OVS - ArticlesOVS - Latest News

മേടം മൂന്നോടിരുപതോ നാലോടിരുപതോ?

മേടം നാലോടിരുപതു തന്നിൽ… എന്നാരംഭിച്ചിരുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസത്തിലെ ഹൂത്തോമോ പ്രസിദ്ധമായ ഒന്നാണ്. എന്നാൽ കുറച്ച് വർഷങ്ങളായി മേടം മൂന്നോടിരുപതു തന്നിൽ… എന്ന രീതിയാണ് കേൾക്കുന്നത്. ചിലർ പഴയ രീതിയിൽ ‘നാലോടിരുപത് ‘ തന്നെ ഉപയോഗിക്കുന്നു. ഇതിനു പിന്നിലെ കാരണമെന്താണ്?

പാശ്ചാത്യ – പൗരസ്ത്യ സഭകൾ വലിയ സഹദായായി പരിഗണിക്കുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ പൗരസ്ത്യ സുറിയാനിയിൽ നീസാൻ 24 ഉം പാശ്ചാത്യ സുറിയാനിയിൽ നീസാൻ 23 ഉം ആയിരുന്നു.

സുറിയാനി കണക്കിലായപ്പോൾ നീസാൻ മേടമായി. അങ്ങനെ മേടം 23 -ഉം 24 – ഉം സഹദായുടെ പെരുന്നാളായി. അന്ത്യോഖ്യൻ ബന്ധത്തിനു മുമ്പ് മേടം 24 ആയിരുന്നു പെരുന്നാൾ. 18-ാം നൂറ്റാണ്ടിൽ പാശ്ചാത്യ – പൗരസ്ത്യ പ്രതിസന്ധികൾക്കിടയിൽ ഈ രണ്ട് ദിവസവും പെരുന്നാളായി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം ആണല്ലോ പൂർണമായി അന്ത്യോഖ്യൻ രീതിയിലേക്ക് മാറിയത്. പിന്നീട് മേടം 23 തന്നെയായി. എങ്കിലും ഔഗേൻ ബാവാ ഹൂത്തോമോ എഴുതിയപ്പോൾ പഴയ രീതിയുടെ സ്വാധീനം കൊണ്ടാകാം മേടം (നീസാൻ ) 24 (ܥܣܪܝܢ ܘܐܪܒܥ ) തന്നെ ഉപയോഗിച്ചു. സി.പി ചാണ്ടി സാറിൻ്റെ സഹായത്തോടെ അത് മേടം 24 (നാലോടിരുപത്) എന്ന് കാവ്യവത്ക്കരിച്ചു.

സുറിയാനി കണക്ക് നോക്കിയാൽ മേടം 23 എന്നത് മെയ് 6 ആണ്. കൊല്ലവർഷം മേടം 23 നോക്കിയാൽ അത് മെയ് 7 or 8 വരും. പുതുപ്പള്ളി, എടത്വ, ഇടപ്പള്ളി (മെയ് 4) പെരുന്നാളുകൾ ഈ സമയത്താണല്ലോ വരുന്നത്. മാർത്തോമാ ഏഴാമൻ സ്ഥാനം പ്രാപിച്ചതും മേടം 24 (05-05-1796) ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസമായിരുന്നു.

ഇപ്പോൾ ഏപ്രിൽ 23 ആണ് ഏതാണ്ട് സാർവ്വത്രികമായി അംഗീകരിച്ച തീയതി. ലത്തീൻ രീതിയിൽ ഏപ്രിൽ 23 ആയിരുന്നു നേരത്തെ തന്നെ.

പ്രുമിയോനുകളും ഹൂത്തോമോകളും എന്ന പുതിയ പുസ്തകത്തിൽ മേടം 23 (മൂന്നോടിരുപത്) എന്നതാണ് ഉപയോഗിച്ചിരിക്കുന്നത്. അവസാനം ഇറങ്ങിയ ആണ്ടക്കമുള്ള ഹൂത്തോമോകളിൽ മേടം 24 (നാലോടിരുപത്) എന്ന് തന്നെ തുടരുന്നു. രണ്ട് പുസ്തകത്തിൽ രണ്ട് രീതിയിൽ കിടക്കുന്നതാണ് രണ്ട് രീതിയിൽ ചൊല്ലി കേൾക്കുന്നതിൻ്റെ കാരണം. ആണ്ടടക്കമുള്ള ഹൂത്തോമോകളുടെ പുതിയ പതിപ്പ് ഇറക്കുമ്പോൾ രണ്ടും ഒരേ തീയതി ആക്കുന്നതാണ് അഭികാമ്യം. ഏപ്രിൽ 23 എന്ന തീയതിയെ സ്വീകരിച്ചിരിക്കുന്ന സ്ഥിതിക്ക് മേടം 23 (മൂന്നോടിരുപത്) എന്നത് സ്വീകരിക്കുകയായിരിക്കും നല്ലത്. അങ്ങനെ ചെയ്യുന്നപക്ഷം ഹൂത്തോമോ പുസ്തകത്തിലെ സുറിയാനിയിൽ ܒܥܣܪܝܢ ܘܐܪܒܥ എന്നത് ܒܥܣܪܝܢ ܘܬܠܬ മാറ്റുന്നതുമാകും ഉചിതം.

ഡെറിൻ രാജു