EditorialOVS - ArticlesOVS - Latest News

വല്ലഭാ !! വല്ലാത്തൊന്നും വേണ്ടേ …

എഡിറ്റോറിയൽ :

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മേല്പട്ടസ്ഥാന നിയോഗത്തിലേക്ക് ഏഴു പേരെ തെരഞ്ഞെടുക്കുന്നതിനായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 2022 ഫെബ്രുവരി 25-ന് കോലഞ്ചേരി സെൻറ് പീറ്റേഴ്‌സ് & സെൻറ് പോൾസ് ദേവാലയ അങ്കണത്തിലുള്ള ബസേലിയോസ് പൗലോസ് പ്രഥമൻ നഗറിൽ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയിൽ വിളിച്ച് ചേർത്തിരിക്കുകയാണ്. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ മുഖ്യവരണാധികാരിയായി നിയോഗിക്കപ്പെട്ടിട്ടുള്ള ഡോ. സി. കെ. മാത്യു ഐ. എ. എസിന്റെ മേൽനോട്ടത്തിൽ മലങ്കര സഭയിൽ 7 പുതിയ മെത്രാപ്പൊലീത്തമാരെ മലങ്കര സഭാ മാനേജിങ്‌ കമ്മിറ്റി തിരഞ്ഞെടുത്ത 11 സ്ഥാനാർഥികളുടെ പട്ടികയിൽ നിന്നുമാണ് അസോസിയേഷൻ അംഗങ്ങൾ ഇലക്ട്രോണിക് വോട്ടിങ് വഴി തിരഞ്ഞെടുക്കുക.

പ്രചാരണ കോലാഹലങ്ങളിലും, സ്ഥാനാർത്ഥിയുടെയും അനുയായികളുടെയും തേൻ പുരുട്ടിയ വായ്ത്താരികളിലും, സ്ഥാനാർത്ഥിയുടെ കപട വിനയ – സുസ്മിത വദനങ്ങളിലും, സാമൂഹിക മാധ്യമങ്ങൾ വഴി കുബുദ്ധികളായ പുണ്യവാന്മ്മാരാൽ പ്രചരിപ്പിക്കപ്പെടുന്ന സ്ഥാനാർത്ഥികളുടെ നിറംപിടിപ്പിച്ച കഥകളിലും വീണു പോകാതെ അസോസിയേഷൻ അംഗങ്ങൾക്ക് സ്ഥാനാർത്ഥികളെക്കുറിച്ച് മനസിലാക്കുന്നതിനായി സഭാകേന്ദ്രത്തിൽ നിന്നും ലഭിച്ചിട്ടുള്ള ചെറു വിവരണം, സ്ഥാനാർഥിയുടെ ആത്മീയ തീക്ഷണത, സെക്കുലർ വിദ്യാഭ്യാസ യോഗ്യതകൾ, നേതൃപാടവം, സഭാ മേഖലകളിലെ പ്രവർത്തി പരിചയങ്ങൾ ഒക്കെ നന്നായി സമയമെടുത്ത് മനസിലാക്കി, മലങ്കര സഭയ്ക്ക് ആത്മീയവും, നേതൃപരവുമായ ചാലകശക്തികളാകാൻ പ്രാപ്തിയുള്ളവരെ മാത്രമേ അംഗങ്ങൾ തിരഞ്ഞെടുക്കാവൂ. ജനാധിപത്യവും എപ്പിസ്കോപ്പസിയും ചേരുന്നതാണ് മലങ്കര സഭയുടെ ഭരണക്രമവും സ്ഥാന നിർണ്ണയങ്ങളും എന്നതാണ് നിലവിലെ നടപ്പ് വശമെങ്കിലും, ഒരുവേള തങ്ങളുടെ കൈയ്യബദ്ധം മൂലം ഒരാളെ നിർണ്ണയിച്ച് അയച്ചാൽ പിന്നെ കർത്താവിന്റെ രണ്ടാമത്തെ വരവോളം ചോദ്യവുമില്ല, ഉത്തരവുമില്ല എന്നതാണ് പരമാർത്ഥം.

പ്രിയപ്പെട്ട അസോസിയേഷൻ അംഗങ്ങളെ, അപൂർവ്വം ദിവസങ്ങളിൽ മാത്രം പ്രയോഗിക്കാൻ പാകത്തിൽ നിങ്ങളിൽ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന അതിശക്തമായ അവകാശത്തിനും, അധികാരത്തിനും ചേരുംവിധം പക്ഷപാതിത്വമോ, മടിയോ, പ്രിയമോ കൂടാതെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസി സമൂഹത്തിന് വേണ്ടി, മെത്രാൻ സ്ഥാനാർത്ഥികളുടെ കഴിഞ്ഞ കാല ക്രൈസ്തവ – സഭാ സേവനങ്ങൾ മലങ്കര സഭയ്‌ക്കോ, പൊതുസമൂഹത്തിനോ നൽകിയ ദൃശ്യമായ സംഭാവനകൾ, സഭയുടെ വിശ്വാസ – ആരാധന ജീവിതത്തിൽ നിന്നും വ്യതിചലിച്ച് പോയ എത്ര കുടുംബങ്ങളെ / യുവജനങ്ങളെ വിശ്വാസ തീരത്തേക്ക് തിരികെയെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നൊക്കെ നേർക്ക് നേർ ചോദിക്കാനും, സന്യാസി സമൂഹത്തിൽ നിന്ന് മലങ്കര സഭാ ആഗ്രഹിക്കുന്നതും, അർഹിക്കുന്നതുമായ കാര്യങ്ങളെ കൃത്യമായി ഓർമിപ്പിക്കുവാനും, വിജയിച്ചാൽ മലങ്കര സഭ അവരിൽ നിന്നും ഗുണപരമായ എന്ത് സവിശേഷതെയാണ് പ്രതീക്ഷിക്കേണ്ടതെന്നും ചോദിച്ചറിഞ്ഞ് ഓർമ്മയിൽ സൂക്ഷിക്കാൻ അവസാനമായി കിട്ടുന്ന ഈ അവസരം അംഗങ്ങൾ സദുദ്ദേശത്തോടെ വിനിയോഗിക്കുക.

മുൻകാലങ്ങളിലെ മോശം പ്രവണതകളുടെ വെളിച്ചത്തിൽ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി എല്ലാ തരത്തിലുള്ള പ്രചാരണങ്ങളും കർശനമായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും അതൊന്നും പൂർണ്ണ അർത്ഥത്തിൽ പ്രയോഗത്തിലായിട്ടില്ല. ലോകത്തോടും, സകല മോഹത്തോടും നിരന്തരം പൊരുതി നയിക്കേണ്ട ദയറാവാസികളുടെ വിനയത്തിൽ പൊരിച്ചെടുത്ത പ്രാർത്ഥനാ സഹായഭ്യർത്ഥനയും, അനുചര (വാനര) സംഘങ്ങളുടെ പ്രശംസാപത്ര പാരായണവും കേൾക്കുന്നത് തന്നെ അരോചകമാണ്. ചില ബസ് റൂട്ടുകളുടെ മാതൃകയിൽ മലങ്കര സഭയിലെ ഒരു പതിറ്റാണ്ട് മുൻപ് നടത്തിയ അശാസ്ത്രീയ ഭദ്രാസന വിഭജനങ്ങളുടെ ഉപോല്പന്നമായ മെത്രാൻ ഒഴിവുകൾ നികത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെങ്കിലും, പരിശുദ്ധ സഭ ആവശ്യപ്പെടുന്ന കേവല സംഖ്യയിലേക്ക് മാത്രം നിങ്ങളുടെ അവകാശത്തെ പരിമിതപ്പെടത്താതെ ഗുണമേന്മയുള്ള, ദൈവഭയവും, വിശ്വാസി പരിപാലപനവും, വാക്കിലും പ്രവർത്തിയിലും കുലീനതയും, മിതത്വവുമുള്ള നല്ല ഇടയന്മാരെ ജനിപ്പിക്കുന്ന മാതാപിതാക്കാളാണ് തങ്ങൾ എന്ന ബോധ്യം നിങ്ങളിൽ നിറവായിരിക്കട്ടെ. ലളിതമായി പറഞ്ഞാൽ “വല്ലാത്തതിനെക്കാൾ നല്ലത് ഇല്ലാത്തത് തന്നെ”. കൗദാശികപരമായി മേൽപ്പട്ടസ്ഥാനം ഏല്പിക്കുന്നത് പരിശുദ്ധ റൂഹായുടെ ആവരണത്താലും ആവാസത്താലുമാണെങ്കിലും അത്തരം ഒരു നിയോഗത്തിലേക്കു 50 ശതമാനത്തിലുമധികം വിശ്വാസം രേഖപ്പെടുത്തി അയക്കുന്ന മലങ്കര സഭയിലെ വൈദികരും ജനപ്രതിനിധികളും ഓരോ മെത്രാപ്പോലീത്തന്മാരെടേയും രക്ഷാകർതുത്വസ്ഥാനികളാണ് എന്നുള്ള പരസ്പര ബോധ്യവും, ബാധ്യതയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന കാലത്താണ് മലങ്കര സഭയുടെ പുണ്യ പിതാക്കന്മാർ വിഭാവനം ചെയ്ത ഭരണഘടനാപരമായ ജനാധിപത്യ – എപ്പ്സികോപ്പൽ സമന്വയം അതിൻ്റെ അക്ഷരങ്ങളിൽ നിന്നും അർത്ഥതലങ്ങളിലേക്ക് പ്രവേശിക്കുക.

മാനേജിങ് കമ്മിറ്റി അരിച്ചെടുത്തു അസോസിയേഷന് സമർപ്പിച്ചിട്ടുള്ള പതിനൊന്ന് വൈദികരെയും ദൈവ സന്നിധിയിൽ സമർപ്പിച്ച്, ദൈവഹിതപരമായ അവരുടെ നിയോഗ പൂർത്തീകരണത്തിനായി പ്രാർത്ഥിക്കുന്നു, വിജയം ആശംസിക്കുന്നു. ദൈവഹിതത്താൽ തിരഞ്ഞെടുക്കപെടുന്നവർക്ക് ആഘോഷിക്കുവാനും, ആഹ്ളാദിക്കാനുമുള്ളിതിനും അപ്പുറമായി മലങ്കര സഭയിലെ വരേണ്യ വർഗ്ഗ വിശ്വാസികളുടെ കേവല സ്വകാര്യ ചടങ്ങുകളുടെയും, പള്ളി പെരുന്നാളുകളുടേയും, വിദേശ ഇടവക സന്ദർശനങ്ങളുടെയും അനിവാര്യ സാന്നിധ്യമായി സ്വയം പരിമിതപ്പെടുത്തിനപ്പുറമായി നിങ്ങളുടെ കാല ശേഷം മലങ്കര സഭ നിങ്ങളെ എങ്ങനെ അടയാളപ്പെടുത്തണം എന്ന് ഘനമേറിയ ചിന്തഭാരം നിങ്ങളെ നിരന്തരം അലോസരപ്പെടുത്തട്ടെ. തിരഞ്ഞെടുപ്പിൽ സ്ഥാനം ആഗ്രഹിച്ചവരും, ഒഴിവാക്കപ്പെട്ടവരും, തിരഞ്ഞെടുപ്പിൽ പിന്തള്ളപ്പെട്ടവരുമൊക്കെയും മലങ്കര സഭയുടെ ഉറച്ച തൂണുകളാണ്‌. പ്രതിഭാശാലികളും, ഉന്നത ജീവിതമൂല്യങ്ങളുമുള്ള ഇവർ ഏവരുടേയും കർമ്മപദങ്ങൾ മലങ്കര സഭയിൽ കൂടുതൽ വിശാലമാകട്ടെയെന്നും ആശംസിക്കുന്നു. ഒപ്പം ഇത്തരം കടമ്പകൾ കടന്ന് രാജകീയ പുരോഹിത വർഗ്ഗത്തിന്റെ ഭാഗമായ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാർക്കും, അവരെ തെരഞ്ഞെടുത്ത് അയച്ച രക്ഷാകർതുത്വമുള്ളവർക്കും ഇത് ഒരു പുനഃപരിശോധനയുടെയും, ആത്മവിമർശനത്തിന്റെ നാളുകളാകണം.

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ
22 – 02 – 2022

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കര സഭയുടെ മിഷനും വിഷനും അടുത്ത ദശാബ്ദത്തിൽ