കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനം : ഒരുക്കങ്ങൾ പൂർത്തിയായി
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 2023 ഫെബ്രുവരി 19 ഞായറാഴ്ച പുത്തൻകുരിശ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ പരിശുദ്ധ ബസേലിയോസ് പ്രഥമൻ നഗറിലാണ് സമ്മേളനം നടത്തപ്പെടുന്നത്. സമ്മേളനത്തിന് മുന്നോടിയായി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 18 ശനിയാഴ്ച കണ്ടനാട് സെൻമേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ നിന്ന് പ്രാർത്ഥിച്ച് ആശിർവദിച്ചു നൽകുന്ന സഭാ പതാക വൈകിട്ട് അഞ്ചുമണിക്ക് പുത്തൻകുരിശ് എത്തിച്ചേരുന്നതും സമ്മേളന നഗരിയിൽ ക്രമീകരിച്ചിരിക്കുന്ന കൊടിമരത്തിൽ പരിശുദ്ധ കാതോലിക്കാ ബാവ സഭാ പതാക ഉയർത്തുന്നതുമാണ്.
19 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വാഹന ഘോഷയാത്രയായി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്നും പരിശുദ്ധ കാതോലിക്കാ ബാവയെയും, നവാഭിഷിക്ത മെത്രാപ്പോലീത്തന്മാരെയും, സഭ സ്ഥാനികളെയും ആനയിക്കുന്നതും 2.30 ന് പുത്തൻകുരിശ് പള്ളി അങ്കണത്തിൽ പരി.ബസേലിയോസ് ഔഗേൻ പ്രഥമൻ സമ്മേളന നഗരിയിലേക്ക് സ്വീകരിക്കുന്നതുമാണ്. തുടർന്ന് 3 PM ന് നടക്കുന്ന ഭദ്രാസന ദിനാഘോഷ സമ്മേളനം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. കൊച്ചി ഭദ്രാസന അധിപൻ അഭി.ഡോ. യാക്കോബ് മാർ ഐറേനീയോസ് മെത്രാപ്പോലീത്ത സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. മലങ്കര സഭയുടെ നവാഭിഷിക്ത മെത്രാപ്പോലീത്തന്മാർക്കും സഭാ സ്ഥാനികൾക്കും ഭദ്രാസനത്തിന്റെ അനുമേദനം സമർപ്പിക്കും. വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കൾ സമ്മേളനത്തിൽ സംബന്ധിക്കും. ഭദ്രാസനത്തിലെ സാമൂഹീക ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹാരവും ഇതോടൊപ്പം നടത്തപ്പെടും.
ഒരുക്കങ്ങൾ പൂർത്തിയായതായി പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ് പൂവത്തുങ്കൽ, ഫാ. ജേക്കബ് കുര്യൻ, ഫാ.റോബിൻ മർക്കോസ്, ഫാ.ജസ്റ്റിൻ തോമസ്, ഫാ.ജിത്തു മാത്യു ഐക്കരക്കുന്നത്ത്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ശ്രീ. ഗ്ലാഡ്സൺ കെ. ചാക്കോ, ശ്രി.സജി വർക്കിച്ചൻ പാടത്ത്, ശ്രി. അജു മാത്യു പുന്നയ്ക്കൽ, ശ്രി ചെറിയാൻ വർഗ്ഗീസ്, ശ്രി ജിമ്മി എം.എം, ശ്രി. ജെയ്സൺ ജോയി, ശ്രി.പേൾ കണ്ണേത്ത് എന്നിവർ അറിയിച്ചു.