ചർച്ച് ബില്ലിനെതിരെ കണ്ടനാട് വെസ്റ്റ് ഭദ്രാസന പൊതുയോഗം പ്രതിഷേധിച്ചു

കോലഞ്ചേരി: മലങ്കര സഭ കേസിൽ വിശദമായ പരിശോധനകൾക്കും വ്യവസ്ഥാപിതമായ കോടതി വ്യവഹാരങ്ങൾക്കും ശേഷം മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ബഹു. സുപ്രീം കോടതി നീതി പൂർവ്വം പുറപ്പെടുവിച്ച അന്തിമ വിധി അട്ടിമറിക്കുന്നതിനായി ഭരണപരിഷ്ക്കാര കമ്മീഷൻ ദുരുദ്ദേശപരവും പക്ഷപാതപരവുമായി ശുപാർശ ചെയ്ത നിയമ നിർമ്മാണത്തെക്കുറിച്ച് പൊതുജനാഭിപ്രായം ക്ഷണിച്ചു കൊണ്ട് കേരള സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിലുള്ള പ്രതിഷേധം കണ്ടനാട് വെസ്റ്റ് ഭദ്രാസന പൊതുയോഗം രേഖപ്പെടുത്തി.

ഭദ്രാസന ആസ്ഥാനമായ കോലഞ്ചേരി പ്രസാദം സെന്ററിൽ കൂടിയ പ്രതിഷേധ യോഗത്തിൽ ഭദ്രാസന സെകട്ടറി ഫാ. ജോസ് തോമസ് പൂവത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.

നിർദ്ദിഷ്ട ചർച്ച് ബില്ലിനെ എതിർക്കുന്നതിന്റെ കാരണം വിശദീകരിച്ചു.

1. ബഹു. സുപ്രീം കോടതി വിധിക്ക് എതിരാണ് ശുപാർശ ചെയ്തിരിക്കുന്ന ചർച്ച് ബില്ല്
2. നിലവിലുള്ള സമാധാനാന്തരീക്ഷം തകർക്കപ്പെടുവാനുള്ള സാധ്യത ഇതിലുണ്ട്
3. ബഹു. സുപ്രീം കോടതി വിധിയോടു കൂടി അവസാനിച്ച കേസുകൾ വീണ്ടും ആരംഭിക്കുവാനുള്ള വഴികൾ ഇതിലുണ്ട്
4. കോടതി വിധികൾ പൊതുജനാഭിപ്രായമനുസരിച്ച് നടപ്പിലാക്കിയാൽ ജുഡീഷ്യറിയുടെ അധികാരം ഇല്ലാതാകും
5. കോടതി വിധികൾ ദുർബലപ്പെടുത്തുന്നത് രാജ്യത്തെ അരാജകത്വത്തിലേക്കു നയിക്കുന്നതാണ്.
6. ഭരണഘടനാ വിരുദ്ധമാണ് ചർച്ച് ബില്ല്

മാനേജിംഗ് കമ്മറ്റി അംഗവും ഭദ്രാസന കൗൺസിൽ അംഗവുമായ അജു മാത്യു പുന്നയ്ക്കൽ “പ്രതിഷേധ പ്രമേയം” അവതരിപ്പിച്ചു.

കോലഞ്ചേരി പള്ളി വികാരി റവ.ഫാ. ജേക്കബ് കുര്യൻ, റവ.ഫാ. ജോൺ തേനുങ്കൽ, റവ.ഫാ. റോബിൻ മർക്കോസ്, റവ.ഫാ. ജസ്റ്റിൻ തോമസ്, അഡ്വ. മാത്യു പി. പോൾ, റോയി കെ. വർഗീസ്, സജി വർക്കിച്ചൻ എന്നിവർ പ്രസംഗിച്ചു. ബഹു. സുപ്രീം കോടതി വിധി രാജ്യത്തെ നിയമമായിരിക്കെ അതിനെ അട്ടിമറിക്കുവാനുള്ള സർക്കാർ നിലപാടിനെതിരെ വിപുലമായ പ്രതിഷേധ പരിപാടികൾ നടത്തുവാൻ ഭദ്രാസന പൊതുയോഗം തീരുമാനിച്ചു.

error: Thank you for visiting : www.ovsonline.in