Departed Spiritual FathersOVS - Latest News

യൂഹാനോൻ മാർ ഗ്രിഗോറിയോസ് (ഏ. ഡി 1695 – 1773)

എ.ഡി 1695-ൽ ബാക്കുദൈദായിൽ (Bakudaida, also known as Kooded or Karakosh near Mosul) പുരോഹിതനായ ഇസഹാക്കിന്റെയും ശമ്മെയുടെയും പുത്രനായി ജനിച്ചു. അദ്ദേഹത്തെ യൂഹാനോൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. കോതമംഗലം പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മലങ്കരയുടെ മഫ്രിയൻ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ കുടുബാംഗമാണ്. ബാല്യത്തിൽ തന്നെ ദയറാ ജീവിതം തിരഞ്ഞെടുത്തു എന്ന് കരുതപ്പെടുന്നു. യൂഹാനോനും സഹോദരൻ സ്ലീബയും ബകുദൈദയ്ക്കടുത്തുള്ള മോർ ബെഹനാം ദയറായിലെ സന്യാസിമാരായിരുന്നു. ഏ ഡി 1747-ൽ യൂഹാനോൻ ദയറുസോയെ അന്ത്യോക്യയിലെ നൂറ്റിയൊമ്പതാം പാത്രിയർക്കീസായ പരിശുദ്ധ ​​ഇഗ്നേത്തിയോസ് ഗീവർഗീസ് മൂന്നാമൻ (എ.ഡി. 1745 – 1768) മാർ ബെഹനാം ദയറയുടെയും ഇടവകയ്ക്കും വേണ്ടി യൂഹാനോൻ മാർ ഗ്രിഗോറിയോസ് എന്ന നാമത്തിൽ മെത്രാപ്പോലീത്താമായി വാഴിച്ചു. രണ്ട് വർഷക്കാലം ദയറായുടെ തലവനും സസ്യാസികളുടെ അത്മീയ ഗുരുവായി സേവനമനുഷ്ഠിച്ചു.

മലങ്കര മെത്രാപ്പോലീത്താ മാർത്തോമ്മ അഞ്ചാമന്റെ മലങ്കരയിൽ നിന്നുള്ള അപേക്ഷാ കത്തിൻ പ്രകാരം പരിശുദ്ധ ​​ഇഗ്നേത്തിയോസ് ഗീവർഗീസ് മൂന്നാമൻ പാത്രീയർക്കീസ് ബാവാ മഫ്രിയാൻ മാർ ബസ്സേലിയോസ് ശക്രള്ളാ മുന്നാമനെ മലങ്കരയിലേയ്ക്ക് അയക്കുന്നതിന് തീരുമാനം എടുത്തു. അതിൻ പ്രകാരം ഏ ഡി 1749 ചിങ്ങം 25-ന് മഫ്രിയാനും സംഘവും ഓമീദിൽ (അക്കാലത്ത് പത്രീയർക്കീസിന്റെ ആസ്ഥാനം ഓമീദിലായിരുന്നു) നിന്നും യാത്ര തുടർന്നു. മലങ്കരയിലേക്കുള്ള മഫ്രിയാൻ മാർ ബസ്സേലിയോസ് ശക്രള്ളായുടെ സംഘത്തിൽ യൂഹാനോൻ മാർ ഗ്രീഗോറിയോസ്, യൂഹാനോൻ റമ്പാൻ, വന്ദ്യ ഗീവർഗ്ഗീസ് കോർ എപ്പിസ്കോപ്പാ, ശൈമ്മശന്മാരായ അന്തോർ, മൂശാ, ശുകള്ളാ, ഹദായെ, സഖറിയ എന്നിവരും അബ്ദുള്ള എന്ന പരിചാരകനുമുണ്ടായിരുന്നു. മലങ്കരയിലേക്ക് ഉള്ള യാത്രയിൽ സംഘത്തിന് പലവിധത്തിലുള്ള പ്രയാസങ്ങൾ അനുഭവപ്പെട്ടു. സംഘം യാത്ര തുടർന്ന് ബാഗ്‌ദാദിൽ എത്തിയപ്പോൾ കൊള്ളക്കാരാൽ ആക്രമിക്കപ്പെടുകയും യാത്രക്ക് കരുതിയിരുന്ന പണം അവർ അപഹരിക്കുകയും ചെയ്തു. ബാഗ്ദാദിൽ നിന്നും ബസ്രയിലേക്ക് വള്ളത്തിൽ യാത്ര തുടർന്നു. ബസ്രയിൽ കുറച്ച് ദിവസങ്ങൾ താമസിച്ച ശേഷം കപ്പൽ മാർഗ്ഗം ബന്തറബ്ബാസിലെത്തി. എന്നാൽ പേർഷ്യൻ രാജാക്കൻമാർ തമ്മിലുളള ആഭ്യന്തര യുദ്ധവും കടൽ കൊള്ളക്കാരെ ഭയന്നും ബന്തറബ്ബാസിൽ ആറുമാസത്തോളം താമസിക്കേണ്ടിവന്നു. 1751 കുംഭം 24-ന് സംഘം സൂററ്റിലെത്തി. ബന്തറബ്ബാസിൽ നിന്നും സുററ്റിലേക്കുള്ള യാത്രയിലും സംഘത്തിന് കൊള്ളക്കാരുടെ ആക്രമത്തിന് വിധയപ്പേടെണ്ടി വന്നു. സൂററ്റിൽ നിന്നും കൊച്ചിയിലേക്ക് കപ്പൽയാത്ര തുടർന്ന് 1751 മേട മാസം 23-ന് സംഘം കൊച്ചി തുറമുഖത്ത് എത്തി. മലങ്കരയിലേക്കുള്ള ശക്രള്ളാ ബാവായുടെയും സംഘത്തിന്റെയും യാത്രാ വിവരണം ഏ ഡി 1751 -ൽ എഴുതിയത് അൽ മജല്ല അൽ പെട്രിയാർക്കിയ എന്ന പെട്രിയർക്കാ മാസികയിൽ പ്രസിദ്ധികരിച്ചിരിക്കുന്നു.

യൂഹാനോൻ മാർ ഗ്രീഗോറിയോസിനാപ്പം മലങ്കരയിലെത്തിയ മൂസൽക്കാരൻ യൂഹാനോൻ റമ്പാച്ചനെ മഫ്രിയാൻ മാർ ബസ്സേലിയോസ് ശക്രള്ളാ ബാവ യൂഹാനോൻ മാർ ഈവാനിയോസ് (അദ്ദേഹം 1794-ൽ കാലം ചെയ്തു ചെങ്ങന്നൂർ പള്ളിയിൽ കബറടങ്ങിയിരിക്കുന്നു) എന്ന പേരിൽ മെത്രാപ്പോലീത്തായായി മലങ്കരയിൽ വച്ച് വാഴിച്ചു. ശീമാക്കാരായ ഈ രണ്ട് പിതാക്കൻമാർ മാർത്തോമാ അഞ്ചാമനൊപ്പം ചേർന്ന് മലങ്കര സഭയിൽ ഭരണം നടത്തിയിരുന്നു.

മാർതോമാ അഞ്ചാമൻ 1765-ൽ കാലം ചെയ്തു. മരണത്തിനുമുമ്പ് തന്നെ അദ്ദേഹം തന്റെ സഹോദരി പുത്രൻ ജോസഫ് കത്തനാരെ തന്റെ പിൻഗാമിയായി മാർത്തോമാ ആറാമൻ എന്ന പേരിൽ വാഴിച്ചു. എന്നാൽ മാർത്തോമാ ആറാമന് നൽകിയ കൈവപ്പ് കാനോനികമല്ലാത്ത വാഴ്ചയും കൈപ്പ് അസാധുവാണെന്ന് ചുണ്ടിക്കാണിച്ചു കൊണ്ട് ചിലർ മലങ്കരയിൽ ഉണ്ടായിരുന്ന മാർ ഗ്രിഗോറിയോസിനെയും, മാർ ഇവാനിയോസിനെയും അഭിപ്രായങ്ങൾ ബോധിപ്പിച്ചു. അതിന്പ്രകാരം യൂഹാനോൻ മാർ ഗ്രീഗോറിയോസും, യൂഹാനോൻ മാർ ഈവാനിയോസ് മെത്രപ്പോലീത്താമാർ ഒരുമിച്ച് മാർത്തോമാ ആറാമന് ഒരു കത്ത് എഴുതി, അതിൽ “പ്രിയ സഹോദരാ, ഞങ്ങൾ ഈ നാട്ടിൽ പരദേശികളാണ്. ഞങ്ങൾ ഞങ്ങളുടെ സഹോദരങ്ങളെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ചു മലങ്കരയിൽ എത്തിയവരാകുന്നു. ഇനി ഞങ്ങൾക്ക് ആ സ്ഥാനത്ത് കാണാനുള്ളത് നിങ്ങളെയാകുന്നു” എന്ന് പറഞ്ഞു. അങ്ങനെ ഇരിക്കെ യൂഹാനോൻ മാർ ഗ്രിഗോറിയോസ് നിരണം പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു കൊണ്ടിരിക്കെ മാർത്തോമ്മ ആറാമൻ, മാർ ഗ്രിഗോറിയോസിന്റെ അടുക്കൽ വരുകയും കാലിൽ വീണ് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. മാർ ഗ്രിഗോറിയോസ് അദ്ദേഹത്തെ വാത്സല്യപൂർവ്വം എഴുനേൽപിച്ച് ചുംബിക്കുകയും ചെയ്തു എന്ന് ചരിത്ര രേഖകളിൽ പറയപ്പെടുന്നു.

ഏ ഡി 1770 മേയ് 27ന് യൂഹാനോൻ മാർ ഗ്രിഗോറിയോസും, യൂഹാനോൻ മാർ ഇവാനിയോസും ചേർന്ന് മാർത്തോമാ ആറാമനെ മലങ്കര മെത്രാപ്പോലീത്തായായി അഭിഷേകം ചെയ്യ്തു. അന്ത്യോഖ്യാ പാത്രിയാർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് ഗീവർഗ്ഗീസ് തൃതീയൻ ബാവാ, മാർ ബസ്സേലിയോസ് ശക്രള്ളാ മഫ്രിയാന്റെ വശം കൊടുത്തു വിട്ട കുരിശ്ശും, അംശവടിയും സ്ഥാത്തിക്കോനും നൽകി. മലങ്കര മെത്രാപ്പോലീത്താ മാർത്തോമ്മ ആറാമന്റെ സുസ്ഥാത്തിക്കോനിൽ ഇപ്രകാരം എഴുതി ചേർത്തിരിക്കുന്നു: “ജറുസലേം മെത്രാപോലീത്തായായ മാർ ഗ്രിഗോറിയോസും ഇന്ത്യയിലെ എപ്പിസ്‌കോപ്പോയായ മാർ ഈവാനിയോസും കൂടെ തോമാ എന്ന് വിളിക്കപ്പെടുന്ന ജോസഫിനെ മലങ്കര സുറിയാനി സഭയുടെ മെത്രാപ്പോലീത്തായായി അഭിഷേകം ചെയ്യുകയും, അദ്ദേഹം മാർ ദിവന്നാസിയോസ് എന്ന നാമത്തിൽ വിളിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ആയത് അന്ത്യോഖ്യൻ പാത്രിയർക്കീസ് ​​മോർ ഇഗ്നാത്തിയോസിന്റെ കൽപ്പന പ്രകാരമാണിത്”.

യൂഹാനോൻ മാർ ഗ്രീഗോറിയോസ് മലങ്കരയിൽ പൗരോഹിത്യ സ്ഥാനവും ശെമ്മാശൻ പദവിയും നൽകി. ഇത് സഭയിലെ ഇടവകകളിൽ അത്മീയ വളർച്ചക്ക് പുതിയ അദ്ധ്യയങ്ങൾ സൃഷ്ടിച്ചു. ഐക്യതയോടുള്ള മുന്ന് മെത്രാപ്പോലീത്താമാരുടെ ഭരണവും സഭാ കാര്യങ്ങളിലുള്ള തീക്ഷ്ണതയും വിശ്വാസികളിൽ കൂടുതൽ സന്തോഷമുണ്ടാക്കി. ഒരുമയോടെ ഒരേ കുടക്കിഴിൽ നിന്ന് കൊണ്ട് ആരാധനയിൽ സംബന്ധിക്കുന്നതിന് ഇത് കാരണാമായി. സഭാ പ്രവർത്തനങ്ങൾ വളരെ തീക്ഷ്ണതയോടെ നിർവഹിക്കുന്നതിൽ യൂഹാനോൻ മാർ ഗ്രീഗോറിയോസ് വളരെ ശ്രദ്ധാലുവായിരുന്നു.

ഏ ഡി 1772 മുതൽ യൂഹാനോൻ മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ കാഴ്ചശക്തി കുറയാൻ തുടങ്ങി. വൈദ്യ മറിയാമായിരുന്ന വെരി റവ. എബ്രഹാം കാട്ടുമങ്ങാട് റമ്പാൻ അദ്ദേഹത്തെ ചികിത്സിച്ചു. എങ്കിലും കണ്ണിന്റെ കാഴ്ചയിൽ വലിയ പുരോഗതിയുണ്ടായിരുന്നില്ല. ഏ ഡി 1773 ജൂലൈ 10-ന് (947 മിഥുനം 27) വന്ദ്യ പിതാവ് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതീക ശരീരം മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ മദ്ബഹായുടെ വടക്ക് ഭാഗത്ത് കബറടക്കി. പിന്നീട് 2006 ഡിസംബർ 24-ന് കബർ തുറന്ന് തിരുശേഷിപ്പുകൾ മദ്ബഹായുടെ വടക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചുഅവിടുത്തെ പ്രാർത്ഥനകൾ നമ്മെ നയിക്കട്ടെ.

എഴുതിയത്: വർഗീസ് പോൾ കൈത്തോട്ടത്തിൽ