് കർത്താവ് ശിഷ്യരോട് ആവശ്യപ്പെട്ടത്. ശരിയായ പഠനങ്ങൾക്ക് മുമ്പ് പറഞ്ഞു തുടങ്ങുവാനുള്ള ത്വര നമുക്കൊക്കെ ഉണ്ടാവും. പക്ഷേ പറയുന്നത് കേൾക്കുന്നവർക്കൊക്കെ മനസ്സിലാകണമെങ്കിൽ പറയുന്ന നമുക്ക് കാത്തിരിപ്പ് നൽകുന്ന ക്ഷമയുടെ പാഠം ആവശ്യമാണ്. മാത്രമല്ല, യെരൂശലേമിൽനിന്നു വാങ്ങിപ്പോകരുത് എന്നും അവിടുന്ന് ആവശ്യപ്പെട്ടു. യെരുശലേം നമ്മെ സംബന്ധിച്ചിടത്തോളം ഒരു ശ്രേഷ്ഠരൂപകമാണ്. വിശുദ്ധിയുടെ എല്ലാ പരിവേഷവും നിലനിൽക്കുമ്പോഴും മാനുഷികമായ എല്ലാ കുഴപ്പങ്ങളുടെയും കേന്ദ്രമായിരുന്നു ഈ സ്ഥലം. കർത്താവ് തന്നെ എത്രയോ വലിയ തീവ്ര വിലാപം ഈ നഗരത്തെ സംബന്ധിച്ച് നടത്തുന്നുണ്ട്. കല്ലിന്മേൽ കല്ല് ശേഷിക്കില്ല എന്ന് പോലും പറയുന്നുണ്ട്. എങ്കിലും പുറം ലോകത്തേക്ക് പുറപ്പെട്ടു പോകുന്നതിനു മുൻപ് പിതാവാം ദൈവത്തിന്റെ വാഗ്ദത്തത്തിന് കാത്തിരിക്കേണ്ട സ്ഥലം അതുതന്നെയാണ് എന്ന് അവിടുന്ന് നിഷ്കർഷിച്ചു. അവിടുത്തെ മരണത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈറ്റില്ലമായി വേർതിരിക്കപ്പെട്ട സ്ഥലം തന്നെയായിരുന്നു അത്. ജീവിതത്തിൽ ദൈവം നമുക്ക് ലഭ്യമാക്കുന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനായി പുറപ്പെട്ടു പോകുന്നതിനു മുൻപ് കർത്താവിന്റെ മരണവും പുനരുത്ഥാനവും നടന്നയിടത്തുള്ള കാത്തിരിപ്പ് അത്യന്താപേക്ഷിതമാണ്.

“കായിക മലിനത മനതളിരിൽ നിന്നൊഴിവായപ്പോൾ”
പെന്തക്കോസ്തി പെരുന്നാളിന്റെ ആരാധനയുടെ ഗാനങ്ങളിലെ വരികൾ ആണിത്. ഗ്രീക്ക് പാരമ്പര്യങ്ങളിൽ നിന്നും സുറിയാനി ആരാധനാ പാരമ്പര്യത്തിലേക്ക് കടം കൊണ്ടിട്ടുള്ള “കോനൂനോ യൗനോയോ” ഗാനങ്ങളിൽ പഴയ നിയമ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ക്രിസ്തുവിന്റെ രക്ഷാകരമായ സംഭവങ്ങളെ ധ്യാനാത്മകമായി അവതരിപ്പിക്കുന്ന രീതിയുണ്ട്. “കായിക മലിനത മനതളിരിൽ നിന്നൊഴിവായപ്പോൾ” എന്ന് പറഞ്ഞിരിക്കുന്നത് മോശയെ സംബന്ധിച്ച് ആണ്. ഇസ്രയേൽ മക്കൾക്ക് മോശ മുഖാന്തരം ദൈവം നൽകിയ നിയമം “മൂടൽമഞ്ഞാൽ ആവൃതവും ദൈവത്താൽ ഉല്ലിഖിതവുമാണ്”. ഇസ്രയേൽ ജനതയുടെ പ്രയാണവും അവർക്ക് ദൈവം വെളിപ്പെടുന്നതും ലഭ്യമായ നിയമവും ഒക്കെ ഭാഗികവും ഭാഗം ഭാഗവുമായുള്ള വെളിപ്പാടുകളാണ്. കാഴ്ചയ്ക്ക് അഗോചരമായി മൂടൽമഞ്ഞുള്ള ഉയർന്ന ശൃംഗങ്ങളും അവയിലൂടെയുള്ള ദൈവത്തിന്റെ വെളിപ്പാടും മാനുഷിക ബുദ്ധിയുടെ പരിമിതിയെയും അളവിനപ്പുറമുള്ള ദൈവത്തിന്റെ നിത്യതയെയും കുറിക്കുന്നതായി പൗരസ്ത്യ പിതാക്കന്മാർ ആവർത്തിച്ച് പഠിപ്പിക്കുന്നുണ്ട്. നിത്യനായ ദൈവത്തെ സംബന്ധിച്ചും അവിടുത്തെ നീതി ന്യായങ്ങളെക്കുറിച്ചും “വികലവചസ്സായ” മനുഷ്യൻ പറയുവാൻ ശ്രമിക്കുമ്പോൾ അതിന് പരിമിതികൾ ഉണ്ട്.

എന്നാൽ മോശയെ പോലെ ദൈവ സംസർഗ്ഗത്തിൽ ആകുമ്പോൾ “കായിക മലിനത മനതളിരിൽ” നിന്ന് ഒഴിവാകുകയും “പാവനമാം ആത്മജ്ഞാനത്തിൽ പരമുന്നതനായി സൂക്ഷ്മമതാം ബോധം നേടി ദൈവികമാം സ്തോത്രം” പാടുവാൻ മനുഷ്യർ പ്രാപ്തരാവുകയും ചെയ്യുന്നു. അവിടെയും ദൈവം ആരെന്നോ ദൈവത്തെക്കുറിച്ചോ സകലവും അറിവുള്ളവരെ പോലെ സംസാരിച്ചു എന്നല്ല പറയുന്നത്, മറിച്ച്, “സ്തോത്രം പാടി” എന്നാണ്. വിവാഹ ശുശ്രൂഷയിലെ സെദറോയിൽ പറയുന്നതുപോലെ, ഏതൊരു തത്വജ്ഞാനിക്കും താർക്കികനും നിത്യനായ ദൈവം ആരെന്ന് പരിപൂർണ്ണമായി ചിത്രീകരിക്കുവാൻ കഴിയില്ല. വിശ്വാസത്തോടെ സ്തോത്രം ചെയ്യുന്നതിന് മാത്രമാണ് ദൈവകൃപയാൽ നമുക്ക് സാധ്യമാകുന്നത്.

പെന്തക്കോസ്തി നാളിലെ പരിശുദ്ധാത്മ ആവാസം പരിശുദ്ധ സഭയ്ക്ക് നൽകുന്നത് ഭൗതികമായ മലിനതകളിൽ നിന്നുള്ള വിടുതലും പാവനമായ ആത്മജ്ഞാനവും നിത്യനായ ദൈവത്തെ സ്തുതിക്കുന്നതിനുള്ള സൂക്ഷ്മമായ ബോധവുമാണ്.

അഭി. എബ്രഹാം മാർ സ്തേഫാനോസ്
(യു.കെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനാധിപൻ)