പുതിയകാവ് കത്തീഡ്രലിൽ നസ്രാണി സംഗമം സംഘടിപ്പിച്ചു

മാവേലിക്കര :- പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ 1080-ാം വാർഷികത്തിന്റെ ഭാഗമായി നടന്ന നസ്രാണി സംഗമം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർധിച്ചു വരുന്ന ഹീനമായ കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്താനുള്ള പ്രവർത്തനങ്ങളിൽ സാഹിത്യകാരന്മാർക്കും ആത്മീയ നേതാക്കൾക്കും നിർണായക സ്വാധീനം ചെലുത്താൻ സാധിക്കും. ഓർത്തഡോക്സ് സഭ ആ ദൗത്യം ഏറ്റെടുക്കണമെന്നു ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ചടങ്ങിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു.

മാവേലിക്കര പടിയോലയുടെ ചിത്രം ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും ചേർന്ന് അനാഛാദനം ചെയ്തു. ചിത്രകാരൻ ജിജു ലാൽ ആണു ചിത്രം വരച്ചത്. വൈദിക സെമിനാരി മുൻ പ്രിൻസിപ്പാൾ ഫാ.ഡോ.കെ.എം.ജോർജ് മാവേലിക്കര പടിയോലയുടെ ചരിത്രവീക്ഷണവും, ചരിത്ര ഗവേഷകൻ ഡോ.എം.കുര്യൻ തോമസ് മാവേലിക്കര പടിയോലയുടെ സംക്ഷിപ്ത വിശദീകരണവും അവതരിപ്പിച്ചു.

നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ, ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റിയംഗം സൈമൺ കെ.വർഗീസ്, ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, കത്തീഡ്രൽ വികാരി ഫാ. എബി ഫിലിപ്, സഹവികാരി ഫാ. ജോയിസ് വി.ജോയി, ട്രസ്റ്റി പി. ഫിലിപ്പോസ്, സെക്രട്ടറി അനി വർഗീസ്സ്, പെരുന്നാൾ കമ്മിറ്റി കൺവീനർ വിനു ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

 കത്തീഡ്രലിന്റെ ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി 5 വ്യക്തികൾക്കു വീടു നിർമ്മിക്കുന്നതിനായി നൽകുന്ന വസ്തുവിന്റെ ആധാരം പി. ഫിലിപ്പോസ്, അനി വർഗീസ് എന്നിവർ ചേർന്നു പരിശുദ്ധ കാ തോലിക്കാബാവായ്ക്കു കൈമാറി. ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ആധാരങ്ങൾ ഏറ്റുവാങ്ങി ഫാ.എബി ഫിലിപ്പിനു നൽകി. മാവേലിക്കര പടിയോലയുടെ ചിത്രകാരൻ ജിജു ലാൽ, ഫാ.ഡോ.കെ എം. ജോർജ്, ഡോ.എം. കുര്യൻ തോമസ് എന്നിവരെ പരിശുദ്ധ കാതോലിക്കാബാവാ ഉപഹാരം നൽകി ആദരിച്ചു. കത്തീഡ്രൽ അരമനയിൽ എത്തിച്ചേർന്ന ഗവർണർ പി.എസ്. ശ്രീധരൻപി ള്ളയെ സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂളിലെ ബാൻഡ് ടീം ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.