OVS - ArticlesOVS - Latest News

…ലോകം അവര്‍ക്ക് യോഗ്യമല്ലായിരുന്നു

ക്രിസ്തുവിനേയും 12 ശ്ലീഹന്മാരെയും പ്രതിനിധീകരിക്കുന്ന 13 വെളുത്ത കുരിശുകള്‍ തയ്ചുചേര്‍ത്ത പറ്റിക്കിടക്കുന്ന മസനപ്‌സ എന്ന ശിരോവസ്ത്രം. കറുത്ത കുപ്പായം. കഴുത്തില്‍ തടിക്കുരിശ്. റമ്പാന്‍ എന്ന പദം നസ്രാണി മനസില്‍ തെളിയിക്കുന്ന പൊതു ചിത്രമിതാണ്. പൂര്‍ണ്ണ വൃതവാഗ്ദാനം നടത്തിയ സന്യാസി എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഈ പദത്തിന്റെയും വേഷവിധാനത്തിന്റെയും പശ്ചാത്തലം പാശ്ചാത്യ സുറിയാനി പാരമ്പര്യമാണ്.

എന്നാല്‍ അന്ത്യോഖ്യന്‍ സഭയില്‍ സന്യാസിമാര്‍ക്ക് റമ്പാന്‍ എന്ന പദപ്രയോഗമില്ല. പകരം ദയറാംഗം എന്ന അര്‍ത്ഥത്തില്‍ ദയറായോ എന്നാണ് ഇവരെ വിശേഷിപ്പിക്കുക. അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ അവിവാഹിത പട്ടക്കാര്‍ എല്ലാം ഏതെങ്കിലും ദയറായില്‍ അംഗമായി പൂര്‍ണ്ണ വൃതവാഗ്ദാനം നടത്തണമെന്നുണ്ട്. അതിനാല്‍ അവിടുത്തെ റമ്പാന്മാരെല്ലാം ദയറാംഗങ്ങളാണ്. അതുകൊണ്ട് ഈ പ്രയോഗം സ്വാര്‍ത്ഥകമാണ്. മലങ്കരയില്‍ അപ്രകാരം ഒരു നിബന്ധനയില്ലാത്തതിനാല്‍ ആവാം സന്യാസിമാരെ സംബോധന ചെയ്യാന്‍ റമ്പാന്‍ എന്ന പദം രൂപപ്പെടുത്തിയത്. റാബോ എന്ന സുറിയാനി പദത്തില്‍നിന്നും ഉടലെടുത്ത റമ്പാന്‍ എന്ന സംബോധന മലങ്കരയിലെ മാത്രം പാരമ്പര്യമാണ്. വലിയ, ഗുരു, ശ്രേഷ്ഠമായ എന്നിങ്ങനെയാണ് ഈ പദത്തിന്റെ അര്‍ത്ഥം.

റമ്പാന്‍ ഒരു വൈദീക സ്ഥാനവുമല്ല. ശെമ്മാശന്മാര്‍ക്കും അവൈദീകര്‍ക്കും റമ്പാന്‍ സ്ഥാനം നല്‍കുന്ന പതിവ് അന്ത്യോഖ്യന്‍ പാരമ്പര്യത്തിലുണ്ട്. വിവിധ വൈദീകസ്ഥാനികളായ ദയറായക്കാര്‍ തമ്മില്‍ വേഷത്തിലും മാറ്റമില്ല. ശര്‍വായോ എന്നാണ് അവൈദീക സന്യാസിമാര്‍ അറിയപ്പെടുക. ശെമ്മാശനായിരിക്കെ റമ്പാന്‍ സ്ഥാനം സ്വീകരിച്ച വ്യക്തിയാണ് പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ. ഒരുപക്ഷേ അപ്രകാരം റമ്പാന്‍സ്ഥാനം സ്വീകരിച്ച ഏക നസ്രാണിയും അദ്ദേഹമാകാം.

മസനപ്‌സ, കറുത്ത കുപ്പായം എന്നിവ ഓര്‍ത്തഡോക്‌സ് സന്യാസിമാരുടെ നിര്‍ബന്ധിത വേഷമൊന്നുമല്ല. ഈജിപ്തില്‍നിന്നും സുറിയാനി സഭയില്‍ എത്തിച്ചേര്‍ന്ന ഈ വേഷം പിന്നീട് അന്ത്യോഖ്യന്‍-മലങ്കര സഭകളില്‍ സാധാരണമായന്നുമാത്രം. ഇതിനൊരപവാദമാണ് റാന്നി-പെരിനാട് ബഥനി ആശ്രമം. അവിടെ പൂര്‍ണ്ണ വൃതവാഗ്ദാനം നടത്തിയവരും ഇവ ധരിക്കുന്നില്ല. പകരം കാവി കുപ്പായവും ചരടില്‍ കോര്‍ത്ത തടിക്കുരിശും സാധാരണ വൈദീകരുടെ കറുത്ത തൊപ്പിയുമാണ് അവരുടെ ഔദ്യോഗിക വേഷം. സമീപകാലത്തായി അവരില്‍ തലമുതിര്‍ന്ന ചിലര്‍ക്ക് മസനപ്‌സ നല്‍കുകയും റമ്പാന്‍ എന്നു സംബോധന ചെയ്യുകയും ചെയ്യുന്നുണ്ട്.

മസനപ്‌സയും കറുത്ത കുപ്പായവും വൈദീക വേഷങ്ങളല്ല. ഇവ ധരിക്കുന്ന റമ്പാന്മാര്‍ ഇതര വൈദീകരെപ്പോലെ അവരുടെ സ്ഥാനത്തിനനുസരിച്ച വൈദീക വേഷം ധരിക്കണം. ശെമ്മാശന്മാരായാലും കശ്ശീശന്മാരായാലും മെത്രാന്മാരായാലും ഇതില്‍ മാറ്റമില്ല. വി. കര്‍ബാന പോലുള്ള കൂദാശകള്‍ അനുഷ്ഠിക്കുമ്പോള്‍ കശ്ശീശ്ശാ-മെത്രാന്‍ സ്ഥാനികളായ റമ്പാന്മാര്‍ മസനപ്‌സയ്ക്കുള്ളില്‍ പട്ടത്തൊപ്പി ധരിച്ചിരിക്കണം എന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ഇപ്പോള്‍ റമ്പാന്‍സ്ഥാനം നല്‍കുന്നത് മെത്രാന്മാരാണെങ്കിലും ക്രമപ്രകാരം അത് നല്‍കേണ്ടത് ദയറാദ്ധ്യക്ഷന്‍ – റീശ് ദയറായോ – ആണ്. മലങ്കരയില്‍ സ്വല്‍പ്പം പ്രാധാന്യം വകവെച്ചു കൊടുക്കുന്നുണ്ടെങ്കിലും കശീശാ റമ്പാന്മാര്‍ക്ക് ഇതര കത്തനാരുമാരെക്കാള്‍ പ്രത്യേകിച്ച് മൂപ്പ് ഒന്നും ഇല്ല. അതേ സമയം കശീശാ റമ്പാന്മാരെക്കാള്‍ മുകളിലാണ് കോര്‍-എപ്പിസ്‌ക്കോപ്പാ. റീശ് ദയറായോയുടെ സ്ഥാനാരോഹണക്രമം ഉപയോഗിച്ചാണ് അവര്‍ക്ക് സ്ഥാനം കൊടുക്കുന്നത് എന്നതാണ് അതിനു കാരണം.

ഇന്ന് മലങ്കരയില്‍ മെത്രാന്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെയെല്ലാം ഒരു ദിവസത്തേയ്‌ക്കെങ്കിലും റമ്പാന്‍ ആക്കിയ ശേഷമാണ് മേല്പട്ടസ്ഥാനാരോഹണം നടത്തുന്നത്. എന്നാല്‍ ഇതു അത്യന്താപേഷിതമാണന്നു നിയമമൊന്നുമില്ല. ഹൂദായ കാനോനില്‍ അപ്രകാരം ഒരു നിബന്ധനയുമില്ല. അന്ത്യോഖ്യന്‍ സഭയില്‍ അവിവാഹിത പട്ടക്കാര്‍ എല്ലാം ദയറാംഗങ്ങള്‍ ആയി മാറിയതോടെ റമ്പാന്മാര്‍ മാത്രം മേല്പട്ടക്കാര്‍ ആവുക എന്ന പതിവ് അവിടെ നിലവില്‍ വന്നു. അതു പകര്‍ത്തിയ മലങ്കരയില്‍ അവിവാഹിത പട്ടക്കാര്‍ക്ക് അപ്രകാരം നിബന്ധകളില്ലാത്തതിനാല്‍ പകരം റമ്പാനാക്കിയ ശേഷം മെത്രാനാക്കുക എന്ന കീഴ്‌വഴക്കം നിലവില്‍ വന്നു. 1975-ല്‍ ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസ് അടക്കം അഞ്ചുപേര്‍ക്ക് മെത്രാന്‍ സ്ഥാനാഭിഷേകത്തിന്റെ തലേന്നാണ് റമ്പാന്‍ സ്ഥാനം നല്‍കിയത്.

മലങ്കരയില്‍ തദ്ദേശീയ മേല്പട്ടശ്രേണി നിലവില്‍വന്ന പതിനേഴാം നൂറ്റാണ്ടില്‍ വ്യവസ്ഥാപിതമായ പട്ടത്വത്തിന് സഹായഹസ്തം നീട്ടിയത് അന്ത്യോഖ്യന്‍ സുറിയാനി സഭയാണ്. 1665-ല്‍ മഹാനായ മാര്‍ത്തോമ്മാ ഒന്നാമന്റെ മേല്പട്ടസ്ഥാനം യേറുശലേമിലെ സുറിയാനി പാത്രിയര്‍ക്കീസ് മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ ജലീദ് ക്രമപ്പെടുത്തിയതു മുതല്‍ ആരംഭിച്ച ഈ ബന്ധം മെത്രാന്മാര്‍ റമ്പാന്മാര്‍ ആയിരിക്കണം എന്ന അന്ത്യോഖ്യന്‍ പാരമ്പര്യം മലങ്കരയില്‍ നിലവില്‍ വരാന്‍ കാരണമായി. നാലാം മാര്‍ത്തോമ്മാ മെത്രാന്‍ മസനപ്‌സ ധരിച്ചിരുന്നതായി ഡച്ച് രേഖകളുണ്ട്.

എങ്കിലും 1875-നു മുമ്പ് മലങ്കര മെത്രാന്മാര്‍ ഒഴികെ അത്യപൂര്‍വം നസ്രാണികള്‍ മാത്രമാണ് മസനപ്‌സ ധരിച്ച റമ്പാന്മാരായി ചരിത്രത്തിലുള്ളത്. അത്, വേദപുസ്തകം ആദ്യമായി മലയാളത്തിലേയ്ക്കു പരിഭാഷപ്പെടുത്തിയ കായംകുളം പീലിപ്പോസ് റമ്പാന്‍, നാല്പതു വര്‍ഷത്തിലധികം കാലം മത്സ്യമാംസാദികള്‍ കൂടാതെ പാലും ക്ഷീരജന്യ വസ്തുക്കളും അരിയാഹാരവും കൂടെ ഉപേക്ഷിച്ചു ജീവിച്ച പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാന്‍ (പിന്നീട് മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍ മലങ്കര മെത്രാപ്പോലീത്താ), മണര്‍കാട് നടുവിലേടത്ത് ഉണ്ണിട്ടന്‍ റമ്പാന്‍, ഓമല്ലൂരിലെ പേരറിയാത്ത ഒരു വൃദ്ധപുരോഹിതന്‍, പിന്നീട് പ. പരുമല തിരുമേനിയായ മുളന്തുരുത്തി ചാത്തുരുത്തി കോറി ഗീവര്‍ഗീസ് റമ്പാന്‍ എന്നിവരാണ്. കാട്ടുമങ്ങാട്ട് ഏബ്രഹാം മാര്‍ കൂറിലോസ്, മൂന്നുനാലു കത്തനാരുമാര്‍ക്ക് റമ്പസുഖം നല്‍കി എങ്കിലും ആ നടപടി നിയമവിരുദ്ധമായതിനാല്‍ സഭാദ്ധ്യക്ഷനായ വലിയ മാര്‍ ദീവന്നാസ്യോസ് അത് റദ്ദാക്കി കറുത്തകുപ്പായം ഊരിച്ചു.

മാര്‍ത്തോമ്മാ ശ്ലീഹായുടെ കാലംമുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെ മലങ്കര നസ്രാണികള്‍ക്കിടയില്‍ സന്യാസിമാര്‍ ഇല്ലായിരുന്നു എന്നല്ല ഈ യാഥാര്‍ത്ഥ്യത്തിന്റെ അര്‍ത്ഥം. സന്യാസിമാരുടെ ബാഹ്യമോടികളില്ലാതെ യഥാര്‍ത്ഥ സന്യാസികളായി ജീവിച്ച അനേക വൈദീകരും അവൈദികരും ഇക്കാലത്തിനിടെ ഉണ്ടായിട്ടുണ്ടെന്നത് നിസംശയമാണ്. കൊളോണിയല്‍ – പൂര്‍വ കാലത്ത് സ്വാഭാവികമായി ആഭ്യന്തരമായി വികസിച്ച ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവര്‍ നസ്രാണികള്‍ക്കിടയില്‍ ഇല്ലായിരുന്നു എന്നു പറയാനാവില്ല. സന്യാസപ്രധാനമായ ബുദ്ധ – ജൈന മതങ്ങളുടെ വിഹാരഭൂമി ആയിരുന്നു അന്നത്തെ കേരളം എന്നതാണ് അതിന്റെ കാരണം.

നമ്പൂതിരി – കേന്ദ്രീകൃത ജാതിവ്യവസ്ഥയില്‍ നസ്രാണികള്‍ വൈശ്യരായി പ്രവേശിച്ചശേഷം ബ്രാഹ്മണ മതത്തിന്റെ ചതുരാശ്രമങ്ങള്‍ – ബ്രഹ്മചര്യം (വിദ്യാഭ്യാസ കാലം), ഗൃഹസ്ഥം (വിവാഹജീവിതം), വാനപ്രസ്ഥം (തീര്‍ത്ഥാടനങ്ങള്‍), സന്യാസം (ഭൗതീക ബന്ധങ്ങളില്‍ നിന്നുള്ള പൂര്‍ണ്ണ സ്വയം നിഷ്‌ക്രമണം) – നസ്രാണികളും അനുഷ്ഠിച്ചിരുന്നു. ആര്‍ച്ച് ബിഷപ്പ് അലക്‌സിസ് ദ മെനേസീസിന്റെ ചരിത്രകാരനായ അന്റോണിയോ ഗുവയോ, …ചില വൃദ്ധരും, പുനര്‍വിവാഹം ആഗ്രഹിക്കാത്ത വിഭാര്യരും മൈലാപ്പൂരിലേയ്ക്ക് തീര്‍ത്ഥാടനം നടത്തുന്നു. കൂടുതല്‍ ഭക്തരായി സ്വയം കരുതുന്ന ചിലര്‍ കുടുമ്മി കളഞ്ഞ് തലമുടി പറ്റെ വെട്ടുന്നു… എന്ന് തന്റെ ജോര്‍ണാഡോയില്‍ രേഖപ്പെടുത്തുന്നു. കുടുമ്മി മുറിക്കുക എന്നത് നമ്പൂതിരി പാരമ്പര്യത്തില്‍ ലൗകീക ബന്ധങ്ങള്‍ അവസാനിപ്പിച്ച്, സാമൂഹിക ബന്ധങ്ങള്‍ പരിത്യജിച്ച് സന്യാസത്തിലേയ്ക്കു പ്രവേശിപ്പിക്കുന്ന ആദ്യ കാല്‍വെപ്പാണെന്ന വസ്തുത മനസിലാക്കുമ്പോഴാണ് ഗുവയ വിവരിക്കുന്ന നസ്രാണി നടപടികള്‍ യഥാക്രമം വാനപ്രസ്ഥവും സന്യാസവുമാണന്നു തിരിച്ചറിയുന്നത്.

ക്രിസ്തുവര്‍ഷം 1500-ല്‍ പെഡ്രോ അല്‍വാറിസ് കബ്രാളിനൊപ്പം വെനിസിലെത്തിയ ജോസഫ് കത്തനാര്‍, …കറുത്ത സന്യാസിമാര്‍ പൂര്‍ണ്ണമായ സ്വയം നിയന്ത്രണത്തില്‍ ജീവിക്കുന്ന ആശ്രമങ്ങള്‍ അവര്‍ക്ക് ഉണ്ട്. അവര്‍ക്ക് അനേകം സന്യാസിനികളുമുണ്ട്… എന്ന് പറയുന്നുണ്ട്. എന്നാല്‍ പോര്‍ട്ടുഗീസുകാര്‍ക്ക് നസ്രാണികളുടെ ആശ്രമങ്ങളോ സന്യാസികളെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു പക്ഷേ യേശുക്രിസ്തുവിനെ യേറുശലേം ദേവാലയത്തില്‍ സ്വീകരിച്ച വൃദ്ധരായ ശെമവോനെയും ഹന്നയേയും പോലെ വൃദ്ധരും ഭക്തരുമായ ചിലര്‍ പ്രാര്‍ത്ഥനയോടും ജാഗരണത്തോടും കൂടി പള്ളികളില്‍ സ്ഥിരതാമസമാക്കുന്നതിനെയാവാം ജോസഫ് കത്തനാര്‍ സൂചിപ്പിച്ചത്.

1875-77 കാലഘട്ടത്തിലെ പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസിന്റെ മലങ്കര പര്യടനകാലത്ത് അന്ത്യോഖ്യന്‍ പാരമ്പര്യം പോലെ അവിവാഹിത പട്ടക്കാരെല്ലാം ദയറാവസ്ത്രം സ്വീകരിക്കണമെന്നും പള്ളികളില്‍ താമസിക്കണമെന്നും ഉള്ള നിബന്ധന വെച്ചെങ്കിലും നടപ്പായില്ല. പക്ഷേ അക്കാലത്ത് കുറെയേറെ വൈദീകര്‍ക്ക് റമ്പാന്‍ സ്ഥാനം നല്‍കി. ഇവരില്‍ പ. പരുമല തിരുമേനിയടക്കം ഗുരുസ്ഥാനീയനായി കണക്കാക്കിയിരുന്ന മൂക്കഞ്ചേരില്‍ ഗീവര്‍ഗീസ് റമ്പാന്‍, കോട്ടയം പഴയ സെമിനാരി ചാപ്പലിന്റെ പൂര്‍ത്തീകരണം, തിരുവനന്തപുരം പള്ളിയുടെ നിര്‍മ്മാണം മുതലായവയ്ക്ക് നേതൃത്വം വഹിച്ച കൊച്ചുപറമ്പില്‍ പൗലൂസ് റമ്പാന്‍ (പിന്നീട് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ) എന്നിവരും ഉള്‍പ്പെടും.

തൊട്ടടുത്ത ദശാബ്ദത്തില്‍ മലങ്കരയിലെ രണ്ടും മൂന്നും കാതോലിക്കാമാരായി പില്‍ക്കാലത്ത് വാഴിക്കപ്പെട്ട വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍, കുറിച്ചി കല്ലച്ചേരില്‍ പുന്നൂസ് റമ്പാന്‍ എന്നിവര്‍ക്കും ദയറാവസ്ത്രം ലഭിച്ചു. മലങ്കര മെത്രാന്‍ സ്ഥാനത്ത് തന്റെ പിന്‍ഗാമിയായി കണ്ടാണ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, 1903-ല്‍ പ. പരുമല തിരുമേനിയുടെ ശിഷ്യപ്രമുഖനായ മലങ്കര മല്പാന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാരെ റമ്പാനാക്കി കോട്ടയത്തേക്കു പറിച്ചുനട്ടത്.

ഇരുപതാം നൂറ്റാണ്ടും പ്രഗത്ഭരായ ഏതാനും റമ്പാന്മാരെ മലങ്കരസഭയ്ക്ക് സമ്മാനിച്ചു. പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പേഴമറ്റത്ത് കുറിയാക്കോസ് റമ്പാന്‍ എന്ന പ്രാര്‍ത്ഥനാ മനുഷ്യന്‍ പിന്നീട് പ. പാമ്പാടി തിരുമേനിയായി. വാര്‍ദ്ധക്യത്തില്‍ മാത്രം പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ ആയി അഭിഷേകം ചെയ്യപ്പെട്ട സ്ലീബാദാസസമൂഹ സ്ഥാപകന്‍ മൂക്കഞ്ചേരില്‍ പത്രോസ് റമ്പന്‍, തൃക്കോതമംഗലം ശര്‍ബീന്‍ ദയറ, പിറമാടം ദയറാ ഇവയുടെ സ്ഥാപകനും പ. മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതമായ തിരുവിതാംകോട് തോമയാര്‍ കോവിലിന്റെ വീണ്ടെടുപ്പുകാരനുമായ തിരുവിതാംകോട്ട് പെരിയസാമി എന്നറിയപ്പെടുന്ന കൂട്ടുങ്കല്‍ ഗീവര്‍ഗീസ് റമ്പാന്‍. ആദ്യത്തെ കാതോലിക്കാ നിധി സംഭരണ സെക്രട്ടറി, നിരണത്തു പൊന്‍കുരിശു പുനര്‍നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം, രണ്ടുതവണ താല്‍ക്കാലിക അസോസിയേഷന്‍ സെക്രട്ടറി, കോട്ടയം ഭദ്രാസന സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചു എങ്കിലും അക്ഷരംകൊണ്ടു സുവിശേഷീകരണം നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പാത്താമുട്ടം മാളികയില്‍ എം. സി. കുറിയാക്കോസ് റമ്പാന്‍, പ്രാര്‍ത്ഥനയുടേയും മൗനത്തിന്റെയും വഴിയെ ചരിച്ച മൈലപ്ര മാത്യൂസ് റമ്പാന്‍ എന്നിവരാണവര്‍.

യഥാര്‍ത്ഥത്തില്‍ വ്യക്തമായ നിയമാവലിയും ഭരണക്രമവുമുള്ള സന്യാസപ്രസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളാണ് ദയറാ എന്നു വിവക്ഷിക്കപ്പെടുന്നത്. അപ്രകാരമുള്ള മലങ്കരസഭയുടെ ആദ്യ ദയറാ 1918-ല്‍ സ്ഥാപിതമായ പെരിനാട് ബഥനി ആശ്രമമാണ്. പക്ഷേ മലങ്കരയില്‍ അനേക സ്ഥാപനങ്ങള്‍ ദയറാ എന്നറിയപ്പെടുന്നുണ്ട്. ഏതെങ്കിലും റമ്പാന്‍ എന്നങ്കിലും വാസസ്ഥലമാക്കിയ ഇടവകപള്ളിയല്ലാത്ത സ്ഥാപനങ്ങള്‍ അവിടെ വൈദീക വിദ്യാഭ്യാസം ഉണ്ടെങ്കില്‍ സെമിനാരി എന്നും ഇല്ലങ്കില്‍ ദയറാ എന്നും അറിയപ്പെടുക എന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്‍ അന്ത്യപാദം മുതല്‍ മലങ്കരയിലെ പതിവാണ്. മെത്രാന്മാരുടെ വാസസ്ഥലം എന്ന അര്‍ത്ഥത്തില്‍ അരമന എന്നു മലങ്കരയില്‍ ആദ്യം ഉപയോഗിച്ചത് പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയാണ്. ആ സ്ഥാനം ലഭിക്കാന്‍ ആദ്യം ഭാഗ്യം ലഭിച്ചത് ദേവലോകം കാതോലിക്കേറ്റ് അരമനയ്ക്കും.

ചില വ്യവസ്ഥാപിത ദയറാകളിലെ ചില മുതിര്‍ന്ന സ്ഥിരം അംഗങ്ങള്‍ക്കൊഴികെ പാരമ്പര്യപ്രകാരം മെത്രാന്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും, അപൂര്‍വം ചില അവിവാഹിത പട്ടക്കാര്‍ക്ക് ഒരു ബഹുമതിയായും ആണ് ഇന്ന് മലങ്കരയില്‍ റമ്പാന്‍ സ്ഥാനം നല്‍കുന്നത്. ചിലര്‍ ഈ സ്ഥാനത്തെ മെത്രാന്‍ തിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ പ്രചരണോപാധിയായി കാണുന്നുണ്ട് എന്ന് വിസ്മരിക്കുന്നില്ല. ജനത്തിനാകട്ടെ ശനിയാഴ്ച കല്യാണത്തിനും പെരുനാളുകള്‍ക്കും കെട്ടി എഴുന്നള്ളിക്കാനുള്ള ഒരു ഉപകരണം മാത്രവും. ഇതാണോ റമ്പാന്മാര്‍?

യഥാര്‍ത്ഥ റമ്പാന്മാരെപ്പറ്റിയുള്ള മലങ്കര സഭയുടെ കാഴ്ചപ്പാട് 1907-ല്‍ കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ പ്രസിദ്ധീകരിച്ച സഭാപഞ്ചാംഗത്തില്‍ അന്നത്തെ റമ്പാന്മാരുടെ പട്ടികയില്‍ മേലെഴുത്തായി നല്‍കിയിരിക്കുന്ന വേദവാക്യത്തില്‍ നിന്നും വ്യക്തമാണ്. …ഇവര്‍ കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളര്‍പ്പുകളിലും ഉഴന്നു വലഞ്ഞു. ലോകം അവര്‍ക്കു യോഗ്യമായിരുന്നില്ല… എന്ന എബ്രായ ലേഖനം 11-ാം അദ്ധ്യായം 38-ാം വാക്യത്തിന് വിശദീകരണം ആവശ്യമില്ല.

ഡോ. എം. കുര്യന്‍ തോമസ്