OVS - Latest NewsOVS-Kerala News

മികച്ച വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് പ്രയോജനപ്പെടുത്തി പഠിക്കണം – എ. എന്‍. ഷംസീർ

പരുമല: പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രയോജനപ്പെടുത്തി ഉപരി പഠന സാധ്യതകള്‍ തേടണമെന്ന് കേരള നിയമസഭ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീര്‍. മിടുക്കരായ കുട്ടികള്‍ പഠനം ഏതെങ്കിലും മേഖലകളില്‍ വച്ച് അവസാനിപ്പിക്കാതെ തുടര്‍ പഠന സാധ്യതകള്‍ ആരായണമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഭകളെ ആദരിക്കുന്നതിനുള്ള മെറിറ്റ് ഈവനിംഗ് പരുമല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്താം ക്ലാസ് മുതല്‍ പി എച്ച് ഡി വരെ ഉന്നത വിജയം നേടിയവരും കലാ-കായിക രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ച വച്ചവരുമായ 2500 ഓളം പ്രതിഭകളെയാണ് ആദരിച്ചത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. മിടുക്കരും പ്രതിഭാശാലികളുമായവര്‍ ജാതിയുടെയും മതത്തിന്റെയും സങ്കുചിത ചിന്താഗതികള്‍ക്ക് അതീതമായി മനുഷ്യസ്‌നേഹത്തിന്റെ വക്താക്കളായി മാറണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മെത്രാപ്പോലീത്തമാരായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്, ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് വിതരണം ചെയ്തു. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി. പോള്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.