OVS - Latest NewsOVS-Kerala News

ആരാധനാലയങ്ങളിലെ ശബ്ദസംവിധാനം; ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്ക് പഠന കോഴ്സിനു തുടക്കമാകുന്നു

ആരാധനാലയങ്ങളിൽ സംഗീതം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക് സംഘടിപ്പിക്കുന്ന പഠന കോഴ്സിന് തുടക്കമാകുന്നു. ജനുവരി 11 ബുധനാഴ്ച കോട്ടയത്തെ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ആണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ബോളിവുഡിൽ അര നൂറ്റാണ്ടിലേറെയായി ശബ്ദമിശ്രണ രംഗത്ത് പ്രവർത്തിക്കുന്ന ദമൻ സൂദ് ആണ് ഈ സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം ചെയ്യുക. അദ്ദേഹം വിദ്യാർഥികളുടെ പരിശീലകനായും എത്തുന്നുണ്ട്.

പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നു സൗണ്ട് റെക്കോർഡിങ്ങിലും ഓഡിയോ എൻജിനീയറിങ്ങിലും സ്വർണ മെഡലോടെ ബിരുദം നേടിയ ആളാണ് ദമൻ സൂദ്. തുടർന്ന് സൗണ്ട് എൻജിനീയറായി സിനിമാരംഗത്തു തുടക്കം കുറിച്ചു. ആയിരത്തിലധികം ആൽബങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. 2019ൽ സൗണ്ട് എൻജിനീയറിങ് രംഗത്ത് 50 വർഷം പൂർത്തിയാക്കി. ലതാ മങ്കേഷ്കർ, ജഗ്ജിത് സിങ്, പങ്കജ് ഉദാസ്, അബിദ പർവീൺ, ഹരിഹരൻ, പണ്ഡിറ്റ് രവിശങ്കർ, പണ്ഡിറ്റ് ശിവ് കുമാർ ശർമ്മ, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് സാക്കിർ ഹുസൈൻ തുടങ്ങിയ പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ച പരിചയ സമ്പത്തുണ്ട് ദമൻ സൂദിന്. ഖുർബാനി (1980), ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (1995), മച്ചിസ് (1996), ഗുപ്ത് (1997), ദിൽ തോ പാഗൽ ഹേ (1997), കുച്ച് കുച്ച് ഹോതാ ഹേ (1998) തുടങ്ങി നിരവധി ഹിന്ദി ചലച്ചിത്ര ശബ്‌ദട്രാക്കുകളുടെ റെക്കോർഡിസ്‌റ്റെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട് അദ്ദേഹം. കഴിഞ്ഞ ഡിസംബറിൽ ഗ്രാജുവേറ്റ്സ് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും ദമൻ സൂദിനു ലഭിച്ചു.

ദമൻ സൂദിനെ കൂടാതെ ശബ്ദമിശ്രണ രംഗത്ത് നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രമോദ് തോമസ്, എഴുനൂറിൽ പരം സിനിമകൾ മാസ്റ്റർ ചെയ്ത ഡോൾബി മുൻ എൻജിനീയർ ജോസ് ശങ്കൂരിക്കൽ, മികച്ച അധ്യാപകനുള്ള ദ്രോണാചാര്യ അവാർഡ് ജേതാവ് വിജയ് തോമസ് കുര്യൻ, സംഗീതസംവിധായകൻ ജെറി അമൽദേവ് എന്നിവരും ഉപദേശകരായും അധ്യാപകരായും 6 മാസത്തെ ഈ പഠന കോഴ്സിന്റെ ഭാഗമാകും. ഗായക സംഘാങ്ങളെയും അൾത്താരസംഘാംഗങ്ങളെയും ദേവാലയങ്ങളിലും മറ്റ് പ്രസ്ഥാനങ്ങളിലും സൗണ്ട് സിസ്റ്റം പ്രവർത്തിപ്പിക്കുന്നവരെയുമാണ് കോഴ്സ് ലക്ഷ്യം വയ്ക്കുന്നത്.

മൈക്ക് ഏതുരീതിയിൽ ഉപയോഗിക്കണമെന്നും ശബ്ദം ഏതുരീതിയിൽ പുറപ്പെടുവിക്കണമെന്നും അത് എങ്ങനെ ശ്രോതാക്കളിലേക്ക് എത്തിക്കണമെന്നും തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ പോലും പഠനത്തിൽ ഉൾപ്പെടുത്തുമെന്ന് ശ്രുതി അസി. ഡയറക്ടർ  ഫാ. ഡോ. മാത്യു വർഗീസ് പറഞ്ഞു. ഇക്കാര്യങ്ങളെക്കുറിച്ചു വ്യക്തമായ അവബോധമില്ലാത്തതിനാലാണ് പലപ്പോഴും ആരാധനാലയങ്ങളിലെ സംഗീതം കേൾവിക്കാർക്ക് അരോചകമായിത്തീരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

For application form & details visit www.srutimusic.org

For more information contact +91 9447409452