EditorialOVS - Latest News

മലങ്കര സഭയ്ക്ക് മാരണങ്ങളാകുന്ന മാർ മറുതകൾ — എഡിറ്റോറിയൽ

മലങ്കര സഭയിലെ മെത്രാപ്പോലീത്തന്മാരിൽ വളരെ ശ്രദ്ധേയനും പ്രതിഭാശാലിയും വേദശാസ്‌ത്ര പാണ്ഡിത്യവുമുള്ള ഒരു ആദരണീയ സന്യാസിവര്യനാണ് ഇന്നത്തെ എഡിറ്റോറിയലിന്റെ സൂക്ഷമ സുഷിരങ്ങളിലൂടെ കടന്ന് പോകുന്നത്. അഭിവന്ദ്യ പിതാവിനെ കാര്യകാരണ സഹിതം വിമർശിക്കുന്നതിന് മുൻപ് എഡിറ്റോറിയൽ ബോർഡിന്റെ നിഷ്പക്ഷ നിലപാടുകൾക്ക് തെളിവായി അഭിവന്ദ്യ. ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാച്ചൻറെ പൗരസ്ത്യ വേദശാസ്‌ത്ര അറിവിനേയും, ഭദ്രാസന ഭരണ നടത്തിപ്പിൽ കാണിക്കുന്ന മികവിനെയും, സാമ്പത്തിക ക്രയവിക്രയങ്ങളിൽ കാണിക്കുന്ന സുതാര്യതയും ഏറെ ബഹുമാനത്തോടെ മതിക്കുന്നു. അന്തിക്ക് മലങ്കര സഭയിലെ ഒരു മുന്തിയ മെത്രാന്റെ ബോധക്കേടിനെയും, വകതിരിവില്ലായ്‌മയും എള്ളോളം പോകുന്ന ഈ നിസാരർ വിലയിരുത്തുമ്പോൾ, ഞങ്ങളുടെ ബഹുമാനകുറവ് കൊണ്ട് മനസിലേക്ക് ഇരമ്പി വരുന്ന ഉശിരൻ വാക്കുകളും തികട്ടി വരുന്ന അല്പം വഷളൻ ഭാഷയും അരിച്ചിറക്കി അച്ചടിയോഗ്യമായ നിലയിൽ ചെറിയ പ്രതികരണമാണ് സ്‌നേഹത്തോടെയും സദുദ്ദേശത്തോടെയും പങ്കുവെയ്ക്കുന്നത്.

മലങ്കര സഭയിലെ മെത്രാന്മാരിൽ വിശ്വാസി ജനത നെഞ്ചോടു ചേർത്തിട്ടുള്ളതും ആദരിച്ചിട്ടുള്ളതും രണ്ട് തരം മേൽ പട്ടക്കാരെ മാത്രമാണ്. ഒന്നാമത്, വേദശാസ്‌ത്ര പാണ്ഡിത്യവും ഭരണ മികവും പുലർത്തിയ മെത്രാപ്പോലീത്തന്മാർ. രണ്ടാമത്, മിത്വഭാഷിയും, ലാളിത്യവും ദൈവ ചൈതന്യവുമുള്ള മെത്രാപ്പോലീത്തന്മാർ. ഇവ രണ്ടിൽ ഏതെങ്കിലും ഒന്നിലെങ്കിലും പൂർണ്ണരായവർ മലങ്കര സഭയ്ക്കും വിശ്വാസി സമൂഹത്തിനും ഒരു ചരിത്രപുരുഷരായിരുന്നു എന്നത് പിൽക്കാല പിതാക്കന്മാരുടെ ചിത്രം മനസ്സിലോടിച്ചാൽ തെളിയും. ഇവിടെയാണ് അഭിവന്ദ്യ. ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാച്ചൻറെ നിലപാടുകളിലും, ശൈലികളിലും, പെരുമാറ്റത്തിലുമുള്ള സ്‌ഥിരതയില്ലായ്‌മയും, സംഭാഷണത്തിലെ വകതിരിവില്ലായ്‌മയും, ചില പ്രത്യേക പ്രവർത്തികളും മലങ്കര സഭയ്ക്കും ജനതയ്ക്കും ഒരു മാരണമായി തീരുന്നത്. നല്ലത് ജ്ഞാനത്തിൽ കണ്ടാൽ മാത്രം പോരാ, ചെയ്യുന്നത് നല്ലതായി ഭവിക്കാനും, കാഴ്ച്ക്കാർക്ക് അത് നല്ലത് എന്ന് അനുഭവപ്പെടാനും ശ്രദ്ധയുണ്ടാകണം, പ്രത്യേകിച്ച് അധികാരവും ജനത്തോട് ബാധ്യതയുമുള്ളവർക്ക്. വെളിവും വെളിയാഴ്ചയുമില്ലാത്ത കുസൃതിയുള്ള ബാലന്റെ നടപ്പും, ചില്ല ബ്രോ യുവമനസും, മനുഷ്യരെ ശങ്കയില്ലാത്ത പ്രവർത്തിയുമാണ് മലങ്കര സഭയ്ക്ക് കൃത്യമായി ഇടവേളകളിൽ അഭിവന്ദ്യ. ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാച്ചൻറെ സംഭാവനയായി ലഭിക്കുന്ന മാരണങ്ങൾ.

അഭിവന്ദ്യ മെത്രാന്മാർക്ക് സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ പെരുമാറ്റം ചട്ടം മലങ്കര സഭയുടെ എപ്പിസ്കോപ്പൽ സമിതി നടപ്പിൽ വരുത്താൻ വൈകിയാൽ, വിശ്വാസികൾ മെത്രാന്മാർക്ക് “പേരുമാറ്റ” ചട്ടം നടപ്പിൽ വരുത്താൻ നിർബന്ധിതരാകും. മലങ്കരയിലെ മെത്രാന്മാരെ പഠിപ്പിക്കാൻ ജോലിയും കൂലിയുമില്ലാത്ത അൽമായർ മുതിരേണ്ടേ എന്ന അൽമായന്റെ സ്വത്തിലും സത്വത്തിലും ചവിട്ടി നിന്ന് വമ്പു പറഞ്ഞ നവ “മാർ മറുത”യുടെ മൊഴിമുത്തുകൾ മറക്കാതെകുറിച്ചിട്ടു കൊണ്ട്, നമ്മുടെ ഇന്നത്തെ ചിന്തയ്ക്ക് കാരണഹേതുവായ മാർ യൂലിയോസ്‌ മെത്രാച്ചന്റെ ഏറ്റവും അവസാനത്തെ അല്പത്തരമോ അഹന്തയോ എന്ന് വിശേഷിപ്പിക്കാവുന്ന വിഷയത്തിലേക്ക് കടക്കാം. മസ്‌ക്കറ്റ് സെന്റ്‌ ഗ്രിഗോറിയോസ് മഹാ ഇടവകയിൽ കുട്ടികളെ വി.മദ്ബഹാ ശുശ്രൂഷയിലേക്കു പ്രവേശിപ്പിക്കുന്ന ചടങ്ങിൽ, ആർഷഭാരതത്തിന്റെ വടക്കൻ നാടുകളിൽ തീണ്ടാപ്പാടകലെ നിന്ന് പൂജാരി പ്രസാദം അവർണന് ഇട്ടുകൊടുക്കുന്ന നിലയിൽ വി. ശൂശ്രൂഷാ കുപ്പായം കുട്ടികൾക്ക് സ്‌പോർട്സ്മാൻ സ്‌പിരിറ്റോടെ ഇട്ട് കൊടുക്കുന്ന കാഴ്ച്ച പൗരസ്ത്യ വേദശാസ്‌ത്രത്തിന് പകരം വെയ്ക്കാനാകാത്ത ഒരു കാഴ്ച്ചയായി. ഏത് വേദശാസ്‌ത്രം കൊണ്ട് ന്യായീകരിച്ചാലും, സാഹചര്യങ്ങളുടെ പരിമിതികളെ ചാരിയാലും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത പ്രവർത്തിയും ശരീര ഭാഷയുമാണ് പല വിവാദ പരാമർശങ്ങളിലും എന്നത് പോലെ ഇത്തവണയും മാർ യൂലിയോസ്‌ മെത്രാന്. കുരമ്പാല പള്ളിയിലെ വി.കുർബ്ബാനയിലെ ക്ഷിപ്രക്ഷോഭം മുതൽ MOSC മീഡിയ വഴി ഇടവേളകളിൽ മലങ്കര സഭയ്ക്കും അവനവനും വാങ്ങി തന്ന വഴിയേ പോയ മാരണങ്ങൾ കടന്ന് പരുമല ആശുപത്രിയിലെ മമത മഹിമ വരെ മനസ്സിൽ മിന്നി മറയുന്നുണ്ട്. “ഉദ്ദേശ്യം എത്രതന്നെ ശുദ്ധമെങ്കിലും ഭാഷയും ശൈലിയും മോശമെങ്കിൽ പാൽ പായസം നായയുടെ പാത്രത്തിൽ ഒഴിച്ച് കൊടുക്കുന്നത് പോലെയാകും” എന്ന് ഓർക്കണം.

ജ്ഞാനിയായ ശലോമന്റെ സദൃശ്യവാക്യങ്ങൾ 18:2 “തൻ്റെ മനസ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന് ബോധത്തിൽ ഇഷ്ടമില്ല”. ഒരു ഉത്തമനായ സർവ്വ പരിത്യാഗിയായ ഒരു ക്രൈസ്തവ മഹാ പുരോഹിതന് ചേരുന്ന നിലയിലല്ല മലങ്കരയിലെ ടെക്കി മെത്രാനായി കരുതപ്പെടുന്ന മാർ യൂലിയോസ്‌ മെത്രാച്ചന്റെ സോഷ്യൽ മീഡിയ ഉപയോഗ നിലവാരങ്ങൾ. പത്തു ലൈക്ക് കിട്ടാനായി ഏതു മുതു പോത്തിന്റെയും കൂടെ യമരാജനായും, ആന പാപ്പനായും, മൽസ്യകന്യകനായും വിഡ്ഢി വേഷം കെട്ടി ജനകീയത ഇരന്നു നടക്കും. ഇത്തരം മെത്രാന്മാർ കാലത്തിന്റെ മാറ്റം ഉൾകൊള്ളുന്ന പുരോഗമനവാദികളായി സ്വയം ചിത്രീകരിക്കുമ്പോൾ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഇവരുടെ വാക്കുകളിലും പ്രവർത്തിയിലും നിന്നൊക്കെ ഒരു വൈദികന്, ഒരു വിശ്വാസിക്ക് മാതൃകയാക്കാവുന്ന എന്ത് പക്വതയാണ് കാണാനുള്ളത്. കുപ്പായത്തിന്റെ കീശയിൽ കുരിശും കൈയ്യിൽ ഐ ഫോണും വി.ത്രോണോസിൽ ഐ പാടും ശീലമാക്കിയ മെത്രാന്റെ വേറിട്ട ചിന്തയും ശൈലിയും ദൈവത്തിനും ദൈവ വിശ്വാസിക്കും ദഹിക്കാൻ പ്രയാസവുമാണ് എന്നതാണ് മാർ യൂലിയോസ്‌ മെത്രാച്ചന്റെ പ്രതിഭയ്ക്കുള്ള ദുര്യോഗം. വേദിക്കു അനുസരിച്ചും അതിഥികളുടെ തൊഴിലനുസരിച്ചും ഞാൻ ലേശം വ്യത്യസ്തനാണ്‌ എന്ന് വരുത്താനായി യാതൊരു വകതിരിവും, പക്വതയുമില്ലാതെ ഹൃദയം തുറക്കുന്നത് മറ്റൊരു വികട വിനോദമാണ്. പരുമല ആശുപത്രിയിലെ പൊതു ചടങ്ങിൽ അതിഥിയായി വന്ന നടിയും ക്യാൻസർ അതിജീവതിയുമായ മമത മോഹൻദാസിന്റെ ഫാൻ ബോയ് മാർ യൂലിയോസ്‌ തിരുമേനിയുടെ ഹൃദയത്തിൽ തൊട്ട വാക്കുകളും മലങ്കര സഭയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയായി ചരിത്രത്തിൽ രേഖപ്പെടുത്തണം. ഒരു കാര്യവുമില്ലാതെ ചിലപ്പോൾ രൗദ്ര ഭാവം, ഹാസ്യം, ഭീഭത്സവം, കരുണം ഒക്കെ സ്ഥാനത്തും അസ്ഥാനത്തും മിന്നി മറിയുന്ന പ്രതിഭകൾ മലങ്കര സഭയ്ക്ക് ഒരു മാരണമാകുന്നുവെന്ന തോന്നൽ മെത്രാന്മാർക്ക് ഇല്ലെങ്കിലും വിശ്വാസികൾക്ക് ഉണ്ടായിരിക്കണം.

 ശുശ്രൂകരുടെ കയ്യിൽ പിടിച്ച മൈക്ക് തട്ടി മാറ്റുന്നവരുടെ മാടമ്പിത്തരവും പ്രാർത്ഥനകളിൽ വരുന്ന അക്ഷര”പിശാചും”, സഭയെയും വ്യവസ്ഥിതിയേയും അപ്പാടെ മാറ്റിമറിക്കാൻ സോഷ്യൽ മീഡിയ വഴി മാത്രമേ സാധിക്കൂ എന്ന് കരുതുന്ന മെത്രാച്ചന്മാർ എന്ത് സഭാ വിധേയത്വമാണ് കാട്ടുന്നത്? സ്വയം അവഹേളിതരാകുവാനും സഭയുടെ സമിതികളിൽ പറയേണ്ടത് അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന തരത്തിൽ ഉള്ള മുനവെച്ച പ്രസംഗങ്ങളും ഒന്നും ഒരു വിശ്വാസിയും നല്ല രീതിയിൽ എടുക്കുകയില്ലായെന്ന് മനസ്സിലാക്കാനുള്ള വിവേകം പരിശുദ്ധാത്മാവ് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് എന്തുമാകാം എന്ന ധാർഷ്ട്യം, എന്തും റീവൈന്ഡ് ചെയ്തു കാണുന്ന പൊതുസമൂഹം ഉണ്ടെന്ന ഉത്തമ ബോധ്യത്തിൽ ഔചിത്യബോധമില്ലായ്‌മ ഉപേക്ഷിച്ചാൽ മലങ്കര മക്കളുടെ സ്നേഹം ആവോളം ആസ്വദിച്ചു മുന്നോട്ട് പോകാൻ ഒരു തടസ്സവും ഉണ്ടാകില്ല എന്ന് മനസിലാക്കാൻ വൈകരുത്.

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ