OVS - Latest NewsOVS-Pravasi News

ദക്ഷിണാഫ്രിക്കയിലെ സെന്റ്. തോമസ് ഓർത്തോഡോക്സ് പള്ളിയുടെ കൂദാശ ഫെബ്രുവരി 11, 12 തീയതികളിൽ

ജൊഹനാസ്ബർഗ്: മലങ്കര ഓർത്തോഡോക്സ് സഭയുടെ യുകെ – യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനത്തിലുള്ള ദക്ഷിണാഫ്രിക്കയിലെ സെന്റ്. തോമസ് ഓർത്തോഡോക്സ് പള്ളിയുടെ കൂദാശ ഫെബ്രുവരി 11, 12 തീയതികളിൽ നടക്കും. യുകെ – യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനത്തിലെ മുൻ മെത്രാപ്പോലീത്തയും ഇപ്പോൾ ചെങ്ങന്നൂർ ഭദ്രസാധിപനുമായ അഭി. ഡോ. മാത്യുസ് മാർ തീമോത്തിയോസ്, ഇടവക മെത്രാപ്പോലീത്ത അഭി. എബ്രഹാം മാർ സ്തേഫാനോസ് എന്നിവർ മുഖ്യ കാർമികത്തം വഹിക്കും.

റവ. ഫാ. ജയിംസ് മാത്യു കോർ എപ്പിസ്കോപ്പ, ഇടവകയുടെ മുൻ വികാരിമാരായ ഫാ.ജോസ് എം. ഡാനിയേൽ, ഫാ. ബിജോയ് വർഗീസ്, സഭയുടെ മുൻ വൈദിക ട്രെസ്റ്റി റവ. ഡോ. എം. ഓ. ജോൺ തുടങ്ങിയവർ പങ്കെടുക്കും. 2016-ൽ ഇടവകയ്ക്ക് വേണ്ടി ജോഹനസ്ബർഗിനടുത്തുള്ള മിഡ്റാൻഡ് എന്ന സ്ഥലത്തു വാങ്ങിയ 1 ഹെക്ടർ സ്ഥലത്താണ് പുതിയ ദേവാലയം പണിതിരിക്കുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലുളള മലങ്കര ഓർത്തോഡോക്സ് സഭയുടെ ആദ്യത്തെ ദേവാലയവും ഏക ദേവാലയവും ആണ് കൂദാശ നടക്കുന്ന ഈ ദേവാലയം.

2019-ൽ ഡോ. മാത്യുസ് മാർ തീമോത്തിയോസ് തിരുമേനി ദേവാലയത്തിനടുത്തായി പണിത ഗസ്റ്റ് റൂം, പാരിഷ് ഹാൾ എന്നിവ ഉൾപ്പെടുന്ന പാർസോനജ് കോംപ്ലക്സ് കൂദാശ നടത്തിയിരുന്നു. 2022 ഏപ്രിൽ 17 -ന് ഇടവക വികാരി ഫാ. സ്റ്റാൻലി ജെയിംസ് ശിലാസ്ഥാപനം നടത്തിയതോടെ ദേവാലയ നിർമാണം ആരംഭിച്ചു. ഫെബ്രുവരി 11 ശനിയാഴ്ച വൈകിട്ട് 5 -ന് സന്ധ്യാ നമസ്കാരം, തുടർന്ന് വിശുദ്ധ ദേവാലയ കൂദാശയുടെ ഒന്നാം ഭാഗവും 7.30 -ന് പൊതുസമ്മേളനവും ഉണ്ടാവും. 12 ഞായർ രാവിലെ 7.30 -ന് പ്രഭാത നമസ്കാരത്തെ തുടർന്ന് ദേവാലയ കൂദാശയുടെ രണ്ടാം ഭാഗവും വിശുദ്ധ കുർബാനയും നടക്കും.