യോഹന്നാൻ മാംദാന; വഴിയൊരുക്കലിന്റെ പ്രവാചകൻ

രക്ഷകനായ ക്രിസ്തു യേശുവിന് “വഴിയൊരുക്കിയവന്‍” – യോഹന്നാന് ചരിത്രത്തിലുള്ള ഈ പ്രത്യേക സ്ഥാനം പരിഗണിച്ചുകൊണ്ടാണ് സ്നാപകന്‍റെ ജനനം പരിശുദ്ധ സഭ ആചരിക്കുന്നത്. യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്ത് അബീയാക്കൂറിൽ സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതന്റെയും അവന്റെ ഭാര്യ അഹരോന്റെ പുത്രിയായ ഏലിസബെത്തിന്റെയും മകനാണ് സ്നാപക യോഹന്നാൻ. സുറിയാനിയിൽ യൂഹാനോൻ മാംദാന എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. യോഹന്നാൻ എന്ന വാക്കിനർത്ഥം “ദൈവം കൃപാലുവാണ് ” എന്നതാണ്. സ്ത്രീയിൽ നിന്നു ജന്മം കൊണ്ടവരിൽ ഏറ്റവും വലിയവൻ എന്നാണ് യേശു സ്നാപക യോഹന്നാനെ വിശേഷിപ്പിച്ചിരിക്കുന്നത്. യെശയ്യാവു 40: 3-ഉം മലാഖി 4: 5-ൽ യോഹന്നാൻ വരുന്നതു മുൻകൂട്ടി പറഞ്ഞിരിക്കുന്നു. യെഹൂദയിലെ മലനാട്ടിൽ യോഹന്നാൻ ജനിച്ചു എന്ന് കരുതപ്പെടുന്നു. *ഇസ്ലാം മതത്തിൽ യഹ്‌യ പ്രവാചകൻ എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. ഇതിനു പുറമേ ബഹായി, മൻഡേയിസം എന്നീ വിശ്വാസധാരകളിലും ഇദ്ദേഹം ആദരിക്കപ്പെടുന്നു.*

ദൈവസന്നിധിയിൽ നീതി ബോധമുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്ന ദമ്പതികളായിരുന്നു സെഖര്യാ പുരോഹിതനും ഏലിസബെത്തും. എന്നാൽ ഏലിസബെത്ത് മച്ചിയാകകൊണ്ട് അവർക്ക് സന്തതികൾ ഇല്ലായിരുന്നു. ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു. പുരോഹിതനായ സെഖര്യാവ് ധൂപം കാട്ടുന്ന നാഴികയിൽ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്ത് നിൽക്കുന്നവനായിട്ടു അവന് പ്രത്യക്ഷനായി. സെഖര്യാവ് അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി. ദൂതൻ അവനോടു പറഞ്ഞതു: “സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരമായി: നിന്റെ ഭാര്യ ഏലിസബത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന് യോഹന്നാൻ എന്നു പേർ ഇടേണം. നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും. അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ട് നിറയും. അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചു വരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചു കൊണ്ട് ഒരുക്കമുള്ളോരു ജനത്തെ കർത്താവിന് വേണ്ടി ഒരുക്കുവാൻ അവന് മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും ”
ഇങ്ങനെ ഒരു ദൈവീക അരുളപ്പാട് ഉണ്ടായപ്പോൾ സെഖര്യാ പുരോഹിതന് വിശ്വസിക്കുവാനായില്ല. അവിശ്വാസം ഹേതുവായി സെഖര്യ പുരോഹിതന് സംസാരശക്തി നഷ്ടപ്പെട്ടു. ഏലിസബത്ത് ഗർഭണിയായി ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറേത്ത് എന്ന ഗലീലാ പട്ടണത്തിൽ, ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയായ മറിയയുടെ അടുക്കൽ അയച്ചു.
ദൂതന്റെ അരുളപ്പാട് അവൾക്കും ലഭിച്ചു. അതിനുശേഷം മറിയം മല നാട്ടിൽ യെഹൂദ്യ പട്ടണത്തിൽ ചെന്നു സെഖര്യാവിന്റെ വീട്ടിൽ എത്തി തന്റെ ചാർച്ചക്കാരത്തിയായ ഏലിസബത്തിനെ കണ്ട് വന്ദിച്ചു.
മറിയയുടെ വന്ദനം ഏലിസബത്ത് കേട്ടപ്പോൾ യോഹന്നാൻ അവളുടെ ഗർഭത്തിൽ തുള്ളി; ഏലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി,വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭ ഫലവും അനുഗ്രഹിക്കപ്പെട്ടത് എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്ന് ഉണ്ടായി. നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദം കൊണ്ട് തുള്ളി.

സംസാരശേഷി നഷ്ടപ്പെട്ട സെഖര്യാവ് തന്റെ പുത്രന്റെ പേര് “യോഹന്നാൻ “തന്നെയെന്നാവണമെന്ന് എഴുത്തു പലകയിൽ എഴുതിയ സന്ദർഭത്തിൽ അവന്റെ വായ് തുറക്കുകയും അത് ഉച്ചരിപ്പാനും അവന് സാധിച്ചു. സംസാരശേഷി വീണ്ടുകിട്ടിയ ആ പുരോഹിതൻ ദൈവത്തിന്റെ രക്ഷണ്യ പ്രവർത്തികളെ വർണ്ണിക്കുകയും മനോഹരമായ ഒരു വിമോചന ഗാനം പാടുകയും ചെയ്തു. മൗന കാലം പുർത്തീകരിച്ച് നിലച്ചു പോയ തന്റെ നാവുകൾ കൊണ്ട് വരുവാനിരിക്കുന്ന ദൈവപുത്രന് വഴിയൊരുക്കുവാൻ തന്റെ ഭാര്യയായ ഏലിസബത്തിന്റെ ഗർഭത്തിൽ പ്രജയെ മെനഞ്ഞെടുത്ത ദൈവത്തെ വാഴ്ത്തി സെഖര്യാ പുരോഹിതൻ ഇപ്രകാരം പറഞ്ഞു: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ ” ഈ വാക്കുകളിലൂടെ തന്റെ അത്മ സമർപ്പണങ്ങളും കുറ്റബോധങ്ങളും ദൈവിക വിശ്വാസങ്ങളും സെഖര്യാ പുരോഹിതൻ വ്യക്തമാക്കുന്നുണ്ട്. യോഹന്നാന്റെ കുട്ടിക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ സംഭവം മാതാപിതാക്കളോടൊപ്പം നസറേത്തിലേക്കുള്ള ഒരു സന്ദർശനവും യേശുവിനോടും കുടുംബവുമായുള്ള കൂടിക്കാഴ്ചയുമായിരുന്നു. ആറ് വയസ്സ് മാത്രമായിരുന്നു അപ്പോൾ യോഹന്നാന്റെ പ്രായം. നസറെത്തിൽ നിന്ന് മടങ്ങിയ ശേഷം മാതാപിതാക്കൾ യോഹന്നാന് ആത്മീകമായ ചിട്ടകൾ അഭ്യസിപ്പിച്ചു. തന്റെ വിദ്യാഭ്യസത്തിനായി ആ ചെറിയ ഗ്രാമത്തിൽ സിനഗോഗ് പാഠശാലകൾ ഉണ്ടായിരുന്നില്ല . എന്നിരുന്നാലും പിതാവായ സെഖര്യാവ് പുരോഹിതനെന്ന നിലയിൽ വളരെ നല്ല വിദ്യാഭ്യാസമുള്ളവനായിരുന്നു. ഏലിസബത്ത് ശരാശരി യെഹൂദ്യയിലെ സ്ത്രീകളേക്കാൾ മികച്ച വിദ്യാഭ്യാസമുള്ളവളായിരുന്നു. അഹരോന്റെ പുത്രിമാരുടെ വരിയിൽ നിന്ന് വന്നതിനാൽ അവളും അറിവും ജ്ഞാനവുമുള്ളവളായിരുന്നു. യോഹന്നാൻ തങ്ങളുടെ ഏകമകൻ എന്ന വസ്തുതയിൽ അവർ അവന്റെ മാനസികവും ആത്മീയവുമായ തയ്യാറെടുപ്പിനായി കൂടുതൽ സമയം ചിലവഴിച്ചു.

വിശുദ്ധ വേദപുസ്തകത്തിൽ നാല് സുവിശേഷങ്ങളിലും യേശുവിന്റെ പരസ്യജീവിതത്തിന്റേയും സുവിശേഷപ്രഘോഷണത്തിന്റേയും പശ്ചാത്തലത്തിൽ യോഹന്നാനും അദ്ദേഹത്തിന്റെ ദൗത്യവും കടന്നുവരുന്നുണ്ട്( മത്തായി 3, 11, 12, 14, 16, 17; മർക്കോസ് 6, 8; ലൂക്കോസ് 7, 9; യോഹന്നാൻ 1 ) . ദൈവത്തിന്റെ കരം സദാ യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞ യോഹന്നാൻ തന്റെ ദൗത്യത്തെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു. ശിശുവിന്റെ കീർത്തി നാട്ടിലെങ്ങും പരന്നപ്പോഴും, ഒന്നിലും അഹങ്കരിക്കാതെ ഒരു താപസനെപ്പോലെ ജീവിക്കാൻ അദ്ദേഹത്തെ സഹായിച്ചതും ആ ബോധ്യം തന്നെയാണ്. ഒട്ടകരോമം കൊണ്ടുള്ള കുപ്പായവും അരയിൽ തോൽപ്പട്ടയും ധരിച്ച് വെട്ടുക്കിളികളും കാട്ടുതേനും ആഹരിച്ച് മരുഭൂമിയിൽ ജീവിച്ച താപസനായി സുവിശേഷങ്ങളിൽ അദ്ദേഹത്തെ കാണപ്പെടുന്നു. തീവ്രമായ ധാർമ്മിക-സദാചാരവ്യഗ്രതകൾ മുറ്റിനിന്ന അദ്ദേഹത്തിന്റെ പ്രഘോഷണം പരുക്കൻ ഭാഷയിലും മുഖം നോക്കാതെയുമായിരുന്നു. ദൈവം തന്റെ ആത്മാവിനാൽ തന്നെ അഭിഷേകം ചെയ്തിരിക്കുന്നത്, ദൈവപുത്രനിലേക്ക് കൈചൂണ്ടുന്നതിനാണ് എന്ന അവബോധം യോഹന്നാനിലുണ്ടായിരുന്നു. “അവൻ വളരുകയും ഞാൻ കുറയുകയും വേണം” (യോഹന്നാൻ 3:30) എന്ന് തന്റെ ശിഷ്യരോട് സന്തോഷത്തോടെ പറയുവാൻ അതുകൊണ്ടുതന്നെ യോഹന്നാന് സാധിച്ചിരുന്നു.

സ്നാപകന്‍ യോഹന്നാൻ ക്രിസ്തു യേശുവിനെ ജനത്തിന്റെ മുമ്പിൽ പ്രബോധിപ്പിക്കുന്നത് ഇപ്രകാരമാണ് ; മാനസാന്തരത്തിനായി നിങ്ങളെ ഞാന്‍ ജലംകൊണ്ട് സ്നാനപ്പെടുത്തി. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തനാണ്. അവന്‍റെ ചെരുപ്പിന്റെ വാറഴിപ്പാൻ പോലും ഞാന്‍ യോഗ്യനല്ല ; അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും.(വി ലുക്കൊസ്.3:16, വി മത്തായി 3:11) യോഹന്നാൻ സ്നാപകൻ വ്യക്തമായി മുൻപ് തന്നെ മനസ്സിലാക്കിയിരുന്നു; പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനം കൊടുക്കുന്നവനാണ് യേശു എന്ന മഹാ സത്യമെന്നത്. ആ ഉറപ്പിന്മേല്‍ തന്നെയാണ് സ്നാപക യോഹന്നാൻ സാക്ഷ്യം വഹിക്കുന്നത്. സ്നാനം സ്വീകരിക്കുവാനുള്ള സ്നാനാർത്ഥികളുടെ കൂട്ടത്തിൽ യേശുവിനെ കണ്ടപ്പോൾ യോഹന്നാനിൽ അത്ഭുതം ഉളവാക്കി. യേശുക്രിസ്തുവിനെ കുറിച്ച് മുമ്പ് തന്നെ യോഹന്നാൻ ജനത്തോട് പറഞ്ഞിരുന്നു. അവർ യോഹന്നാൻ തന്നെ ക്രിസ്തു എന്ന് ജനം വിചാരിച്ച സന്ദർഭത്തിലാണ് യോഹന്നാൻ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞത്. അത് തന്റേയും ക്രിസ്തുവിന്റേയും ഒരു താരതമ്യ വിശകലനമായിരുന്നു. യോഹന്നാനെ ഏറെ അത്ഭുതപ്പെടുത്തികൊണ്ട് യേശു സ്നാനാർത്ഥിയായി പ്രത്യക്ഷപ്പെട്ടു. യോഹന്നാൻ യേശുവിനെ പിന്തിരിപ്പിക്കുവാൻ ആദ്യം ശ്രമിച്ചു. നിന്നാൽ സ്നാനം കഴിക്കുവാൻ എനിക്ക് ആവശ്യം ; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്ന് പറഞ്ഞുകൊണ്ടാണ് യോഹന്നാൻ യേശുവിനെ തടസ്സപ്പെടുത്തുവാൻ ശ്രമിക്കുന്നത്. യേശു മറുപടിയായി ഇപ്പോൾ സമ്മതിക്കുക, ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നത് നമുക്ക് ഉചിതം എന്ന് കൂട്ടി ചേർത്തു. യേശുവിന്റെ വാക്കുകൾക്ക് വഴങ്ങി യോഹന്നാൻ യേശുവിനെ സ്നാനം കഴിപ്പിച്ചു. സ്നാനം കഴിഞ്ഞ ഉടന്‍, യേശു വെള്ളത്തില്‍നിന്നും കയറി. ഉടന്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ ഇറങ്ങിവരുന്നത് യോഹന്നാൻ കണ്ടു. അപ്പോള്‍ വരുന്ന സ്വരമെന്താണ്? “ഇവന്‍ എന്‍റെ പ്രിയ പുത്രന്‍! ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു” എന്ന് സ്വര്‍ഗ്ഗത്തില്‍നിന്നും ശബ്ദമുണ്ടായി. അങ്ങനെ ക്രിസ്തുവിനെ കൈപിടിച്ച് ഉയര്‍ത്തി അവിടുത്തെ പരസ്യജീവിതത്തിലേയ്ക്ക് വിടുകയും, തന്നെക്കാള്‍ ശക്തനാണെന്ന് തെളിയിക്കുകയും അഗ്നിയാല്‍ ശുദ്ധീകരിക്കുന്നവനുമാണ് യേശു എന്ന് സ്നാപക യോഹന്നാൻ ജനത്തോട് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

ഏകദേശം എ.ഡി. 29-ൽ ഗലീലായിലെ ഹേറോദോസ് അന്തിപ്പാസ് രാജാവിന്റെ ഭരണകാലത്താണ് സ്നാപകയോഹന്നാൻ വധിക്കപ്പെടുന്നത്. ഹേറോദോസിന്റെ സഹോദരൻ പീലിപ്പോസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം യോഹന്നാൻ തടവിലാക്കപ്പെട്ടു. രാജാവ് ഹെരോദ്യയെ രഹസ്യമായി വിവാഹം ചെയ്തു. ഇതു മനസ്സിലാക്കിയ യോഹന്നാൻ അവരുടെ ബന്ധത്തെ ശക്തമായി എതിർത്തു. യോഹന്നാൻ ഹേറോദേസിന്റെ പ്രവൃത്തിയെ ശാസിച്ചു ഇപ്രകാരം പറഞ്ഞു: നിന്റെ സഹോദരന്റെ ഭാര്യയെ നീ പരിഗ്രഹിക്കുന്നത് നിയമ വിരുദ്ധമാണ്. അത് ദൈവത്തിന് ഇഷ്ടമുള്ള പ്രവർത്തിയല്ല. ഇതു കേട്ട് കോപാകുലനായ രാജാവ് സ്നാപകയോഹന്നാനെ തുറുങ്കിലടച്ചത്. ജനങ്ങൾ യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കണ്ടിരുന്നത്. അദ്ദേഹം നീതിമാനും നിഷ്കളങ്കനുമായ ഒരു പ്രവാചകനാണെന്ന് ഹേറോദേസ് മനസ്സിലാക്കിയിരുന്നു. ഇക്കാരണത്താൽ അദ്ദേഹത്തെ കൊലപ്പെടുത്തുവാൻ ഹേറോദോസ് ഭയപ്പെട്ടു. സ്നാപകയോഹന്നാനെ കൊലപ്പെടുത്തുവാനായി ഹെരോദ്യ രാജാവിനെ നിർബന്ധിച്ചിരുന്നു. അതിനിടെ ഒരിക്കൽ ഹെരോദ്യായുടെ പുത്രി ഹേറോദേസിന്റെ ജന്മനാളിൽ രാജസദസിൽ നൃത്തമവതരിപ്പിച്ചു. നൃത്തത്തിൽ പ്രസാദിച്ച രാജാവ് അവൾ ആവശ്യപ്പെടുന്നതെന്തും നൽകാമെന്നു സദസ്സിൽ പ്രമുഖരുടെ മുമ്പാകെ സമ്മതിച്ചു. അമ്മയുടെയും മകളുടെയും മുൻകൂട്ടിയുള്ള തീരുമാനമനുസരിച്ച് സ്നാപകയോഹന്നാന്റെ ശിരസ് ഒരു തളികയിൽ തരിക എന്ന് അവൾ ആവശ്യമുന്നയിച്ചു. ഇതു കേട്ട രാജാവ് ദുഃഖിതനായി. എങ്കിലും പൊതുസദസ്സിൽ നൽകിയ വാഗ്ദാനമായതിനാൽ രാജാവിന് ആ ആവശ്യം നിറവേറ്റാതെ തരമില്ലായിരുന്നു. ഒടുവിൽ അവളുടെ ആവശ്യപ്രകാരം രാജാവ് ആളയച്ച് തടവിലായിരുന്ന യോഹന്നാന്റെ ശിരസ്സ് വെട്ടിയെടുത്ത് തളികയിൽ അവൾക്ക് സമ്മാനിച്ചു. അവൾ ശിരസ്സുമായി ഹെരോദ്യയുടെ അടുക്കലേക്ക് പോയി.
ഒരു തളികയിലെ ഭക്ഷണം, രക്തം ഒഴുകുന്നത്, ചുണ്ടുകൾ കൊണ്ട് വാക്കുകൾ ഉച്ചരിക്കുന്നത് പോലെ മനുഷ്യന്റെ തല കണ്ടപ്പോൾ എല്ലാവരെയും ഭയപ്പെടുത്തി. നർത്തകി ധൈര്യമുള്ള കൈകളാൽ തലയെടുത്ത് അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി. ഹെറോദോസ് അവളുടെ അകൃത്യത്തെ അപലപിച്ച് ഒരു സൂചി ഉപയോഗിച്ച് നാവിൽ കുത്തി. ശരീരവുമായി യോഹന്നാന്റെ തല അടക്കം ചെയ്യാൻ അവൾ അനുവദിച്ചില്ല. കാരണം ശരീരത്തിൽ തല ചേർത്താൽ യോഹന്നാൻ വീണ്ടും എഴുന്നേൽക്കുമെന്ന് അവൾ ഭയപ്പെട്ടു. ശിഷ്യന്മാർ യോഹന്നാന്റെ ശരീരം ജയിലിൽ നിന്ന് കൊണ്ടുപോയി സെബാസ്റ്റ്യയിൽ അടക്കം ചെയ്തു. ഹെരോദോസ് തല രഹസ്യമായി കൊട്ടാരത്തിൽ കുഴിച്ചിട്ടു. യോഹന്നാന്റെ അന്ത്യ വാർത്ത യേശുവിനെയും ശിഷ്യർ അറിയിച്ചു. പിന്നീട് അത്ഭുതങ്ങൾ പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യാൻ തുടങ്ങിയ യേശുവിനെ ജനങ്ങൾ പിന്തുടരാൻ തുടങ്ങി. ഇതറിഞ്ഞ ഹേറോദോസ്, അദ്ദേഹത്തെ ഉയിർത്തെഴുന്നേറ്റ സ്നാപക യോഹന്നാനായി കരുതി ഭയപ്പെട്ടതായി ബൈബിളിൽ പറയുന്നു. യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർ അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ യേശുവിനെ പിന്തുടർന്നതായി സുവിശേഷങ്ങളിൽ പറയുന്നു. ഹെരോദ്യയുമായുള്ള അവിഹിതബന്ധം പിന്നീട് ഹേറോദോസിനെ അദ്ദേഹത്തിന്റെ നിയമാനുസൃതമുള്ള പത്നിയുടെ പിതാവായിരുന്ന പെട്രായിലെ രാജാവ് അരേറ്റാസുമായുള്ള യുദ്ധത്തിലേക്കു നയിച്ചെന്നും അതിൽ അദ്ദേഹത്തിനു നേരിട്ട പരാജയം യോഹന്നാന്റെ വധത്തിനുള്ള ദൈവശിക്ഷയായി യഹൂദരിൽ ചിലർ കണ്ടെന്നും, ഒന്നാം നൂറ്റാണ്ടിലെ യഹൂദ ചരിത്രകാരനായ ജോസെസ് പറയുന്നു.

വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം 7:28 ൽ, താൻ ജീവിച്ചിരുന്നിട്ടുള്ളതിൽ ഏറ്റവും മഹാനായ മനുഷ്യനായിട്ടാണു യോഹന്നാൻ സ്നാപകൻ എന്ന് യേശു പ്രഖ്യാപിച്ചത്: “ഞാൻ നിങ്ങളോടു പറയുന്നു, സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല”. യോഹന്നാന്റെ ഏറ്റവും ശക്തമായ കരുത്ത് അവന്റെ ജീവിതത്തിൽ ദൈവവിളിയോടുള്ള അവന്റെ ശ്രദ്ധയും വിശ്വസ്തവുമായ സമർപ്പണവുമായിരുന്നു. ജീവനുവേണ്ടി നാസീർവ്രതം സ്വീകരിച്ചുകൊണ്ട് അവൻ “ദൈവത്തെ പ്രത്യേകം” എന്നു വിശേഷിപ്പിക്കുകയും ചെയ്തു. പാപത്തോടുള്ള തന്റെ നിലപാടിനായി രക്തസാക്ഷിയായി ജീവിക്കാൻ സന്നദ്ധനായ തന്റെ അനുരഞ്ജന ദൗത്യത്തിൽ അദ്ദേഹം ധൈര്യപൂർണ്ണനായ പോരാളിയായിരുന്നു.

എഴുതിയത്,
വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ

error: Thank you for visiting : www.ovsonline.in