Departed Spiritual FathersOVS - Latest News

വയലിപ്പറമ്പിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്; മലങ്കരയുടെ ഉരുക്ക് മനുഷ്യൻ

വിശ്വാസസംരക്ഷകൻ, മലങ്കരയുടെ ഉരുക്ക് മനുഷ്യൻ, ദീർഘവീക്ഷകൻ, ഉത്തമ സന്യാസി, മലങ്കര സഭയിലെ ഭിന്നതകൾക്കെതിരെ പോരാടിയ ധീര വ്യക്തിത്വം, മലങ്കരയുടെ സമാധനപ്രീയൻ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റിവച്ച മഹാപുരോഹിതൻ.

ഏറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിൽ പുരാതന കുടിയേറ്റ കുടുംബങ്ങളിൽ ഒന്നായ പൈനാടത്ത് കുടുംബത്തിന്റെ ശാഖയായ വയലിപ്പറമ്പിൽ ഭവനത്തിൽ തോമസിന്റെയും ശോശാമ്മയുടെയും നാലാമത്തെ പുത്രനായി 1889 ജൂലൈ 17-ന് ജനിച്ചു. അകപ്പറമ്പിലെ പുരാതന ദേവാലയമായ മാർ സാബോർ, മാർ അഫ്രോത്ത് സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ വച്ച് ഗീവർഗീസ് എന്ന പേരിൽ വിശുദ്ധ മാമോദീസാ സ്വീകരിച്ചു. 1876 -ലെ ചരിത്ര പ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിലെ നിറസാന്നിധ്യമായിരുന്ന മാത്തു ഇട്ടൂപ്പിന്റെ ജ്യേഷ്ഠന്റെ കൊച്ചുമകനായിരുന്നു ഗീവർഗ്ഗീസ്. തോമസ് വർഗീസ് എന്ന് പേരിൽ അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു. മാതാപിതാക്കൾ അദ്ദേഹത്തെ സ്നേഹപൂർവ്വം കുഞ്ഞി വർക്കി എന്നാണ് വിളിച്ചിരുന്നത്. ബാല്യത്തിൽ തന്നെ കോതമംഗലം മാറാശ്ശേരിൽ ഇട്ടീരാ മല്പാനിൽ നിന്നും സുറിയാനി ഭാഷയിൽ പാണ്ഡിത്യം നേടി. 1910-ൽ, കൂദാശയ്ക്കായി തന്റെ മാത്യ ദേവാലയം സന്ദർശിച്ച ​​പരിശുദ്ധ അബ്ദുൽ അലോഹോ രണ്ടാമൻ പാത്രിയാർക്കീസ് ബാവ പൊതു സദസ്സിൽ വച്ച് തോമസ് വർഗ്ഗീസിനെ മാർഡിനിലെ പാത്രിയാർക്കേറ്റിലേക്ക് വൈദിക പഠനത്തിന് അയക്കുന്ന കാര്യം പരിഗണിക്കണമെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.

ഇംഗ്ലീഷ് സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റിന് ശേഷം ഗീവർഗീസ് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഇന്റർമീഡിയറ്റിനും ബാച്ചിലർ ഓഫ് ആർട്‌സിനും പഠിച്ചു. അവിടെ പഠിക്കുന്ന കാലഘട്ടത്തിൽ ഏവരെയും അത്ഭുതപ്പെടുത്തിയതും ആകർഷിപ്പിച്ചതും അദ്ദേഹത്തിന്റെ ധൈര്യവും ദൈവീക വിശ്വാസത്തെയുമാണ്. അതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ്, യുസി കോളേജിൽ താമസിച്ചിരുന്ന സമയത്ത് ഒരു വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ കുത്തേറ്റ് മരിച്ചു. ഒരു വിദ്യാർത്ഥിക്കും അവിടെ താമസിക്കാൻ ധൈര്യമില്ലാത്തതിനാൽ മുറി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ മുറിയിൽ താമസിക്കാൻ തയ്യാറുള്ള ആർക്കും സൗജന്യമായി താമസിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. തോമസ് വർഗ്ഗീസ് സന്നദ്ധത അറിയിച്ച് വിദ്യാഭ്യാസത്തിലുടനീളം ആ മുറിയിൽ താമസിച്ചു. ഹോസ്റ്റൽ വാടകയിൽ നിന്നും ലാഭിച്ച തുകകൾ കൊണ്ട് പല ജീവകാരുണ്യ പ്രർത്തനങ്ങൾ ചെയ്യുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നു. 1944-ൽ അദ്ദേഹം മദ്രാസിലെ വെപ്പേരിയിലുള്ള മെസ്റ്റൺ ട്രെയിനിംഗ് കോളേജിൽ നിന്ന് അധ്യാപനത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അദ്ദേഹം സിലോണിലും (ശ്രീലങ്ക) സിംഗപ്പൂരിലും കുറച്ചുകാലം ചെലവഴിച്ചു. ഓമല്ലൂർ മാർ ഇഗ്നേഷ്യസ് ആശ്രമത്തിൽ നിന്നും വൈദീക പഠനത്തിന്റെ ആദ്യ പടികൾ അഭ്യസിച്ചു. പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയിൽ നിന്നും,1937-ൽ ശെമ്മാശുപട്ടവും കുറ്റിക്കാട്ടിൽ പൗലോസ് മാർ അത്താനാസിയോസിൽനിന്ന് 1939-ൽ കശ്ശീശാപട്ടവും അദ്ദേഹം സ്വീകരിച്ചു. കലാ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ സഭയിലെ വിശ്വാസികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

1946-ൽ അദ്ദേഹം മുളയിരിക്കൽ പൗലോസ് റമ്പാനോടൊപ്പം (പിന്നീട് പൗലോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ) വിശുദ്ധനാട് സന്ദർശിച്ചു. ബോംബെ തുറമുഖത്ത് നിന്ന് ജറുസലേമിലേക്കും സിറിയയിലേക്കും പുറപ്പെട്ടു. പേർഷ്യൻ ഗൾഫ് വഴി 1946 ജൂലൈ 14-ന് രാവിലെ കപ്പൽ ഇറാഖിലെ ബസ്ര തുറമുഖത്തെത്തി. മോർ മാതായ് ആശ്രമത്തിൽ സംഘത്തിന് സഭയുടെ പാരമ്പര്യമനുസരിച്ച് ഊഷ്മളമായ സ്വീകരണം നൽകി. ജറുസലേമിലെ സെന്റ് മാർക്‌സ് ആശ്രമത്തിൽ സംസ്‌കരിച്ച മൂന്ന് സിറിയൻ ഓർത്തഡോക്‌സ് വൈദികർക്ക് അദ്ദേഹം സുറിയാനിയിൽ ഒരു മാർബിൾ എപ്പിറ്റാഫ് സ്ഥാപിച്ചു. 1946 ജൂലായ് 20-ന് ബാഗ്ദാദിലെ സുറിയാനി ഓർത്തഡോക്‌സ് സഭ അദ്ദേഹത്തിന് വമ്പിച്ച സ്വീകരണം നൽകി ആദരിച്ചു. 1946-ൽ ഹോംസിൽ വച്ച് പ. ഇഗ്നാത്തിയോസ് അപ്രേം പ്രഥമൻ പാത്രിയർക്കീസ് ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. അങ്കമാലി ഭദ്രാസന സഹായ മെത്രാനായിരുന്നു.

ഇറാഖ്, ലെബനൻ, ജോർദാൻ, സിറിയ, ഇസ്രായേൽ, തുർക്കി എന്നിവിടങ്ങളിലെ പുണ്യസ്ഥലങ്ങളിൽ ഗീവർഗീസ് തീർഥാടകനായി സഞ്ചരിച്ചു. തന്റെ തീർത്ഥാടനത്തെക്കുറിച്ച് വിശദമായ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. മലങ്കരയിലെ ക്രിസ്ത്യാനികളുടെ പ്രയോജനത്തിനായി മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ മതപരവും ഭൂമിശാസ്ത്രപരവും ചരിത്രപരവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ വശങ്ങൾ ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ച് പുസ്തകം വിവരിക്കുന്നു. യാത്രയിൽ കണ്ടുമുട്ടിയ പ്രധാന വ്യക്തികളെയും പുസ്തകത്തിൽ രേഖപ്പെടുത്തുന്നു. ഇന്ത്യാ സന്ദർശനത്തിന് മുമ്പ് (എഡി 52-ൽ) മൊസൂൾ, ബാഗ്ദാദ്, ബസ്ര, പേർഷ്യ എന്നിവിടങ്ങളിൽ വിശുദ്ധ തോമാശ്ലീഹാ സുവിശേഷം പ്രസംഗിച്ചുവെന്ന് പാത്രിയാർക്കീസ് ​​ പരിശുദ്ധ അഫ്രേം തന്നോട് പറഞ്ഞതായി അദ്ദേഹം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് മാർ ഗ്രിഗോറിയോസ് വീണ്ടും ബാഗ്ദാദ് സന്ദർശിച്ചു. 1946 ഒക്‌ടോബർ 10 -ന് ബസ്രയിൽ നിന്ന് എസ്എസ് ബരാല എന്ന കപ്പലിൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി, ഒക്ടോബർ 21 തിങ്കളാഴ്ച രാവിലെ 8.00 -ന് ബോംബെയിൽ എത്തി.

പൗലോസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തായുടെ കാലശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി 1953 മുതൽ ഭദ്രാസന മെത്രാപ്പോലീത്തയായി ഭരണം ഏറ്റെടുത്തു. മാർ ഗ്രിഗോറിയോസ് ഭദ്രാസനത്തിലുടനീളം നാല്പത് പുതിയ ദേവാലയങ്ങൾ നിർമ്മിച്ച് തന്റെ രൂപത വിപുലീകരിച്ചു. 1958 ഡിസംബർ 9-ാം തീയതിയിലെ പ. യാക്കോബ് തൃതിയൻ പാത്രിയർക്കീസിലെ 447-ാം നമ്പർ കല്പന മഞ്ഞനിക്കര മാർ യൂലിയോസ് മെത്രാപ്പോലീത്ത തിരുമനസ്സിലേക്ക് കിട്ടിയതറിഞ്ഞ മാത്രയിൽ മാർ യൂലിയോസ്, മാർ പീലക്സീനോസ് എന്നീ മെത്രാപ്പോലീത്താന്മാരോടൊപ്പം 1958 ഡിസംബർ മാസം 16-ാം തീയതി രാത്രിയിൽ പഴയ സെമിനാരിയിൽ എത്തി. സമാധാനത്തിന്റെ സംസ്ഥാപനത്തിന് നേതൃത്വം നൽകി. 1934-ലെ മലങ്കര സഭാ ഭരണഘടന തന്റെ ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും നടപ്പിൽ വരുത്തുന്നതിനായി കല്പനകൾ അയയ്ക്കുകയും അവ നടത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്തത് സുപ്രധാനമായ നടപടികളിൽ ഒന്നാണ്. അന്ത്യോക്യാസിംഹാസന ഭക്തനായിരിക്കെ കാതോലിക്കാ സിംഹാസനത്തോട് കൂറുള്ളയാളായിരുന്നു. 1958-ലെ സമാധാനം പ്രഖ്യാപിതമായതിനെ തുടർന്ന് ദേവലോകത്ത് എത്തി പ. ഗീവർഗീസ് ദ്വിതീയൻ കാതോലിക്കകാ ബാവായോടൊപ്പം അരമനചാപ്പലിൽ വി. കുർബാനയർപ്പിക്കുകയും ചെയ്തു. 1959-ൽ ഗീവർഗീസ് ദ്വിതീയൻ ബാവ, യോജിച്ച മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനമെത്രാപ്പോലിത്തയായി നിയമിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ കന്തീലാ ശുശ്രൂഷയിലും നഗരകാണിക്കലിൽ രഥത്തിലും, പ. പിതാവിന്റെ മൃതശരീരത്തിന്റെ പിന്നിൽ ആസനസ്ഥനായിരുന്നു.

വിദ്യാഭ്യാസ – സമൂഹിക സേവന രംഗത്തും മാർ ഗ്രീഗോറിയോസ് മികച്ച സംഭാവനകൾ നൽകിയിരുന്നു. 1945-ൽ അദ്ദേഹം “സഭാ ചന്ദ്രിക” എന്ന പേരിൽ മലയാളത്തിൽ രണ്ടാഴ്ചയിലൊരിക്കൽ സഭാ മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി. നെടുമ്പാശ്ശേരി ഹൈസ്ക്കൂൾ തിരുമേനിക്ക് പിതൃസ്വത്തായി ലഭിച്ച സ്ഥാനത്താണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് നേതൃത്വം നൽകി. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളേജും, ആർട്ട്സ് കോളേജും, നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഹൈസ്കൂളും ഇദ്ദേഹം പടുത്തുയർത്തിയതാണ്. അദ്ദേഹം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ ചെയർമാനായും പ്രവർത്തിച്ചു. യുവതി-യുവാക്കളെ അത്മീയതയുടെ പാതയിലേക്ക് നയിക്കുമാൻ ക്രൈസ്തവ വിദ്യാർത്ഥി സംഘടനയ്ക്ക് അദ്ദേഹം നേതൃത്വം നൽകി. സൺഡേ സ്കൂൾ സിലബസും സംഘടനയും പരിഷ്കരിച്ച് നാലാം ക്ലാസ് വരെ സൺഡേ സ്കൂൾ ആ കാലഘട്ടത്തിൽ നിർബന്ധമാക്കി. സെമിനാരിയോട് ചേർന്നുള്ള സിറിയൻ ഹോസ്റ്റലിൽ ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും അദ്ദേഹം ഒരുക്കി നൽകിയിരുന്നു. തന്റെ സ്‌കൂളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം സ്‌പോൺസ് ചെയ്തു. തന്റെ രജിസ്റ്റർ ചെയ്ത വിൽപത്രത്തിൽ, സ്‌കൂൾ ഉൾപ്പെടെയുള്ള തന്റെ സ്വകാര്യ സ്വത്ത് സഭയ്ക്ക് കീഴിൽ തുടരണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. കോലഞ്ചേരിയിലെ കിഴക്കമ്പലത്ത് ബേത്ലഹേം കോൺവന്റ് സ്ഥാപിച്ചു. സാമൂഹികമായി പിന്നോക്കം നിന്നിരുന്ന കുഷ്ഠരോഗികൾക്കായി കൊരട്ടി കുഷ്ഠരോഗാശുപത്രിക്കു സമീപം ഒരു ചാപ്പൽ നിർമ്മിച്ചു. എല്ലാ ആഴ്ച്ചയിലും അവർക്കായി അദ്ദേഹം തന്നെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി അവരുടെ ക്ഷേമം നോക്കുകയും ചെയ്തു. ഈ ചാപ്പൽ ഒരിക്കലും അവഗണിക്കപ്പെടാതിരിക്കാൻ, ചാപ്പലിന്റെ ചുമതലയുള്ള വൈദികന്റെ പ്രതിഫലത്തിനായി അദ്ദേഹം ഒരു പ്രത്യേക ഫണ്ടും ഒരു ശാശ്വത വാർഷികമായി നിക്ഷേപിച്ചു. മർത്തമറിയം വനിതാസമാജത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും പ്രോൽത്സാഹിപ്പിക്കുകയും ചെയ്തു. സൺഡേസ്കൂൾ അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. തൃക്കുന്നത്ത് സെമിനാരിയിലെ കൃഷിക്കാര്യങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഒഴിവുസമയങ്ങളിൽ മാർ ഗ്രിഗോറിയോസ് തന്റെ തോട്ടങ്ങളിൽ ജോലി ചെയ്യുകയും റബ്ബർ, തെങ്ങ് എന്നിവ നട്ടുപിടിപ്പിക്കുകയും സ്വന്തം കൈകൊണ്ട് അവയെ പോഷിപ്പിക്കുകയും നനയ്ക്കുകയും ചെയ്യുമായിരുന്നു.

പരിശുദ്ധ സഭ ഒന്നാകണം എന്ന് വളരെ ആഗ്രഹിച്ച ശ്രേഷ്ഠവ്യക്തിത്വത്തിന് ഉത്തമ ഉദാരണമായ പിതാവ് തന്റെ അന്ത്യംവരെ കാതോലിക്കേറ്റിൽ ഉറച്ചുനിന്നു. 1966 നവംബർ 6-ന് അദ്ദേഹം ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. ആലുവാ തൃക്കുന്നത്തു സെമിനാരിയിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം തന്റെ മുൻഗാമി പൗലോസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ കബറിനോട് ചേർന്ന് കബറടക്കി. അദ്ദേഹത്തിന്റെ മരണശേഷം എഴുപതുകളുടെ തുടക്കത്തിൽ സഭ രണ്ടായി പിരിഞ്ഞു. സഭയിലെ സമാധാനത്തിനായി അദ്ദേഹം അദ്ധ്വാനിച്ചു, ദരിദ്രരെയും ദുർബലരെയും സഹായിച്ചു. ലളിത ജീവിതം നയിച്ചു. ദൈവീക സുവിശേഷം ജനങ്ങളിൽ പ്രചരിപ്പിച്ചു, വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചു, താഴ്മയോടെ നിസ്വാർത്ഥമായി പെരുമാറി, അങ്ങനെ ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കുന്ന ഒരു യഥാർത്ഥ ക്രിസ്ത്യാനിയുടെ മാതൃകയായി മലങ്കരയിൽ ശോഭിക്കുന്ന അബൂൻ മാർ ഗ്രീഗോറിയോസ് പിതാവിന്റെ പ്രർത്ഥനയും മദ്ധ്യസ്ഥതയും നമുക്ക് കോട്ടയായീത്തീരട്ടെ.

വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ