Departed Spiritual FathersOVS - Latest NewsSAINTS

പരിശുദ്ധ ദിദിമോസ് ബാവാ; ഉത്തമ മുനിശ്രേഷ്ഠൻ

അചഞ്ചലമായ വിശ്വാസത്തോടുകൂടെ മലങ്കര സഭയെ വഴി നടത്തുവാൻ ദൈവം നൽകിയ വരദാനമാണ് പരിശുദ്ധ ദിദിമോസ് ബാവ. തികഞ്ഞ മുനിശ്രേഷ്ഠൻ, പരിമിതത്വത്തിൽ ജീവിച്ച ഉത്തമ സന്യാസി. യാമങ്ങളുടെ കാവൽക്കാരൻ, മികച്ച അദ്ധ്യപകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നി നിലകളിൽ സഭക്കും സമൂഹത്തിനും ഉത്തമ മാതൃക. മാർത്തോമാ ശ്ലീഹായുടെ പിൻഗാമിയായി മലങ്കര

സഭയെ നയിച്ച 19മത് മലങ്കര മെത്രാപ്പോലീത്തയും,ഏഴാമത്തെ പൗരസ്ത്യ കാതോലിക്കയുമായിരുന്നു മോറാൻ മാർ ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ ബാവ.

അലപ്പുഴ ജില്ലയിലെ മവേലിക്കരയിൽ ഇട്ടിയവിര കുടുംബത്തിൽ തോമസിന്റെയും ശോശാമ്മയുടെയും മകനായി 1921 ഒക്ടോബർ 29 ന് ജനിച്ചു. കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് പ്രീ ഡിഗ്രീ വിദ്യാഭ്യാസത്തിന് ശേഷം തിരുച്ചിറപ്പള്ളി നാഷണൽ കോളേജ്, മദ്രാസ് മാസ്റ്റൺ ട്രെയിനിംഗ് കോളേജ്, കാൺപൂർ ക്രൈസ്റ്റ് ചർച്ച് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിവിധ ബിരുദങ്ങൾ കരസ്ഥമാക്കി. തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പത്തനാപുരം താബോർ ദയറായിൽ അംഗമായി ചേർന്നു. പുണ്യശ്ലോകനായ തോമാ മാർ ദിവന്നാസിയോസ് തിരുമേനിയുടെ പരിശീലനത്തിൽ വൈദിക പരിശീലനവും പുർത്തിയാക്കി. താബോറിന്റെ താപസ ഗുരുവായ തോമാ മാർ ദിവനാസിയോസ് തിരുമേനിയിൽ നിന്നും സന്യാസ ജീവതത്തിന്റെ രീതികളും നിഷ്ഠകളും മനസ്സിലാക്കി, ഉത്തമ സന്യാസിയായി മരണം വരെയും സന്യാസത്തിന്റെ പരിപാവനത കാത്തുസൂക്ഷിക്കുന്നതിന് പരിശുദ്ധ പിതാവ് ശ്രദ്ധിച്ചിരുന്നു. 1950 ജനുവരി 25 ന് പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് ദ്വീതീയൻ കാതോലിക്കാ ബാവ തിരുമേനിയിൽ നിന്നും കശ്ശീശാ പട്ടം സ്വീകരിച്ചു. തിരുച്ചിറപ്പള്ളി പൊന്നയ്യ ഹൈസ്കൂൾ, പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാന അധ്യാപകനായും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായും സേവനം അനുഷ്ഠിച്ചു.

 1965 ൽ റമ്പാനായ പരിശുദ്ധ പിതാവിനെ 1966 ആഗസ്റ്റ് 24 ന് തോമസ് മാർ തീമോത്തിയോസ് എന്ന നാമധേയത്തിൽ പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ അദ്ദേഹത്തെ മെത്രാപ്പോലീത്തായായി അഭിഷേകം ചെയ്തു. 1966 മുതൽ മലബാർ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിരുന്ന തോമസ് മാർ തീമോത്തിയോനെ 1992 സെപ്തബർ 10 ആം തീയതി കൂടിയ മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ പിൻഗാമിയായി നിയുക്ത കാതോലിക്കോസ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ തന്റെ പദവി ഒഴിഞ്ഞതിനെ തുടർന്ന്, 2005 ഒക്ടോബർ 31 ന് തോമസ് മാർ തിമോത്തിയോസിനെ ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ എന്ന പേരിൽ പരുമല സെമിനാരിയിൽ വെച്ചു പൗരസ്ത്യ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമായി അവരോധിക്കപ്പെട്ടു. നാലു മൂറോൻ കൂദാശകളിൽ സഹകാർമ്മികനായിരുന്ന പരിശുദ്ധ പിതാവ് 2009 ഏപ്രിൽ 4ന് നടന്ന മൂറോൻ കൂദാശയിൽ പ്രധാന കാർമികത്വം വഹിച്ചു. ചുരുങ്ങിയ കാലം കൊണ്ട് 14 മെത്രാപ്പോലീത്താമാരെ( യൂഹാനോൻ മാർ പോളികാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ജോസഫ് മാർ ദിവന്നാസിയോസ്, എബ്രഹാം മാർ എഫിഫാനിയോസ്, മാത്യൂസ് മാർ തിമോത്തിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ ദിയസ്കോറോസ്, യൂഹാനോൻ മാർ ദിമിത്രിയോസ്, യൂഹാനോൻ മാർ തേവോദോറോസ്, യാക്കോബ് മാർ ഏലിയാസ്, ജോഷ്വാ മാർ നിക്കോദിമോസ്, സഖറിയാസ് മാർ അപ്രേം, ഗീവർഗീസ് മാർ യൂലിയോസ്, എബ്രഹാം മാർ സെറാഫിം) സഭയ്ക്കു വേണ്ടി വാഴ്ക്കുവാനുള്ള അപൂർവ്വ ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. പരിശുദ്ധ പിതാവ് കാതോലിക്കായായിരുന്ന കാലഘട്ടത്തിലാണ് പരിശുദ്ധ സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ അംഗസംഖ്യ (33 പേർ) എക്കാലത്തേതിലും വലുതായി തീരുകയും ചെയ്തത്.

 സ്രീ-പുരുഷ വ്യത്യസമില്ലാതെ സമൂഹത്തിലും സഭയിലും തുല്യമായി കണ്ട വ്യക്തിത്വം. വനിതകളുടെ ക്ഷേമത്തിനും അവരെ നേത്യത്വ തിരകളിലേക്ക് എത്തിക്കുന്നതിനുമായി ഇടവകകളുടെ പൊതുയോഗങ്ങളിൽ സംബന്ധിക്കുവാൻ അനുവാദം നൽകിയതും, മെത്രാൻ തെരഞ്ഞെടുപ്പിന് മാനദണ്ഡവും പെരുമാറ്റചട്ടവും ഏർപ്പെടുത്തിയതും അദ്ദേഹത്തിന്റെ ഭരണ പരിഷ്കാരങ്ങളിലെ പൊൻ തൂവലുകളാണ്. സഭയുടെ പല ജീവകാര്യണ്യ പ്രവർത്തനങ്ങൾക്കും പരിശുദ്ധ പിതാവ് നേതൃത്വം നൽകുകയും ചെയ്തു. ഒരു യഥാർത്ഥ സന്യാസിയുടെ ജീവിത മാഹാത്മ്യതകളും പ്രാർത്ഥനാ ജീവിത ശൈലിയും വലിയ ബാവയിൽ ദർശിക്കുവാൻ സാധിക്കും. ഏഴ് നേരമുള്ള യാമപ്രാർത്ഥനകളിൽ ഒരിക്കൽ പോലും അദ്ദേഹം മുടക്കം വരുത്തിയിരുന്നില്ല. പ്രർത്ഥനയുടെയും കണ്ണുനീരിന്റെയും ദൈവ സംസർഗത്തിലൂടെയും നേടിയെടുത്ത ശക്തിയാണ് പല പ്രതികൂലതകളെ വിജയകരമായി നേടിയെടുക്കുവാൻ പരിശുദ്ധ സഭയ്ക്ക് സാധിച്ചത്.

 തന്റെ സഭയെ ആഴമായി സ്നേഹിക്കുകയും കരുതുകയും ചെയ്ത പിതാവായിരുന്നു പരി. വലിയ ബാവ. 2008 ൽ തൃക്കുന്നത്ത് സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന പിതാക്കൻമാരുടെ ഓർമ്മ പെരുനാളിൽ സംബന്ധിക്കുന്ന വിശ്വാസികളെ പൊലീസ് മർദ്ദിക്കുവാനും അറസ്റ്റ് ചെയ്തു നീക്കുവാൻ മുതിർന്നപ്പോൾ ” എന്നെ അദ്യം അറസ്സ് ചെയ്ത് കൊണ്ടു പോകണം , എന്നിട്ട് മതി എന്റെ മക്കളെ കൊണ്ടുപോകുന്നത്…” എന്ന് പറഞ്ഞ് മുന്നിൽ നിന്ന് പിതാവിന്റെ നിശ്ചയദാർഢ്യത്തിൽ പോലീസുദ്ധ്യേഗസ്ഥർ പോലും പകച്ചു നിന്നിരുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. വാർദ്ധ്യപരമായ പല ശാരീരിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും പരിശുദ്ധ സഭയുടെ എല്ലാ കാര്യങ്ങൾക്കും പരിശുദ്ധ പിതാവ് നിറസാന്നിധ്യമായിരുന്നു.കോലഞ്ചേരിയുടെ മണ്ണിൽ തന്റെ പിൻഗാമികളായ പരി. ബസേലിയോസ് പൗലോസ് ദ്വീതീയൻ ബാവയും, മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായും (ഇപ്പോഴത്തെ കാതോലിക്ക, പരി. ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ) സത്യഗ്രഹം അനുഷ്ഠിക്കുന്ന സമര പന്തലിലേക്ക് വന്ന് കണ്ണുനീരോടെ മടങ്ങിയ വലിയ ബാവയുടെ മുഖം ഒരേ മലങ്കര മക്കൾളുടെ മനസ്സിലും വേദനയുളവാക്കുന്നവയാണ്. തന്റെ ആഴമേറിയ പ്രർത്ഥനയ്ക്കും ദൈവ സന്നിധിയിൽ സമർപ്പിച്ച ഒരോ തുള്ളി കണ്ണുനീരിന്റെയും വിലയാണ് ദൈവ ഇഷ്ടപ്രകാരമുള്ള സഭയുടെ ഭരണഘട പ്രതിവാദിക്കുന്ന സഭയ്ക്ക് അനുകൂലമായുള്ള ഒരോ കോടതി വിധികളും. വളരെ ശാന്തമായി സംസാരിക്കുന്ന പരിശുദ്ധ പിതാവിന്റെ ഒരോ വാക്കുകളിലും പറഞ്ഞറിയിക്കുവാൻ പറ്റാത്തതിനപുറം വളരെ ശക്തി ഉണ്ടായിരുന്നു. പരിശുദ്ധ പിതാവിനോടൊപ്പമുള്ള ആരാധനകളിലും, വിശുദ്ധ കുർബാനകളും, ശുശ്രുഷകളിലും, നമസ്കാരങ്ങളിലും സംബന്ധിക്കുന്ന ഒരോ വിശ്വാസികൾക്കും സ്വർഗ്ഗീയമായ അനുഭവമാണ് ലഭിച്ചിരുന്നത്.

 2010 ഒക്ടോബറിൽ പ്രായാധിക്യം മൂലം സ്ഥാനം ഒഴിഞ്ഞ ഇദ്ദേഹം നിയുക്ത കാതോലിക്കാ ആയിരുന്ന പൗലോസ് മാർ മിലിത്തിയോസിനെ 2010 നവംബർ 1 ആം തീയതി ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ എന്ന നാമധേയത്തിൽ സഭയുടെ പുതിയ കാതോലിക്കാ ആയി വാഴിച്ചു. സ്ഥാനം ഒഴിഞ്ഞ ദിദിമോസ് ബാവ തിരുമേനിക്ക് “വലിയ ബാവാ ” എന്ന സ്ഥാനനാമം നൽകി സഭ ആദരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം പരുമല സെന്റ്‌ ഗ്രിഗോറിയോസ് ആശുപത്രിയിൽ വെച്ച് 2014 മെയ്‌ 26ന് പരിശുദ്ധ പിതാവ് കാലം ചെയ്തു. തന്റെ ആഗ്രഹപ്രകാരം ഭൗതീകശരീരം പത്തനാപുരം താബോർ ദയറായിൽ ഗുരുവായ തോമാ മാർ ദിവന്നാസിയോസിന്റെയും , സഖറിയ മാർ ദിവന്നാനിയോസിന്റെയും കബറിടങ്ങളിനോട് ചേർന്ന് കബറടക്കി. പരിശുദ്ധ പിതാവിന്റെ പ്രർത്ഥനയിൽ നമുക്കും ശരണപ്പെടാം

എഴുതിയത് ,

വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ