OVS - Latest NewsOVS-Kerala News

നിയമങ്ങൾക്ക് വിധേയമായ സമാധാനം ഉണ്ടാകണം :- പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം :- മലങ്കര സഭാ തർക്കത്തിൽ സുപ്രീം കോടതിയുടെ 1958,1995, 2017 എന്നീ വർഷങ്ങളിലായി നൽകിയിരിക്കുന്ന വിധികൾ എല്ലാം മലങ്കര സഭയെ ശാശ്വത സമാധാനത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതായിരുന്നു എന്നും മറുവിഭാഗം അതിന് വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചതാണ് സഭയിൽ സമാധാനം ഉണ്ടാകാൻ ഇടയാകാതെ പോയത് എന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. സഭയുടെയും രാജ്യത്തിന്റെയും നിയമങ്ങൾക്ക് വിധേയമായ ശാശ്വത സമാധാനം എന്നതാണ് സഭ ലക്ഷ്യമിടുന്നതെന്നും പരിശുദ്ധ ബാവ പറഞ്ഞു. കോട്ടയത്ത് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ അവാർഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ.

സുപ്രീം കോടതി വിധി അനുസരിക്കാൻ തയ്യാറാകാത്തതാണ് സഭാ സമാധാനത്തിന് തടസ്സമായി നിൽക്കുന്നത്. സുപ്രീം കോടതി അരക്കിട്ട് ഉറപ്പിച്ചിട്ടുള്ള മലങ്കര സഭയുടെ ഭരണഘടനയും, അടിസ്ഥാനതത്വങ്ങളും ബലി കഴിക്കാതെ മാർത്തോമ്മാ ശ്ലീഹായുടെ മക്കളായ എല്ലാവരും ശാശ്വത സമാധാനത്തിന്റെ പാതയിലേക്ക് വരണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

2020,2021 വർഷങ്ങളിലെ അവാർഡ് ജേതാക്കളായ ജോർജ് പൗലോസ്, മുള്ളരിങ്ങാട് (അങ്കമാലി മെത്രാസനം) മാത്യു സ്റ്റീഫൻ, തിരുവാർപ്പ് (കോട്ടയം മെത്രാസനം) ജോണി ചാമത്തിൽ, ചെങ്ങരൂർ (നിരണം മെത്രാസനം) എന്നിവർക്ക് പതിനായിരം രൂപയും ഫലകവും സമ്മാനിച്ചു. എം.എ. ചെറിയാൻ മണിയല, ജോർജ് വർഗീസ് വൻനിലം എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

എ.കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈദീക ട്രസ്റ്റി തോമസ് വർഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ.യാക്കോബ് തോമസ്, ഫാ.ജിതിൻ ജോർജ്, ലിജോ പാത്തിക്കൽ, അലക്സ് എം. കുര്യാക്കോസ്, ആകാശ് മാത്യൂ, ജിജു പി വർഗീസ് എന്നിവർ പ്രസംഗിച്ചു.