OVS - ArticlesOVS - Latest News

ജോർദാൻ നദിയും കർത്താവ് മാമോദീസ സ്വീകരിച്ച സ്ഥലവും.

മദ്ധ്യപൂർവേഷ്യയിലെ ചരിത്രപ്രസിദ്ധമായ നദിയാണ് ജോർദാൻ നദി. യഹൂദമതത്തിലും ക്രിസ്തുമതത്തിലും വളരെ പ്രാധാന്യമുണ്ട് ഈ നദിക്ക്. ഇസ്രായേല്യർ ജോർദാൻ നദി കടന്നാണ് വാഗ്‌ദത്ത ദേശത്തേക്ക് പ്രവേശിച്ചത്. യേശുക്രിസ്തു സ്നാനമേറ്റ സ്ഥലമെന്ന നിലയിൽ, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ നൂറ്റാണ്ടുകളായുള്ള തീർത്ഥാടന സ്ഥലം കൂടി ആണ് ജോർദാൻ നദി. നദിയുടെ കിഴക്ക് ഭാഗത്തായി ജോർദാനും, പടിഞ്ഞാറു ഭാഗത്തായി ഇസ്രായേലും, വടക്ക് ഗലീലി കടലും തെക്കു ചാവുകടലും സ്ഥിതി ചെയ്യുന്നു. വേദപുസ്തകത്തിൽ 180 തവണ ജോർദാൻ നദിയെയും താഴ്‌വരകളെയും പറ്റിയുള്ള പരാമർശമുണ്ട്.

കർത്താവിന്റെ സ്നാപന സ്ഥലവുമായി ബന്ധപ്പെട്ട 3 സ്ഥലങ്ങളാണ് പ്രധാനമായും ഇന്ന് നിലവിൽ ഉള്ളത്. 
1) ബാപ്റ്റിസം സൈറ്റ് ഓഫ് ജീസസ് (ജോർദാൻ) Bethany Beyond the Jordan
സ്നാപക യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തിയ ഏറ്റവും കൃത്യമായ സ്ഥലമായി അറിയപ്പെടുന്ന സ്ഥലം ആണിത്. നദിയുടെ കിഴക്കു ഭാഗത്തായി ജോർദാൻ അതിർത്തിയിലാണ് ഈ സ്ഥലം ഇന്നുള്ളത്. പുരാതന കാലം മുതലുള്ള ദേവാലയങ്ങളുടെ ശേഷിപ്പുകൾ ഇവിടെ ഉണ്ട്. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട സ്ഥലമാണ് ഇത്. സ്‌നാപന സ്ഥലത്തിന്റെ വളരെ അടുത്ത് തന്നെ “ജബൽ മാർ ഏലിയാസ്” എന്നറിയപ്പെടുന്ന കുന്ന് ഉണ്ട്. ജോർദാൻ ന്റെ തലസ്ഥാന നഗരിയിലെ എയർപോർട്ട് ൽ നിന്നും 60 കി മീ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

2) ഖസർ എൽ യെഹൂദ് ( Qasr el-Yahud Baptismal Site) ഇസ്രായേൽ
സ്‌നാപന സ്ഥലത്തോട് ഏറ്റവും ചേർന്ന് കിടക്കുന്ന, നദിയുടെ പടിഞ്ഞാറു ഭാഗത്തു ഇസ്രായേൽ അതിർത്തിയിലുള്ള സ്ഥലമാണ് “ഖസർ എൽ യെഹൂദ്”. ജോർദാൻ നദി യാണ് 2 രാജ്യങ്ങൾ (ഇസ്രായേൽ & ജോർദാൻ) തമ്മിലുള്ള അതിർത്തി രേഖ. ആ ഭാഗത്തു നദിയുടെ വീതി ഏകദേശം 10 മീറ്റർ മാത്രമേ ഉള്ളു. രണ്ടു രാജ്യങ്ങളിൽ കൂടി വരുന്ന സഞ്ചാരികൾ നദിയുടെ ഇരു വശങ്ങളിലുമായി സംഗമിക്കുന്നത് കൗതുകമുണർത്തുന്ന കാഴ്ചയാണ്. ഇസ്രായേൽ ലെ ടെൽ അവീവ് എയർപോർട്ട് ൽ നിന്ന് 93 കി മീ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

3) യാർഡെനിറ്റ് (Yardenit) ഇസ്രായേൽ
ഇസ്രായേൽ അതിർത്തിയിൽ ജോർദാൻ നദിയോട് ചേർന്നുള്ള സ്ഥലമാണ് യാർഡെനിറ്റ്. കർത്താവു സ്നാനമേറ്റ സ്ഥലതു നിന്ന് ഏകദേശം 100km അകലെ യാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മുകളിൽ പറഞ്ഞ 1ഉം 2 ഉം സ്ഥലങ്ങളിലെ നദിയിലെ വെള്ളത്തെ അപേക്ഷിച് യാർഡെനിറ്റ് ലെ നദീവെള്ളം വൃത്തിയുള്ളതും, തീർത്ഥാടകർക്ക് നദിയിൽ കുളിക്കുവാനും മറ്റുമുള്ള സൗകര്യങ്ങൾ കൂടുതലുമാണ്. ഇസ്രായേൽ ലെ ടെൽ അവീവ് എയർപോർട്ട് ൽ നിന്ന് 150 കി മീ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ബാപ്റ്റിസം സൈറ്റ് ഓഫ് ജീസസ് (ജോർദാൻ) Bethany Beyond the Jordan 
ക്രിസ്ത്യാനികളെ സംബന്ധിച്ചു ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സംഭവങ്ങളിൽ ഒന്നാണ് ജോർദാൻ നദിയിലെ യേശുവിന്റെ സ്നാനം. വി ത്രിത്വം വെളിപ്പെട്ട വലിയ സംഭവമാണ് അവിടെ നടന്നത്. കർത്താവ് തന്റെ പരസ്യ ശ്രുശ്രുഷ ആരംഭിക്കുകയും ചെയ്യുന്നത് ഇവിടെ നിന്നാണ്.

മത്തായി 3: 1 – 2:- ആകാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.
മത്തായി 3: 5 :- അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു.
മത്തായി 3: 13 – 17:- അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാനക്കരെ അവന്റെ അടുക്കൽ വന്നു. 14. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. 15. യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു”; എന്നാറെ അവൻ അവനെ സമ്മതിച്ചു. 16. യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; 17. ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.

ജോർദാന്റെ തലസ്ഥാനമായ അമ്മാനിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ “ബാപ്റ്റിസം സൈറ്റ് ഓഫ് ജീസസ് “ -ൽ നമുക് എത്തിച്ചേരാം. പ്രവേശന പാസ്സ് ഓൺലൈനിൽ മുൻകൂറായോ, ഓഫീസിൽ നിന്നോ വാങ്ങുവാൻ സാധിക്കും. ജോർദാൻ ഇസ്രായേൽ അതിർത്തി പ്രദേശം ആയതുകൊണ്ട് സൈനിക നിരീക്ഷണത്തിൽ ഉള്ള സ്ഥലം ആണിത്. കൂടാതെ സംരക്ഷിത വനമേഖലയും കൂടി ആണ് ഈ സ്ഥലം. പ്രവേശന കവാടത്തിൽ നിന്ന് തുടർന്നുള്ള യാത്ര അധികൃതരുടെ ടൂറിസ്റ്റ് വാഹനത്തിൽ ഒരു ഗൈഡിന്റെ മേൽനോട്ടത്തിലാണ്. മരുഭൂമി, വനം, നദി, മലകൾ, നദിക്കക്കരെ ഇസ്രയേലിന്റെ പട്ടണങ്ങൾ തുടങ്ങി കാഴ്ചകളുടെ ഒരു പ്രത്യേക അനുഭവമാണ് സഞ്ചാരികൾക്കു ലഭിക്കുന്നത്. ഏകദേശം 15 മിനിറ്റോളം വണ്ടിയിൽ യാത്ര ചെയ്യണം. അതിനു ശേഷം 10 മിനിറ്റ് കാൽനട യാത്ര ചെയ്താണ് സ്‌നാപന സ്ഥലത്തു എത്തുന്നത്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക് പ്രത്യേക സൗകര്യങ്ങൾ ലഭ്യമാണ്.

യേശുവിനെ സ്നാനപ്പെടുത്തിയ സ്ഥലം
കാഴ്ചയിൽ ഈ പ്രദേശം യേശുവിന്റെയും യോഹന്നാന്റെയും കാലത്ത് എങ്ങനെ ആയിരുന്നോ, അതിനു സമാനമാണ് ഇപ്പോഴും. വേദപുസ്തകത്തിൽ പറയുന്ന വർഷം മുഴുവനും കാണാൻ കഴിയുന്ന ഞാങ്ങണ ചെടികളെ നമുക് ഇവിടെ കാണുവാൻ സാധിക്കും. ചെറിയ പരുക്കൻ കുറ്റിക്കാടുകൾ തേനീച്ചകളുടെ സ്വാഭാവിക ആവാസ കേന്ദ്രമാണ്, സ്നാപക യോഹന്നാൻ കഴിച്ചിരുന്ന, കാട്ടുതേൻ, വെട്ടുക്കിളി എന്നിവയെ ഇത് ഓർമ്മപ്പെടുത്തുന്നു.

യോഹന്നാൻ സ്നാപകന്റെ കാലം മുതലുള്ള ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായിരുന്നു സ്നാപന സ്ഥലം. അദ്ദേഹം മരിച്ചതിനു ശേഷവും അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ പലരും ഈ പ്രദേശത്ത് താമസിച്ചു. ആദ്യ കാലങ്ങളിൽ സന്യാസിമാർ ഗുഹകളിൽ ആയിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഇവിടെ ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടു. സ്നാപക യോഹന്നാന്റെ നാമത്തിൽ 1600 വർഷങ്ങൾക്കു മുൻപ് സ്ഥാപിക്കപ്പെട്ട ദേവാലയത്തിന്റെ ശേഷിപ്പുകൾ നമുക് അവിടെ കാണുവാൻ സാധിക്കും. ഒരേ സ്ഥലത്തു തന്നെ 5 പള്ളികൾ പല കാലഘട്ടങ്ങളിലായി പണിയപ്പെട്ടു എന്നാണ് പുരാവസ്തു ഗവേഷകർ വ്യക്തമാക്കുന്നത്. മദബ യിൽ നിന്നും കണ്ടെടുക്കപ്പെട്ട, 5 ആം നൂറ്റാണ്ടിൽ നിർമിതമായ വിശുദ്ദ നാടിൻറെ മൊസൈക് മാപ്പിൽ യേശു സ്നാനം ഏറ്റ സ്ഥലമായി അടയാളപ്പെടുത്തിയിരിക്കുന്നത് ഈ സ്ഥലമാണ്.

ദേവാലയത്തിൽ നിന്ന് നദിയിലേക്ക് ഇറങ്ങത്തക്ക രീതിയിലുള്ള മാർബിൾ പടികൾ ആണ് മറ്റൊരു പ്രധാന ആകർഷണം. പടികളിൽ കൂടി ഇറങ്ങി വരുമ്പോൾ ഒരു ചാപ്പൽ നമുക് കാണാം. ഏറ്റവും താഴെയാണ് മാമോദീസ സ്വീകരിക്കുന്നതിനുള്ള സ്ഥലം. നൂറ്റാണ്ടുകളോളം തീർത്ഥാടകർ ഇവിടെ വന്നു മാമോദീസ സ്വീകരിച്ചിരുന്നു. മറ്റൊരു ബസലിക്ക-യുടെയും ശേഷിപ്പുകൾ അവിടെ ദൃശ്യമാണ്. ത്രിത്വ നാമത്തിൽ പണിയപ്പെട്ട ദേവാലയമാണിത്. സ്നാപക യോഹന്നാന്റെ നാമത്തിൽ സ്ഥാപിതമായ ദേവാലയത്തിന്റെ ശേഷിപ്പുകളുടെ മുകളിൽ ആണ് ഈ ദേവാലയം നിർമ്മിക്കപ്പെട്ടത്. ബലിപീഠത്തിന് പടിഞ്ഞാറ് ഇടത്തരം വലിപ്പമുള്ള മൊസൈക്ക് തറയുടെ അവശിഷ്ടങ്ങൾ, അതിൽ രണ്ട് ഹാൻഡിലുകളും പൂക്കളും മൂന്ന് ഈന്തപ്പന ഇലകളും ഉള്ള ഒരു പാത്രത്തിന്റെ ചിത്രം നമുക് കാണാം.

യേശുവിനെ സ്നാനപ്പെടുത്തിയ സ്ഥലത്തിന്റെ സമീപത്തു തന്നെയാണ് ബി സി 9-ആം നൂറ്റാണ്ടിൽ ഏലിയാ പ്രവാചകൻ സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ട സ്ഥലം. ജബൽ മാർ ഏലിയാസ് എന്നാണ് ഇവിടം അറിയപ്പെടുന്നത്.

2 രാജാക്കന്മാർ 2: 7,8,11. 7. പ്രവാചകശിഷ്യന്മാരിൽ അമ്പതുപേർ ചെന്നു അവർക്കെതിരെ ദൂരത്തു നിന്നു; അവർ ഇരുവരും യോർദ്ദാന്നരികെ നിന്നു. 8. അപ്പോൾ ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു
11. അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി.

ഏലിയാ കുന്നിന്റെ പടിഞ്ഞാറ് ഭാഗത്ത്, സ്നാപക യോഹന്നാൻ താമസിച്ചിരുന്ന ഒരു ഗുഹയുണ്ട്, അവിടെ യേശു അദ്ദേഹത്തെ സന്ദർശിച്ചതായി അറിയപ്പെട്ടിരുന്നു. ഈ ഗുഹയും പുണ്യസ്ഥലമായി കണക്കാക്കപ്പെട്ടിരുന്നു. അഞ്ചാം നൂറ്റാണ്ടിൽ ആശ്രമം നിർമ്മിച്ച സമയത്ത് ഗുഹയ്ക്ക് ചുറ്റും ഒരു പള്ളിയും പണിയപ്പെട്ടിരുന്നു. ജറുസലേമിനും പടിഞ്ഞാറ് ബെത്‌ലഹേമിനും കിഴക്ക് നെബോ പർവതത്തിനും ഇടയിലുള്ള ആദ്യകാല ക്രിസ്ത്യൻ തീർത്ഥാടന പാതയിലെ ജോർദാൻ നദിക്ക് കിഴക്കുള്ള ആദ്യത്തെ ആശ്രമമായിരുന്നു ഇത്.

നദിയുടെ കിഴക്കുഭാഗത്തുള്ള പാറക്കെട്ടുകളുടെ മുകളിലെ പാളികൾക്കുള്ളിൽ ഗുഹകൾ നമുക് കാണാം. നദിയുടെ തീരത്തിനടുത്തുള്ള ‘മരുഭൂമി’യിലെ ആശ്രമങ്ങളിലാണ് ഇത്തരത്തിലുള്ള ഗുഹകൾ കാണപ്പെടുന്നത്. സന്യാസിമാർ ഈ ഗുഹകളെ ഭക്തിനിർഭരമായ സ്ഥലങ്ങളായും വാസസ്ഥലങ്ങളായും പ്രാർത്ഥനയ്ക്കും മറ്റും ഉപയോഗിച്ചു. രണ്ട് ഗുഹകളുടെ കിഴക്കൻ ചുവരുകളിൽ പ്രത്യേക രീതിയിൽ കൊത്തിയെടുത്തിട്ടുണ്ട്. ഒരുപക്ഷേ ഗുഹകൾ ദേവാലയമായി ഉപയോഗിച്ചിരുന്നതിന്റെ സൂചനയാണിത്.

ഇതിനു അടുത്തായി ഖനനത്തിനിടെ കണ്ടെത്തിയ ഒരു വലിയ കുളം ഉണ്ട്, അതിനെ ‘സോർ’ പ്രദേശം എന്ന് വിളിക്കുന്നു. കല്ലുകൊണ്ട് നിർമ്മിച്ചതും പ്ലാസ്റ്ററിട്ടതുമായ ഈ വലിയ കുളത്തിന് 25 മീ നീളവും 15 മീറ്ററിൽ അധികം വീതിയുമുണ്ട്. ഇത് ബൈസന്റൈൻ കാലഘട്ടത്തിൽ മാമോദീസക്കായി ഉപയോഗിച്ചിരുന്നതാണ്. അടുത്തുള്ള നീരുറവയിൽ നിന്ന് കുളത്തിലേക്കു വെള്ളം കൊണ്ടുവരുന്നതിനും പുറത്തേക്ക് ഒഴുക്കുന്നതിനുമായി കനാൽ നിർമിച്ചിട്ടുണ്ട്. എഡി 5-6 നൂറ്റാണ്ടുകളിലെ ബൈസന്റൈൻ കാലഘട്ടത്തിലെ ഘടനയിലാണ് ഇവയെല്ലാം പണിയപ്പെട്ടിരിക്കുന്നത്. മറ്റു ഒട്ടനവധി പുരാവസ്തുക്കൾ ഈ പ്രദേശത്തു ഇപ്പോഴും ഉണ്ട്. ഗവേഷണങ്ങളും പഠനങ്ങളും ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. ഗ്രീക്ക് ഓർത്തഡോക്സ്‌ ദേവാലയവും, ഗ്രീക്ക് ഓർത്തഡോക്സ്‌ മ്യൂസിയം തുടങ്ങിയവ നമുക് അവിടെ കാണുവാൻ സാധിക്കും.

കുറച്ചു കൂടി മുൻപോട്ടു നടന്നാൽ നദിയുടെ തീരത്തു എത്തും. നദിയുടെ മറുകര ഇസ്രായേൽ ആണ്. ഇസ്രായേലിൽ നിന്ന് വന്ന സഞ്ചാരികളെ മറുകരയിൽ നമുക് കാണാം. ഒരു തോടിന്റെ വലിപ്പമേ ഈ ഭാഗത്തുള്ള ജോർദാൻ നദിക്കുള്ളു. പത്തു മീറ്ററിൽ താഴെ മാത്രമേ വീതി ഉള്ളു. ഇവിടെ നിന്ന് വെള്ളം തെറിപ്പിച്ചാൽ അപ്പുറത്തു എത്തും. “ഖസർ എൽ യെഹൂദ്” എന്നാണ് മറുകര അറിയപ്പെടുന്നത്. ഇത്രയും അടുത്ത് ആണെങ്കിലും അതിർത്തി കടന്നു പോകുവാൻ ഇവിടെ സാധ്യമല്ല. എന്നിരുന്നാലും ഈ അതിർത്തി പ്രദേശം ഒരു പ്രത്യേക അനുഭവമാണ് സഞ്ചാരികൾക്കു നൽകുന്നത്.

ക്രിസ്തുവിന്റെ കാലം മുതൽ 14 -ആം നൂറ്റാണ്ട് വരെ ഒരു പ്രമുഖ ക്രൈസ്തവ തീർഥാടന കേന്ദ്രം ആയിരുന്നു കർത്താവ് സ്നാനം ഏറ്റ സ്ഥലം. കുരിശുയുദ്ധക്കാരുടെ ശക്തി പരാജയപ്പെടുകയും ബൈസന്റൈൻ ദുർബലമാവുകയും ചെയ്തതോടെ, ഈ പ്രദേശം അവഗണിക്കപ്പെട്ടു, പ്രദേശം പ്രാദേശിക ഗോത്രങ്ങളുടെ നിയന്ത്രണത്തിലായി. സുരക്ഷിതത്വത്തിന് യാതൊരു ഉറപ്പുമില്ലാത്ത സ്ഥലത്തോട്ടു, തീർത്ഥാടനം കുറഞ്ഞു കുറഞ്ഞു വന്നു, തുടർന്ന് നിലച്ചു.

ജറുസലേമിൽ നിന്നുള്ള ഒരു പണ്ഡിതൻ 1897-ൽ [മദാബ ഇന്നത്തെ ജോർദാനിൽ] മദാബ ഭൂപടം കണ്ടെത്തി. വിശുദ്ധ നാട്ടിലെ സ്ഥലങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഈ ഭൂപടം ആറാം നൂറ്റാണ്ടിൽ മൊസൈക് കൊണ്ട് നിർമ്മിച്ചതാണ്. മാപ്പിന്റെ കണ്ടെത്തലും തുടർന്നുള്ള വിശകലനവും സ്നാപന സ്ഥലത്തിന്റെ കൃത്യമായ സ്ഥാനത്തെക്കുറിച്ചുള്ള അറിവിലേക്ക് നയിച്ചു. ജോർദാൻ നദിയുടെ കിഴക്ക് ഭാഗത്തേക്ക് തീർത്ഥാടകർ വീണ്ടും വരുവാൻ തുടങ്ങി.

1920 -കളിൽ (ഈ പ്രദേശം ഓട്ടോമൻ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ) ക്രിസ്ത്യൻ തീർത്ഥാടകർ ഈ പ്രദേശം സന്ദർശിച്ച് ഒരു പള്ളി പണിതു. ഒന്നാം ലോകമഹായുദ്ധം, ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനം, രണ്ടാം ലോകമഹായുദ്ധം, തുടർന്ന് 1948, 1967, 1973 വർഷങ്ങളിലെ ഫലസ്തീനിയൻ – ഇസ്രായേൽ സംഘർഷം എന്നിവ നൂറ്റാണ്ടിന്റെ ഭൂരിഭാഗവും സ്നാപനസ്ഥലത്തെ ഒരു നിരോധിത മേഖലയാക്കി മാറ്റി.

1994-ൽ ജോർദാനും ഇസ്രായേലും സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചപ്പോൾ ബാപ്‌റ്റിസം സൈറ്റ് ഒരു സൈനികവൽക്കരിക്കപ്പെട്ട മേഖലയായിരുന്നു. നെബോ പർവതത്തിലേക്കുള്ള ഒരു സ്വകാര്യ യാത്രയിൽ, രാജകുമാരൻ ഗാസി ബിൻ മുഹമ്മദ് പുരാവസ്തു ഗവേഷകനും സന്യാസിയുമായ ഫാദർ പിസിറില്ലോയെ കണ്ടുമുട്ടി. മാമോദീസാ സ്ഥലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമാധാന ഉടമ്പടി പ്രകാരം അത് അന്വേഷിക്കാനുള്ള സാധ്യതയെക്കുറിച്ചും ഫാദർ പിസിറില്ലോ ഖാസി രാജകുമാരനോട് വിശദീകരിച്ചു. രാജകുമാരൻ അവർക്ക് സൈറ്റ് സന്ദർശിക്കാൻ സൈന്യവുമായി ഏർപ്പാട് ചെയ്തു. സന്ദർശനത്തിൽ, മൊസൈക് പാറ്റേണുകളും ഒരു പള്ളിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. താമസിയാതെ, ഒരു പുരാവസ്തു സംഘത്തിന് സ്ഥലത്തേക്ക് പ്രവേശനം നൽകി, കൂടുതൽ പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടെത്താൻ തുടങ്ങി: മൺപാത്രങ്ങൾ, മൊസൈക്കുകൾ, ഗുഹകൾ, മാർബിൾ എന്നിവക്ക് പുറമെ, ഇവിടെ റോമൻ കാലഘട്ടത്തിലെ മൂന്ന് വലിയ കുളങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിശാലമായ ഒരു ജലസംവിധാനം കണ്ടെത്തി, തുടർന്ന് അഞ്ചാം നൂറ്റാണ്ടിൽ റൊട്ടോറിയസ് എന്ന സന്യാസി പണികഴിപ്പിച്ച ഒരു വലിയ ആശ്രമത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പ്രത്യേക സമയങ്ങളിൽ നിർമ്മിച്ച അഞ്ച് വ്യത്യസ്ത പള്ളികളുടെ ശേഷിപ്പുകളും ഇവിടെ നിന്ന് കണ്ടെത്തി. 2015 -ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ കർത്താവിന്റെ സ്‌നാപന സ്ഥലത്തെ ഉൾപ്പെടുത്തി. ഇപ്പോൾ ലക്ഷകണക്കിന് ആളുകൾ എല്ലാ വർഷവും ഇവിടെ സന്ദർശിക്കുന്നുണ്ട്.

യോർദാൻ നദിയെ പറ്റിയുള്ള ചില വേദഭാഗങ്ങൾ
ഉല്പത്തി 13 : 10,11:- അപ്പോൾ ലോത്ത് നോക്കി, യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവർവരെ മിസ്രയീംദേശംപോലെയും ആയിരുന്നു. 11. ലോത്ത് യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പരിഞ്ഞു.

യോശുവ 3 : 1,14, 15,16,17:- 1. അനന്തരം യോശുവ അതികാലത്തു എഴുന്നേറ്റു, അവനും യിസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്നു പുറപ്പെട്ടു യോർദ്ദാന്നരികെ വന്നു മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.
14. അങ്ങനെ ജനം യോർദ്ദാന്നക്കരെ കടപ്പാൻ തങ്ങളുടെ കൂടാരങ്ങളിൽനിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോർദ്ദാന്നരികെ വന്നു. 15. കൊയിത്തുകാലത്തൊക്കെയും യോർദ്ദാൻ തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്കു നിന്നു; 16. സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാർന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു. 17. യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.

2 രാജാക്കന്മാർ 5: 10, 14:- 10 എലീശാ ആളയച്ചു: നീ ചെന്നു യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു. 14. അപ്പോൾ അവൻ ചെന്നു ദൈവപുരുഷന്റെ വചനപ്രകാരം യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവൻ ശുദ്ധനായ്തീർന്നു.

Jefrin Samuel