OVS - Latest NewsOVS-Pravasi News

യുഎഇയിൽ ഓർത്തഡോക്സ് കത്തീഡ്രൽ ശിലാസ്ഥാപനം നടത്തി

അബുദാബി:- യുഎഇയുടെ പിറവിക്കു മുൻപ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ച സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിനു പുതിയ ദേവാലയം പണിയുന്നു. ക്രിസ്മസ് ദിനമായ  ഇന്നു രാവിലെ 9.30നാണ് ശിലാസ്ഥാപനം. യുഎഇയിൽ 1968ൽ കോൺഗ്രിഗേഷനായി തുടങ്ങിയ സഭ 54 വർഷം പിന്നിട്ട വേളയിലാണ് പുതിയ ദേവാലയ നിർമിതിയിലേക്കു കടക്കുന്നത്.  യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ആണ് ഖാലിദിയ കോർണിഷിൽ ചർച്ച് നിർമിക്കാൻ സ്ഥലം അനുവദിച്ചത്. പ്രഥമ ദേവാലയത്തിനു ശിലയിട്ടതും ഷെയ്ഖ് സായിദ് തന്നെ. രാജ്യം രൂപീകരിക്കുന്നതിന്റെ തലേദിവസം 1971 ഡിസംബർ ഒന്നിന് ആദ്യ പ്രാർഥന നടന്നു. പിന്നീട് 1982 ഫെബ്രുവരി 5ന് മുഷ്റിഫിൽ ഇപ്പോഴത്തെ സ്ഥലത്ത് ദേവാലയത്തിനു കല്ലിട്ടു. 1983 മേയ് 27നു കൂദാശ തുടങ്ങിയതു മുതൽ ഇക്കഴിഞ്ഞ ജൂൺ 26 വരെ പ്രാർഥന തുടർന്നു.

കാലപ്പഴക്കം മൂലം ഈ പള്ളി പൊളിച്ച് ഇതേ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളോടെ പുതിയ പള്ളി നിർമിക്കുന്നതിന്റെ ശിലാസ്ഥാപനമാണ് ഇന്ന് നടന്നത്. 1.35 കോടി ദിർഹം ചെലവിൽ 20 മാസംകൊണ്ട് നിർമിക്കുന്ന ദേവാലയത്തിൽ ഒരേ സമയം 2000 പേർക്കു പ്രാർഥനയിൽ പങ്കെടുക്കാം. അബുദാബിയിൽ സഭ നിർമിക്കുന്ന മൂന്നാമത്തെ പള്ളിയാണിത്.

പഴയ പള്ളിയിൽ അവസാന കുർബാനയ്ക്കു നേതൃത്വം നൽകി, തുടർന്ന് പുതിയ പള്ളിയുടെ തറക്കല്ലിടൽ കർമം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബ്രഹ്മവാർ ഭദ്രാസനാ മെത്രാപ്പൊലീത്ത യാക്കോബ് മാർ ഏലിയാസ് നിർവഹിച്ചു. കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, റാന്നി-നിലയ്ക്കൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോഷ്വാ മാർ നിക്കോദീമോസ് എന്നിവർ സഹകാർമികരായിരുന്നു.