Departed Spiritual FathersOVS - Latest News

അഞ്ചൽ അച്ചൻ; മലങ്കരയുടെ യതിവര്യൻ

ഐതിഹ്യങ്ങളുടെ നാടായ കൊല്ലം ജില്ലയിലെ അഞ്ചലിൽ അത്മീയതയുടെ ചൈതന്യമേകി ജാതിമതഭേദമെന്യേ ജനമനസ്സുകളിൽ സ്ഥാനമേകിയ വിശുദ്ധ ജീവിതത്തിന് ഉടമയായ ആചാര്യശ്രേഷ്ഠനാണ് വന്ദ്യ അഞ്ചലച്ചൻ. 19-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. അഞ്ചലിലെ മരുന്തലിഴികത്ത് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ജനനത്തീയതി കൃത്യമായി അറിയില്ല. ലഭ്യമായ ചരിത്ര സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ ഏകദേശം AD 1770-80 കാലഘട്ടത്തിലാണ് അഞ്ചലച്ചൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു. ഒന്നര നൂറ്റാണ്ടുകൾക്കപ്പുറം ജീവിച്ചിരുന്ന ഈ സന്യാസി വൈദിക ശ്രേഷ്ഠനെ മോർ യൗനാൻ കത്തനാർ അഥവാ അഞ്ചൽ അഞ്ചലച്ചൻ എന്നും അറിയപ്പെട്ടിരുന്നു.

യൗനാൻ കത്തനാർ കൊട്ടാരക്കര പള്ളിയിൽ വൈദികനായാണ് (ഇന്ന് കൊട്ടാരക്കര മർത്തോമ്മ പള്ളി) തന്റെ പൗരോഹിത്യ ജീവിതം ആരംഭിച്ചത്. അഞ്ചലിൽ നിന്ന് കൊട്ടാരക്കര പള്ളിയിലേക്ക് 16 കിലോമീറ്റർ കാൽനടയായി പോയി വിശുദ്ധ കുർബാന അർപ്പിക്കുകയും വിശ്വാസികളുടെ അത്മീയ കാര്യങ്ങൾ അദ്ദേഹം നിറവേറ്റുകയും ചെയ്തിരുന്നു. ജീവിക്കുമ്പോൾ തന്നെ വിശുദ്ധ ജീവിതം അലങ്കരിച്ച ഉത്തമ സന്യാസിയായ അഞ്ചലച്ചൻ വളരെ ഭക്തിയുള്ള ജീവിതം നയിച്ചിരുന്നു. പ്രർത്ഥനാ ജീവിതത്തിലൂടെ ക്രിസ്തു സാന്നിധ്യം അടുത്തറിഞ്ഞ അദ്ദേഹം നിരവധി അത്ഭുത പ്രവർത്തികൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ തന്നെ ചെയ്തിരുന്നു. അതിവിശുദ്ധനും അചഞ്ചല ദൈവഭക്തനുമായ വൈദീകനായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കുമ്പോൾ തന്നെ അഞ്ചൽ അച്ചന്റെ വിശുദ്ധിയും അത്ഭുത ശക്തിയും ജനങ്ങൾ തിരിച്ചറിഞ്ഞിരുന്നു. അഞ്ചലച്ചന്റെ സാമീപ്യം ജനമനസ്സുകളിൽ അന്നും ഇന്നും വേറിട്ടുനിൽക്കുന്ന അനുഭവമാണ്.

സന്യസ ജീവിതത്തിന്റെ ഉത്തമ മാതൃകയാണ് അഞ്ചലച്ചൻ. യാമപ്രർത്ഥനകളിലും ബൈബിൾ പാരയണത്തിലും കൂടുതൽ സമയം കണ്ടെത്തിയിരുന്നു. സന്യാസിയായി തന്റെ ഭവനത്തിൽ കഴിയുമ്പോഴും കുടുംബ ബന്ധങ്ങളിൽ നിന്ന് അകലം പാലിച്ച് ഏകാന്തനായി ജീവിക്കുന്നതിൽ അദ്ദേഹം കൂടുതൽ താല്പര്യം കാണിച്ചിരുന്നു. തന്റെ എല്ലാ ജോലികളും സ്വന്തമായി അദ്ദേഹം ചെയ്തിരുന്നു. ഒരു ദിവസം രാവിലെ കുളികഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ജ്യേഷ്ഠന്റെ ഭാര്യ തന്റെ മുറി തൂത്തുവാരുന്നത് അഞ്ചലച്ചൻ കണ്ടു. മുറിയിൽ കയറുവാൻ കൂട്ടാക്കാതെ പുറത്ത് നിന്നുകൊണ്ട് അവരോട് തന്റെ ബൈബിളും മറ്റു പുസ്തകങ്ങളും ചോദിച്ച് കൊട്ടാരക്കരയിലേക്ക് പുറപ്പെട്ടു. പിന്നീട് ശിഷ്ടജീവിതം മുഴുവൻ കൊട്ടാരക്കര പള്ളിയിൽ താമസിച്ചു. കൊട്ടാരക്കര പള്ളിയുടെ പരിസരത്ത് തന്നെ അദ്ദേഹത്തിന് താമസിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇടവക വിശ്വാസികൾ ചെയ്തു നൽകിയിരുന്നു. അഞ്ചലച്ചനെക്കുറിച്ചുള്ള കൂടുതൽ ചരിത്രരേഖകൾ നിലവിലില്ല. എങ്കിലും ലഭ്യമാകുന്ന ചരിത്രങ്ങളുടെ വെളിച്ചത്തിൽ ഒരു കാര്യം സത്യമാണ് “ജീവിച്ചിരുന്ന വിശുദ്ധൻ” തന്നെയാണ് അഞ്ചലച്ചൻ.

തന്റെ മരണം ദൈവിക സംസർഗത്തിലൂടെ നേരത്തെ തന്നെ അദ്ദേഹം മനസ്സിലാക്കിയിരിക്കാം. തന്റെ മരണത്തെ കുറിച്ചും മരണത്തിന് ശേഷം ചെയ്യേണ്ടുന്ന കാര്യങ്ങളക്കുറിച്ചും മുമ്പ് തന്നെ പ്രവചിച്ചിരുന്നു. അദ്ദേഹം മരിക്കുന്നതിന് മുമ്പ് കൊട്ടാരക്കര പള്ളിയിലെ തന്റെ ഇടവക ജനങ്ങളോട് താൻ മരിച്ചതിന് ശേഷമുള്ള നാല്പത്തിയൊന്നാം ദിവസം തന്റെ “കബർ” തുറക്കാൻ ആവശ്യപ്പെട്ടു, തന്റെ ശരീരത്തിലെ കേടായ സ്ഥാനം അപ്പോൾ നിങ്ങൾ കണ്ടെത്തും എന്നും പറഞ്ഞിരുന്നു. “കർക്കിടകം 22” ഒന്നിന് അദ്ദേഹം ദൈവസന്നിധിയിൽ ചേർക്കപ്പട്ടു. കൊട്ടരക്കര പള്ളിയിലെ ആൾത്താരയിൽ യൗനാൻ അച്ചനെ (അഞ്ചലച്ചൻ) കബറടക്കി. അദ്ദേഹം പറഞ്ഞ പ്രകാരം മരണശേഷം നാല്പത്തിയൊന്നാം ദിവസം കൊട്ടാരക്കര ഇടവകക്കാർ കബർ തുറന്ന് നോക്കിയപ്പോൾ മൂക്കിന്റെ മുകൾഭാഗവും രണ്ട് വിരലുകളുടെ മുകൾഭാഗവും ദ്രവിച്ച നിലയിലായതൊഴിച്ചാൽ ശരീരം കേടുകൂടാതെയിരിക്കുകയായിരുന്നു. കബർ തുറന്നപ്പോൾ അതിൽ നിന്നും യാതൊരുവിധ ദുർഗന്ധവുമുണ്ടായിരുന്നില്ല. നൂറ്റാണ്ടുകൾക്കപ്പുറം സ്വജീവിതം കൊണ്ട് പ്രദേശത്തെ ധന്യമാക്കിയ ഈ മഹാന്മാരിന്റെ കബറിന്റെ മുകളിൽ നിന്നും എല്ലാ ഞായറാഴ്ചകളിലും വിയർപ്പ് കാണാമായിരുന്നു. മാർത്തോമാ സഭയിൽ പരേതരായ വിശ്വാസികളെ പ്രാർത്ഥനയിൽ ഓർക്കാത്തതിനാലും, അവരുടെ മദ്ധ്യസ്ഥതകളിൽ വിശ്വാസമില്ലാത്തതിനാലും മാർത്തോമ്മാ പള്ളിയിലെ ഒരു “കപ്യാർ” എന്തെങ്കിലും പറഞ്ഞ് കാലുകൾ കൊണ്ട് ആ വിയർപ്പ് നീക്കം ചെയ്തിരുന്നു. അതിനുശേഷം ആ കബറിൽ നിന്ന് വിയർപ്പ് വരുന്നത് കാണാതെയായി എന്ന് പറയപ്പെടുന്നു. അഞ്ചൽ പ്രദേശത്ത് ജനിച്ചുവളർന്ന് സന്യസ പട്ടക്കാരനായി അത്ഭുത പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഈ ദിവ്യ മഹാന്മാവിന്റെ കബറടക്കപ്പെട്ട ശരീരം ജീർണ്ണതകൂടാതെ ഇന്നും ഇരിക്കുന്നു എന്ന് ജനങ്ങൾ വിശ്വസിക്കുന്നു.

അഞ്ചൽ അച്ചന്റെ ആത്മീയ സാന്നിധ്യം കൊണ്ടും വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ മദ്ധ്യസ്ഥത കൊണ്ടും അനുഗ്രഹീതമായ പുണ്യ ദേവാലയമാണ് അഞ്ചൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി. ഈ പുണ്യ ഭൂമിയുടെ ഇതപര്യന്തമുള്ള പ്രാധാന്യം മനസ്സിലാക്കി കിഴക്കിന്റെ ഏഴാമത്തെ കാതോലിക്കായായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് ഒന്നാമൻ ബാവാ തിരുമനസ്സുകൊണ്ട് പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായി 2010 ജൂൺ മാസം പതിമുന്നാം തിയതി പ്രഖ്യാപിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ തീരുമാനപ്രകാരം വന്ദ്യ അഞ്ചൽ അച്ചന് മലങ്കര സഭയുടെ “യതിവര്യൻ” എന്ന ശ്രേഷഠ നാമ സ്ഥാനം നൽകി ആദരിച്ചു. ഓഗസ്റ്റ് 6 -ന് അഞ്ചലച്ചന്റെ ഓർമ്മ പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രത്തിൽ (അഞ്ചൽ പള്ളി) കൊണ്ടാടുന്നു. സ്വദേശത്തുനിന്നും വിദൂരങ്ങളിൽ നിന്നുമായി ജാതിമതഭേദമന്യേ അനേകർ അഞ്ചലച്ചന്റെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ചു കൊണ്ടിരിക്കുന്നു. ഉദ്ദിഷ്ഠകാര്യസാധ്യത്തിനായി നോമ്പും വ്രതവും അനുഷ്ഠിക്കുന്നവരും തീരാ രോഗികളും പിശാചുബാധിതരും ഈ പുണ്യ പുരോഹിതന്റെ മദ്ധ്യസ്ഥതയിൽ സൗഖ്യം പ്രാപിച്ചു വരുന്നു. അവിടുത്തെ പ്രർത്ഥതകൾ നമ്മെ നയിക്കട്ടെ.

എഴുതിയത്: വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ