OVS - ArticlesOVS - Latest News

ശുഭമൊടുപോവീന്‍, വാതിലടച്ചിടുവീന്‍….

കഴിഞ്ഞ മെത്രാന്‍ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ അനഭിമതകരമായ പ്രവണതകള്‍ക്ക് തടയിടാനാണ് 2022-ലെ തിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം കര്‍ശനമാക്കിയത്. ഏതെങ്കിലും തരത്തില്‍ നേരിട്ടോ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴിയോ ഏജന്റുമാര്‍ മുഖാന്തിരമോ പ്രചരണം നടത്തുകയോ വോട്ടു പിടിക്കുകയോ ചെയ്താല്‍ ആ സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കും എന്ന വ്യക്തമായ നടപടിച്ചട്ടം നിലവിലുണ്ട്. ഇത് നിരന്തരം പരിശോധിച്ച് ഉടന്‍ നടപടിയെടുക്കാന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായുള്ള ഒരു മോനിട്ടറിംഗ് കമ്മറ്റിയേയും നിയമിച്ചിട്ടുണ്ട്.

പക്ഷേ കിം ഫലം? സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴിയും നേരിട്ടുമുള്ള വോട്ടു പിടുത്തം നിര്‍ബാധം അരങ്ങുതകര്‍ക്കുന്നു. മെത്രാനാകാന്‍വേണ്ടി ജനിച്ചവര്‍ എന്നു സ്വയം വിശ്വസിക്കുന്ന ചിലര്‍ മുമ്പിനാലെ സൃഷ്ടിച്ച ഫാന്‍സ് ക്ലബ്ബുകളും, മറ്റുചിലര്‍ തല്‍ക്കാലം കടമെടുത്ത പി.ആര്‍. ഏജന്‍സികളും സംഘം തിരിഞ്ഞു അസോസിയേഷന്‍ അംഗങ്ങളുടെ വീടു കയറുന്നു. ദുര്‍ഗ്ഗമമായ കുടിയേറ്റ മേഖലകളില്‍പ്പോലും ഇവര്‍ വോട്ടര്‍മാരുടെ ഭവന സന്ദര്‍ശനം നടത്തുന്നു. നല്ല കാര്യം. അങ്ങിനെയും കുറെ ആത്മാക്കള്‍ ഈ സഭയില്‍ ഉണ്ടെന്ന് ഈ മഹാന്മാര്‍ ഒന്ന് അറിയട്ടെ.

അടുത്തത് സ്ഥാര്‍ത്ഥിയുടെ ഫോണ്‍-ഇന്‍ പരിപാടിയാണ്. ജീവിതകാലത്ത് കണ്ടിട്ടോ കേട്ടിട്ടോ പോലും ഇല്ലാത്ത കത്തനാരുമാരെയും അസോസിയേഷന്‍ അംഗങ്ങളേയും സ്ഥാനാര്‍ത്ഥി നേരിട്ടു വിളിക്കുകയാണ്. ദോഷം പറയരുതല്ലോ? ആരും വോട്ടു ചോദിക്കുകയോ ജയിപ്പിക്കണമെന്നു അഭ്യര്‍ത്ഥിക്കുകയോ ചെയ്യുന്നില്ല. പകരം അവരുടെ സംസാരത്തെ ശവസംസ്‌ക്കാര ക്രമത്തില്‍നിന്നും സംഗ്രഹിക്കാം.

പ്രാര്‍ത്ഥനയില്‍ മേന്മേല്‍ എന്നെ ഓര്‍പ്പീന്‍
എന്നെ മറന്നീടാന്‍ ഇടയാകരുതെ.

ഇത് നഗ്നമായ വോട്ടു പിടുത്തമാണ്. കാരണം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലൊഴികെ നിയമസഭ, ലോകസഭ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുമ്പോള്‍ ചിരിച്ചോ കൈ കൂപ്പിയോ വീശിയോ പൊക്കിയോ നെഞ്ചത്തുവെച്ചോ കാണിക്കുന്നതല്ലാതെ എനിക്ക് വോട്ടു ചെയ്യണം എന്ന് ഉച്ചരിക്കാറില്ല. നിശബ്ദമായ ഈ സംജ്ഞകള്‍ അഭ്യര്‍ത്ഥനയാണന്ന് ജനത്തിനറിയാം.

പ. പൗലൂസ് ദ്വിതീയന്‍ ബാവാ രോഗബാധിതനായപ്പോള്‍ അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നു പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് അഭ്യര്‍ത്ഥിച്ചു. പ. പിതാവിനെ നേരിട്ടു കണ്ടിട്ടുപോലുമില്ലാത്ത നസ്രാണികള്‍ പോലും കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. അസോസിയേഷന്റെ വിജയത്തിനും വിജയകരമായ മെത്രാന്‍ തിരഞ്ഞെടുപ്പിനുമായി പ്രാര്‍ത്ഥിക്കണണെമെന്നു ഇപ്പോള്‍ പ. പിതാവ് കല്പിച്ചിട്ടുണ്ട്. ജനം പ്രാര്‍ത്ഥിക്കുന്നുമുണ്ട്.

അപ്പോള്‍, ഇതു വരെ ആവശ്യമില്ലാതിരുന്ന, വിശാലമായ അതേസമയം വ്യക്തിപരമായ പ്രാര്‍ത്ഥനാ സഹായം ചിലര്‍ക്ക് ആവശ്യമായതും, അത് മെത്രാന്‍ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള അസോസിയേഷന്‍ അംഗങ്ങളുടേത് മാത്രമായതും പച്ചയായ വോട്ടുപിടിത്തം തന്നെയാണ്. അതിനാല്‍ത്തന്നെ അവ വ്യക്തമായ പെരുമാറ്റച്ചട്ട ലംഘനവും. മെത്രാര്‍ത്തിയെ (സ്ഥാന + അര്‍ത്ഥി = സ്ഥാനാര്‍ത്ഥി. മെത്രാന്‍സ്ഥാനം + ആര്‍ത്തി = മെത്രാര്‍ത്തി) അയോഗ്യനാക്കാന്‍ നടപടിച്ചട്ടം അനുസരിച്ച് ഇത് ധാരാളം മതി. മുഖ്യമായും അരിയാഹാരവും ഇപ്പോള്‍ സ്വല്പ്പം ചപ്പാത്തിയും കഴിക്കുന്ന നസ്രാണിക്ക് ഈ പ്രാര്‍ത്ഥനാ സഹായത്തിനുള്ള അഭ്യര്‍ത്ഥനുടെ ആന്തരാര്‍ത്ഥം മനസിലാവില്ല എന്ന് ആരും കരുതരുത്.

ഇപ്രകാരം പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിക്കുന്ന സ്ഥാനാര്‍ത്ഥികളോട് പ്രബുദ്ധരായ വോട്ടര്‍മാര്‍ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. അത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡി, തന്റെ ഒരു പ്രസംഗത്തില്‍ അമേരിക്കന്‍ പൗരന്മാരോട് ചോദിച്ച ഒരു ചോദിച്ച ഒരു ചോദ്യത്തിനു സ്വല്‍പ്പം പാഠഭേദം വരുത്തിയത് ആണ്. കെന്നഡി അമേരിക്കക്കാരോട് അന്ന് ചോദിച്ചത്; …രാഷ്ട്രം നിങ്ങള്‍ക്ക് എന്തു ചെയ്തു എന്നല്ല, നിങ്ങള്‍ രാഷ്ട്രത്തിനു എന്തു ചെയ്തു എന്നതാണ് ചോദിക്കക്കേണ്ടത്… എന്നാണ്. അതൊന്നു ഭേദപ്പെടുത്തി അസോസിയേഷന്‍ അംഗങ്ങള്‍ മെത്രാര്‍ത്തികളോട് …പ. സഭ നിങ്ങള്‍ക്ക് എന്തു ചെയ്തു എന്നല്ല, നിങ്ങള്‍ പ. സഭയ്ക്ക് എന്തു ചെയ്തു എന്നതാണ് ചോദിക്കക്കേണ്ടത്… എന്നൊന്നു പരിഷ്‌ക്കരിച്ച് ഒരു ചോദ്യം ചോദിച്ചാല്‍ മിക്ക സ്ഥാനാര്‍ത്ഥികളും കണ്ടം വഴി ഓടും!. വോട്ടു തെണ്ടിയെത്തുന്ന ഏജന്റുമാരോടും ഇത് ചോദിക്കാം.

എങ്കിലും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്ന് ആവശ്യപ്പെടുന്നവരുടെ അഭ്യര്‍ത്ഥന നിരസിക്കാന്‍ ഒരു കത്തനാര്‍ക്കോ നസ്രാണിക്കോ സഭാ നിയമപ്രകാരം സാദ്ധ്യമല്ല. അതിനാല്‍ അവരുടെ അപേക്ഷയ്ക്ക് ഒരു മറുപടി കൊടുത്തേ തീരു. ഈ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ വരുന്ന ഇത്തരമുള്ള ഒരു അപേക്ഷയ്ക്ക് ആനീദാ ക്രമത്തില്‍നിന്നു തന്നെ …ഓയാറില്‍ പതിയിരിയ്ക്കുന്ന ദുഷ്ടാത്മാക്കളില്‍നിന്നും ഇവന്റെ ആത്മാവിനെ കാത്തു കൊള്ളണമേ… എന്ന ആശീര്‍വാദം നല്‍കുന്നതാവും കത്തനാര്‍മാര്‍ക്ക് യോജ്യം.

സാദാ നസ്രാണിക്ക് പ്രുമിയോന്‍-സെദറാ ചോല്ലാന്‍ സാദ്ധ്യമല്ലല്ലോ. എന്നാല്‍ അവര്‍ക്കും മറുപടി കൊടുക്കാനുള്ള ബാദ്ധ്യതയുണ്ട്. അവര്‍ക്കും ആനീദാ ക്രമത്തെ ആശ്രയിക്കാം.

ആപല്‍സ്ഥാനം തരണം ചെയ്തിടുവാന്‍
കര്‍തൃസ്ലീബാ പാലമതാകട്ടെ.

ചില സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള ഇപ്പോഴത്തെ സാമൂഹിക മാദ്ധ്യമ പ്രചരണങ്ങളും ഫോണ്‍-ഇന്‍ പരിപാടികളും പ. സഭയോടുള്ള വെല്ലുവിളിയാണ്. അത് തടഞ്ഞേ പറ്റു. ഇവര്‍ക്കായുള്ള ഫാന്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ സഭയില്‍ പ്രാദേശീകത വളര്‍ത്തുന്നുണ്ടോ എന്നു പോലും സംശയമുമുണ്ട്. തനിക്കുവേണ്ടിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാത്ത മെത്രാര്‍ത്തി, – അത് ആരായാലും – ഖേദപൂര്‍വം പറയട്ടെ, കടുത്ത സഭാ വിരുദ്ധനാണ്.

വോട്ടുപിടുത്തത്തിന്റെ രൂക്ഷത ബോദ്ധ്യപ്പെട്ടതിനാലാവും പെരുമാറ്റച്ചട്ടം വീണ്ടും ഓര്‍മ്മപ്പെടുത്തി മോണിറ്ററിംഗ് കമ്മറ്റി അ്രദ്ധ്യക്ഷന്റെ സര്‍ക്കുലര്‍ 2022 ഫെബ്രുവരി 17-ന് പ്രസിദ്ധീകരിച്ചു. ദൃശ്യമാദ്ധ്യമങ്ങളില്‍ അദ്ദേഹമതു വിശദീകരിക്കുകയും ചെയ്തു. കര്‍ശനമായ നടപടി സ്വീകരിക്കുമെന്നു അറിയിച്ചിട്ടും പിറ്റേന്നു രാവിലേയും സ്ഥാനാര്‍ത്തികളുടെ വിളി അസോസിയേഷന്‍ അംഗങ്ങളെ തേടിയെത്തി. എന്തൊരു അച്ചടക്കം!

മെത്രാന്‍ ആകുന്നതിനു മുമ്പുതന്നെ പ. സഭയുടെ നിയമങ്ങളെ പരസ്യമായി നിര്‍ബാധം ലംഘിക്കുന്ന ഇത്തരം സ്ഥാനാര്‍ത്ഥികള്‍ (അതോ മെത്രാര്‍ത്തികളോ?) സ്ഥാനത്തെത്തിയാല്‍ സഭയുടെ എത്ര നിയമങ്ങള്‍ അനുസരിക്കും എന്നു കണ്ടറിയണം.

ഇത്തരക്കാരുടെ പേരില്‍ ഉടന്‍ കര്‍ശന നടപടി എടുത്തേ തീരൂ. അത് സഭയുടെ കെട്ടുറപ്പിന്റെ പ്രശ്‌നമാണ്. അവരുടെ പേരില്‍ മോണിറ്ററിംഗ് കമ്മറ്റി എടുക്കുന്ന നടപടിയും ആനീദാ ക്രമത്തില്‍നിന്നുതന്നെ കല്പനയായി നല്‍കാവുന്നതാണ്.

ശുഭമൊടുപോവീന്‍ വാതിലടച്ചിടുവീന്‍
കര്‍ത്താവു വരും വാതില്‍ തുറന്നു തരും.

അതായത്, മലങ്കരസഭയുടെ മെത്രാന്‍ തിരഞ്ഞെടുപ്പുകളില്‍നിന്നും ശാശ്വതമായി താങ്കളെ അയോഗ്യനാക്കിയിരിക്കുന്നു. മേലാല്‍ തന്റെ ജീവിതകാലത്ത് മലങ്കരസഭയില്‍ മെത്രാന്‍ പണിക്ക് ശ്രമിക്കരുത്, എന്നു സാരം.

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 19 ഫെബ്രുവരി 2022)

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ