OVS - Latest NewsOVS-Kerala News

മലങ്കര അസോസിയേഷന്‍: നാളെ പതാക ഉയര്‍ത്തും

കോട്ടയം: ഫെബ്രുവരി 25-ന് കോലഞ്ചേരിയില്‍ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പ്രാരംഭമായി നാളെ (24.02.2022) ഉച്ചക്ക് 2.45 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കാതോലിക്കേറ്റ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിലേക്ക് സഭാ മാനേജിംഗ് കമ്മറ്റി യോഗം അസോസിയേഷന്‍ നഗറില്‍ സമ്മേളിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

7 മേല്‍പ്പട്ടക്കാെര തെരഞ്ഞെടുക്കുന്നതിനായി സമ്മേളിക്കുന്ന അസോസിയേഷന്‍ കോവിഡ് സാഹചര്യത്തില്‍ ആഗോള തലത്തില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുവാന്‍ ന്യൂനത സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈനായാണ് നടത്തപ്പെടുക. മാനേജിംഗ് കമ്മറ്റി നാമനിര്‍ദ്ദേശം ചെയ്ത 11 പേരില്‍ നിന്നാണ് 7 പേരെ തെരഞ്ഞെടുക്കുന്നത്. ഫാ. ഏബ്രഹാം തോമസ് , ഫാ. അലക്‌സാണ്ടര്‍ പി. ഡാനിയേല്‍ ഫാ. എല്‍ദോസ് ഏലിയാസ്, റവ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ.ഡോ. റെജി ഗീവര്‍ഗീസ്, ഫാ. പി.സി. തോമസ്, ഫാ.ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി, ഫാ. വിനോദ് ജോര്‍ജ്, ഫാ. യാക്കോബ് തോമസ്, ഫാ. സഖറിയ നൈനാന്‍ ചിറത്തലാട്ട് എന്നിവരാണ് മെത്രാപ്പോലീത്തന്‍ സ്ഥാനാര്‍ത്ഥികള്‍.

സഭാ ഭരണഘടന പ്രകാരം പട്ടക്കാരുടെയും, അത്മായക്കാരുടെയും പ്രത്യേകം പ്രത്യേകം ഭൂരിപക്ഷം കണക്കാക്കിയായിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടികളുടെ മുഖ്യ വരണാധികാരി രാജസ്ഥാന്‍ കേഡറിലെ 1977 ബാച്ച് ഐ.എ.എസ്. ഓഫീസറും ചീഫ് സെക്രട്ടറിയും ആയിരുന്ന സി.കെ. മാത്യു ആയിരിക്കും. 1 മണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം വോട്ടെടുപ്പിന് മുമ്പ് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തും. യോഗ സ്ഥലത്ത് മെത്രാപ്പോലീത്താമാരും, സഭാ സ്ഥാനികളും, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ക്കും മാത്രമായിരിക്കും പ്രവേശനം.

സമ്മേളനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ച് സാമൂഹിക അകലം പാലിച്ചുള്ള ഇരിപ്പിടങ്ങളും സാനിറ്റൈസര്‍ ലഭ്യതയും, തെര്‍മല്‍ സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കുന്ന മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ നിര്‍ബന്ധമായും ഫെയ്‌സ് മാസ്‌ക് ധരിക്കേണ്ടതാണ്. കോവിഡ് രോഗലക്ഷണം ഇല്ലാത്തവരും യോഗത്തിന് രണ്ടാഴ്ച മുമ്പെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും, നിശ്ചിത കാലയളവിനുള്ളില്‍ കോവിഡ് വിമുക്തരായവര്‍ക്കും മാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളു. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സേവനവും ക്രമീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

അസോസിയേഷന്‍ വോട്ടിങ് ഇങ്ങനെ:

യോഗം ആരംഭിച്ച് അജണ്ടായിലെ വിഷയം 4 പ്രകാരം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പ്രസിഡന്റ് 2. പി.എം. ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമാണ് വോട്ടെടുപ്പ് നടക്കുന്നത്. പ. ബാവാതിരുമേനി തെരഞ്ഞടുപ്പ് പ്രഖ്യാപിച്ച ശേഷം വോട്ടിംഗിന് വേണ്ടി നിങ്ങള്‍ mosc22.in എന്ന സൈറ്റില്‍ (www.mosc22.org / www.mosc22.com) വീണ്ടും പ്രവേശിക്കുക. ലോഗിന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണ്‍ നമ്പറിലേക്കോ ഇ മെയിലിലേക്കോ ലഭിക്കുന്ന ഒ.റ്റി.പി, കാപ്ച”എന്നിവ അവിടെ ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍ Start voting എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ 11 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ അക്ഷരമാലക്രമത്തില്‍ ഉള്ള ഒരു ഇലക്‌ട്രോണിക് ബാലറ്റ് ഷീറ്റ് കാണാം. നിങ്ങള്‍ വോട്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേര് ഉള്‍പ്പെടുന്ന ബോക്‌സില്‍ ക്ലിക്ക് ചെയ്താല്‍ അതിന്റെ നിറം മാറും. ഇങ്ങനെ 7 പേര്‍ക്ക് വരെ വോട്ട് ചെയ്യാം. എട്ടാമത് ഒരു ആളിന്റെ പേരുള്‍പ്പെടുന്ന ബോക്‌സില്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ നിങ്ങള്‍ തെരഞ്ഞടുത്തത് 7 പേരില്‍ കൂടുതലായി എന്ന് കാണിക്കും. അത് അനുവദനീയമല്ല. അവിടെ പേരിന് താഴെയുള്ള സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥികളുടെ എല്ലാവരുടെയും പേരുള്‍പ്പെടുന്ന ഒരു പേജ് കാണിക്കും.നിങ്ങള്‍ തെരഞ്ഞെടുത്ത ആരുടെ എങ്കിലും പേരുകള്‍ ഒഴിവാക്കി മറ്റാരുടെയെങ്കിലും പേരുകള്‍ ഉള്‍പ്പെടുത്താന്‍ റീസെലക്റ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ ബാലറ്റ് പേപ്പര്‍ പേജില്‍ തിരികെ എത്തും. ഒഴിവാക്കേണ്ടവരുടെ പേരുള്‍പ്പെടുന്ന ബോക്‌സില്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ അതിന്റെ നിറം പഴയതുപോലെയാകും. പുതിയതായി ഉള്‍പ്പെടുത്തേണ്ട ആളുകളുടെ പേര് ഉള്‍പ്പെടുന്ന ബോക്‌സില്‍ ക്ലിക്ക് ചെയ്ത് അവരെ ഉള്‍പ്പെടുത്താം. എന്നിട്ട് സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം അടുത്ത പേജിലെത്തി Confirm ബട്ടണ്‍ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. ഇങ്ങനെ വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാകും. അപ്പോള്‍ നിങ്ങളുടെ ഫോണിലേക്കും, ഇ മെയിലിലേക്കും വോട്ട് രേഖപ്പെടുത്തിയെന്ന സന്ദേശം ലഭിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പറഞ്ഞു.

ഫാ. മോഹന്‍ ജോസഫ് (പി.ആര്‍.ഒ)