OVS-Kerala News

മട്ടക്കല്‍ കാരിക്കോട്ടു ദാനിയേൽ കശീശയുടെ 130-ാം ചരമവാര്‍ഷികാചരണം

130 വർഷം മുൻപ് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട ദിവംഗതനായ മട്ടക്കല്‍ കാരിക്കോട്ടു ദാനിയേൽ കശീശയുടെ 130-ാം ചരമവാര്‍ഷികാചരണം ജനുവരി ഏഴാം തീയതി നിരണം സെൻ്റ് മേരീസ് വലിയപള്ളിയിൽ വച്ച് നടത്തപ്പെട്ടു. വികാരി റവ. ഫാ. തോമസ് മാത്യു, സഹവികാരി റവ. ഫാ. ബിബിൻ മാത്യു ഇവരുടെ സഹ കാർമ്മികത്വത്തിൽ രാവിലെ 6.30 ന് നമസ്കാരവും, റവ. ഫാ. ഷിബു ടോമിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി: കുർബാനയും അർപ്പിച്ചു. തുടർന്ന് വടക്കേ സെമിത്തേരിയിൽ ധൂപവും വച്ചു.

മട്ടയ്ക്കൽ കാരിക്കോട്ട് ദാനിയേൽ കത്തനാർ പരുമല പള്ളിയുടെ ആദ്യത്തെ വികാരിയായിരുന്നു, പരിശുദ്ധ പരുമല തിരുമേനിയുടെ വിശ്വസ്തനായ പട്ടക്കാരൻ കൂടിയായിരുന്നു. പരുമല തിരുമേനിയുടെ കൂടെ വൈദിക സംഘത്തിൻ്റെ ട്രഷറർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 1876 – ൽ മുളന്തുരുത്തി സുന്നഹദോസിൽ നിരണം പള്ളി, പരുമല പള്ളി, തുരുത്തിക്കാട്ട് പള്ളി എന്നീ പള്ളികൾക്ക് വേണ്ടി ദാനിയേൽ കത്തനാർ പങ്കെടുത്തിട്ടുണ്ട്.

മട്ടയ്ക്കൽ പള്ളിവാതുക്കൽ ചാണ്ടിക്കത്തനാരുടെ സഹോദരനായ മട്ടയ്ക്കൽ കാരിക്കോട്ട് ഇമ്മട്ടി വൈദ്യന്റെ ദ്വിതീയ പുത്രനാണ് കാരിക്കോട്ട് ദാനിയേൽ കത്തനാർ.

നിരണം വലിയ പള്ളി ഇടവക പട്ടക്കാരനും, വികാരിയും, പരുമല സെന്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് പള്ളി ( പരുമല സെമിനാരി)യുടെ സ്ഥാപക വികാരി, കവിയൂർ സ്ലീബാ പള്ളി, തലവടി കുഴിപള്ളി എന്നീ പള്ളികളുടെ വികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുളന്തുരുത്തി സുന്നഹദോസിൽ നിരണം പള്ളിയെ പ്രതിനിധീകരിച്ച പട്ടക്കാരിൽ ഒരാൾ കൂടിയാണ് ദാനിയേൽ കത്തനാർ. വട്ടിപ്പണക്കേസിൽ പരി. പരുമലത്തിരുമേനിയുടെ മൊഴിയിൽ കവിയൂർ സ്ലീബാ പള്ളിയെ സംബന്ധിച്ച്, തിരുമേനിയുടെ വിശ്വസ്തനായ പട്ടക്കാരൻ എന്ന് ദാനിയേൽ കത്തനാരെക്കുറിച്ച് രേഖപ്പെടുത്തിയിരി ക്കുന്നു (മലയാള മനോരമ ഏപ്രിൽ 9, 2015). 1878 ഫെബ്രുവരി 18ന് പുലിക്കോട്ടിൽ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ പരുമല സുന്നഹദോസിൽ ദാനിയേൽ കത്തനാർ പങ്കെടുത്തിരുന്നു (മലങ്കര സഭാ വിജ്ഞാനകോശം, പേജ് 463).

പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസ് മലങ്കര സഭ കൈയ്യടക്കി ഭരണം നടത്തിയ സമയത്ത് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് തിരുമേനിക്ക് നിരണം പള്ളിയിലും പഴയ സെമിനാരിയിലും പ്രവേശനം ഇല്ലായിരുന്നു. അരികുപുറത്ത് മാത്തൻ കാരണവർ മാർ അത്താനാസിയോസുമായിട്ടുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ, നിരണം പള്ളിയിൽ നിന്നും മാറി നിന്നിരുന്ന കാലം അരികുപുറത്ത് മാത്തൻ കാരണവരെ കാണുവാനായി നിരണത്ത് നിന്നും കാരിക്കോട്ട് ദാനിയേൽ കത്തനാരെയും കൂട്ടി പുലിക്കോട്ടിൽ തിരുമേനി പരുമലയിൽ പോയി തെക്കൻ പ്രദേശങ്ങളിൽ ഒരു സെമിനാരിയുടെ ആവശ്യകതയെക്കുറിച്ച് അറിയിച്ചു. തുടർന്ന് അരികുപുറത്ത് കാരണവർ 30 ദണ്ഡ് സമചതുരം (300 അടി വീതിയും 300 അടി നീളവും) ദാനമായി നൽകിയ സ്ഥലത്ത് മുളങ്കാലുകളും ഓലമേഞ്ഞതുമായ ഒരു വെട്ടിക്കെട്ട് പള്ളി 1872-ൽ മാർ പത്രോസ് ശ്ലീഹായുടെ നാമത്തിൽ സ്ഥാപിച്ചു. പ്രഥമ വികാരിയായി കാരിക്കോട്ട് ദാനിയേൽ കത്തനാരെ ചുമതലപ്പെടുത്തി.

Ref: (പരുമല സെമിനാരിയുടെ ആധുനിക ശില്പി എന്ന പുസ്തകത്തിൽ അരികുപുറത്ത് ജോർജ്ജ് ഉമ്മൻ രേഖപ്പെടുത്തിയത്, സോഫിയ പ്രിന്റ് ഹൗസ്, കോട്ടയം, പുറം 112).

മട്ടയ്ക്കൽ കാരിക്കോട്ട് ദാനിയേൽ കത്തനാരുടെ മകന്‍ ബർസ്ലീബി കത്തനാർക്ക് കശീശപട്ടം നല്കിയത് പരിശുദ്ധനായ പരുമല തിരുമേനിയാണ്.

കാരിക്കോട്ട് ദാനിയേൽ

കത്തനാർ, റവ.ഫാ. കെ.ബി. മാത്യൂസ് കത്തനാരുടെ പിതാമഹൻ ആണ്.

നാലര ദശാബ്ദത്തോളം പരുമല സെമിനാരിയുടെ അമരത്ത് നിസ്വാർത്ഥമായ സേവനത്തിലൂടെ ഒട്ടേറെ സംഭാവനകൾ നൽകിയ മഹത് വ്യക്തിത്വമാണ് കാരിക്കോട്ടച്ചൻ എന്ന റവ.ഫാ. കെ.ബി. മാത്യൂസ്. 1940 മുതൽ 45 വർഷക്കാലം പരുമല സെമിനാരി മാനേജരായി സേവനമനുഷ്ഠിച്ചു. പരുമല ആശുപത്രിയുടെ സ്ഥാപകൻ മേൽ പറഞ്ഞ ദാനിയേൽ കത്തനാരുടെ ചെറുമകനായ കെ ബി. മാത്യൂസ് കത്തനാരാണ്.

മുളന്തുരുത്തി സുന്നഹദോസിൽ പങ്കെടുത്തവർ (Ref: കണ്ടനാട് ഗ്രന്ഥവരി പുറം 618, 625, 628)

   ക്രമ. നം. 2 – നിരണത്തു പള്ളി

1. മട്ടയ്ക്കൽ ബഹനാൻ കത്തനാര്

2. പനയ്ക്കാമറ്റത്തു മത്തായി കത്തനാര്

3. കണിയന്ത്ര നൈനാൻ കത്തനാര്

4. മട്ടയ്ക്കൽ കാരിക്കോട്ട് ദാനിയേൽ കത്തനാര്

 5. എലഞ്ഞിക്കൽ മാത്തു ചാക്കോ

6. മട്ടയ്ക്കൽ വീട്ടിൽ പെരുമാൾ ചാക്കോ വൈദ്യൻ

 7. പള്ളിക്കടവിൽ ചാക്കോ കുഞ്ചെറിയ

8. വരത്തറ പള്ളത്തു മാമ്മൻ മത്തായി

9. പുത്തുപ്പള്ളിൽ വർക്കി കൊച്ചുവർക്കി

     ക്രമ. നം. 58 – തുരുത്തിക്കാട്ട് പള്ളി

1. വികാരി മട്ടയ്ക്കൽ കാരിക്കോട്ട് ദാനിയേൽ കത്തനാര്

2. കൊന്നക്കൽ മാത്തുള്ള ചെറിയാൻ

3. ചെട്ടുപള്ളി പോത്തൻ ചാണ്ടി

     ക്രമ. നം. 80 – പരുമല പള്ളി

1. വികാരി മട്ടയ്ക്കൽ കാരിക്കോട്ട് ദാനിയേൽ കത്തനാര്