Outside KeralaOVS - Latest News

കാതോലിക്കാ ബാവാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.

ന്യൂഡൽഹി: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്‍റ് മന്ദിരത്തില്‍വച്ച് നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും ഒപ്പമുണ്ടായിരുന്നു. സഭാ നേതൃത്വം നടത്തുന്ന വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രധാനമന്ത്രിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ ഈസ്റ്റര്‍ ആശംസ നേര്‍ന്നു. സഭയുടെ ആസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ ബാവ കോട്ടയത്തേക്ക് ക്ഷണിക്കുകയും ചെയ്തു.

‘സഭയുടെ തലവനായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കാണണമെന്നത് എന്റെ ആഗ്രഹമായിരുന്നു, ഇപ്പോള്‍ അദ്ദേഹത്തെ കണ്ടതിന് ശേഷം, ശരിക്കും സന്തോഷം തോന്നുന്നു, അദ്ദേഹം സഭയുടേയും പള്ളിയുടേയും പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ചു, ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അദ്ദേഹം സന്തോഷവാനായി’ എന്ന് ബാവ മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത തവണ കേരളത്തിലെത്തുമ്പോള്‍ തങ്ങളുടെ ആസ്ഥാനം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലും സഭയുടെ പള്ളികളും സ്ഥാപനങ്ങളും ഉള്ളതിനാല്‍ സഭയെ കുറിച്ചും അതിന്റെ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ, ചാരിറ്റി സ്ഥാപനങ്ങളെ കുറിച്ചും പ്രധാനമന്ത്രിക്ക് നല്ല പോലെ അറിയാമെന്നും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പറഞ്ഞു.

സര്‍ക്കാര്‍ നടത്തുന്ന വികസന പരിപാടികളില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, അതേ സമയം വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങള്‍, ക്രിസ്ത്യന്‍ പള്ളികൾക്കെതിരായ ചില ആക്രമണങ്ങള്‍ തുടങ്ങിയവ യാഥാര്‍ത്ഥ്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കണം എന്നും കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.

ഡൽഹി ഭദ്രാസനത്തിലെ സെന്റ് മേരീസ് ഹോസ്ഖാസ് കത്തീഡ്രലിൽ ഹാശാ ആഴ്ച ശുശ്രുഷകൾക്ക് നേതൃത്വം നല്‍കുന്നതിനായാണ് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ ബാവ തലസ്ഥാനത്തെത്തിയത്.