OVS - Latest NewsOVS-Pravasi News

പരിശുദ്ധ കാതോലിക്ക ബാവാ ശ്ലൈഹീക സന്ദർശനത്തിനായി ഓസ്‌ട്രേലിയയിൽ എത്തുന്നു.

ബ്രിസ്‌ബേൻ: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പൊലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ശ്ലൈഹീക സന്ദർശനത്തിനായി ഓസ്‌ട്രേലിയയിൽ എത്തുന്നു. സഭയുടെ പരമോന്നത പദവിയിലേക്ക് സ്ഥാനാരോഹണം ചെയ്തശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്.

സെപ്റ്റംബർ 15 വ്യാഴാഴ്ച വൈകിട്ട് ബ്രിസ്‌ബേൻ എയർപോർട്ടിൽ എത്തിച്ചേരുന്ന ബാവയെ ഇടവക മെത്രോപ്പോലീത്തായും വൈദികരും ഇടവക ജനങ്ങളും ചേർന്ന് സ്വീകരിക്കും. പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ ബ്രിസ്‌ബേനിൽ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ മൂറോൻ കൂദാശ 16, 17 തീയതികളിൽ ബാവായുടെ നേതൃത്വത്തിൽ നടത്തപ്പെടും. ഇടവക മെത്രാപ്പൊലീത്ത അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പൊലീത്ത, അഭി. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പൊലീത്ത എന്നിവർ സഹകാർമികത്വം വഹിക്കും. വെള്ളിയാഴ്ച (സെപ്റ്റംബർ 16 -ന്) വൈകിട്ട് 5 -ന് പാഴ്സനേജിൽ നിന്ന് പുതിയ പള്ളിയിലേക്ക് പ്രദിക്ഷണം. 6 -ന് സന്ധ്യാ നമസ്ക്കാരം, 6.30-ന് വിശുദ്ധ ദേവാലയ കൂദാശയുടെ ഒന്നാം ഭാഗം. ശനിയാഴ്ച (സെപ്റ്റംബർ 17-ന്) രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരത്തെ തുടർന്ന് ദേവാലയ കൂദാശയുടെ രണ്ടും മൂന്നും ഭാഗവും ശേഷം വിശുദ്ധ കുർബാനയും ഉണ്ടാകും. 12 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവയും അഭിവന്ദ്യ പിതാക്കൻമാരും, ബ്രിസ്ബെയ്ൻ മേയറും വിശിഷ്ട അതിഥികളും പങ്കെടുക്കും. തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടാകും. വൈകുന്നേത്തോട് ബാവ മെൽബണിലേക്കു പുറപ്പെടും.

സെപ്റ്റംബർ 17 (ശനിയാഴ്ച) വൈകുന്നേരം ഏഴരക്ക് മെൽബൽ എയർപോർട്ടിൽ എത്തുന്ന ബാവയ്ക്ക് സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രൽ ഭാരവാഹികളും ഇടവകജനങ്ങളും ചേർന്ന് സ്വീകരിക്കുന്നതും പള്ളിയിലേക്ക് ആനയിക്കുന്നതുമാണ്. തുടർന്ന് പള്ളിയിൽ സ്വീകരണവും പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബർ 18 ഞായറാഴ്ച രാവിലെ 7:15-നു രാത്രി നമസ്കാരം, 7:45-നു പ്രഭാതനമസ്കാരവും 8: 45 -നു വിശുദ്ധ കുർബാനയും കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ നടത്തപെടുന്നതാണ്. പരിശുദ്ധ കാതോലിക്ക ബാവയായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ശേഷം ആദ്യമായി ഓസ്ട്രേലിയയിൽ ശ്ലൈഹീക സന്ദർശനം നടത്തുന്ന പിതാവിനെ വിശുദ്ധ കുർബ്ബാനക്കു ശേഷം ആദരിക്കുന്നു. മറ്റു സഹോദരി സഭകളിലെ ബിഷപ്പുമാർ, സഭാ പ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ തലങ്ങളിൽ ഉള്ള പ്രമുഖർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കും. ഓസ്‌ട്രേലിയൻ പോസ്റ്റൽ വകുപ്പ് പിതാവിനോടുള്ള ബഹുമാനാർത്ഥം ബാവായുടെ ചിത്രം ആലേഖനം ചെയ്ത പോസ്റ്റൽ സ്റ്റാമ്പ് കോബർഗ് എം പി റിലീസ് ചെയ്യുന്നതാണ്. തുടർന്ന് ഉച്ച ഭക്ഷണത്തോടുകൂടി സമ്മേളനം സമാപിക്കുന്നതായിരിക്കും.

വൈകുന്നേരം ബാവ ക്ലെയ്ടൺ സെൻറ് ഗ്രീഗോറിയോസ് ഇടവക സന്ദർശിക്കുകയും അവിടെ സ്വീകരണ പരുപാടികളിൾ പങ്കെടുക്കുകയും തുടർന്ന് സന്ധ്യ പ്രാർത്ഥന നടത്തുന്നതും ആണ്. ഓസ്‌ട്രേലിയയിലെ ശ്ലൈഹീക സന്ദർശനമവസാനിപ്പിച്ചു സെപ്റ്റംബർ 19 -നു രാവിലെ അമേരിക്കൻ സന്ദർശനത്തിന് കാതോലിക്കാ ബാവ പുറപ്പെടും.