OVS - Latest NewsOVS-Exclusive NewsOVS-Kerala News

കോതമംഗലം പള്ളി കേസ്: കർശന നിർദ്ദേശവുമായി ഹൈക്കോടതി

കോതമംഗലം പള്ളി കേസിൽ കോടതി വിധി എങ്ങനെ നടപ്പിലാക്കും എന്നതിനെ പറ്റി കൃത്യവും വ്യക്തവുമായ നിലപാട് അറിയിക്കുവാൻ സർക്കാരിനോട് കർശന നിർദ്ദേശം നൽകി ഹൈക്കോടതി ഡിവിഷൻ ബഞ്ച്. CRPF പള്ളി ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് ടി നിർദ്ദേശം. നേരത്തെ അപ്പീൽ പരിഗണിച്ചു കൊണ്ടിരുന്ന ഡിവിഷൻ ബഞ്ചിലെ ഒരു ജഡ്ജി പിന്മാറിയതിനെ തുടർന്ന് കേസ്സ് പരിഗണിച്ച ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് C.P മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണു നിർദ്ദേശം നൽകിയത്. അപ്പീൽ പരിഗണിച്ച കോടതി ബഹു. നീതിന്യായ കോടതികളുടെ വിധി നടപ്പിലാക്കുവാനുള്ള സർക്കാരുകളുടെ ഉത്തരവാദിത്വത്തെ ഓർമ്മിപ്പിച്ചു. സുപ്രിം കോടതി വിധിക്ക് സഹാനുവർത്തിയായി (act in aid) പ്രവർത്തിക്കുവാനുള്ള സർക്കാരിൻ്റെ ദരണഘടനാപരമായ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുവാൻ സർക്കാരിനാവില്ലെന്നും, അത്തരം ഉത്തരവാദിത്വം ഉത്തമബോധ്യത്തോടെ നിർവ്വഹിക്കാത്തത് കണ്ടില്ലെന്ന് നടിക്കുവാൻ കോടതിക്ക് കഴിയില്ലെന്നും സർക്കാരിനെ ഓർമ്മിപ്പിച്ചു.

വിഷയം സമാധാനപരമായി പരിഹരിക്കുവാൻ സർക്കാർ നടത്തിയ ശ്രമങ്ങളെ പറ്റി പരാമർശിക്കുവാൻ സ്റ്റേറ്റ് അറ്റോർണി ശ്രമിച്ചപ്പോൾ, സർക്കാരിന്റെ ഉത്തരവാദിത്വം നീതിയുക്തമായി നിർവ്വഹിക്കുന്നതിലാണെന്നും, അല്ലാതെ ആരുടെയും പക്ഷം പിടിക്കുന്നതിലല്ലെന്നും ഓർമ്മിപ്പിച്ചു. പ്രസ്തുത കേസിൽ സംസ്ഥാന സർക്കാരിനും, പോലീസിനും കോടതി ഉത്തരവുകൾ പാലിക്കുവാനും നടപ്പിലാക്കുവാനും സാധിക്കാതെ വന്നപ്പോഴായിരിക്കാം CRPF നെ പറ്റി കോടതിക്ക് ആലോചിക്കേണ്ടി വന്നതെന്നും, അതിനാൽ എന്താണ് അപാകതയെന്നും കോടതി ആരാഞ്ഞു. ഇനി CRPF -നു പറ്റിയില്ലെങ്കിൽ പട്ടാളത്തെ വിളിക്കേണ്ടിയും വന്നേക്കാം. അത്തരമുള്ള സാഹചര്യങ്ങൾ ഒഴിവാക്കേണ്ടത് സർക്കാരാണെന്നും കോടതി പരാമർശിച്ചു.

നിയമപരിഷ്കരണ കമ്മീഷന്റെ ശുപാർശകളെപറ്റി പരാമർശിച്ചപ്പോൾ, നിയമം പ്രസ്താവിച്ച/ പ്രഖ്യാപിച്ച (law declared) ഒരു സുപ്രീം കോടതി വിധിയെ എങ്ങനെയാണ് മറ്റൊരു നിയമം വഴി അട്ടിമറിക്കാൻ സാധിക്കുന്നതെന്ന് കോടതി ആരാഞ്ഞു. 1934 ഭരണഘടനയെ അടിസ്ഥാനമാക്കിയാണ് 2017 -ലെ സുപ്രീം കോടതി വിധിയെന്നും ആ വിധിക്ക് ആധാരമായത് 1995-ലെ സുപ്രീം കോടതി വിധിയാണെന്നും അഭിപ്രായപ്പെട്ടു. അങ്ങനെ ഒരു വിധിയെ മറികടക്കുവാൻ നിയമം കൊണ്ടുവരാൻ സർക്കാരിന് എങ്ങനെ കഴിയുമെന്ന് കോടതി വാക്കാൽ ചോദിച്ചു. നിയമപരമായി സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം – അതായത് സുപ്രീം കോടതി വിധി നടപ്പിലാക്കുവാനും സുപ്രീം കോടതിക്ക് സഹാനുവർത്തിയായി (act in aid) പ്രവർത്തിക്കുവാനും ഈ കേസിൽ എങ്ങനെ കോടതി വിധി നടപ്പിലാക്കുമെന്നുള്ള നിലപാട് അടിയന്തിരമായി വ്യക്തമാക്കണമെന്ന് ബഹു. കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. സർക്കാർ എന്നത് നിയമനിർമ്മാണ സഭയും, എക്സിക്യൂട്ടീവും മാത്രമല്ല അതിൽ കോടതിയും ഉൾപ്പെടുന്നതാണെന്ന അടിസ്ഥാന തത്ത്വം ബഹു. കോടതി ഓർമ്മപ്പെടുത്തി. കോടതി നിർദ്ദേശത്തെ തുടർന്ന് നിലപാട് അറിയിക്കുവാൻ സാവകാശം ആവശ്യപ്പെട്ടതിനെ തുടർന്ന് 10.08.2022 -ലേക്ക് കേസ് മാറ്റിവച്ചു.