OVS-Kerala News

ചരിത്രം കുറിച്ചു “ബാലസംഗമം”പര്യവസാനിച്ചു

മാക്കാംകുന്ന് കണവൻഷനോട്‌ അനുബന്ധിച്ചു സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ മൈതാനിയിൽ വച്ച് January 29 -നു 1416 കുട്ടികൾ റജിസ്റ്റർ ചെയ്തു നടത്തപ്പെട്ട ബാലസംഗമം തുമ്പമൺ ഭദ്രാസനത്തിലെ സൺഡേസ്‌കൂൾ, ബാലസമാജം പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഗമവേദിയായി മാറി. മാക്കാംകുന്ന് പള്ളിയിൽ നിന്നു തുടക്കം കുറിച്ച ബാലസമാജം അതിന്റെ എൺപതു വർഷങ്ങൾ പൂർത്തീകരിച്ചു. ഈ മഹാസംഗമം ഉത്‌ഘാടനം ചെയ്ത പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർ കുട്ടികളിൽ ഒരാളായി കഥകൾ, അനുഭവങ്ങൾ ഒക്കെ പങ്കുവച്ചു പ്രോട്ടോകോൾ മാറ്റിവച്ചു അവർക്കിടയിലേക്ക് ഇറങ്ങി ചെന്നു നേരിട്ട് സംവദിച്ചത് കുട്ടികൾക്കെല്ലാം വ്യത്യസ്ത അനുഭവം ആയി മാറി.

ഇന്ത്യയിലെ ഏറ്റവും മികച്ച കളക്ടറിനുള്ള അഗീകാരം ലഭിച്ച ഡോ. ദിവ്യ എസ് അയ്യറിന് കത്തീഡ്രൽ പുരസ്‌കാരം നൽകി ആദരിച്ചു. ബഹു. യോഹന്നാൻ ശങ്കരത്തിൽ അച്ചൻ കളക്ടറുടെ പ്രസംഗത്തെ കുറിച്ചെഴുതിയ “നിമിഷ കവിത” വേദിയിൽ അവതരിപ്പിക്കുകയും കളക്ടർക്ക് അത് സമ്മാനിക്കുകയും ചെയ്തു.

കുഞ്ഞു മാലാഖക്കൂട്ടം: ഈ ബാലസംഗമത്തിന്റെ ക്ലാസുകൾ കുഞ്ഞു മാലാഖക്കൂട്ടം എന്ന പേരിൽ ബ്രിൻസ് അച്ചനും, ജിത്തു അച്ചനും നേതൃത്വം വഹിച്ച ടീം ആണ് നയിച്ചത്. ക്രിസ്തുവിന്റെ ജനനം തുടങ്ങി ക്രൂശു മരണം , കൂദാശകൾ, സന്മാർഗ്ഗ പാഠങ്ങൾ, ലഹരിക്കെതിരെ ഉള്ള ബോധവൽക്കരണം എന്നിവയെല്ലാം കോർത്തിണക്കിയ ക്‌ളാസ് പാട്ടുകൾ, ടാബ്ലോ, റോൾ പ്ലേ, കഥകൾ, മാജിക്, പവർ പോയിന്റ് പ്രസന്റേഷൻ, തമാശകൾ എന്നിവയുടെ അകമ്പടിയോടെ ഏറ്റവും ആകർഷണീയമാക്കി. ഇത് കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ കുട്ടികളെ സഹായിച്ചു.

അഭി. സെറാഫിം തിരുമേനിയും കളക്ടറുടെ വഴി സ്വീകരിച്ചു കൊണ്ട് മൈക്കുമായി കുട്ടികൾക്കിടയിലേക്ക് ഇറങ്ങി. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം ആയിട്ടായിരുന്നു തിരുമേനി സംസാരിച്ചത്. ലഹരിക്കെതിരെ ശക്തമായി കുട്ടികളെ ബോധവൽക്കരിച്ച തിരുമേനി ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

പതിനൊന്ന് മണിയോടെ സൺഡേസ്കൂൾ ഭദ്രാസന ഡയറക്ടർ പ്രൊഫ. ബാബു വർഗ്ഗീസ്‌ സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച ബാലസംഗമം നാലുമണിക്ക് ബാലസമാജം സെക്രട്ടറി ശ്രീ. മോൻസി സാമുവേൽ നന്ദി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുമ്പോൾ തുമ്പമൺ ഭദ്രാസനത്തിലെ ബാലസമാജം 80 വർഷം പൂർത്തിയാക്കി ഒരു പുതു ചരിത്രത്തിലേക്ക് നടന്നു കയറി. ഈ പ്രസ്ഥാനങ്ങളുടെ വളർച്ചക്കും ഉയർച്ചക്കും പിന്നിൽ ആദ്യ നാൾ മുതൽ ഇന്നുവരെ നിസ്വാർത്ഥരായി പ്രവർത്തിച്ചു മണ്മറഞ്ഞവർ, വിശ്രമിക്കുന്നവർ, ഇപ്പോൾ പ്രവർത്തിക്കുന്നവർ എല്ലാം ഈ വിജയത്തിന്‌ കരണഭൂതരാണ്. വേദി ഒരുക്കിയ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ വികാരിമാർക്കും മറ്റു ഭാരവാഹികൾക്കും നന്ദി രേഖപ്പെടുത്തി.